ശനിയാഴ്‌ച, ജൂലൈ 25, 2009

തറ

തറ
===
ഇരുപത്തെട്ടു വര്‍ഷം പഴക്കമുള്ള ഒരു കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള കെട്ടിടമാണ് എന്‍റെവീട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി മേല്‍ക്കൂരയിലെ വിള്ളലില്‍ നിന്നും കിനിഞ്ഞിറങ്ങുന്ന വെള്ളത്തില്‍ നിന്നുള്ള മോചനത്തിന്നായി മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള എല്ലാവിധ ചെപ്പടിവിദ്യകളും ആളും അനദാരിയും ഉപയോഗിച്ചു പയറ്റിനോക്കുന്നു. മേല്‍ക്കൂരയുടെ വണ്ണം കനത്തുവന്നതല്ലാതെ കിം ഫലം.  ഏറ്റവും ഫലപ്രദമെന്നു തോന്നുന്ന പദ്ധതിക്ക് (മേല്‍ക്കൂര മുഴുവനായി അലുമിനിയം ഷീറ്റ് വിരിക്കല്‍) എന്‍റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നുമില്ല. പഴകി ചോരുന്ന കെട്ടിടം ആണെങ്കിലും ഇടക്കൊക്കെ ചായം തേച്ചു കുട്ടപ്പനാക്കാറുണ്ട്. രണ്ടു ചെറിയ കിടപ്പുമുറികളും ഒരു ചെറിയ ഓഫീസ്‌ മുറിയും അടുക്കളയും ഭക്ഷണമുറിയും കൂടാതെ ഒരു കാര്‍ പോര്‍ച്ചും..!
(ഒരു സൈക്കിള്‍പോലും ഇപ്പോഴുംസ്വന്തമായിട്ടില്ലാത്ത ഞാന്‍ അഞ്ചുകൊല്ലം മുമ്പ്‌ കാര്‍ പോര്ച്ചിനെ ഒരു പുറം വരാന്തയാക്കി മാറ്റിയെടുത്തു.)

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്‍റെ അയല്പക്കങ്ങള്‍ എല്ലാം തന്നെ

ബഹുനില കെട്ടിടങ്ങളായ വീടുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മുപ്പതും നാല്‍പ്പതും രൂപ ചെലവായി താന്താങ്ങളുടെ വീടുകള്‍ക്കെന്നു അവരില്‍ പലരും അവകാശപ്പെടുന്നു. (മുമ്പ്‌ ഞങ്ങളുടെ വീട്പണിയുന്ന കാലത്ത്‌ മുപ്പത്‌ എന്നു പറഞ്ഞാല്‍ മുപ്പതിനായിരം രൂപ എന്നായിരുന്നു. ഇന്നു മുപ്പതെന്നുപറഞ്ഞാല്‍ മുപ്പത്‌ ലക്ഷം രൂപ എന്നാണു സാരം).

സ്ഥലത്തിന് വിലയില്ലാതിരുന്ന കാലത്ത്‌ തറയില്‍ വീടുണ്ടാക്കുക എന്നതായിരുന്നു സാധാരണ സമ്പ്രദായം. ഇന്നിപ്പോള്‍ ആകാശത്താണ് വീടുണ്ടാക്കുന്നതെന്ന് അറിയാത്തവരായി അധികമാളുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ, നമ്മുടെ യന്ത്രങ്ങളും ഭരണയന്ത്രങ്ങളും അതിനെ കുതന്ത്രങ്ങളും ആക്കുന്നവരുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നില്ലായെന്നു പലര്‍ക്കും സംശയമുണ്ട്‌.!


ആധുനിക ലോകക്രമത്തിന്റെ നാട്യത്തില്‍ വരേണ്യര്‍ക്കും നവസമ്പന്നര്‍ക്കും

മദ്ധ്യവര്‍ത്തി ചൂഷകര്‍ക്കും അവസരങ്ങള്‍ ഒരുക്കി ജനസേവനം ചെയ്തുകൊണ്ട് ഭരണയന്ത്രങ്ങള്‍ നയിക്കുന്നവരുടെ ചിന്താസരണിയില്‍ ജനാധിപത്യത്തിന്റെയോ സ്ഥിതിസമത്വത്തിന്റെയോ വര്‍ഗ്ഗാധിപത്യത്തിന്റെയോ കണികകള്‍ പോലുമില്ലെന്നത് പൊതുജനം എന്ന് തിരിച്ചറിയാനാണ്?

തറയായ ഞങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നും (കഴിഞ്ഞ പത്തു

വര്‍ഷത്തിന്നുള്ളില്‍ ഏഴ് പ്രാവശ്യം ഭരണമാറ്റം ഉണ്ടായി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു) കിട്ടിയ ഫോറം വളരെ പണിപ്പെട്ടാണ് പൂരിപ്പിച്ചു കൊടുത്തത്‌. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌ കിട്ടിയത്‌ വെള്ളിടി വെട്ടിയതുപോലുള്ള നോട്ടീസ്‌ ആണ്. കഴിഞ്ഞ വര്‍ഷം
വരെ ൧൯൦ രൂപയായിരുന്ന കെട്ടിടനികുതി ൩൯൫ രൂപയായി നിശ്ചയിച്ചിരിക്കുന്നു. എന്‍റെ അയല്‍ക്കാരന്റെ ബഹുനിലക്കെട്ടിടത്തിന്നു ൨൫൫ ല്‍നിന്നും ൨൯൦ ലേക്ക് കയറ്റം കൊടുത്തു. ഇതുസംബന്ധിച്ച് അധികാരികളോട് അന്വേഷിച്ചതില്‍ നിന്നും മനസ്സിലായത്‌ '' തറ '' യാണ് പ്രശ്നമായിരിക്കുന്നത് എന്നാണു.

ഗ്രാമവാസികളുടെ വീടുകള്‍ അധികവും തറയിലാണ് പണിതിരിക്കുന്നത്.

എന്നാല്‍ നഗരവാസികളോ? അവിടെ കാണുന്നത് ആകാശത്തിലേക്ക്
പണിതുയര്‍ത്തിയ കെട്ടിടങ്ങളാണ്. കോടികള്‍ കൊണ്ടു പണിത സമ്പന്ന
സൌധങ്ങളെക്കാള്‍ മൂല്യമുള്ളതാണ് സാധാരണക്കാരന്റെ തറകള്‍ എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചറിയുമോ?

തിരിച്ചറിവ് തറകള്‍ക്കില്ല എന്നത്

തറയുടെ മേന്മയായി കാണരുത്.......!!

****************

ടി. കെ. ഉണ്ണി
൨൬-൦൭-൨൦൦൯

വാല്‍ക്കഷ്ണം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനസേവന തല്പ്പരതയുടെ മറ്റൊരു മുഖം....

വ്യാഴാഴ്‌ച, ജൂലൈ 23, 2009

ജീവന കല

എന്‍റെ ഗ്രാമത്തില്‍ എന്‍റെ അയല്‍ക്കാരായി നാലുകുട്ടികളും അച്ഛനും അമ്മയും
അടങ്ങിയ ഒരു കുടുംബം സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സ്നേഹത്തോടും
സമാധാനത്തോടും കൂടി കഴിഞ്ഞുവന്നിരുന്നു. അങ്ങനെയിരിക്കെ നാലുകുട്ടികളുടെ
പിതാവായ മാന്യദേഹം ഒരു ചെറുക്കനുമായി (കൌമാരപ്രായക്കാരന്‍) പ്രേമ
ബന്ധത്തിലായി. ഈ ചെറുക്കനു തന്‍റെ മൂത്ത കുട്ടിയുടെ പ്രായം മാത്രമെ
ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ നാലുകുട്ടികളുടെ അമ്മയായ സ്ത്രീ
കുറെയധികം സഹനശക്തി ഉള്ളവള്‍ ആയിത്തീര്‍ന്നു.

സമൂഹത്തിനു അല്ലെങ്കില്‍ സമുദായത്തിന്നു ഇതില്‍ കാര്യമായ ചുമതലകള്‍
ഒന്നും ഉണ്ടായിരുന്നില്ല.... അവര്‍ അന്ധരും ബധിരരും മൂകരും ആയിരുന്നു......
അതിന്‍റെ കാര്യകാരണങ്ങള്‍ എപ്പോഴും വിശദീകരണം അര്‍ഹിക്കുന്നു? ചില
അസൂയക്കാരും കുശുമ്പുകാരും കുനുഷ്ടരുമായ മനുഷ്യര്‍ (അങ്ങനെയായിരുന്നു
മാന്യ ദേഹത്തിന്റെ പക്ഷം) കുറച്ചൊക്കെ ഒച്ച വെച്ചുവെങ്കിലും കാര്യമായിട്ടൊന്നും
സംഭവിച്ചില്ല. പ്രേമബന്ധം വളര്‍ന്നുവികസിച്ചു. പലപ്പോഴും താല്‍ക്കാലികമായി
കുടുംബത്തെ ഉപേക്ഷിച്ച നിലയിലായി. പുതുമണവാട്ടി പദമണിഞ്ഞ ചെറുക്കനേയും
കൂട്ടി നവ വധൂവരന്മാരെപ്പോലെ കേരളത്തിലുള്ള എല്ലാ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലും
ചുറ്റിക്കറങ്ങി മധുവിധു ആഘോഷിച്ചു നടക്കുകയായിരുന്നു മാന്യദേഹം. എന്നാല്‍
ഇടക്കൊക്കെ മാന്യദേഹം തന്‍റെ വീട്ടിലെത്തി ഭാര്യയേയും മക്കളെയും
കാണാതിരുന്നില്ല....

ഏകദേശം രണ്ടു വര്‍ഷത്തിനുശേഷം തന്‍റെ ചെറുക്കന്‍ മണവാട്ടിയെ ഉപേക്ഷിച്ചു,
അടുത്ത ഗ്രാമത്തില്‍ നിന്നും പുതിയ ഒരാണ്‍വധുവിനെ പാട്ടിലാക്കി തന്‍റെ പതിവു കാമകേളീവിലാസം തുടര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട ആണ്‍ വധുവായ
ചെറുക്കന്‍ തന്‍റെ ഇഷ്ട തോഴനായ മാന്യദേഹത്തിന്റെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കി. നാലുകുട്ടികളുടെ അമ്മയായ സ്ത്രീയോടു, കഴിഞ്ഞ രണ്ടുവര്‍ഷക്കാലം നിങ്ങള്‍ക്കു
പകരമായി ഭാര്യയായി പെരുമാറി നിങ്ങളുടെ ഭര്‍ത്താവിന്‍റെ എല്ലാവിധ ലൈംഗിക
അഭീഷ്ടങ്ങളും നിറവേറ്റി ദാഹം ശമിപ്പിച്ചത് താനാണെന്നും അതിനാല്‍ ഇപ്പോഴത്തെ അവസ്ഥയില് നഷ്ടപരിഹാരം വേണമെന്നും അത് വാങ്ങിയെടുക്കാനാണ് ഇവിടെ
വന്നതെന്നും പറഞ്ഞു പ്രശ്നമുണ്ടാക്കി. അച്ഛന്‍റെ ആദ്യ ആണ്‍ഭാര്യയെ മൂര്‍ച്ചയേറിയ ശകാരവര്‍ഷങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ എതിരിട്ടത്‌. തന്മൂലം അയല്‍ക്കാര്‍
ഇടപെടുകയും ആണ്‍ ഭാര്യയെ അവിടെനിന്നും ഓടിക്കുകയും ചെയ്തു.

അടുത്ത കാലത്തായി നമുക്കറിയാന്‍ കഴിയുന്ന കാര്യങ്ങളില്‍ പ്രധാനമായ ഒന്നാണ് സ്വവര്‍ഗ്ഗാനുരാഗികളുടെ സംഘടനകളും അവരുടെ നേതൃത്വത്തില്‍ നടക്കുന്ന
സമരങ്ങളും റാലികളും മറ്റും. അവര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചു
കിട്ടുന്നതിന്നുവേണ്ടി നിയമ യുദ്ധങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.

എന്നാല്‍ തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഇത്തരത്തിലുള്ള ഇത്രയധികം സംഘടനകള്‍
രാജ്യത്ത് ഉണ്ടായിരുന്നില്ല. വന്‍ നഗരങ്ങളില്‍ ഏതാനും ചിലവ മാത്രം. അതേസമയം
രാജ്യത്തിന്‍റെ എല്ലാഭാഗത്തും (ഓരോ ഗ്രാമങ്ങളിലും) ഇത്തരം ചില സംഭവവികാസങ്ങള്‍ എല്ലാകാലത്തും നമ്മുടെ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടെയിരുന്നു.....

ഇപ്പോള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ സ്വവര്‍ഗ്ഗാനുരാഗികള്‍ ആയവര്‍ക്കും പ്രസ്തുത ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും
രാജ്യത്തൊട്ടാകെ നവോന്മേഷം കൈവന്നിരിക്കുന്നു. ഭരണ യന്ത്രവും മറ്റു യന്ത്രങ്ങളും
ചേര്‍ന്നുള്ള പരിഷ്കരണ നടപടിമൂലം പ്രസ്തുത വിഭാഗത്തിന്നു സ്വര്‍ഗ്ഗം കൈവന്നിരിക്കുന്നു..............
വകുപ്പ് ൩൭൭ ന്‍റെ ഉച്ഛാടനം പല സാധ്യതകളും തുറന്നിടുന്നു...........?

ഈ നടപടിയുടെ പരിണിതി ഫലം സമൂഹത്തില്‍ ദൂരവ്യാപകമായ വൈകല്യങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്.!
==========
ടി. കെ. ഉണ്ണി
൨൩-൦൭-൨൦൦൯