കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഓഗസ്റ്റ് 14, 2017

പുലരിപ്പൂങ്കനൽ

പുലരിപ്പൂങ്കനൽ
============
പകൽ വിരിഞ്ഞുകൊഴിഞ്ഞ പൂക്കൾ
രാത്രിയിൽ തിളങ്ങുന്ന താരകങ്ങൾ
വെയിൽ മറഞ്ഞിരുന്ന മേഘങ്ങൾ
ആർത്തട്ടഹസിക്കുന്ന കടലലകൾ

ഒരു പൂവിന്റെ തണലിലൊരു വന്മരം
ആ വന്മരത്തണലിലൊരു പൊന്മല
ആ പൊന്മലമേലൊരു പൊന്നുംകുടം
ആ പൊന്നുംകുടത്തിലെ പൈമ്പാലൊളി
പാരാകെ പച്ചപ്പിൻ പൂന്തേനരുവി..!

മാമരത്തണലിലൊരു പൂച്ചെടി
പൂമൊട്ടിലൊളിപ്പിച്ച പൂമ്പൊടി
നോമ്പെടുത്തിരിക്കുന്ന പൂമ്പാറ്റ
ചിറകറുത്തെറിഞ്ഞകത്താക്കാൻ
വ്യാഘ്രനായിത്തീർന്ന മരയോന്ത്.!

നിഴലിന്റെ കൂട്ടിലെ ഹൃത്തടത്തിൽ
പകലിന്റെ വെണ്മണിക്കൊട്ടാരത്തിൽ
കാത്തിരിപ്പൊണ്ടൊരു കാർക്കോടകൻ
കാലന്ന് കൈവിലങ്ങിട്ടുകൊണ്ട്
ഊഷരനായവൻ ഉന്മാദിയായ്.!

പുൽക്കൊടിത്തുമ്പത്തെ മഞ്ഞുതുള്ളി
പൂവിട്ടുനില്ക്കുന്നു വൈഡൂര്യമായ്.!
പുലരിക്ക് പൂങ്കനൽ ചന്തംചാർത്തി
മരുവുന്നു നിത്യവും പുളകിതയായ്.!

ഉള്ളിലൊളിപ്പിച്ചുള്ളൊരാഴക്കടലിന്റെ
കണ്ണീരായ്ത്തീർന്നൊരു കരിമുകിലേ
വർഷം മറന്നുനീ കേളികളാടുമ്പോൾ
ദാഹത്താൽ കേഴുന്നു വേഴാമ്പലും.!
===========
ടി.കെ. ഉണ്ണി
൨൧-൦൭-൨൦൧൬ 
===========

ഞായറാഴ്‌ച, ഓഗസ്റ്റ് 13, 2017

ഭൂതക്കണ്ണാടി

ഭൂതക്കണ്ണാടി
=========
അതിരുവട്ടങ്ങളിൽ 
പാത്തും പതുങ്ങിയും നില്പവർ
സൂക്ഷ്മദൃഷ്ടിയാൽ 
പ്രകൃതിയെ നഗ്നരാക്കുന്നവർ
അരുതാത്തതെന്തെന്നാ-
ലതകക്കണ്ണിനല്ലേ നൂനം
അപൂർവ്വമതെന്നാൽ 
അതിശയക്കാഴ്ചയല്ലേ വാനം
വർണ്ണമഴതോല്ക്കും 
മൊഴിമുത്തുകൾ വർഷിപ്പോർ.!

കാഴ്ചവട്ടങ്ങളിൽ ചുട്ടിയും 
വട്ടപ്പൊട്ടുമായെത്തുവോർ
ആഴ്ചവട്ടങ്ങളിൽ അരുതായ്ക-
തൻ താളമേളങ്ങളിൽ
ആഴ്ന്നിറങ്ങിമുങ്ങിക്കയറുവോർ, 
മുക്കണാംകുരുവികൾ.!
വേഴ്ചകൾ വാഴ്ചകളാക്കിയ 
വാനമ്പാടിക്കൂട്ടങ്ങൾ.!
മുന്നിറമാടിയ മൂപ്പെത്താ-
മാമരപ്പൊത്തുകളിൽ
ചെന്നിണമൊലിപ്പിച്ചെത്തിയ 
ചോണനുറുമ്പുകൾ
വാല്മീകനിഗ്രഹമൊന്നേ 
അതിജീവനമെന്നോതി
മൂക്കിളയൊലിപ്പിച്ചെത്തുന്ന 
മണ്ണിരക്കൂട്ടങ്ങൾ.!

കാമരതിലീലകൾക്ക് സ്ഥല-
കാലഭേദങ്ങളന്യമായവർ
നമ്മൾതൻ വംശവൃക്ഷ-
ക്കാരണവന്മാർ, ആണിവേരുകൾ
യോദ്ധാക്കൾ, സ്ത്രീത്വം- 
മാതൃത്വമെന്നട്ടഹസിപ്പോർ,
യോനീപൂജയും ലിംഗാരാധനയും 
സായൂജ്യമാക്കിയോർ.

സമസ്ത പൈതൃകങ്ങളും- 
പിൻപറ്റിയ സജ്ജനങ്ങൾ
സുകുമാരകലകളും രാസലീലകളും 
ആടിത്തിമർത്തവർ
ആകാശഗംഗയെ അമ്മാനമാടി 
കാളകൂടമാക്കുന്നോർ
ആത്മാഭിമാന വിജൃംഭിതർ, 
അസ്പൃശ്യസദാചാരികൾ.!

ഋഷിപ്രോക്തസംസ്കൃതി 
ആത്മസത്തയാക്കിയോർ
വിഷയാസക്തികളിൽ 
കാളിയമർദ്ദനമാടിയോർ
ഞെരിഞ്ഞലും കടുക്കയുംകൊണ്ട് 
രസനയെ ഹനിച്ചവർ
നാകനരകതാരകളിൽ 
പൊന്നും പാഷാണവും നിറച്ചവർ
പിന്തലമുറക്കായ് കരുതിവെച്ച 
വഴിത്താരകളനവധി
കരുണയറ്റ ജന്മങ്ങൾക്കപ്രാപ്യമാം 
വർണ്ണങ്ങളനവധി
നീതിയറ്റ പ്രഭുക്കൾക്കഗമ്യമാം 
ശിഖരങ്ങളനവധി
അനുകമ്പയറ്റ മർത്യചിത്തങ്ങൾക്ക് 
ദുർഘടങ്ങളനവധി

മദനോത്സവങ്ങളാറാടിത്തി-
മിർക്കുമിന്നിന്റെ മന്നവർ
അമ്മതന്നുദരത്തെ ലേലം-
വിളിപ്പവരിന്നിന്റെ മന്നവർ
മണ്ണിന്റെമാറിനെ വെട്ടിപ്പൊളി-
ച്ചവരിന്നിന്റെ മന്നവർ
വിത്തചിത്തങ്ങളെ കത്തിക്കരി-
ച്ചവരിന്നിന്റെ മന്നവർ

രക്തബന്ധങ്ങളെ പഷാണ-
മാക്കുന്ന ബന്ധുക്കളെമ്പാടും
മാതൃവാത്സല്യത്തിനു ഭാഷ്യം
ചമയ്ക്കുന്ന വാത്സ്യായനന്മാരും
മാനഭംഗത്തെ സ്നേഹകല-
യാക്കുന്ന സോദരീസോദരർ
പീഡനക്കഥകൾ തൻ വീരസ്യം-
പാടുന്ന സൌഹൃദക്കൂട്ടവും

ദാഹാർത്തിമോഹത്താൽ പണയ-
മായ്ത്തീരുന്ന മാനാഭിമാനങ്ങൾ
ചിത്തത്തിലുത്തമർ തങ്ങളെന്നുര-
ചെയ്യും ഹീനരാം വിത്തന്മാർ
നത്തുപോലുള്ള കത്തുന്ന കണ്ണുമാ-
യൊത്തുകളിക്കുന്ന തെമ്മാടിക്കൂട്ടങ്ങൾ
പത്തുപുത്തന്റെയുന്മാദലഹരിയിൽ
തലവെട്ടിക്കളിക്കുന്ന കോമരങ്ങൾ.

പ്രപഞ്ചത്തെ മെതിയടിക്കുള്ളിലാക്കി
വൃഷണം ചൊറിയുന്ന സംരക്ഷകർ
ജീവനം അതിജീവനവും അസഹിഷ്ണുത-
യുമാവുന്നതിന്റെ ശിവതാണ്ഡവക്കാഴ്ചകൾ
നേർക്കാഴ്ചകൾക്ക് കണ്ണുകളാർഭാടമാവുന്ന
അതിലളിതമായ ആർഷസംസ്കൃതി
മുപ്പത്തിമുക്കോടിയെ അന്യവല്ക്കരിച്ചാ-
വാഹിച്ചുറഞ്ഞുതുള്ളുന്ന മനുഷ്യദൈവങ്ങൾ

ഉടഞ്ഞകുപ്പിച്ചില്ലുകളിലുടക്കിക്കിടക്കുന്ന
ഉൾക്കണ്ണിന്റെ തിമിരക്കാഴ്ചകൾ
ഹൃദയത്തിൽ തുളച്ചുകയറി മനസ്സിന്റെ
ഉള്ളറകളെ കാരാഗൃഹങ്ങളാക്കുന്നോർ
സ്നേഹത്തിന്റെയും സഹനത്തിന്റെയും
പാപമുക്തിയുടെയും അപ്പോസ്തലന്മാരുടെ
നഞ്ചുരുക്കിയൊഴിച്ചുള്ള സ്നേഹലാളനാ-
മൊഴിമുത്തുകളും പരിരംഭണങ്ങളും.

നമുക്കീ ബീഭത്സ കാഴ്ചകൾ വേണ്ട.
നമുക്കെല്ലാവർക്കും അസഹിഷ്ണുക്കളാവാം..
സഹിഷ്ണുതയെ നമുക്കാഹരിക്കാം..
അസഹിഷ്ണുത നമുക്കാഘോഷിക്കാം..

==============
ടി.കെ. ഉണ്ണി
൦൭-൦൫-൨൦൧൬
=============

ശനിയാഴ്‌ച, ഓഗസ്റ്റ് 12, 2017

കളവളവ്.!

കളവളവ്.!
========
അളവൊരു കളവ്....
കളവൊരു അളവ്....
അളവുണ്ടെന്നതും ഇല്ലെന്നതും
കളവായ കള്ളക്കഥപോലെ
അളവില്ലാത്ത തെളിവുപോലെ
കളഞ്ഞുപോയൊരു കളവ്.!
കളവ് കള്ളപ്പനയായതും
ഇളവ് എള്ളളന്നതും
വെളിവ് പള്ളതുറന്നതും
വിളവിന്‍റെ ഇളവിനായത്രേ.!

കളവെന്നത് ഒളിമാനമാവുന്നതും
അളവെന്നത് കള്ളക്കഥയാവുന്നതും
കളവാണികളുടെ തള്ളക്കഥകളല്ലെന്നും,
അളവറിഞ്ഞ കള്ളന്മാരുടെ
വളഞ്ഞ ഒളിവഴികളിലെ
വിളഞ്ഞുവെളുത്ത തെളിവുകളാവുന്നതും 
കളവിനെ അളവെന്നറിയാതെ
വളഞ്ഞ തെളിമാനമളവുകാരുടെ
വിളവെടുപ്പിന്‍റെ അളന്നെടുപ്പാവുന്നതും 
തളപ്പും ഉളുപ്പുമില്ലാതെളുപ്പം 
മുളത്തണ്ടിൽ ഒളിച്ചുകയറുന്നവന്‍റെ 
വെളിവില്ലാത്ത അടവുനയം തന്നെ.!

തെളിഞ്ഞ കളവിന്റെ വിളർത്ത കവിളും
അളിഞ്ഞ വിളവിന്റെ മുളഞ്ഞ താളവും
കളിച്ച കളിയിലെ കളിക്കളത്തിലും
കുളിച്ച കുളത്തിലെ കുളക്കടവിങ്കലും
മേളിച്ച താളത്തിലൊളിച്ചൊരു നാളവും
വിളർത്ത നാളിലും വെളുത്തു വെള്ളിയായ്.!

കളിച്ചവർ താളവും മേളവും കേളിയും
കളഞ്ഞവർ തെളിവും വെളിവും വളവും
അളന്നവർ ഓളവും പാളവും നീളവും
വളർന്നവർ തളർന്നും വിളർന്നും കളകളായ്.!

അളപോലെ ഉളിപോലെ പൊളിപോലേ
മുളപോലെ മൂളുന്ന മൂളങ്കാടുപോലേ
ഒളിപോലെ തെളിയുന്ന വിളക്കുപോലെ
മുളച്ചുള്ള മുള്ളും വളർന്നുള്ള മുളയും
അളവുള്ള കളവല്ല കളവുള്ളൊരളവല്ല
തെളിയാതളക്കുന്ന കളവളവുമല്ല.!

അളവൊരു കളവളവ്.!
കളവൊരു അളവൊളിവ്.!
===========
ടി.കെ. ഉണ്ണി
൧൩-൦൭-൨൦൧൬ 
===========

വ്യാഴാഴ്‌ച, ഓഗസ്റ്റ് 10, 2017

…കുമിള…

കുമിള
========
ജലം അതെനിക്കമൃത്, പ്രകൃതി-
തൻ ജീവാമൃതം നൂനം
ഏറെയിഷ്ടമത്, കാരണമേതു-
മോതുന്നില്ല ഞാൻ, സഖേ
നിങ്ങൾതൻ ചോദ്യങ്ങളിലു-
ണ്ടനർത്ഥങ്ങളേറെയേറേ,
അജ്ഞതതൻ ഗർത്തങ്ങളും,
മിഥ്യതൻ വാഴ്ത്തുക്കളും.!

കൊല്ലുകയിന്നെന്നെ,
നിങ്ങൾതന്നിഷ്ടംപോലേ
ജലസമാധിയോ, ഗരുഡ-
ത്തൂക്കമോ, ഊഞ്ഞാലാട്ടമോ,
ഇഷ്ടമാണെനിക്കവയെല്ലാം,
കഷ്ടമേതുമില്ല, ഞാനോ
നിമിഷേന കഴുവേറ്റപ്പെടു-
മിരകൾ തൻ പ്രതിനിധി.

ചിരിക്കരുതനിയാ, സുഹൃത്തേ,
നിങ്ങൾതൻ മൂകപരിഹാസത്തിൻ
മൌഡ്യമതെന്തെന്നറിയുന്നോർ
നൂനമീപാരതന്ത്ര്യലോകത്തിൽ.
പരിതാപക്കുളിരിൽ മോഹാലസ്യമാർന്ന
പരിവ്രാജനാം പാന്ഥനുമുണ്ടൊരു
പാഷാണകലുഷിതവർണ്ണപ്രപഞ്ചം.!

പരിപാലനം മഹത്വമതെന്നത്രേ
മാനവ മനോരഥമീയുലകിൽ
പരിദേവനമരുതാത്തൊരുള്ളിന്റെ
സേവനമതത്രേ ദേവമോഹനം.
കഷ്ടതയേറുന്നോർക്കേകുന്നതോ
തീരാത്തഹൃദയവേദനമാത്രം
ദുഷ്ടന്മാർക്കറിയാത്തതല്ലയീ
പതിതരിൻകഥകളൊട്ടുമേ.!

പണ്ടെന്റെപ്രിയരാം പ്രപിതാക്കൾ,
പഞ്ചപാവങ്ങളായവർ
അറ്റുപോയ കുറ്റങ്ങളെ വരണമാല്യം
ചാർത്തിത്തെളിഞ്ഞവർ
തോറ്റുപോയ ജനങ്ങൾക്ക്
ഉയിരിന്നുയിരേകിത്തളർന്നവർ
ഏറ്റെടുത്ത ദൗത്യങ്ങൾ
നെഞ്ചേറ്റിത്തിളങ്ങിയ മന്നവർ.

ദുരമൂത്ത തമ്പുരാക്കൾ തൊടുത്തുവിട്ട
കൂരമ്പിനാൽ മുറിവേറ്റു പിടഞ്ഞവർ,
സാമദണ്ഡങ്ങളാൽ ദുരിതക്കയത്തിലാണ്ടവർ
മതിമറന്നട്ടഹസിച്ചാഹ്ലാദിച്ചൂ
മന്നവേന്ദ്രർ, മഗുണാമണികൾ
മാലോകരാകേയും കണ്ടീടട്ടേ,
വണങ്ങട്ടെയീമണ്ണിലെ ദുർഭൂതങ്ങളേ.!

മണ്ണിൽ മരംനട്ടവൻ മുട്ടാളൻ,
ജലം കുടിനീരാക്കിയവൻ
മലയെ കാവലാക്കിയവൻ,
പച്ചപ്പിനെ ജീവനാക്കിയവൻ
മുകിലിനെ പട്ടമാക്കിപ്പറത്തിയവൻ,
കാറ്റിനു കുളിരേകിയവൻ
അർക്കരാജനെ വണങ്ങുന്നവൻ,
നിലാവിനെ ഉമ്മവെച്ചവൻ
നീലാംബരത്തെ മേല്ക്കൂരയാക്കി
കൂടുപണിത് വസിപ്പവൻ
അക്രമത്താൽ അന്നമായ്
വായുഭക്ഷിച്ചവൻ, നിഷേധി
വിസമ്മതത്താൽ നീഹാരശൈലം
പണിഞ്ഞവൻ നിങ്ങൾ
രാജ്യവാഴ്ചതൻ ലംഘകൻ,
രാജ്യദ്രോഹി, കുറ്റങ്ങളനവധി.!

ശംഖചക്രഗദാധരന്മാർ മല്ലന്മാരവർ
ഭൈമീകാമുകരവർ കുംഭകർണ്ണർ
സ്മാർത്തവിചാരവിശാരദന്മാർ
ഗർവ്വിഷ്ഠരാം വിപ്രന്മാരും
പരിഷകളാം രാഷ്ട്രീയമാടമ്പികൾ,
ദാസ്യരാം സചിവന്മാരും
മേളിച്ചു ഘോഷിക്കുന്നല്ലോ,
ഇന്ദ്രസദസ്സും തോല്ക്കുമാറ്‌.!

കുറ്റപത്രം വായിച്ചുകേൾപ്പിച്ചൊരു
കൂശ്മാണ്ഡയമകിങ്കരനപ്പോൾ
മതിമതിയിതുമതിയെന്നുരചെയ്തവർ
കാമാർത്തരാം സ്മാർത്തവിപ്രന്മാരും
നീതിനിയമങ്ങളും സാമദണ്ഡങ്ങളും
ദേവനും താനെന്നുഗ്രപ്രതാപനും
യമരൂപം പൂണ്ടവൻ കലിതുള്ളിനില്പതാ
മായാവിയായുള്ള മാലോകമന്നവൻ!

മാലോകരേ, സജ്ജനങ്ങളേ,
പ്രജകളേ, രാജരാജതോഴരേയേവം,
സജ്ജനസേവകനാമീമഹേന്ദ്രൻ
ഗർവ്വോടെയോതുന്നു, കേൾക്ക.!
കേവലം തൃണമാമൊരുവനാൽ
കൊടിയപാപമീസാമ്രാജ്യത്തിൽ
കോപിതനാണവൻ ഗർവ്വിഷ്ഠനാ-
മസുരപ്രജാപതി, മമചക്രവർത്തി.

ഉത്തരവുകളവിടുന്നല്ലേ പ്രഭോ
ഞാനൊരാശ്രിതൻ മാത്രം
ചരടിൽകൊരുത്ത നിഴലില്ലാപാവ
മണ്ണുംവിണ്ണും വിത്തുംവിളയും
മഴയുംമേഘവും തീരെഴുതിവാങ്ങിയോർ
നവഗ്രഹങ്ങളും ശൂന്യാംബരവും
വെട്ടിപ്പിടിച്ച് പങ്കിട്ടെടുത്തവർ
അവരല്ലോ ദൈവങ്ങൾ, രക്ഷയും-
ശിക്ഷയും അവരുടെ കനിവല്ലോ.!

കഴുവേറിയവരും കഴുവേറ്റിയവരും
നമ്മുടെ പൂർവ്വാപര പരമ്പരകളത്രേ.
ബോധിവൃക്ഷങ്ങൾ കഴുമരങ്ങളാവുന്നതും
ഊഞ്ഞാലയിൽ കെട്ടിയാട്ടുന്നതും
നമ്മുടെ സംസ്കാരബോധത്തിന്റെ
വ്യാജമായ വീണ്ടെടുപ്പുകളാവുന്നുണ്ട്.!
ദാസ്യത്വം ദൈവീകമെന്നൊരബദ്ധത്തി-
ന്നാഹ്ലാദത്താലന്തംവിട്ടുനില്ക്കുന്നു
നിസ്സംഗനാം ബോധിസത്വൻ..!

സത്യം സമത്വം സ്വാതന്ത്ര്യമെന്നത്
നിഴൽക്കുത്തായിമാറിയ പണയപ്പണ്ടമോ?,
അടിമത്തമാണുടമസ്ഥമെന്ന തെര്യപ്പെടുത്തൽ
ഇന്നിന്റെ സാമ്രാജ്യകല്പനയോ?,
അധിക്ഷേപദുരന്തമായി എന്നെന്നും  
അന്യവല്കരിക്കപ്പെടുന്നത്
ആത്മാഭിമാനമെന്ന നീർക്കുമിളയോ?
===========
ടി.കെ. ഉണ്ണി
൨൩-൦൫-൨൦൧൬
==========

വ്യാഴാഴ്‌ച, ജൂലൈ 27, 2017

സ്വഭാവം തൃപ്തികരം

സ്വഭാവം തൃപ്തികരം
===============
സത്സ്വഭാവിയാവാനെന്തുചെയ്യണം വിഭോ.!
അപേക്ഷയതൊന്നെഴുതേണം
സർക്കാർ സാക്ഷ്യപ്പെടുത്തേണം.!
അതിനെന്തുണ്ട് മാർഗ്ഗമെന്നുര ചെയ്തീ
സങ്കടക്കടലീന്നു കരകേറ്റീടണം തമ്പുരാനേ.!
സർക്കാർ മുദ്രയാൽ സത്സ്വഭാവിയായീടും
ഞാൻ നാട്ടിലും മറുനാട്ടിലും മര്യാദരാമൻ പ്രഭോ.!

താലൂക്കേമാൻ തഹസീൽദാർ കനിയണം
കനിവിനായ് പരിവാരങ്ങളേവം കനിയണം
അവരുടെ കനിവിനായ് ശിങ്കിടികൾ കനിയണം
ഞാനവർക്കുമുമ്പിൽ കുനിയണം, കാണിക്ക
വെക്കണം, പ്രസാദിപ്പിക്കേണം,
അതാണു വഴി, നേർവഴി, നേരിന്റെ വഴിയും.!
ഈ നേരിന്റെ വഴിക്കുമുമ്പിലുണ്ട് കടമ്പകൾ
മുള്ളുവേലികൾ, താണ്ടാനനവധി..

ആദ്യമായാപ്പീസറെ, വില്ലേജാപ്പീസറെ കാണണം
സൌമ്യമായി കാര്യം പറയണം
പ്രതികരണമതെന്തായാലും
സുസ്മേരവദനനാം ഗ്രാമസേവകനെ കാണണം
അദ്ദേഹം സഹായിക്കും, നിർണ്ണയിക്കും
സ്വഭാവത്തിന്റെ രൂപരേഖകൾ.!
ചിലപ്പോൾ നിർദ്ദേശിക്കും
പകർത്തിത്തരും, ആവേശംവന്നാൽ.!
ആവേശം വരുത്തുകയാണ്‌ പതിവ്..
പതിവുകൾ മുടക്കരുതല്ലോ?
അപേക്ഷകനെ നേരിൽ പരിചയമുണ്ട്
അച്ഛനായും മുത്തച്ഛനായും
ഉള്ളവരെല്ലാം ഈ ഗ്രാമത്തിലെ
രേഖപ്പെടുത്തിയിട്ടുള്ള അംശം ദേശത്തിലെ
സ്ഥിരവാസികളും കരമടക്കുന്നവരുമാണ്‌.!
അന്വേഷണത്തിലും അറിവിലും പെട്ടിടത്തോളം
പശുവിനെപ്പോലെ പരിശുദ്ധനാണ്‌.!
രത്നം പതിച്ച പത്തരപ്പവൻ മാറ്റ് തങ്കമാണ്‌.!
വളരെ നല്ല സ്വഭാവമാണ്‌.!
അഞ്ചുരൂപ കോർട്ട്ഫീ സ്റ്റാമ്പ് പതിക്കണം
വില്ലേജാപ്പീസറുടെ സമക്ഷത്തിങ്കൽ
സമർപ്പിച്ചു കാത്തിരിക്കണം.
ഊഴമനുസരിച്ച് വിളിക്കും
ആപ്പീസറുടെ അഭിമുഖം, സാക്ഷ്യപ്പെടുത്തൽ
അപേക്ഷയുടെ മറുപുറത്ത് കുറിപ്പെഴുതി
ഒപ്പും മുദ്രയും ചാർത്തിയുള്ള കൈനീട്ട്.
ഭവ്യതയോടെ ഏറ്റുവാങ്ങുമ്പോൾ
ആപ്പീസറുടെ തിരുവായ്മൊഴി
ഇത് തഹസീൽദാർക്കുള്ള ശുപാർശക്കത്ത്
എല്ലാം എഴുതിയിട്ടുണ്ട്
താലൂക്കാഫീസിൽ പോവുക
അവിടെന്ന് കിട്ടും സത്സ്വഭാവ മുദ്ര.!
===========
ടി.കെ. ഉണ്ണി
18-04-2016
===========