ബുധനാഴ്‌ച, ഡിസംബർ 30, 2009

പുതുവത്സരാശംസകൾ


എല്ലാവർക്കും ശാന്തിയും സമാധാനവും
സന്തോഷവും ഐശ്വര്യസമൃദ്ധവുമായ
ഒരു പുതുവത്സരം ആശംസിക്കുന്നു...

സസ്നേഹം..
ടി. കെ. ഉണ്ണി

വ്യാഴാഴ്‌ച, ഡിസംബർ 17, 2009

തുറക്കാത്ത പെട്ടി

തുറക്കാത്ത പെട്ടി
=========
ജീവിതം നമ്പർലോക്കുള്ള അടച്ചുപൂട്ടിയ പെട്ടി..
(ആധുനിക സാങ്കേതികത്വമുള്ള പെട്ടി)..
ജീവിതം താഴിട്ട്‌ പൂട്ടിയ പെട്ടി...
(യാഥാസ്തിതികത്വമുള്ള പെട്ടി)..
പെട്ടിയിലെ നിധി (അമൂല്യത) സ്വായത്തമാക്കാനുള്ള ശ്രമം..!!
ആധുനിക പെട്ടി തുറക്കാൻ മൂന്നുനമ്പറുകൾ അറിയണമെന്നത്‌ ശ്രമകരം..
ഞങ്ങൾക്കതിന്ന് നേരമില്ല.. അതിനെ ഞങ്ങൾ ആധുനിക
സാങ്കേതികത്വം ഉപയോഗിച്ചുതന്നെ തുറക്കും..?
അല്ലാതെന്തിനാണ്‌ ഗ്യാസ്‌ കട്ടറുകളും കയ്യുറകളും ഞങ്ങൾ
കണ്ടുപിടിച്ച്‌ പ്രചാരത്തിലാക്കിയത്‌..??
പഴമയുടെ പെരുമയുള്ള പെട്ടി താഴിട്ട്‌ (താക്കോൽ)
തുറക്കാനൊന്നും ഞങ്ങൾക്കറിയില്ല..
അതെടുത്ത്‌ എറിഞ്ഞും തല്ലിപ്പൊളിച്ചുമെടുക്കാൻ നിമിഷനേരമല്ലേ വേണ്ടൂ..
അതാണ്‌ ഞങ്ങൾക്കിഷ്ടവും...
അതുകൊണ്ട്‌ ഈ വേലയൊക്കെ കയ്യിലിരിക്കട്ടെ... അങ്കിളമ്മാവാ..!!

അങ്കിളമ്മാവന്റെ വേല.....!!
ആധുനിക ജീവിതപ്പെട്ടിക്ക്‌ മൂന്നുനമ്പറുള്ള പൂട്ട്‌...
ശരിയായ ചിന്ത, ശരിയായ വാക്ക്‌, ശരിയായ പ്രവൃത്തി, എന്നിവ നമ്പരുകൾ..
പൗരാണിക ജീവിതപ്പെട്ടിക്ക്‌ ഒറ്റത്താഴുള്ള പൂട്ട്‌..
ചിന്തയും വാക്കും പ്രവൃത്തിയും ഒന്ന് എന്ന ഒറ്റത്താഴ്‌...
അതായത്‌ ഒറ്റക്കാര്യം മാത്രം...
ഈ ഒറ്റക്കാര്യമനുസരിച്ചെങ്കിലും ജീവിക്കാത്തവൻ മനുഷ്യനാകുന്നില്ലെന്ന്
ആർഷത്വമെന്ന പൗരാണികത..!!
പക്ഷെ, നമുക്ക്‌ ആധുനികരാകാം..?
ആധുനിക മനുഷ്യനായി ആ പെട്ടിയിലെ അമൂല്യനിധി കരസ്ഥമാക്കണ്ടേ..?
അതിന്റെ മൂന്നുനമ്പരുകളിൽ ഒരെണ്ണം നമുക്ക്‌ ഇപ്പോഴേ പഠിക്കാൻ തുടങ്ങാം...!
അത്‌ നന്നായി പഠിച്ചെന്ന് ഉറപ്പുവരുത്തിയിട്ട്‌ അടുത്ത നമ്പർ പഠിക്കാം...!!
അങ്ങനെ സാവകാശം നമുക്ക്‌ മൂന്ന് നമ്പരുകളും സ്വായത്തമാക്കാം...!!!
ഗ്യാസ്‌ കട്ടറിന്നും കയ്യുറക്കും മറ്റും തീവില കൊടുക്കേണ്ടിവരുന്ന ഇക്കാലത്ത്‌
ഇങ്ങനെയൊന്ന് മാറ്റിചിന്തിക്കുന്നതും ആധുനികമല്ലേ..??

മനുഷ്യാ, നീ എന്നാണ്‌ മനുഷ്യനാവുക..?

*********
ടി. കെ. ഉണ്ണി
൧൮-൧൨-൨൦൦൯

========
(എന്റെ സുഹൃത്ത്‌, ശ്രീ. രാമദാസ്‌ സാറിന്റെ ശുഭദിനാശംസാ സന്ദേശത്തിന്റെ
സാരാംശമാണ്‌ ഈ കുറിപ്പിന്ന് പ്രേരണയായത്‌)

ബുധനാഴ്‌ച, ഡിസംബർ 09, 2009

മുന

മുന 
==
മുള്ളും മുളയും
മുളയല്ലാത്ത മുള്ള്
മുള്ളല്ലാത്ത മുള
മുളച്ചാലും മുള്ളാവാത്ത മുള
മുളയും മുള്ളും ഉലകില്‍ പലവിധം ...

ഉള്ളമൊരു മുള്ള്
ഉള്ളതോ മുള്ളിന്‍ മുരിക്ക്
മുള്ളേല്‍ക്കും നൊമ്പരമോ
മുള്ളിന്റെ നൊമ്പരമോ
കൊള്ളുന്നതുള്ളത്തില്‍ .!!
========
ടി. കെ. ഉണ്ണി
൦൯-൧൨-൨൦൦൯

ചൊവ്വാഴ്ച, ഡിസംബർ 01, 2009

താവളം

താവളം
====
കുളം
തവള
തവളക്കുളം
കുളങ്ങൾ കുശിനികളായപ്പോൾ,
ആലക്തികസൂര്യന്മാർ മിഴിതുറന്നപ്പോൾ,
തവളകൾ ജീവനുംകൊണ്ടോടി..!
പാടികളിലെ പൊട്ടക്കിണറുകളിൽ
അവരഭയം തേടി, സാമ്രാജ്യമാക്കി..
കിണറ്റിലെ തവളയെന്ന
ഓമനപ്പേര്‌ സമ്പാദ്യമാക്കി.
തവളകൾക്കതിമോഹമെന്നും
സാമ്രാജ്യം തന്റേതെന്നും അശരീരി..
പാതാളരാജന്റെ നിർദ്ദയമായ അധിനിവേശം,
കിണറുകളെല്ലാം പാതാളത്തിലേക്ക്‌ കൂപ്പുകുത്തി..
പാവം പച്ചത്തവളകൾ -
അവ ജീവനില്ലാതെ ചാടിയോടി..
അല്ല, ചാടിച്ചാടി, താവളത്തിലെത്തി..
തവളക്ക്‌ താവളത്തിലെന്ത്‌ കാര്യമെന്ന്
താവളരാജൻ..
താവളം ഞങ്ങൾക്കല്ലെങ്കിൽ പിന്നെയാർക്കെന്ന്
തവളക്കൂട്ടം..
തവളക്ക്‌ പല്ല് മുളച്ചെന്ന്
സുരക്ഷാശാസ്ത്രമണ്ടരികേന്ദ്രം ...
തവളയുടെ പല്ല് പറിക്കാൻ,
പുല്ലുപോലും പറിച്ചിട്ടില്ലാത്ത
മല്ലന്മാരുടെ റൂട്ട്‌ മാർച്ച്‌....
ഒപ്പം താവളരാജനും ദളവരാജനും
താവളത്തിലെത്തിയപ്പോൾ
തവളകളെ കാണാനില്ല..!!
കഴുതജനത്തിന്റെ കാതിൽ കേട്ടത്‌ :
തവളകൾ അപ്രത്യക്ഷമായതിനാൽ രാജ്യത്തെ
താവളങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക്‌ അടച്ചിട്ടതായി
താവളരാജന്മാരുടെ രാജനായ ദളവരാജൻ ഉത്തരവ്‌
പുറപ്പെടുവിച്ചിരിക്കുന്നു...!!!
പാവം തവളകൾ.!
പച്ചപ്പാവം താവളരാജൻ.!!
പഞ്ചപാവം ദളവരാജൻ.!!!
കഴുതജനത്തിന്നാഘോഷിക്കാൻ ഇനിയെന്തുവേണം.?
========
ടി. കെ. ഉണ്ണി
൦൧-൧൨-൨൦൦൯
============
(അന്യവൽക്കരിക്കപ്പെടുന്നവരോടുള്ള സമൂഹത്തിന്റെ സമീപനം കൂടുതൽ പരിഹാസ്യമായിക്കൊണ്ടിരിക്കുകയും തന്മൂലം ആദേശം ചെയ്യപ്പെടുന്ന ഊർജ്ജത്തിന്ന് അനുമാനാതീതമായ മാനങ്ങൾ കൈവരികയും ചെയ്യുന്ന കാലികമായ ചിന്തയിൽനിന്നും).