വെള്ളിയാഴ്‌ച, നവംബർ 21, 2008

മോചനം

മോചനം
=======
ഞാന്‍ വീട്ടിലേക്ക് പുറപ്പെട്ടു.
ജോലി സ്ഥലത്തുനിന്നും നടന്നെത്താവുന്ന
ഒരു നാഴിക ദൂരം മാത്രം.
തെരുവിനെ പിന്നിലാക്കി പ്രധാന പാതയിലെത്തിയപ്പോള്‍
കാഴ്ചയില്‍ അനന്തതയുടെ വിജനത മാത്രം.
അത്രയൊന്നും മനോഹരമല്ലാത്ത ഈ വീഥിയില്‍
ഏകാന്തതയുടെ നീരാളിപ്പിടുത്തത്തില്‍ ആണെന്ന തോന്നല്‍
അല്ല, അതല്ല സത്യം ...............
ഞാന്‍ ഏകനല്ല, ഏകാന്തനുമല്ല,
എന്നോടൊപ്പം എപ്പോഴും അവനുണ്ട്,
എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ .
ഞാന്‍ എവിടെയാണെങ്കിലും
അവന്‍ പിന്തുടരുന്നു.
ഇപ്പോഴും അവന്‍ എന്നെ പിന്തുടരുന്നു.
ചിലപ്പോഴൊക്കെ അവനെന്‍റെ
ഇടത്തോ വലത്തോ ഉണ്ടാകും
പലപ്പോഴും അവനെന്‍റെ പുറകെയാണ്.
ചിലപ്പോഴെല്ലാം അവനെന്റെ മുന്നിലാവും.
ഇതെല്ലാം എന്നെ അലോരസപ്പെടുത്തുക
പതിവായതിനാല്‍ പുതുമയില്ല , എന്നാലും
ഞാന്‍ എപ്പോഴും വ്യാകുലനാണ് .
അവന്‍ എന്നെ മാത്രമായിട്ടെന്തിനാ പിന്തുടരുന്നത്?
അവന്നു മറ്റുള്ളവരെ പിന്തുടരാന്‍ കഴിയാത്തതെന്ത്?
അവന്‍ കാരണം എനിക്കെന്‍റെ
സ്വസ്ഥതയും സ്വകാര്യതയും നഷ്ടമായി ത്തുടങ്ങി.
അവനെ കഴിയുന്നത്ര വേഗത്തില്‍ ഒഴിവാക്കണം
എന്നതിനെപ്പറ്റിയാണ് ഇപ്പോഴെന്‍റെ ചിന്ത.
എന്നാല്‍ , തുടക്കം മുതലേ അവനെന്‍റെ അടുത്ത കൂട്ടുകാരന്‍
ഇപ്പോഴും അവന്‍ അങ്ങനെത്തന്നെ ...
പക്ഷെ , ഞാന്‍ ...................
ഇപ്പോഴവനെ എനിക്കിഷ്ടമല്ലാതായിരിക്കുന്നു.
എനിക്കെന്‍റെ സ്വസ്ഥതയും സ്വകാര്യതയും സംരക്ഷിക്കണം
പഴയ സ്വാതന്ത്ര്യം തിരിച്ചു കിട്ടണം .
ഞാന്‍ ആരോടും ബാധ്യതപ്പെട്ടിട്ടില്ല
അവനും ആരോടും ബാധ്യതപ്പെടാന്‍ ഇടയില്ല
പിന്നെയെന്തിനാണ് അവനിതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്?

ഈയ്യിടെയായി അവനെ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി
എന്തോ ഒരക്ഷരപ്പിശക് ഉള്ളതുപോലെ തോന്നുന്നു
എനിക്ക് നിരാശയും വിഷമവും ഉണ്ടാവുന്നു
അവന്‍ വീര്‍ത്തു വിളര്‍ത്തു വരുന്നു
വൈകാരികമായ ചിന്താക്കുഴപ്പത്താലും ഇഛാഭംഗം കൊണ്ടും
പൊറുതിമുട്ടുകയാണ് അവനെന്നു തോന്നുന്നു.
ഇന്നു ഞാനവനോട് ഒച്ച വെച്ചു ...
എന്തിനാണെന്നെ പിന്തുടരുന്നത്? ....
മുമ്പ് പലപ്പോഴും ചോദിച്ചിട്ടുള്ളതാണ്.
അപ്പോഴൊക്കെ മൌനമായിരുന്നു പ്രതികരണം.
ഇനിയൊരിക്കലും എന്നെ പിന്തുടരരുതെന്നു
താഴ്മയോടെ ഞാന്‍ അപേക്ഷിച്ചു...

ഇപ്പോഴത്തെ പ്രതികരണം വിസ്മയാവഹം,
അവന്‍ വിതുമ്പിക്കരയാനും എങ്ങിവലിക്കാനും തുടങ്ങി
കരച്ചിലൊന്ന് നിര്‍ത്തി അവന്‍ പറഞ്ഞു
ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ പിന്തുടരുകയില്ല !
എനിക്ക് അവിശ്വസനീയം ആയിരുന്നത്!
അവന്‍റെ കരച്ചിലും നെഞ്ചുവലിയും
ഏതാനും നിമിഷങ്ങള്‍ക്കകം വിളര്‍ത്തു വന്നു.
അവന്‍റെ കലപിലകളും കുസൃതി ചിരികളും
വര്‍ഷമായി ചോലകളായി
ഗിരിനിരകളില്‍ നിന്നും കല്ലോല തരംഗങ്ങളായി
കുതിച്ചു പായാന്‍ തുടങ്ങി.
ഞാന്‍ ... ഞാനെവിടെപ്പോകാന്‍ ?
ഇടിനാദം പോലുള്ള മുഖരിത ശബ്ദം എന്നെ അന്ധനാക്കി
ഒരു നിമിഷത്തിനു ശേഷം ഞാന്‍ തിരിച്ചറിഞ്ഞു
അത് അവന്‍റെ ശബ്ദം തന്നെയാണ് !
ഇങ്ങനെയൊന്നു അവനില്‍നിന്നും ഞാനൊരിക്കലും കേട്ടിട്ടില്ല
എന്താണവന്നു സംഭവിച്ചത്?
നിമിഷങ്ങള്‍ക്ക് മുമ്പ് അവന്‍ സമ്മതിച്ചതാണ്
അവനതില്‍ നിന്നും പിന്മാറാന്‍ പോവുകയാണോ?
അവന്‍ എന്നെ നോക്കി കരയാന്‍ തുടങ്ങി
പ്രിയ കൂട്ടുകാരാ.... അവന്‍ മുരണ്ടു
ഞാന്‍ നിന്നില്‍ നിന്നും വിട്ടു പോകണമെങ്കില്‍ ..
ഹൊ ... ഇല്ല, .... ഇല്ല, .... ഇല്ല, ....
അസ്വീകാര്യം ........ അതെനിക്ക് അസാധ്യമാണ്
പകരം, നീ എന്നോടൊത്തു വരുന്നതാണ് നല്ലത്
അല്ലാത്ത പക്ഷം , ഞാന്‍ മരിക്കണം !
ഞാന്‍ മരിക്കാനില്ല, ......... അവന്‍ പിറുപിറുത്തു .
ശരിയാണ്, അവന്‍ പറഞ്ഞതില്‍ കാര്യമുണ്ട്
ഞാന്‍ നിലത്തിരുന്നു
അവനെന്‍റെ നല്ല കൂട്ടുകാരനാണ്
അവനെ സഹായിക്കണം
അവന്‍റെ സങ്കടത്തിനു പരിഹാരം ഉണ്ടാക്കണം
എനിക്ക് വ്യക്തമായി മനസ്സിലാകാത്തത് എന്തെന്നാല്‍
എന്തിനവന്‍ മരിക്കണം?
അതില്‍ നിന്നും എനിക്കവനെ മോചിപ്പിക്കാന്‍ കഴിയില്ലേ?
ഞാന്‍ മരിക്കുകയാണെങ്കില്‍ !
മറ്റുള്ളവര്‍ക്കായി അവനൊരു അവസരം കിട്ടും!
അങ്ങനെ കൂട്ടുകാരനില്‍ നിന്നുള്ള മോചനം കൊണ്ടു
ഞാന്‍ സുരക്ഷിതനാവും !
പിന്നെ എന്നെ പിന്തുടരാന്‍ അവന്നു കഴിയില്ല...........
എനിക്കതെങ്ങിനെ അറിയാന്‍ പറ്റും !
ഞാനൊരു മരിച്ച മനുഷ്യനല്ലേ!!
==========
ടി. കെ. ഉണ്ണി
൨൧-൧൧-൨൦൦൮