ശനിയാഴ്‌ച, ഡിസംബർ 31, 2016

കീര്‍ത്തി

കീർത്തി
=======

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ പൂഞ്ചോലയിൽ
തിരതല്ലുമോളങ്ങൾക്കെന്തു ഭംഗി..
എന്നുള്ളക്കടലിലെ ദുഃഖാഗ്നിയിൽ നിന്നു
ഞാനങ്ങു കോരിക്കളഞ്ഞതല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ പൂങ്കാവനത്തിൽ
നക്ഷത്രസൂനങ്ങൾക്കെന്തു ഭംഗി..
എന്നന്തരംഗത്തിലെ പ്രത്യാശപ്പൂക്കളെ
ഞാനങ്ങു വാരിക്കളഞ്ഞതല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെയങ്കണത്തിൽ
മിന്നുന്ന കിന്നരന്നെന്തു ഭംഗി..
എൻ സ്വപ്നസാമ്രാജ്യത്തമ്പുരാനെ
നിൻ കാവലായ് ഞാനങ്ങു തന്നതല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ ഊഞ്ഞാലതിൽ
ആടുന്ന ദേവിമാർക്കെന്തു ഭംഗി..
പീഢിതരാവുന്ന പെണ്ണുടലാത്മാക്കൾ
പേറുന്ന നോവിന്റെ പെരുമയല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ തിരുസഭയിൽ
വാഴുന്ന ദേവന്മാർക്കെന്തു ഭംഗി..
നരമേധം ചെയ്യുന്ന തമ്പുരാക്കൾ
പൊന്നിട്ടു പൂവിട്ടു നിൽപ്പതല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ തിരുമുറ്റത്തെ
ഉത്സവമേളങ്ങൾക്കെന്തു ഘോഷം..
ദുഷ്ടശിഷ്ടാതികൾ ഒത്തുചേർന്ന്
കൊല്ലും കൊലകളും ഘോഷമല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ മേലാപ്പതിൽ
കത്തുന്ന തീനാളങ്ങൾക്കെന്തു ഭംഗി..
ഭൂലോകദൈവങ്ങൾ തർപ്പണം ചെയ്തുള്ള
പന്നഗബാണത്തിൻ ജ്വാലയല്ലേ.!

അംബരം വാഴുന്ന തമ്പുരാനേ
നിന്നംബരത്തോപ്പിലെ പൊൻപ്രഭാപൂരത്തിൽ
പടരുന്ന നീലിമക്കെന്തു ഭംഗി..
പട്ടട കത്തിപ്പടരുന്ന പാഷാണം
കീർത്തിയാൽ നിഴലായ് പതിച്ചതല്ലേ.!

===========
ടി.കെ.ഉണ്ണി
൨൩-൦൮-൨൦൧൪

===========

തിങ്കളാഴ്‌ച, ജൂലൈ 18, 2016

നോല്‍മ്പ്

നോൽമ്പ്
=======
മുകിലിന്റെ പിണക്കത്തിനും
തിങ്കളിന്റെ ദുഃഖത്തിനും
മാരുതന്റെയാഹ്ലാദത്തിനും
ധരിത്രിയുടെ കുളിരാവാൻ
അകതാരിലുഷ്ണമേറ്റി
പുൽക്കൊടിയുടെ നോൽമ്പ്.!

കടലിന്റെ ദാഹം
കരയെ തല്ലുമ്പോഴും
കരയുടെ മോഹം
പാടിപ്പാടി കടാപ്രത്ത്..
കൃഷ്ണശിലാത്തമ്പുരാന്‌
മണൽത്തരിയുടെ നോൽമ്പ്.!

പുഞ്ചിരിക്കാത്തൊരു കുഞ്ഞുനക്ഷത്രം
നഭസ്സിലെ വിഷാദമായി
നീറിയെരിയുന്നുണ്ടെന്നെന്നും
ഒരിറ്റു കണ്ണീരുവീഴ്ത്താൻ
കനിവറ്റ ജന്മങ്ങളോട്
പൂത്തിങ്കളിന്റെ നോൽമ്പ്.!

നിറഞ്ഞ പച്ചപ്പിൽ
മലർന്ന പൂക്കളാൽ
മയൂരനൃത്തമാടും ലതകൾ
കോകില കൂജനത്തിനും
മാടത്ത തന്നാഹ്ലാദത്തിനും
മാന്തളിരിന്റെ നോൽമ്പ്.!

കിഴക്കുണ്ടൊരു കോമരം
ഉറഞ്ഞുതുള്ളുന്നൊരുമരം
ചിലയ്ക്കുന്ന കാൽത്തളകൾ
ഒലിക്കുന്ന രുധിരരസം
രുചിക്കുന്ന യക്ഷിക്കൂട്ടം
പള്ളിവാളിന്റെ നോൽമ്പ്.!

തെളിഞ്ഞ വിണ്ണിലെ
മറഞ്ഞ മേഘങ്ങൾ
നിഴലറ്റ നില്പിനാൽ
കേഴുന്നുണ്ടനവരതം
മിഴിവുറ്റൊരു സ്വപ്നത്തിനായ്
രാപ്പകലിന്റെ നോൽമ്പ്.!
============
ടി.കെ.ഉണ്ണി

൨൧-൦൮-൨൦൧൪ 

ചൊവ്വാഴ്ച, ജൂൺ 28, 2016

ബിപിഎല്‍ - ദളിതം

ബിപിഎൽ-ദളിതം
=============

ഞാനൊരു മിഡിൽ ക്ലാസ്സ്
എനിക്കുണ്ട് കൂട്ടുകാർ അനവധി
അപ്പർ ക്ലാസ്സും അണ്ടർ ക്ലാസ്സും
അണ്ടർക്ലാസ്സുകൾക്കുണ്ടോമനപ്പേരുകൾ
സർക്കാർ തിട്ടൂരം ചാർത്തിയ പേരുകൾ
വിളിക്കാനറയ്ക്കുന്ന ചേലുള്ള പേരുകൾ
ഇടത്തട്ടും മേൽത്തട്ടും കടുംവെട്ട് വെട്ടി
വിളിപ്പുറത്തകറ്റുന്ന പട്ടിണിപ്പേരുകൾ.
അതിന്നറിയാത്തവർ ആരുമില്ലീനാട്ടിൽ
ക്ലാസ്സിലും ക്ലാസ്സിക്കായ ബി.പി.എൽസ്.!
ഇവർക്ക് പേരിട്ടതും ക്ലാസ്സുണ്ടാക്കിയതും
ഞങ്ങൾ മിഡിൽ ക്ലാസ്സുകാരാണ്‌..
ഇവരുടെ പൂർവ്വികം പട്ടികയത്രെ!
ഒരു പട്ടികയിലും പെടാത്ത പട്ടിണിക്കാർ
സ്വത്വം മറന്നവർ, ശവംതീനികൾ!
ഞങ്ങളവർക്ക് ഉയിർത്തെഴുന്നേൽപ്പേകി
അടിത്തട്ടിലാക്കി, ഉദ്ധരിച്ചു.!

ഞങ്ങളാണ്‌ ജനത,
ഞങ്ങൾക്കു വേണ്ടിയാണ്‌ ഭരണം,
മേൽത്തട്ടുകാരാവുക ഞങ്ങളുടെ ലക്ഷ്യം,
ഒപ്പം ഭാരത സംസ്കാരം, പൈതൃകം,
തനിമയോടെ നിലനിർത്തുകയെന്നതും.!
അടിത്തട്ട് ദളിതനു്, അഭിനവ ബിപിഎൽസിന്‌
രാജ്യമാസകലം പ്രത്യേക സംവരണം.!
അവർക്ക് പ്രത്യേകം കളിസ്ഥലവും കുളിസ്ഥലവും
അവർക്ക് പ്രത്യേകം കൂരകളും ഊരുകളും
കുരവകൾ അവരുടെ ഭാഷണം..
കുരിപ്പുകൾ അവർക്ക് ഭൂഷണം..
മേലായ്മ അവർക്കെന്നും വാലായ്മ..
സഹതാപം അവർക്ക് ദൂഷണം..
സേവനം അവർക്ക് ചൂഷണം..
സാമദ്രോഹം അവർക്ക് സഹനം ..
പീഡനങ്ങൾ അവർക്ക് സഹജം..
അവരുടെ വംശമറ്റുപോവാതെ
ജനുസ്സും തനിമയും കുറയാതെ
സംസ്കരിച്ചു സംരക്ഷിക്കയല്ലേ..!
അല്ലെങ്കിലവർക്കെങ്ങിനെ
മംഗലം ചെയ്യാണ്ട് പെറാൻ പറ്റുന്നത്..
കുളില്ല്യാണ്ട് പെണ്ണാവാൻ പറ്റണത്..
തെളില്ല്യാണ്ട് ചത്ത്വൊടുങ്ങാനാവണത്..
ചത്താൽ, ശവം തിന്നാൻ പറ്റണത്..
കാടില്ലാണ്ട് വെടിവെക്കാൻ പറ്റണത്..!

അതുകൊണ്ട് ഞങ്ങളൊന്നിച്ചു സേവിക്കുന്നു
കൊടിനിറവ്യത്യാസങ്ങളില്ലാതെ..
നമ്മളൊഴുക്കും കോടികളെല്ലാം
നമ്മുടേതാവണം പൈങ്കിളിയേ..!
മുദ്രാവാക്യങ്ങളെ ഞങ്ങൾ പരിചകളാക്കി
പാവങ്ങളെ ഞങ്ങൾ പരിഷകളാക്കി
നമ്മുടെ മടിയും മടിശ്ശീലയും കനത്തു..
അവരുടെ പള്ളയും ചെള്ളയും വീർത്തു..
നമ്മുടെ മണി മേടകളിൽ കിലുകിലാരവം
നമുക്കായ് സുര സുന്ദരീ നാകവസന്തം..
അവരുടെ ചാളകളിൽ
വള്ളിയും ചെള്ളിയും പെറ്റുപെരുകി..
മാടനും മറുതയും ചത്തുമലർന്നു..
ഇനിയും അവർക്കുവേണ്ടി ഞങ്ങളുണ്ടാക്കും
കാക്കത്തൊള്ളായിരം പ്രൊജക്ടുകൾ
എന്നെന്നും ബിപിഎൽ പരിഷകളാവാൻ
ജന്മമെടുക്കുന്നവർക്കു വേണ്ടി..!

===========
ടി. കെ. ഉണ്ണി
൧൫-൦൬-൨൦൧൪

===========

ബുധനാഴ്‌ച, ജൂൺ 22, 2016

അപാകം

അപാകം
=======
ചിരിയരങ്ങിലെ കൊച്ചരിപ്പല്ലുകൾ
മുല്ലമൊട്ടിന്നസൂയ!
വിരിയാതെ നിറയുന്ന സൗരഭ്യം
വിസ്മയത്തുമ്പത്ത്!

മലരമ്പനറിയാത്ത മന്മഥബാണങ്ങൾ
കാരിരുമ്പാലുള്ള ചൂണ്ടകൾ!
കണമ്പിന്റെ ഉളുമ്പ് മണം
ചിറകറ്റ ശലഭങ്ങൾ!

വൈതരണി കടഞ്ഞുള്ള അമൃതേത്ത്
അന്തിപ്പട്ടിണി!
വൈയാകരണനു ഗ്രഹണിബാധ
പെട്ടിമരുന്നുത്സവം!

ബധിരമൂങ്ങകൾ അന്തിക്കോമരങ്ങൾ
അമ്മമാർക്കാധി!
ചാരത്തിൽ പഴുക്കുന്ന പച്ചിരുമ്പ്
മൂവന്തി ചന്തകൾ!

നിഷ്ഠതെറ്റിയ സമയസൂചി
കുക്കുടന്റെ വഷളത്വം!
മർത്യഭോജ്യം വിനയെന്ന്
സൃഗാലചരിതം സരിഗമ!

മുഞ്ഞയേറ്റ മഞ്ഞവെയിൽ
മറവിലെ മുത്തപ്പൻ!
മുറിവേറ്റുറങ്ങുന്ന മന്ദാരം
മതിമറന്ന മാർജ്ജാരൻ!

മരിച്ചടങ്ങിയ തീനാളം
മുറത്തിലെടുത്ത് മാനത്തിട്ടത്
മുതുകിലേറ്റി മിനുങ്ങുന്ന പ്രാണി
മണ്ണിതിൻ വെട്ടം, പൊൻവെട്ടം!
===========
ടി.കെ.ഉണ്ണി
൨൯-൦൫-൨൦൧൪

===========

ചൊവ്വാഴ്ച, ഫെബ്രുവരി 16, 2016

താളപ്പിഴ

താളപ്പിഴ
======
ഓളപ്പരപ്പിലെ താളമേളങ്ങൾ
ഓർമ്മകളായത് താളപ്പിഴയോ
മേളക്കൊഴുപ്പിന്റെ അപതാളങ്ങളിൽ
പതഞ്ഞുപൊങ്ങിയത് വെൺമുകിലുകളോ

ശമനതാളത്തിന്റെ മൃദുലരാഗങ്ങളിൽ
വിണ്ണേറിയകന്നത് കിന്നര ഹംസങ്ങളോ
മുത്തണിമൊഴിമുത്തിൻ മഞ്ചലേറിപ്പോയത്
കളവാണിയാം മധുകോകിലയോ

ഉഷസ്സിൻ കതിരിൽ മണിമുത്ത് കോർത്തത്
ഹേമന്തരാവിൻ നൊമ്പരങ്ങളോ
നിറവാർന്നൊരുള്ളിന്റെ കടലാഴങ്ങളിൽ
നിനവായ്ത്തെളിഞ്ഞത് ഇന്ദ്രജാലങ്ങളോ

പൂക്കാമരത്തിലെ പഴുത്ത പൂങ്കനികളോ
വായ്പുണ്ണാലുരുകുന്ന കാകപരിദേവനം
മറഞ്ഞ സൂര്യന്റെ തെളിഞ്ഞ വിണ്ണളവോ
മുങ്ങിയെടുത്തണയുന്നതീ തിരമാലകൾ

മത്തേഭനാശയാൽ മാതംഗലീലയും
മർത്ത്യനു വിത്തമായ് ത്തീരുമെന്നോ
മൃത്യുവെതീർത്തവർ ഉൽകൃഷ്ഠരാവുന്നോ
തപ്തരാം ദൈവങ്ങളംബരത്തിൽ.!

അഗ്നിഫണീന്ദ്രന്റെ കുണ്ഠിതമേറ്റല്ലോ
എരിഞ്ഞൊടുങ്ങിയതിന്നീ കാനനപ്പട്ടട.
താളപ്പിഴയല്ലിതോളപ്പരപ്പിലെ
ഓർമ്മകളായുള്ള താളമേളങ്ങൾ.!

===========
ടി.കെ. ഉണ്ണി
൨൯-൦൩-൨൦൧൪ 

===========

ചൊവ്വാഴ്ച, ഫെബ്രുവരി 09, 2016

മെഴുകുതിരി

 മെഴുകുതിരി
=========
എനിക്കൊരു മെഴുകുതിരിയാവണം
അഗ്നിനാളമായ് ജ്വലിച്ചുരുകിത്തീരാൻ
അന്ധകാരത്തിലെ സൂര്യമണ്ഡലമാകാൻ
അരുതായ്മകളെ ദൃഷ്ടിഗോചരമാക്കാൻ

ഉള്ളിലെ നെരിപ്പോടിനു തീപ്പൊരിയേകാൻ
കൈവെള്ളയിൽ  പന്തമായെരിഞ്ഞമരാൻ
ചിരട്ടയിലൊളിപ്പിച്ചു വെളിച്ചത്തിനു ദിശയേകാൻ
ജ്യോതിസ്സായി ഭക്തർക്ക് ദർശനമേകാൻ

എവിടെയാണ്‌ മെഴുകുതിരികൾ.?
മണ്ണിലും വിണ്ണിലും താരാപഥങ്ങളിലും
നാക്കിലും നോക്കിലും വാക്കിലും
ഉണ്മയിലും ഉന്മത്തതകളിലും
തിരയാത്ത ഇടങ്ങളിനി ബാക്കിയില്ല.!

മാസങ്ങളുടെ കാത്തിരിപ്പുശേഷിപ്പ്
ഒറ്റദിനം കൊണ്ടു വാങ്ങിത്തീർത്തത്
ഉന്മാദത്താൽ ആറാടിത്തിമിർത്ത
ബാലകൗമാരങ്ങളെന്ന് കച്ചവടക്കാർ

സൂര്യനുദിക്കാത്ത നഗരരാത്രികളൊന്നിൽ
കള്ളവിലതന്നു കൊള്ളചെയ്തത്
പെറ്റമ്മയെയും വിറ്റുഭുജിച്ചുല്ലസിക്കുന്ന
കച്ചവടക്കാരെന്നു മുതലാളിമാർ

മെഴുകുതിരി ഒരു മാരകായുധമാണ്‌..
വെടിയുണ്ടയേക്കാൾ ശക്തമാണത്..
തെരുവിൽ പൂത്തുലഞ്ഞ മെഴുകുതിരിക്കൂട്ടം
അരുതാത്തൊരാഘോഷമെന്നു ഏമാന്മാർ
  
മെഴുകുതിരി ഒരു സ്വാതന്ത്ര്യവും ധനാർത്തിയുമാണ്‌
ലാഭേച്ഛയാർന്ന വാണിജ്യകാമനകൾ ഭവ്യമാണ്‌
നിന്ദാത്മകമായ സംസ്കാരമാണതെന്നുണർത്തി
തിട്ടൂരമിട്ടു മേലാവെന്നു കമ്പനിത്തമ്പ്രാക്കൾ

ഓരോ നിമിഷവും പിച്ചിച്ചീന്തപ്പെടുന്നുണ്ട്
സ്ത്രീകളും അവരുടെ മാനാഭിമാനങ്ങളും
രാജ്യം ഒന്നാമതാവാൻ നമുക്കാവുന്നുണ്ട്
അതിനുള്ള കുതിപ്പിലും കിതപ്പിലുമാണിപ്പോൾ

എവിടെയാണ്‌ ഇരുട്ടിനെ വെട്ടമാക്കിയ
അഭിമാനത്തിന്റെ തേജസ്സായ മെഴുകുതിരികൾ
ഒട്ടകപ്പക്ഷികളെപ്പോലെ തല മണ്ണിലാഴ്ത്തി
മറ്റെല്ലാം വെളിയിലാക്കി ഒളിച്ചിരിക്കുന്നുവോ..

വിഭ്രാന്തിയുടെ ആസക്തിയാമങ്ങളിൽ
ശീൽക്കാരമാകുന്ന ഉണർച്ചകളാൽ
ഉഴുതുമറിക്കപ്പെടുന്ന പെണ്ണടയാളങ്ങളെ
അന്യമാക്കുന്നുണ്ട് മെഴുകുതിരികൾ.

അന്വർത്ഥമാണവരുടെ സ്വാർത്ഥതകൾ
അവർക്കുണ്ടു നിറച്ചാർത്തുകളനേകം
സവർണ്ണ വരേണ്യതയാണതിന്റെ മേന്മ
മെഴുകുതിരികൾക്കുമുണ്ടൊരു പക്ഷം.!

മറശ്ശീലയാവുന്നുണ്ടതിന്റെ തിരശ്ചീനത
ഉള്ളിൽ ശ്വാസമറ്റണയുന്നുണ്ട് നാളങ്ങൾ
വിണ്ടുകീറിയ ഹൃത്തടത്തിൽ ഉറവയറ്റ
നീർച്ചാലുകൾ പോലെ തരിശാവുന്നുണ്ട്.

ജീവാങ്കുരമറ്റ വിത്തിറക്കി വിളവെടുക്കുന്ന
കന്യാവനങ്ങളിൽ, പൈതൃകത്താരകളിൽ
ആർജ്ജവത്തിന്റെ മെഴുകുതിരിപ്പാടങ്ങളിൽ
കൃഷിയിറക്കുന്നില്ല, വറുതിയാണവിടെ.!
അറുതിയില്ലാത്ത വറുതിമാത്രം..!!
============
ടി.കെ.ഉണ്ണി
൧൨-൦൭-൨൦൧൪

============

ഞായറാഴ്‌ച, ഫെബ്രുവരി 07, 2016

ആർത്തി

ആർത്തി
=======
കടലാഴങ്ങളിലെ മോഹമുള്ളുകൾ
കടലാടിയാവുന്ന തിരശ്ചീനങ്ങൾ
ഉള്ളാഴങ്ങളിലെ നീർച്ചുഴികളാൽ
തീരമണയാത്ത കാല്പനികതകൾ

കേൾവിയുടെ അന്ത്യയാമത്തിൽ
മറവിയിലാവുന്ന കുക്കുടഗർജ്ജനം
മോക്ഷാർത്ഥ ഭജനക്കായ്
പുലമ്പിയെത്തുന്ന പുലരിപ്പൂങ്കനൽ

ഉള്ളുരുക്കിത്തെളിച്ചെടുത്ത
പുകഞ്ഞ മായാമോഹങ്ങൾ
ഉൾപ്പുളകമറിയാത്ത നെരിപ്പോടിന്റെ
സാന്ത്വനാർത്ഥിയായ കാത്തിരിപ്പ്

അന്യാർത്ഥമായ നന്മകളുടെ ഉന്മാദം
ഉണ്മയകന്ന ഉലകിന്റെ ഉടലളവ്
ഉൾവിളിയകന്ന ശരണാർത്ഥികൾ
ഉന്മത്തതയുടെ ജീവസ്തംഭങ്ങൾ

ഉണർച്ചകളിൽ ഊർവരതകളിൽ
വിണ്ടുകീറുന്ന വരൾച്ചയുടെ ദാഹാഗ്നി
കാഴ്ചകളിൽ കാമനകളിൽ
വരിയുടച്ച ഷണ്ഡത്വവീര്യം!

വിയർപ്പുപ്പുകളിൽ വിരിയുന്ന
നനുത്ത മാദകത്തിമിർപ്പ്
ഉടലേറ്റിയ അദ്ധ്വാനത്തുടിപ്പ്
ഉയിരുറവയായൊരു നീരൊലിപ്പ്

മുന്നിരുത്തങ്ങളാടിയൊടുങ്ങിയ
മുൾമെത്തയും മുൾക്കിരീടവും
മിന്നായമായന്തരംഗത്തിൽ
രുദ്രപ്രളയമായ് ഒഴുകിപ്പരന്നെങ്കിൽ.!
===========
ടി.കെ. ഉണ്ണി
൦൯-൦൩-൨൦൧൪

===========