ബുധനാഴ്‌ച, ഡിസംബർ 30, 2009

പുതുവത്സരാശംസകൾ


എല്ലാവർക്കും ശാന്തിയും സമാധാനവും
സന്തോഷവും ഐശ്വര്യസമൃദ്ധവുമായ
ഒരു പുതുവത്സരം ആശംസിക്കുന്നു...

സസ്നേഹം..
ടി. കെ. ഉണ്ണി

വ്യാഴാഴ്‌ച, ഡിസംബർ 17, 2009

തുറക്കാത്ത പെട്ടി

തുറക്കാത്ത പെട്ടി
=========
ജീവിതം നമ്പർലോക്കുള്ള അടച്ചുപൂട്ടിയ പെട്ടി..
(ആധുനിക സാങ്കേതികത്വമുള്ള പെട്ടി)..
ജീവിതം താഴിട്ട്‌ പൂട്ടിയ പെട്ടി...
(യാഥാസ്തിതികത്വമുള്ള പെട്ടി)..
പെട്ടിയിലെ നിധി (അമൂല്യത) സ്വായത്തമാക്കാനുള്ള ശ്രമം..!!
ആധുനിക പെട്ടി തുറക്കാൻ മൂന്നുനമ്പറുകൾ അറിയണമെന്നത്‌ ശ്രമകരം..
ഞങ്ങൾക്കതിന്ന് നേരമില്ല.. അതിനെ ഞങ്ങൾ ആധുനിക
സാങ്കേതികത്വം ഉപയോഗിച്ചുതന്നെ തുറക്കും..?
അല്ലാതെന്തിനാണ്‌ ഗ്യാസ്‌ കട്ടറുകളും കയ്യുറകളും ഞങ്ങൾ
കണ്ടുപിടിച്ച്‌ പ്രചാരത്തിലാക്കിയത്‌..??
പഴമയുടെ പെരുമയുള്ള പെട്ടി താഴിട്ട്‌ (താക്കോൽ)
തുറക്കാനൊന്നും ഞങ്ങൾക്കറിയില്ല..
അതെടുത്ത്‌ എറിഞ്ഞും തല്ലിപ്പൊളിച്ചുമെടുക്കാൻ നിമിഷനേരമല്ലേ വേണ്ടൂ..
അതാണ്‌ ഞങ്ങൾക്കിഷ്ടവും...
അതുകൊണ്ട്‌ ഈ വേലയൊക്കെ കയ്യിലിരിക്കട്ടെ... അങ്കിളമ്മാവാ..!!

അങ്കിളമ്മാവന്റെ വേല.....!!
ആധുനിക ജീവിതപ്പെട്ടിക്ക്‌ മൂന്നുനമ്പറുള്ള പൂട്ട്‌...
ശരിയായ ചിന്ത, ശരിയായ വാക്ക്‌, ശരിയായ പ്രവൃത്തി, എന്നിവ നമ്പരുകൾ..
പൗരാണിക ജീവിതപ്പെട്ടിക്ക്‌ ഒറ്റത്താഴുള്ള പൂട്ട്‌..
ചിന്തയും വാക്കും പ്രവൃത്തിയും ഒന്ന് എന്ന ഒറ്റത്താഴ്‌...
അതായത്‌ ഒറ്റക്കാര്യം മാത്രം...
ഈ ഒറ്റക്കാര്യമനുസരിച്ചെങ്കിലും ജീവിക്കാത്തവൻ മനുഷ്യനാകുന്നില്ലെന്ന്
ആർഷത്വമെന്ന പൗരാണികത..!!
പക്ഷെ, നമുക്ക്‌ ആധുനികരാകാം..?
ആധുനിക മനുഷ്യനായി ആ പെട്ടിയിലെ അമൂല്യനിധി കരസ്ഥമാക്കണ്ടേ..?
അതിന്റെ മൂന്നുനമ്പരുകളിൽ ഒരെണ്ണം നമുക്ക്‌ ഇപ്പോഴേ പഠിക്കാൻ തുടങ്ങാം...!
അത്‌ നന്നായി പഠിച്ചെന്ന് ഉറപ്പുവരുത്തിയിട്ട്‌ അടുത്ത നമ്പർ പഠിക്കാം...!!
അങ്ങനെ സാവകാശം നമുക്ക്‌ മൂന്ന് നമ്പരുകളും സ്വായത്തമാക്കാം...!!!
ഗ്യാസ്‌ കട്ടറിന്നും കയ്യുറക്കും മറ്റും തീവില കൊടുക്കേണ്ടിവരുന്ന ഇക്കാലത്ത്‌
ഇങ്ങനെയൊന്ന് മാറ്റിചിന്തിക്കുന്നതും ആധുനികമല്ലേ..??

മനുഷ്യാ, നീ എന്നാണ്‌ മനുഷ്യനാവുക..?

*********
ടി. കെ. ഉണ്ണി
൧൮-൧൨-൨൦൦൯

========
(എന്റെ സുഹൃത്ത്‌, ശ്രീ. രാമദാസ്‌ സാറിന്റെ ശുഭദിനാശംസാ സന്ദേശത്തിന്റെ
സാരാംശമാണ്‌ ഈ കുറിപ്പിന്ന് പ്രേരണയായത്‌)

ബുധനാഴ്‌ച, ഡിസംബർ 09, 2009

മുന

മുന 
==
മുള്ളും മുളയും
മുളയല്ലാത്ത മുള്ള്
മുള്ളല്ലാത്ത മുള
മുളച്ചാലും മുള്ളാവാത്ത മുള
മുളയും മുള്ളും ഉലകില്‍ പലവിധം ...

ഉള്ളമൊരു മുള്ള്
ഉള്ളതോ മുള്ളിന്‍ മുരിക്ക്
മുള്ളേല്‍ക്കും നൊമ്പരമോ
മുള്ളിന്റെ നൊമ്പരമോ
കൊള്ളുന്നതുള്ളത്തില്‍ .!!
========
ടി. കെ. ഉണ്ണി
൦൯-൧൨-൨൦൦൯

ചൊവ്വാഴ്ച, ഡിസംബർ 01, 2009

താവളം

താവളം
====
കുളം
തവള
തവളക്കുളം
കുളങ്ങൾ കുശിനികളായപ്പോൾ,
ആലക്തികസൂര്യന്മാർ മിഴിതുറന്നപ്പോൾ,
തവളകൾ ജീവനുംകൊണ്ടോടി..!
പാടികളിലെ പൊട്ടക്കിണറുകളിൽ
അവരഭയം തേടി, സാമ്രാജ്യമാക്കി..
കിണറ്റിലെ തവളയെന്ന
ഓമനപ്പേര്‌ സമ്പാദ്യമാക്കി.
തവളകൾക്കതിമോഹമെന്നും
സാമ്രാജ്യം തന്റേതെന്നും അശരീരി..
പാതാളരാജന്റെ നിർദ്ദയമായ അധിനിവേശം,
കിണറുകളെല്ലാം പാതാളത്തിലേക്ക്‌ കൂപ്പുകുത്തി..
പാവം പച്ചത്തവളകൾ -
അവ ജീവനില്ലാതെ ചാടിയോടി..
അല്ല, ചാടിച്ചാടി, താവളത്തിലെത്തി..
തവളക്ക്‌ താവളത്തിലെന്ത്‌ കാര്യമെന്ന്
താവളരാജൻ..
താവളം ഞങ്ങൾക്കല്ലെങ്കിൽ പിന്നെയാർക്കെന്ന്
തവളക്കൂട്ടം..
തവളക്ക്‌ പല്ല് മുളച്ചെന്ന്
സുരക്ഷാശാസ്ത്രമണ്ടരികേന്ദ്രം ...
തവളയുടെ പല്ല് പറിക്കാൻ,
പുല്ലുപോലും പറിച്ചിട്ടില്ലാത്ത
മല്ലന്മാരുടെ റൂട്ട്‌ മാർച്ച്‌....
ഒപ്പം താവളരാജനും ദളവരാജനും
താവളത്തിലെത്തിയപ്പോൾ
തവളകളെ കാണാനില്ല..!!
കഴുതജനത്തിന്റെ കാതിൽ കേട്ടത്‌ :
തവളകൾ അപ്രത്യക്ഷമായതിനാൽ രാജ്യത്തെ
താവളങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക്‌ അടച്ചിട്ടതായി
താവളരാജന്മാരുടെ രാജനായ ദളവരാജൻ ഉത്തരവ്‌
പുറപ്പെടുവിച്ചിരിക്കുന്നു...!!!
പാവം തവളകൾ.!
പച്ചപ്പാവം താവളരാജൻ.!!
പഞ്ചപാവം ദളവരാജൻ.!!!
കഴുതജനത്തിന്നാഘോഷിക്കാൻ ഇനിയെന്തുവേണം.?
========
ടി. കെ. ഉണ്ണി
൦൧-൧൨-൨൦൦൯
============
(അന്യവൽക്കരിക്കപ്പെടുന്നവരോടുള്ള സമൂഹത്തിന്റെ സമീപനം കൂടുതൽ പരിഹാസ്യമായിക്കൊണ്ടിരിക്കുകയും തന്മൂലം ആദേശം ചെയ്യപ്പെടുന്ന ഊർജ്ജത്തിന്ന് അനുമാനാതീതമായ മാനങ്ങൾ കൈവരികയും ചെയ്യുന്ന കാലികമായ ചിന്തയിൽനിന്നും).

ഞായറാഴ്‌ച, നവംബർ 15, 2009

നായാട്ട്‌

അന്ന്,
ഇങ്ക്വിലാബ്‌ സിന്ദാബാദ്‌....
ഇങ്ക്വിലാബ്‌ സിന്ദാബാദ്‌...
അവർ ആട്ടിൻപറ്റം പോലെ
കൂട്ടം കൂട്ടമായി വന്നു..
ആരാന്റെ തോട്ടത്തിൽ..
ആരോ ആട്ടിത്തെളിച്ചു മേയാൻ വിട്ടു..
വെട്ടുകിളികളെപ്പോലെ
കണ്ടതെല്ലാം വെട്ടിവീഴ്ത്തി...
വെട്ടിയിട്ടതെല്ലാം കൂട്ടിക്കെട്ടി
ആട്ടിൻപറ്റം കൂടുതേടി..
ഇങ്ക്വിലാബിന്റെ ആരവത്തോടെ,
ആരും ആട്ടിത്തെളിക്കാതെ..!!
ആരാന്റെ തോട്ടം അനാഥമായി,
അവിടുത്തെ അന്തേവാസികളും..?
ഇന്ന്,
ഇങ്ക്വിലാബിന്റെ അലയൊലി
അന്തരീക്ഷത്തിലെ ഗർത്തമായത്രെ.!!
****
ടി. കെ. ഉണ്ണി

വെള്ളിയാഴ്‌ച, ഒക്‌ടോബർ 02, 2009

നരനാഗം

നരനാഗം
=======
മദ്യം വിഷം, വിഷമദ്യം,
മദ്യപാനി സര്‍പ്പതുല്യന്‍.

പണ്ട്, കാട് നാടായപ്പോള്‍
സര്‍പ്പങ്ങള്‍ വിടചൊല്ലി - ഇഴഞ്ഞു പോയി,
അതിന്നു കഴിയാത്തവയെ പൊതുജനം
വേലിപ്പത്തലുകൊണ്ട് തല്ലിക്കൊന്നു... .
പാവം പാമ്പുകള്‍  അവയുടെ
അന്യാധീന ലോകത്തെയോര്‍ത്തു കേണു....
തങ്ങളുടെ ലോകത്തിലെ ൯൫ ശതമാനത്തിന്നും
വിഷമില്ല എന്നും പാവങ്ങള്‍ ആണെന്നും
അന്നത്തെ "അടിയോടി ശാസ്ത്രം" ..!!
എന്നിട്ടും മന്നവര്‍ കൊടിയ പാതകം
ആഘോഷമാക്കി.....?

ഇന്നിപ്പോള്‍ പാമ്പുകളും പിമ്പുകളുമായി
നാടും കാടും മേടും നിറഞ്ഞു കവിഞ്ഞു
ഇഴഞ്ഞുകൊണ്ടിരിക്കുന്ന നര നാഗാധിരാജന്മാര്‍
അരങ്ങു വാഴുന്നു.... ?
ആധുനിക ഉരഗവംശത്തിലെ ൯൫ ശതമാനത്തിന്നും
കൊടിയ വിഷമെന്നു
ഇന്നത്തെ "ബെവെരേജ് ശാസ്ത്രം"..!!

ഇനിയെന്ത്.?
വീണ്ടുമൊരു കൊടിയ പാതകപരമ്പര
ആഘോഷിക്കാനുള്ള സമയം അതിക്രമിച്ചു..?
സമൂഹ രക്ഷക്കായി......
ഒരു അടിച്ചുതെളിക്കായി....
ഇല്ലാതായ വേലിപ്പത്തലിന്നു പകരം
എന്തും കൈകളിലേന്താന്‍........??

***********
ടി. കെ. ഉണ്ണി
൦൨-൧൦-൨൦൦൯
************
കുറിപ്പ് : - ഗാന്ധിജയന്തിദിനം ശുദ്ധീകരണ ദിനമായി കൊണ്ടാടുന്ന ശുഭദിനത്തില്‍ മഹാത്മാവിനോടുള്ള ആദരവായി ഞാനിത് സമര്‍പ്പിക്കുന്നു...

ശനിയാഴ്‌ച, സെപ്റ്റംബർ 19, 2009

ഈദ്‌ ആശംസകള്‍

"ഒരു വിശ്വാസി എന്നിലേക്ക്‌ 
നടന്നടുക്കുകയാണെങ്കില്‍
ഞാനവനിലേക്ക്‌ ഓടിയടുക്കും" 


എന്ന വിശുദ്ധ ഖുര്‍ ആനിലെ
ദൈവിക വചനത്തെ ഓര്‍ത്തുകൊണ്ട്‌...

എല്ലാ സുഹൃത്തുക്കള്‍ക്കും ഈദ്‌ മുബാറക്ക്‌ ആശംസകള്‍....!

സസ്നേഹം

ടി. കെ. ഉണ്ണി
൧൯-൦൯-൨൦൦൯

വെള്ളിയാഴ്‌ച, സെപ്റ്റംബർ 11, 2009

രണ്ട് പ്രമാദങ്ങള്‍

രണ്ടു പ്രമാദങ്ങള്‍

ഒന്ന്
യൂറോപ്പില്‍ ഒരു സിനിമാ നിര്‍മ്മാണം നടക്കുന്നു. അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹിന്ദു സംഘടനയാണ് സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത്. വിഷയം- ലോകസൃഷ്ടി. ലോകസൃഷ്ടി ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രം. ലോക നാഥന്‍ ശ്രീകൃഷ്ണന്‍. ശ്രീകൃഷ്ണന്‍ ഇന്നും ജീവിച്ചിരിക്കുന്നു. യൂറോപ്പിലെ പ്രസ്തുത ഹിന്ദു സംഘടനയുടെ ആചാര്യഗുരു അദ്ധ്യാത്മിക പണ്ഡിതനും ഭൌതിക ശാസ്ത്ര പണ്ഡിതനും ജോത്സ്യ ജ്യോതിഷ ശാസ്ത്ര പണ്ഡിതനും ചരിത്ര പണ്ഡിതനും ആണെന്ന് അവകാശപ്പെടുന്നു. അദ്ദേഹം സാക്ഷാല്‍ ദൈവമായ ശ്രീകൃഷ്ണനുമായി സംവദിക്കുക പതിവുണ്ടത്രേ..!! അദ്ദേഹത്തിന്‍റെ പുതിയ ഗീഥ സിനിമാരൂപത്തില്‍ അടുത്തുതന്നെ നമ്മിലേക്ക്‌ എത്തുമത്രേ ... !?

ശ്രീ യേശുക്രിസ്തു ദൈവത്തിന്‍റെ പുത്രനാണെങ്കില്‍ അച്ഛനായ ദൈവം ശ്രീകൃഷ്ണനാണ് എന്നതാണ് ഈ പ്രസ്ഥാനത്തിന്‍റെ സിദ്ധാന്തപ്പൊരുള്‍....

യൂറോപ്പിലെയും അമേരിക്കയിലെയും കോര്‍പ്പറേറ്റ് ഭീമന്മാരുടെ സഹായത്തോടെ ലോകപ്രശസ്തരായ സിനിമാ നിര്‍മ്മാണക്കമ്പനികളും സംവിധായകരും സൂപ്പര്‍ താരങ്ങളും ചേര്‍ന്നൊരുക്കുന്ന ഈ ചലച്ചിത്രത്തിലൂടെ ഹിന്ദുമതപുന:സൃഷ്ടി സാദ്ധ്യമാകുമെന്നു ആചാര്യഗുരു സ്വാമിജിയും സംഘവും വിശ്വസിക്കുന്നു.....!!
@@@@

രണ്ട്
മോരിഷ്യസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഹിന്ദു സംഘടനക്കു ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ആസ്ത്രേല്യ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളിലും ചില അമേരിക്കന്‍ രാജ്യങ്ങളിലും ശാഖകളും അനുയായികളും ഉണ്ടത്രേ. ലോക സൃഷ്ടി ഭഗവാന്‍ ശ്രീഗണേശന്റെ അനുഗ്രഹാശിസ്സുകള്‍ ചൊരിയപ്പെടുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി. ശ്രീ ഗണേശ് ലോക നിയന്താവ്. പ്രസ്തുത സംഘടനയുടെ ആചാര്യഗുരുവും ശ്രീ ഗണേശ ഭഗവാനുമായി സംവദിക്കുക പതിവാണത്രെ.... അതനുസരിച്ച് ആണത്രേ പലപ്പോഴും സ്വാമിജിയുടെ ദൈനംദിനചര്യകള്‍. അദ്ദേഹവും അദ്ധ്യാത്മികവും ഭൌതികവുമായ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും സര്‍വ്വജ്ഞനായ വ്യക്തിത്വമാണത്രേ. സ്വാമിജിക്ക് ശ്രീ ഗണേശ ഭഗവാന്‍റെ അനുഗ്രഹത്താല്‍ സൃഷ്ടി നടത്താന്‍ കഴിവുണ്ടത്രേ. അദ്ദേഹത്തിന്‍റെ അനുയായികളുടെ കൈവശം അത്തരം സൃഷ്ടികള്‍ ഉണ്ടത്രേ...!!

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്‌ അന്താരാഷ്ട്ര പ്രശസ്തിയുള്ള പത്രപ്രവര്‍ത്തകരില്‍ ഒരാളായ മിസ്റ്റര്‍. റിച്ചാര്‍ഡ്‌ (ഇന്ത്യന്‍ വംശജനായ ഇദ്ദേഹം സൌതാഫ്രിക്കയിലാണ് പ്രവര്‍ത്തിക്കുന്നത്) സ്വാമിജിയെ ദര്‍ശിച്ചു. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന സംഭാഷണങ്ങള്‍ക്കൊടുവില്‍ സ്വാമിജി ശൂന്യതയില്‍ നിന്നും ഒരു മോതിരം സൃഷ്ടിച്ചു സമ്മാനമായി നല്‍കിയത്രെ. പ്രസ്തുത മോതിരസൃഷ്ടിയില്‍ കള്ളമില്ലെന്നും മോതിരം തന്‍റെ വിരലിനു പാകമായതാണെന്നും മോതിരത്തിലേക്ക് മറ്റുള്ളവര്‍ നോക്കുമ്പോള്‍ പ്രത്യേകതകള്‍ ഒന്നുമില്ലെങ്കിലും താന്‍ നോക്കുമ്പോള്‍ അതില്‍ ഭഗവാന്‍ ശ്രീ ഗണേശന്റെ ചിത്രം തെളിഞ്ഞുവരുന്നുവെന്നും അത് തന്നെ സ്വാമിജിയില്‍ വിശ്വസ്തനാക്കിത്തീര്‍ത്തിരിക്കുന്നുവെന്നുംമിസ്റ്റര്‍ റിച്ചാര്‍ഡ്‌ പ്രസ്താവിക്കുന്നു...!!?

ആധുനിക ലോകസമ്പ്രദായത്തിന്‍റെ ആഗോളവല്‍ക്കരണത്തിലൂടെ ജന്മമെടുത്ത പുത്തന്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ മേച്ചില്‍ സ്ഥലങ്ങളായി രൂപപരിണാമം സംഭവിച്ച ശാസ്ത്ര സാഹിത്യ കലാ സാംസ്കാരിക മേഖലകളും മതസംഘടനകളും അവരുടെ ഭീബത്സമായ അഴിഞ്ഞാട്ടങ്ങള്‍ നടത്തുന്നത് സാധാരണക്കാരായ സാധു മനുഷ്യരുടെ കൊച്ചു മനസ്സുകളില്‍ കയറി നിന്നുകൊണ്ടാണ് എന്നത് നാമോരോരുത്തരുടെയും സ്വാസ്ഥ്യം കെടുത്തുന്നതാണ്...!!? ജാഗ്രതൈ...!!

ടി. കെ. ഉണ്ണി
൧൧-൦൯-൨൦൦൯

വെള്ളിയാഴ്‌ച, സെപ്റ്റംബർ 04, 2009

ആരാധനയും ആദരവും

ആരാധനയും ആദരവും
============
വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ആരാധന. പൊതു സമൂഹത്തിലെ എല്ലാ ഭാഷകളിലും സമാനമായ തെറ്റിദ്ധാരണാജനകമായ രീതിയില്‍ ഈ പദം ഉപയോഗിച്ചുവരുന്നു. വിശ്വാസ പ്രമാണങ്ങളുടെ നിലനില്പ്പിന്നാവശ്യമായ പ്രായോഗിക രൂപങ്ങളില്‍ പ്രധാനമായ ആചാരങ്ങളില്‍ ഒന്നായിട്ടാണ് അനാദികാലം മുതല്‍ക്കേ ആരാധന അറിയപ്പെടുന്നതും അതിന്‍റെ ക്രിയാരൂപമായ ആരാധന നടത്തുന്നതും നടത്തപ്പെടുന്നതും. അതായത്‌, വിശ്വാസം എന്ന പരികല്‍പ്പനയുമായി അതിന്നുള്ള അഭേദ്യബന്ധത്തെ അത് വ്യക്തമാക്കുന്നു....

സാധാരണനിലയില്‍, നമുക്കെല്ലാം അറിയുന്നതുപോലെ വിശ്വാസം, വിശ്വാസി എന്നൊക്കെ പറഞ്ഞാല്‍ അതിനു ദൈവവിശ്വാസം, ദൈവവിശ്വാസി എന്നാണു വിവക്ഷയെന്നു അതിന്‍റെ വക്താക്കള്‍ നമ്മെയെല്ലാം ബോധവല്‍ക്കരിച്ചിരിക്കുന്നതിനാല്‍ അതിന്നപ്പുറം ശ്രദ്ധിക്കാനോ ചിന്തിക്കാനോ പാടില്ലാത്തതാണെന്നും അങ്ങനെ ചെയ്യുന്നത് സുകൃതവിഘാതമാകുമെന്നും നമ്മെ തെര്യപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതാവട്ടെ അക്ഷരം പ്രതി അനുസരിച്ചുവന്നിട്ടുള്ള സമൂഹനിര്‍മ്മിതിയാണ്‌ നമുക്കുള്ളത്. പൊതുസമൂഹത്തിലെ വിവിധ സമൂഹങ്ങളിലും ഒരുപോലെ ബാധകമായിട്ടുള്ള പ്രസ്തുത അവസ്ഥയില്‍ ആരാധന എന്ന പദത്തിന് ദൈവികമായ ഒരു മാനം ആണുള്ളത്. ആരാധന, വിശ്വാസം ഊട്ടിവളര്‍ത്തി ഉറപ്പിക്കാനുള്ള പ്രയത്നത്തിന്‍റെ രൂപകമായി എല്ലാ വിശ്വാസധാരകളും നമ്മെ ബോധ്യപ്പെടുത്തുന്നു. അതിനാല്‍ ആരാധന, ദൈവീകമായ, ആത്മീയമായ വിശ്വാസത്തെ പ്രതീകവല്‍ക്കരിക്കുന്ന നാമരൂപവും ക്രിയാപദവും ആകുന്നുവെന്നതില്‍ രണ്ടുപക്ഷമില്ല...!!

ആധുനികതയുടെ താളബോധത്തില്‍ എന്തിനേയും കാഴ്ചവസ്തുവാക്കുന്ന നവസാംസ്കാരിക ലോകത്തിനു സംഭവിക്കാവുന്ന പ്രമാദാവസ്ഥയേക്കാള്‍ ഖേദകരമായ പരിണാമത്തിലാണ് പണ്ഡിതരായ വരേണ്യവര്‍ഗ്ഗം എന്നതിനാല്‍ വസ്തുവിനും വസ്തുതകള്‍ക്കും മൂല്യശോഷണശേഷി പതിന്മടങ്ങ്‌ വര്‍ദ്ധിച്ചിരിക്കുന്നു. അപ്രകാരമൊരു ദുരന്തത്തിലാണ് ആരാധന എത്തിപ്പെട്ടിരിക്കുന്നത്. വിശ്വാസങ്ങള്‍, മതങ്ങള്‍, ആചാരങ്ങള്‍, പ്രമാണങ്ങള്‍ എല്ലാം തന്നെ എന്താണ് ആരാധന, എന്തിനാണ് ആരാധന, ആരെയാണ് ആരാധിക്കേണ്ടത്, എന്തുകൊണ്ട് ആരാധിക്കണം, എങ്ങിനെ ആരാധിക്കണം, അതിന്‍റെ പ്രയോജനമെന്ത്‌, എന്നെല്ലാം വളരെ വിശദമായിത്തന്നെ അതാതു വര്‍ഗ്ഗത്തെ, സമൂഹത്തെ, തെര്യപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിന്‍റെ പരിണിതഫലം എന്താവുമെന്നുകൂടി പറഞ്ഞുവെക്കാന്‍ അവ മറന്നിട്ടില്ല..!

എന്നാല്‍ ഇന്നത്തെ കാഴ്ചയോ? ആരാധനയെ അതിന്‍റെ മഹത്വത്തില്‍നിന്നും വലിച്ചു താഴെയിട്ടു നാം നിസ്സാരവല്‍ക്കരിച്ചിരിക്കുന്നു. എങ്ങിനെ? ആരാധന ദൈവത്തിനു മാത്രം എന്ന് ബോധവല്‍ക്കരിക്കുന്ന ഒരു സമൂഹം... ആരാധന ദൈവത്തിനും ദൈവപുത്രനും മാത്രമെന്ന് ബോധവല്‍ക്കരിക്കുന്ന ഒരാഗോളസമൂഹം.... ആരാധന ദൈവങ്ങള്‍ക്കും ദേവീദേവന്മാര്‍ക്കും മാത്രം വേണ്ടിയുള്ളതാണെന്ന് ഉദ്ബോധിപ്പിക്കുന്ന വിവിധ സമൂഹങ്ങള്‍.... ഇവയുമായി ബന്ധപ്പെടുത്തി ഇന്നിന്‍റെ ശീലങ്ങളെ കാണുമ്പോള്‍ കൈവന്ന പ്രമാദങ്ങളെയെല്ലാം അപ്രമാദങ്ങളായി ആഘോഷിക്കുന്ന ആധുനിക സമൂഹത്തെയാണ് കാണാന്‍ കഴിയുന്നത്‌. അതിന്നുള്ള പിന്‍ബലമായി ആധുനികതയുടെ ആഡംബരവും മാദ്ധ്യമ കലാ സാംസ്കാരിക രംഗങ്ങളിലെ അപചയഘോഷയാത്രയും അകമ്പടിയാകുന്നു. ഇവിടെ തോല്പ്പിക്കപ്പെട്ടത്‌ ആദരവ്‌ എന്ന കര്‍മ്മവും അവസ്ഥയും ക്രിയാവിശേഷവും ആണ്.... അതാവട്ടെ ബോധപൂര്‍വമായ ഒരിടപെടലായിട്ടാണ് വിവക്ഷിക്കപ്പെടുന്നത്‌..!

നമ്മള്‍ ക്ഷേത്രങ്ങളില്‍, പള്ളികളില്‍, ചര്‍ച്ചുകളില്‍ പോയി ആരാധന നടത്തുന്നു. ഏകദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികളും ഒരുപോലെ ദൈവത്തോട് പ്രാര്‍ത്ഥന നടത്തുന്നതിനെ ആരാധന എന്ന് പറയുന്നു. പരമ്പരാഗതമായി നമുക്ക് ലഭിച്ച അറിവുകളെ പിന്‍പറ്റി നാം പലതിനെയും ബഹുമാനിക്കുകയും പലതിനോടും ആദരവ്‌ പ്രകടിപ്പിക്കുകയും ചെയ്തുവരുന്നു. പലഘട്ടങ്ങളിലും അനര്‍ഹമായതിനെ മഹത്വവല്‍ക്കരിക്കുന്നതും സാര്‍വ്വത്രികമായിട്ടുണ്ട്. മഹത്വം, ബഹുമാനം, ആദരവ്‌ എന്നിവയും അപക്വമായ മാനദണ്ഡങ്ങളാല്‍ അനുചിതമായി അടിച്ചേല്‍പ്പിക്കുന്നതില്‍ മത്സരിക്കുകയാണ് ഇന്നിന്‍റെ തലമുറ. മാതാപിതാക്കള്‍, ഗുരുഭൂതന്മാര്‍, പണ്ഡിതന്മാര്‍, ആചാര്യന്മാര്‍ തുടങ്ങിയവരെല്ലാം ആദരവും ബഹുമാനവും അര്‍ഹിക്കുന്നവരാണ്. എന്നാല്‍ അവര്‍ ആരുംതന്നെ ആരാധിക്കപ്പെടെണ്ടവരല്ല. ആരാധന ഭൌതികമായ പരിധിക്ക് പുറത്താണ് നിലകൊള്ളുന്നത്. ആരാധന ആത്മീയവും ദൈവീകവുമായ അര്‍ത്ഥനയുടെ സാമ്പ്രദായികമായ ആചാരവിധിയാണ്. സ്നേഹം, ബഹുമാനം, ആദരവ്‌ തുടങ്ങിയവ മനുഷ്യന്‍റെ സന്മാര്‍ഗ്ഗചരിത്രത്തിന്‍റെ ഭൌതികതയില്‍ ആജീവനാന്തം നിലനില്‍ക്കുന്നു. തന്നിമിത്തം സഹജീവിയെ നമുക്ക് സഹജീവിയായിതന്നെ കാണാന്‍ കഴിയണം. അതായത് എന്‍റെ മാതാപിതാക്കളെ അല്ലെങ്കില്‍ ഗുരുഭൂതന്മാരെ ഞാന്‍ ആദരിക്കുന്നു അല്ലെങ്കില്‍ ബഹുമാനിക്കുന്നു എന്നതാണ് ഭൌതികമായി ശരിയായ കാര്യം...!!

ആദരിക്കേണ്ടവരെ ആരാധിച്ചാല്‍ അത് അനാദരവായും ആരാധിക്കേണ്ടതിനെ ആദരിച്ചാല്‍ അത് അപരാധമായും തീരുന്നുവെന്ന വിചിത്രമായ കല്‍പ്പനയും അനാദികാലം മുതല്‍ക്കേ നിലനില്‍ക്കുന്നുണ്ട്‌. അതുകൊണ്ട് ആദരിക്കേണ്ടതിനെയും ആരാധിക്കേണ്ടതിനെയും തിരച്ചറിഞ്ഞു ആദരവും ആരാധനയും പ്രകടിപ്പിക്കുക....!!!
========
ടി. കെ. ഉണ്ണി.
൦൪-൦൯-൨൦൦൯

തിങ്കളാഴ്‌ച, ഓഗസ്റ്റ് 31, 2009

ഓണാശംസകള്‍

ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും
ക്ഷേമവും ഐശ്വര്യവും ആഹ്ലാദകരവുമായ
"ഓണവും" "തിരുവോണവും"
ആശംസിക്കുന്നു......!
===========
ടി. കെ. ഉണ്ണി.
൩൧-൦൮-൨൦൦൯

ബുധനാഴ്‌ച, ഓഗസ്റ്റ് 19, 2009

അല്‍പ്പം

അല്‍പ്പം
======
നമുക്ക് സുപരിചിതമായ വാക്കാണ്‌ അല്‍പ്പം എന്നത്. ദിവസത്തില്‍ പലതവണ നമ്മള്‍ അത്പ്രയോഗിച്ചുകൊണ്ട് സംസാരിക്കുന്നു. സമയ ദൈര്‍ഘ്യത്തെയാണ് അത് സൂചിപ്പിക്കുന്നതെന്നും നമുക്കറിയാം. എന്നാല്‍ ഒരു ദിവസത്തെ സംബന്ധിച്ചിടത്തോളം അല്പ്പമെന്നത് എത്ര വലുതാണെന്ന കാര്യത്തില്‍ പല പണ്ഡിതന്മാര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നതായും കാലക്രമേണ അവരില്‍ ഒരു ഐകരൂപം സ്വീകാര്യമായതായി കരുതിവരുകയും ചെയ്തിരുന്നു. അതിന്നവര്‍ അടിസ്ഥാനമായി സ്വീകരിച്ചത്‌ വേദ കാലഘട്ടത്തിനു മുമ്പുണ്ടായിരുന്നതും പ്രസ്തുത കാലഘട്ടത്തില്‍ അനുവര്‍ത്തിച്ചു വന്നതുമായ സമയ നിര്‍ണയ പ്രക്രിയകളെ സംബന്ധിച്ച് വേദ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട സൂത്രവാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

ആധുനിക സമയ നിര്‍ണയ പ്രക്രിയയില്‍ സമയത്തിന്‍റെ ഏകകത്തെ നിര്‍ധാരണപ്രക്രിയയിലൂടെ അതിസൂക്ഷ്മ ഘടകമാക്കി മാറ്റി എന്നതില്‍ നമ്മുടെ ശാസ്ത്രലോകം അഭിമാന വിജ്രുംഭിതരായി നില്‍ക്കുന്നു. എന്നാല്‍ നമ്മുടെ പൌരാണികരോ..? സമയ നിര്‍ണയത്തിലെ ഏറ്റവും പൌരാണികവും ആധികാരികവുമായ സിദ്ധാന്തം ജന്മമെടുത്തത് ഇന്ത്യാ വന്‍‌കരയില്‍ ജീവിച്ചിരുന്ന ജനതയില്‍ നിന്നായിരുന്നുവെന്ന് വേദഗ്രന്ഥങ്ങള്‍ ഉദ്ഘോഷിക്കുന്നു.

നമ്മുടെ ഒരുദിവസം, അതിന്‍റെ നിര്‍ണ്ണയം എങ്ങനെയെന്നു നോക്കാം.

൧) ഒരു ദിവസത്തെ അറുപത്‌ ഭാഗമാക്കി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ൨൪ (ഇരുപത്തിനാല്) മിനിറ്റ് ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ ഒരു ഘടിക (നാഴിക) എന്ന് പറയുന്നു.
അതായത്‌ - അറുപത് ഘടിക = ഒരു ദിവസം.

൨) ഒരു ഘടികയെ (നാഴികയെ) അറുപത്‌ ഭാഗമായി വിഭജിച്ചിരിക്കുന്നു അതിലെ ഓരോ ഭാഗത്തിനും ൨൪ (ഇരുപത്തിനാല്) സെക്കന്‍റ് ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ ഒരു വിഘടിക (വിനാഴിക) എന്ന് പറയുന്നു.
അതായത്‌ - അറുപത്‌ വിനാഴിക = ഒരു നാഴിക.

൩) ഒരു വിനാഴികയെ ആറു ഭാഗമായി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും നാല് സെക്കന്‍റ് ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ ഒരു നെടുവീര്‍പ്പ് (ശ്വാസ ഉഛ്വാസ പരിക്രമണസമയം) എന്ന് പറയുന്നു.
അതായത്‌ - ആറു നെടുവീര്‍പ്പ് = ഒരു വിനാഴിക.

൪) ഒരു നെടുവീര്‍പ്പിനെ പത്തു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ പത്തില്‍ നാലുഭാഗം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ ഗണിതം എന്ന് പറയുന്നു.
അതായത്‌ - പത്തു ഗണിതം = ഒരു നെടുവീര്‍പ്പ്.

൫) ഒരു ഗണിതത്തെ നാല് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ പത്തിലൊരംശം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ നിമിഷം എന്ന് പറയുന്നു.
അതായത്‌ - നാല് നിമിഷം = ഒരു ഗണിതം.

൬) ഒരു നിമിഷത്തെ മുപ്പത്‌ ഭാഗങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ ആയിരത്തില്‍ മൂന്നു ഭാഗം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ മാത്ര എന്ന് പറയുന്നു.
അതായത്‌ - മുപ്പത്‌ മാത്ര = ഒരു നിമിഷം.

൭) ഒരു മാത്രയെ മുപ്പത്‌ ഭാഗങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ പതിനായിരത്തില്‍ ഒരംശം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ കല എന്ന് പറയുന്നു.
അതായത്‌ - മുപ്പത്‌ കല = ഒരു മാത്ര.

൮) ഒരു കലയെ മുപ്പത്‌ ഭാഗങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ ലക്ഷത്തില്‍ മൂന്നേമുക്കാല്‍ ഭാഗം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ തുടി എന്ന് പറയുന്നു.
അതായത്‌ - മുപ്പത്‌ തുടി = ഒരു കല.

൯) ഒരു തുടിയെ വീണ്ടും മുപ്പതു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. അതിലെ ഓരോ ഭാഗത്തിനും ഒരു സെക്കന്‍റ് സമയത്തിന്‍റെ ദശലക്ഷത്തില്‍ ഒരംശം ദൈര്‍ഘ്യം. പ്രസ്തുത ദൈര്‍ഘ്യത്തെ അല്‍പ്പം എന്ന് പറയുന്നു.
അതായത്‌ - മുപ്പത്‌ അല്‍പ്പം = ഒരു തുടി.

൧൦) അല്‍പ്പം = ഏകദേശം ഒരു സെക്കന്‍റ് സമയത്തിന്‍റെ ദശലക്ഷത്തില്‍ ഒരു ഭാഗം മാത്രം. അതായത്‌ ആധുനിക ശാസ്ത്ര ലോകത്തിന്‍റെ നാനോ സെക്കന്റുകള്‍ക്ക് സമാനം.

അല്‍പ്പം എന്നത് സമയത്തിന്‍റെ അതിസൂക്ഷ്മ ഘടകമാണെന്ന് അറിയാതെയുള്ള നമ്മുടെയെല്ലാം സമയദുര്‍വ്യയം തിരുത്തപ്പെടെണ്ടാതാണ്..!

**********
വേദ ഗ്രന്ഥങ്ങളില്‍ നിന്നുള്ള അല്പ്പകാല സമയ നിര്‍ണയ സൂത്രവാക്യങ്ങളുടെ പരിഭാഷക്കും വിശകലനത്തിനും ശ്രീ. ഗുരു നിത്യ ചൈതന്യയതിയോട് കടപ്പാട്.
*********
ടി. കെ. ഉണ്ണി.
൧൯-൦൮-൨൦൦൯

ശനിയാഴ്‌ച, ജൂലൈ 25, 2009

തറ

തറ
===
ഇരുപത്തെട്ടു വര്‍ഷം പഴക്കമുള്ള ഒരു കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള കെട്ടിടമാണ് എന്‍റെവീട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി മേല്‍ക്കൂരയിലെ വിള്ളലില്‍ നിന്നും കിനിഞ്ഞിറങ്ങുന്ന വെള്ളത്തില്‍ നിന്നുള്ള മോചനത്തിന്നായി മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള എല്ലാവിധ ചെപ്പടിവിദ്യകളും ആളും അനദാരിയും ഉപയോഗിച്ചു പയറ്റിനോക്കുന്നു. മേല്‍ക്കൂരയുടെ വണ്ണം കനത്തുവന്നതല്ലാതെ കിം ഫലം.  ഏറ്റവും ഫലപ്രദമെന്നു തോന്നുന്ന പദ്ധതിക്ക് (മേല്‍ക്കൂര മുഴുവനായി അലുമിനിയം ഷീറ്റ് വിരിക്കല്‍) എന്‍റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നുമില്ല. പഴകി ചോരുന്ന കെട്ടിടം ആണെങ്കിലും ഇടക്കൊക്കെ ചായം തേച്ചു കുട്ടപ്പനാക്കാറുണ്ട്. രണ്ടു ചെറിയ കിടപ്പുമുറികളും ഒരു ചെറിയ ഓഫീസ്‌ മുറിയും അടുക്കളയും ഭക്ഷണമുറിയും കൂടാതെ ഒരു കാര്‍ പോര്‍ച്ചും..!
(ഒരു സൈക്കിള്‍പോലും ഇപ്പോഴുംസ്വന്തമായിട്ടില്ലാത്ത ഞാന്‍ അഞ്ചുകൊല്ലം മുമ്പ്‌ കാര്‍ പോര്ച്ചിനെ ഒരു പുറം വരാന്തയാക്കി മാറ്റിയെടുത്തു.)

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്‍റെ അയല്പക്കങ്ങള്‍ എല്ലാം തന്നെ

ബഹുനില കെട്ടിടങ്ങളായ വീടുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മുപ്പതും നാല്‍പ്പതും രൂപ ചെലവായി താന്താങ്ങളുടെ വീടുകള്‍ക്കെന്നു അവരില്‍ പലരും അവകാശപ്പെടുന്നു. (മുമ്പ്‌ ഞങ്ങളുടെ വീട്പണിയുന്ന കാലത്ത്‌ മുപ്പത്‌ എന്നു പറഞ്ഞാല്‍ മുപ്പതിനായിരം രൂപ എന്നായിരുന്നു. ഇന്നു മുപ്പതെന്നുപറഞ്ഞാല്‍ മുപ്പത്‌ ലക്ഷം രൂപ എന്നാണു സാരം).

സ്ഥലത്തിന് വിലയില്ലാതിരുന്ന കാലത്ത്‌ തറയില്‍ വീടുണ്ടാക്കുക എന്നതായിരുന്നു സാധാരണ സമ്പ്രദായം. ഇന്നിപ്പോള്‍ ആകാശത്താണ് വീടുണ്ടാക്കുന്നതെന്ന് അറിയാത്തവരായി അധികമാളുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ, നമ്മുടെ യന്ത്രങ്ങളും ഭരണയന്ത്രങ്ങളും അതിനെ കുതന്ത്രങ്ങളും ആക്കുന്നവരുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നില്ലായെന്നു പലര്‍ക്കും സംശയമുണ്ട്‌.!


ആധുനിക ലോകക്രമത്തിന്റെ നാട്യത്തില്‍ വരേണ്യര്‍ക്കും നവസമ്പന്നര്‍ക്കും

മദ്ധ്യവര്‍ത്തി ചൂഷകര്‍ക്കും അവസരങ്ങള്‍ ഒരുക്കി ജനസേവനം ചെയ്തുകൊണ്ട് ഭരണയന്ത്രങ്ങള്‍ നയിക്കുന്നവരുടെ ചിന്താസരണിയില്‍ ജനാധിപത്യത്തിന്റെയോ സ്ഥിതിസമത്വത്തിന്റെയോ വര്‍ഗ്ഗാധിപത്യത്തിന്റെയോ കണികകള്‍ പോലുമില്ലെന്നത് പൊതുജനം എന്ന് തിരിച്ചറിയാനാണ്?

തറയായ ഞങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നും (കഴിഞ്ഞ പത്തു

വര്‍ഷത്തിന്നുള്ളില്‍ ഏഴ് പ്രാവശ്യം ഭരണമാറ്റം ഉണ്ടായി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു) കിട്ടിയ ഫോറം വളരെ പണിപ്പെട്ടാണ് പൂരിപ്പിച്ചു കൊടുത്തത്‌. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌ കിട്ടിയത്‌ വെള്ളിടി വെട്ടിയതുപോലുള്ള നോട്ടീസ്‌ ആണ്. കഴിഞ്ഞ വര്‍ഷം
വരെ ൧൯൦ രൂപയായിരുന്ന കെട്ടിടനികുതി ൩൯൫ രൂപയായി നിശ്ചയിച്ചിരിക്കുന്നു. എന്‍റെ അയല്‍ക്കാരന്റെ ബഹുനിലക്കെട്ടിടത്തിന്നു ൨൫൫ ല്‍നിന്നും ൨൯൦ ലേക്ക് കയറ്റം കൊടുത്തു. ഇതുസംബന്ധിച്ച് അധികാരികളോട് അന്വേഷിച്ചതില്‍ നിന്നും മനസ്സിലായത്‌ '' തറ '' യാണ് പ്രശ്നമായിരിക്കുന്നത് എന്നാണു.

ഗ്രാമവാസികളുടെ വീടുകള്‍ അധികവും തറയിലാണ് പണിതിരിക്കുന്നത്.

എന്നാല്‍ നഗരവാസികളോ? അവിടെ കാണുന്നത് ആകാശത്തിലേക്ക്
പണിതുയര്‍ത്തിയ കെട്ടിടങ്ങളാണ്. കോടികള്‍ കൊണ്ടു പണിത സമ്പന്ന
സൌധങ്ങളെക്കാള്‍ മൂല്യമുള്ളതാണ് സാധാരണക്കാരന്റെ തറകള്‍ എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചറിയുമോ?

തിരിച്ചറിവ് തറകള്‍ക്കില്ല എന്നത്

തറയുടെ മേന്മയായി കാണരുത്.......!!

****************

ടി. കെ. ഉണ്ണി
൨൬-൦൭-൨൦൦൯

വാല്‍ക്കഷ്ണം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനസേവന തല്പ്പരതയുടെ മറ്റൊരു മുഖം....

വ്യാഴാഴ്‌ച, ജൂലൈ 23, 2009

ജീവന കല

എന്‍റെ ഗ്രാമത്തില്‍ എന്‍റെ അയല്‍ക്കാരായി നാലുകുട്ടികളും അച്ഛനും അമ്മയും
അടങ്ങിയ ഒരു കുടുംബം സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സ്നേഹത്തോടും
സമാധാനത്തോടും കൂടി കഴിഞ്ഞുവന്നിരുന്നു. അങ്ങനെയിരിക്കെ നാലുകുട്ടികളുടെ
പിതാവായ മാന്യദേഹം ഒരു ചെറുക്കനുമായി (കൌമാരപ്രായക്കാരന്‍) പ്രേമ
ബന്ധത്തിലായി. ഈ ചെറുക്കനു തന്‍റെ മൂത്ത കുട്ടിയുടെ പ്രായം മാത്രമെ
ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ നാലുകുട്ടികളുടെ അമ്മയായ സ്ത്രീ
കുറെയധികം സഹനശക്തി ഉള്ളവള്‍ ആയിത്തീര്‍ന്നു.

സമൂഹത്തിനു അല്ലെങ്കില്‍ സമുദായത്തിന്നു ഇതില്‍ കാര്യമായ ചുമതലകള്‍
ഒന്നും ഉണ്ടായിരുന്നില്ല.... അവര്‍ അന്ധരും ബധിരരും മൂകരും ആയിരുന്നു......
അതിന്‍റെ കാര്യകാരണങ്ങള്‍ എപ്പോഴും വിശദീകരണം അര്‍ഹിക്കുന്നു? ചില
അസൂയക്കാരും കുശുമ്പുകാരും കുനുഷ്ടരുമായ മനുഷ്യര്‍ (അങ്ങനെയായിരുന്നു
മാന്യ ദേഹത്തിന്റെ പക്ഷം) കുറച്ചൊക്കെ ഒച്ച വെച്ചുവെങ്കിലും കാര്യമായിട്ടൊന്നും
സംഭവിച്ചില്ല. പ്രേമബന്ധം വളര്‍ന്നുവികസിച്ചു. പലപ്പോഴും താല്‍ക്കാലികമായി
കുടുംബത്തെ ഉപേക്ഷിച്ച നിലയിലായി. പുതുമണവാട്ടി പദമണിഞ്ഞ ചെറുക്കനേയും
കൂട്ടി നവ വധൂവരന്മാരെപ്പോലെ കേരളത്തിലുള്ള എല്ലാ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലും
ചുറ്റിക്കറങ്ങി മധുവിധു ആഘോഷിച്ചു നടക്കുകയായിരുന്നു മാന്യദേഹം. എന്നാല്‍
ഇടക്കൊക്കെ മാന്യദേഹം തന്‍റെ വീട്ടിലെത്തി ഭാര്യയേയും മക്കളെയും
കാണാതിരുന്നില്ല....

ഏകദേശം രണ്ടു വര്‍ഷത്തിനുശേഷം തന്‍റെ ചെറുക്കന്‍ മണവാട്ടിയെ ഉപേക്ഷിച്ചു,
അടുത്ത ഗ്രാമത്തില്‍ നിന്നും പുതിയ ഒരാണ്‍വധുവിനെ പാട്ടിലാക്കി തന്‍റെ പതിവു കാമകേളീവിലാസം തുടര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട ആണ്‍ വധുവായ
ചെറുക്കന്‍ തന്‍റെ ഇഷ്ട തോഴനായ മാന്യദേഹത്തിന്റെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കി. നാലുകുട്ടികളുടെ അമ്മയായ സ്ത്രീയോടു, കഴിഞ്ഞ രണ്ടുവര്‍ഷക്കാലം നിങ്ങള്‍ക്കു
പകരമായി ഭാര്യയായി പെരുമാറി നിങ്ങളുടെ ഭര്‍ത്താവിന്‍റെ എല്ലാവിധ ലൈംഗിക
അഭീഷ്ടങ്ങളും നിറവേറ്റി ദാഹം ശമിപ്പിച്ചത് താനാണെന്നും അതിനാല്‍ ഇപ്പോഴത്തെ അവസ്ഥയില് നഷ്ടപരിഹാരം വേണമെന്നും അത് വാങ്ങിയെടുക്കാനാണ് ഇവിടെ
വന്നതെന്നും പറഞ്ഞു പ്രശ്നമുണ്ടാക്കി. അച്ഛന്‍റെ ആദ്യ ആണ്‍ഭാര്യയെ മൂര്‍ച്ചയേറിയ ശകാരവര്‍ഷങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ എതിരിട്ടത്‌. തന്മൂലം അയല്‍ക്കാര്‍
ഇടപെടുകയും ആണ്‍ ഭാര്യയെ അവിടെനിന്നും ഓടിക്കുകയും ചെയ്തു.

അടുത്ത കാലത്തായി നമുക്കറിയാന്‍ കഴിയുന്ന കാര്യങ്ങളില്‍ പ്രധാനമായ ഒന്നാണ് സ്വവര്‍ഗ്ഗാനുരാഗികളുടെ സംഘടനകളും അവരുടെ നേതൃത്വത്തില്‍ നടക്കുന്ന
സമരങ്ങളും റാലികളും മറ്റും. അവര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചു
കിട്ടുന്നതിന്നുവേണ്ടി നിയമ യുദ്ധങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.

എന്നാല്‍ തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഇത്തരത്തിലുള്ള ഇത്രയധികം സംഘടനകള്‍
രാജ്യത്ത് ഉണ്ടായിരുന്നില്ല. വന്‍ നഗരങ്ങളില്‍ ഏതാനും ചിലവ മാത്രം. അതേസമയം
രാജ്യത്തിന്‍റെ എല്ലാഭാഗത്തും (ഓരോ ഗ്രാമങ്ങളിലും) ഇത്തരം ചില സംഭവവികാസങ്ങള്‍ എല്ലാകാലത്തും നമ്മുടെ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടെയിരുന്നു.....

ഇപ്പോള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ സ്വവര്‍ഗ്ഗാനുരാഗികള്‍ ആയവര്‍ക്കും പ്രസ്തുത ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും
രാജ്യത്തൊട്ടാകെ നവോന്മേഷം കൈവന്നിരിക്കുന്നു. ഭരണ യന്ത്രവും മറ്റു യന്ത്രങ്ങളും
ചേര്‍ന്നുള്ള പരിഷ്കരണ നടപടിമൂലം പ്രസ്തുത വിഭാഗത്തിന്നു സ്വര്‍ഗ്ഗം കൈവന്നിരിക്കുന്നു..............
വകുപ്പ് ൩൭൭ ന്‍റെ ഉച്ഛാടനം പല സാധ്യതകളും തുറന്നിടുന്നു...........?

ഈ നടപടിയുടെ പരിണിതി ഫലം സമൂഹത്തില്‍ ദൂരവ്യാപകമായ വൈകല്യങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്.!
==========
ടി. കെ. ഉണ്ണി
൨൩-൦൭-൨൦൦൯

വ്യാഴാഴ്‌ച, ജൂൺ 18, 2009

ബി. പി. എല്‍

ബി. പി. എല്‍
========
ഫസ്റ്റ്ക്ലാസ്സ്‌ ,
സെക്കന്‍ഡ്‌ക്ലാസ്സ്‌ ,
തേര്‍ഡ് ക്ലാസ്സ്‌ ,
അങ്ങനെ പല ക്ലാസ്സുകളുണ്ടല്ലോ......
പക്ഷെ,
ഞങ്ങള്‍ മിഡില്‍ ക്ലാസ്സ്‌!
ഞങ്ങളാണ് യഥാര്‍ത്ഥത്തില്‍
ക്ലാസ്സുകളുണ്ടാക്കുന്നത്.!
ഞങ്ങള്‍ക്ക് മീതെ അപ്പര്‍ ക്ലാസ്സുകളും
സൂപ്പര്‍ ക്ലാസ്സുകളും ഉണ്ട്.!
ഒപ്പം സൂപ്പര്‍ ഗ്ലാസ്സുകളും ഉണ്ടെന്നു ശ്രുതി...
പക്ഷെ,
ഞങ്ങളുടെ സമവാക്യമനുസരിച്ചു
ഒന്നും രണ്ടും മൂന്നും തരക്കാരായ
കീഴ് ജാതികളെ സഹിക്കാം...
അതിനും താഴെയുണ്ടല്ലോ കുറെയേറെ
ക്ലാസ്സുകളും ഗ്ലാസ്സുകളും...
അതിന്‍റെയൊക്കെ പേരുച്ചരിക്കാന്‍
അറപ്പാണ് ഞങ്ങള്‍ക്ക്...
അതിനാല്‍
കുറച്ചുകാലങ്ങളായി അവര്‍ പുതിയ
വിളിപ്പേരിലാണ് അറിയപ്പെടുന്നത്.!
അവരിലെ പരിഷകളെ ഞങ്ങള്‍
ബി.പി.എല്‍ എന്ന് വിളിക്കും.!
പരിഷകള്‍ അല്ലാത്തവരെ ഞങ്ങള്‍
എ.പി.എല്‍ എന്നും വിളിക്കും..!

എന്നാലോ...
ഇതു പരിഷകളുടെ കാലം....
എങ്ങും എല്ലായിടത്തും പരിഷകള്‍ ...
ഈ പരിഷകളെക്കൊണ്ട് ഞങ്ങള്‍ മടുത്തു...
ഇക്കൂട്ടരെ എല്ലാക്കാലവും തനിമ
നഷ്ടപ്പെടുത്താതെ നിലനിര്‍ത്തണം
എന്നതാണ് ഞങ്ങള്‍ പരിഷ്കാരികളുടെ
ചിന്തന വിചിന്തനം..!
പരിഷകള്‍ പരിഷകളായിതന്നെ
നീണാള്‍ വാഴട്ടെ..!!

അവര്‍ക്ക് പ്രത്യേക സംവരണം വേണം ...
അവര്‍ക്ക് പ്രത്യേക കളിസ്ഥലവും കുളിസ്ഥലവും വേണം ...
അവര്‍ക്ക് പ്രത്യേക കൂരകളും ഊരുകളും വേണം ...
കുരവകള്‍ അവരുടെ ഭാഷണം ....
കുരിപ്പുകള്‍ അവര്‍ക്ക് ഭൂഷണം...
മേലായ്മ അവര്‍ക്ക് വാലായ്മ...
സഹതാപം അവര്‍ക്ക് ദൂഷണം .....
സേവനം അവര്‍ക്ക് ചൂഷണം....
സാമദ്രോഹം അവര്‍ക്ക് സഹനം...
പീഡനങ്ങള്‍ അവര്‍ക്ക് സഹജം....
എന്നാലും...
ഞങ്ങള്‍ അവരുടെ വംശം അറ്റുപോകാതെ
അപൂര്‍വ ജനുസ്സുകളെപോലെ തനിമ
നഷ്ടപ്പെടുത്താതെ സംരക്ഷിച്ചു
സംസ്കരിച്ചു കൊണ്ടിരിക്കയല്ലേ..!
അല്ലെങ്കില്‍ 
അവര്‍ക്ക്
മംഗലം ചെയ്യാണ്ട് പെറാന്‍ പറ്റ്വോ ...!
കുളില്ല്യാണ്ട് പെണ്ണ് ആവാന്‍ പറ്റ്വോ...!
തെളില്ല്യാണ്ട് ചത്ത്വോടുങ്ങാന്‍ പറ്റ്വോ...!
കാടില്ല്യാണ്ട് വെടിവെക്കാന്‍ പറ്റ്വോ...!

അതുകൊണ്ട് തന്നെ,
കൊടിനിറ വ്യത്യാസമില്ലാതെ
ഞങ്ങള്‍ ഒന്നിച്ചു സേവിക്കുന്നു...!
ഇനിയും കാര്യകാരണം തിരക്കി
തോക്കില്‍ കയറി വെടിവെക്കരുതുട്ടോ...!
നമ്മള്‍ ഒഴുക്കും കോടികള്‍ എല്ലാം
നമ്മുടെതാവണം പൈങ്കിളിയേ...!!
മുദ്രാവാക്യങ്ങളെ ഞങ്ങള്‍ പരിചകള്‍ ആക്കി...
പാവങ്ങളെ ഞങ്ങള്‍ പരിഷകള്‍ ആക്കി....
നമ്മുടെ മടിയും മടിശീലയും കനത്തു...
അവരുടെ പള്ളയും ചെള്ളയും വീര്‍ത്തു...
നമ്മുടെ മണി മേടകളില്‍ കിലുകിലാരവം...
സുര സുന്ദരീ നാകവസന്തം....
അവരുടെ ചാളകളില്‍ ...
വള്ളിയും ചെള്ളിയും പെറ്റു പെരുകി...
മാടനും മറുതയും ചത്തുമലര്‍ന്നു...!!

ഇനിയും അവര്‍ക്ക് വേണ്ടി ഞങ്ങള്‍ ഉണ്ടാക്കും...
കാക്കതൊള്ളായിരം പ്രൊജെക്ടുകള്‍ ...
എന്നെന്നും ബി.പി.എല്ലാവാന്‍
ജന്മമെടുക്കുന്നവര്‍ക്ക് വേണ്ടി....!!

***********
ടി. കെ. ഉണ്ണി.
൧൮-൦൬-൨൦൦൯
============
സര്‍ക്കാരിന്‍റെ ബി.പി.എല്‍  കണക്കെടുപ്പ് മാമാങ്കം അരങ്ങു തകര്‍ക്കുമ്പോള്‍ ഒരു പാഴ് ചിന്തനം......


വ്യാഴാഴ്‌ച, മേയ് 21, 2009

പുകഞ്ഞ കൊള്ളി

പുകഞ്ഞ കൊള്ളി
==========
ആഹാരം...........
അടുപ്പ്‌, തീ, വിറക്................
അങ്ങനെ പലതിന്റെയും കലവറ ആണല്ലോ അടുക്കള........
അസൂയ, കുശുമ്പ്‌, കന്നായ്മ, കയര്‍പ്പ്‌,
കൈപ്പ്‌, എരിവു, പുളിപ്പ്‌, ഉപ്പ്‌.......
അല്‍പ്പമൊക്കെ ചക്കരയും തേങ്ങയും....
പിന്നെ നൊട്ടി നുണഞ്ഞുള്ള ചമ്മന്തിയും .........
അവിയലും , പിന്നെ അവിഞ്ഞുള്ള അവിയലും ..........
ഒപ്പം ആവിയാവലും ................
ഇങ്ങനെ പലതുമാകുമ്പോഴേ സാക്ഷാല്‍
കലവറ (അടുക്കള) ആകുന്നുള്ളൂ..........
ഇവിടമാണ് പാചക പരിപാടിക്ക് അനുയോജ്യം
എന്നാണു നമ്മുടെയൊക്കെ വെപ്പ്‌ .................
ഇത്തരം കലവറകളില്‍ നിന്നും അതിരുചികരങ്ങളായ
വിഭവങ്ങള്‍ മാത്രമെ വിളമ്പുക പതിവുള്ളു എന്നാണു
നടത്തിപ്പുകാരുടെ അവകാശവാദം .............
നമ്മളെല്ലാവരും അതനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍
ആണല്ലോ ..................

കുറച്ചു കാലങ്ങളായി പുതിയ ചില കലവറക്കാര്‍
( അടുക്കളക്കാര്‍ ) ഭൂമുഖത്ത് ഇറങ്ങിയിട്ടുണ്ട്.......
അവര്‍ നമ്മള്‍ക്ക്‌ അജ്ഞാതമായ പല പുതിയ
വിഭവങ്ങളുമുണ്ടാക്കി വിളമ്പി തരുമത്രേ...........
അതിന്‍റെ കുത്തക അവകാശം അവര്‍ക്ക്‌ ജന്മമായി
പതിച്ചു കിട്ടിയിട്ടുണ്ടത്രേ......
അവര്‍ നാലാമത്തെ എസ്റ്റേറ്റ്‌ എന്നാണത്രേ അറിയപ്പെടുന്നത്....
എവിടെയാണ് ഈ എസ്റ്റേറ്റ്‌ എന്ന് നമുക്ക്‌ കണ്ടെത്തുക
അല്‍പ്പം പ്രയാസം തന്നെയാണേ..............

അതാ വരുന്നു ഒരു സംഘം അമ്മച്ചിമാര്‍  ..............
തലയില്‍ ചുമടായി വലിയ കൊട്ടകള്‍ ,  വള്ളികൊട്ടകള്‍ ....
അവയില്‍ നിന്നും ആവി പറക്കുന്നുണ്ടോ...............
അതോ പുകയാണോ, പുകയുകയാണോ.........
ബ്രെക്ഫാസ്ടുണ്ട്, ലഞ്ച്, ഡിന്നര്‍ മാത്രമല്ല
നാളത്തെമെനുവിന്‍റെ സാമ്പിളുമുണ്ട് സാറേ ...
സാറേ , സാറേ , സാമ്പാറെ........................
നമ്മെ തടഞ്ഞു നിര്‍ത്തി അവരുടെ ചുമടു ഇറക്കി
അവര്‍ മലര്‍ക്കെ ചിരിക്കുന്നു.........
ഇന്നു കടം , നാളെ റൊക്കം..............
അങ്ങനെ എന്നും നിങ്ങള്‍ക്ക് കടം കിട്ടും ...............
കൊട്ടയിലെ വിഭവങ്ങളിലേക്ക് ഒറ്റ നോട്ടം മതി....
വായില്‍ കപ്പലോടും.......
ചിലപ്പോള്‍ വഴിയിലും കപ്പലോടും.......
എരിവും പുളിയും കടുകട്ടി മസാലയും........
ഹ... എന്തൊരു രസം.........
മോഹന്‍ലാല്‍ അച്ചാറ് പോലെ......
പഞ്ചാമൃതം പോലെ.......
അങ്ങനെ നമ്മളില്‍ പലരും അവരോട്
സ്ഥിരം കടക്കരായി തീരുന്നു....

ഈ വിഭവങ്ങളുടെ നിര്‍മ്മിതി എങ്ങനെ
ആയിരിക്കുമെന്നതില്‍ സാധാരണ
അടുക്കളക്കാര്‍ക്ക് കുശുകുശുമ്പ്.........
അവര്‍ക്ക് മാത്രമല്ല നമുക്കും കുശുമ്പ്‌......
ഈ നാലാമത്തെ എസ്റ്റേറ്റ്‌, അതിലേക്കൊന്നു
എത്തിനോക്കിയാലോ.......
ഇത് അത്രയെളുപ്പത്തില്‍ സാധ്യമാകണമെന്നില്ല.....
അവിടം മുഴുവന്‍ കൃഷി ചെയ്യാനായി ക്വട്ടേഷന്‍
സംഘങ്ങള്‍ക്ക് പാട്ടത്തിനു കൊടുത്തിരിക്കയാണ്.........
അവരവിടെ വേട്ടൈയാടി വിളയാടുകയാണത്രെ...
പാട്ട ഭൂമിയിലേക്കുള്ള അന്യരുടെ പ്രവേശനം ....
ഹൌ.... അചിന്ത്യം.........
എന്തായാലും നമുക്കൊന്ന് എത്തിനോക്കാം.....
(കാക്കതൊള്ളായിരം നോട്ടങ്ങളുണ്ട് ഇക്കാണുന്ന
ഈരേഴു പതിനാലു ലോകങ്ങളില്‍ , അതില്‍ വലിയ
കുഴപ്പമില്ലാത്ത നോട്ടമാണ് എത്തിനോട്ടം...!)
എത്തിനോക്കിയപ്പോള്‍ ചിലതെല്ലാം മനസ്സിലായി.....

നമ്മുടെ അടുക്കളയിലെ പാചക രീതിയല്ല ഈ
നാലാം എസ്റ്റേറ്റ്‌ നടത്തിപ്പുകാര്‍ക്ക്‌.....
നമ്മുടെ ആഹാരം കലത്തിന്റെ അകത്ത്‌. ...
അടുപ്പിന്‍റെ മീതെ കലം... ...
പുറത്ത്‌ കരി, കലംകരി, ചുറ്റും പുക......
അടുപ്പില്‍ വിറക് .....
പുകഞ്ഞു മുനിഞ്ഞു
കത്തുന്ന തീ......
തീ.......പുക......ഊത്ത്‌......
ഫൂ...... ഫൂ.....ഊത്ത്‌.....
കുഴല്‍ വെച്ചു കുഴലൂത്ത് .......
ഊതിക്കത്തിക്കാന്‍ നെഞ്ചിലെ എഞ്ചിനും.....

എന്നിട്ടും കത്താതെ, സിഗരട്ട് പോലെ
പുകഞ്ഞുകൊണ്ടിരിക്കുന്നവയെ പെറുക്കിയെടുത്ത്‌
പുറത്തേക്ക്‌ ..... മുറ്റത്തേക്ക്‌.... പറമ്പിലേക്ക്‌...
എറിഞ്ഞുകളയുന്നു...........
പുകഞ്ഞ കൊള്ളി പുറത്ത്‌ ....!!
(കൊള്ളിക്ക് ..... വിറകിന്നു.... കത്താനുള്ള യോഗ്യത
ഇല്ലാത്തതുകൊണ്ടാണ് അതിപ്പോള്‍ പറമ്പില്‍
അനാഥമായി കിടക്കുന്നത്.......)
പുകയാത്ത കൊള്ളി -- കത്തുന്ന വിറക്‌ - തന്‍റെ
ഊഴവും കാത്തുകൊണ്ട് അടുപ്പിന്നരികെ തയ്യാറാക്കിയ
അട്ടത്ത് - വിട്ടത്ത് പരിലസിക്കുന്നു........

പുകഞ്ഞ കൊള്ളികള്‍ നല്ല നടപ്പ്‌
ജാമ്യത്തില്‍ പ്രവേശിച്ച്
മര്‍മ്മാണി , കര്‍മ്മാണി , തക്കിട
തരികിടാതി ചികില്‍സകള്‍ക്ക് വിധേയരായി
വീണ്ടും ജ്വലിക്കാനായി പയറ്റി തെളിഞ്ഞു
വരുന്നുണ്ടത്രേ......
... ... ... ... ... ...
പറമ്പില്‍ നിന്നും എന്തോ ബഹളം കേള്‍ക്കുന്നുണ്ടല്ലോ ..
അയ്യോ , എല്ലാം പോയല്ലോ ....
മോഷണം ... കൊള്ള.... കവര്‍ച്ച...
ഉണങ്ങാന്‍ ഇട്ടിരുന്ന പുകഞ്ഞ കൊള്ളികളെ
കാണാനില്ല..... അടുക്കളക്കാരിയുടെ
രോദനം ..... വിലാപം....
അയല്‍പക്കങ്ങളില്‍ എല്ലാം ഇപ്രകാരം
തന്നെയെന്നും വാര്‍ത്ത .... 
ഇതെങ്ങനെ സംഭവിച്ചു....
കൊട്ട, വള്ളിക്കൊട്ട, കൊട്ടേഷന്‍
സംഘങ്ങളുടെ സേവനത്തിന്റെ ചുമടും
തലച്ചുമടും പരസ്യമെന്ന രഹസ്യം
പോലെ പലര്‍ക്കും ആശങ്കയാവുന്നു...
നാട്ടിലെയും കാട്ടിലേയും മുഴുവന്‍
പുകഞ്ഞ കൊള്ളികളെയും
തൂത്ത് വാരിയെടുത്ത്‌
അടുക്കളയില്‍ ഭദ്രമായി സൂക്ഷിച്ചു
വെച്ചിരിക്കുന്നു വത്രേ.....

ഇങ്ങനെ നാലാം എസ്റ്റേറ്റ്‌ പാചക
വിദഗ്ദ്ധര്‍ പുകഞ്ഞ കൊള്ളികളെ
ചെറിയ കെട്ടുകള്‍ ആക്കി അവക്കിടയിലെക്ക്
വെടിമരുന്നു നിറച്ചു അടുപ്പില്‍ വെച്ചു
തീ കത്തിക്കുന്നു.......
ചെറിയ, വലിയ സ്ഫോടനത്തോടെ അവ
തെളിഞ്ഞു കത്തിയമര്‍ന്നു മണ്ണിന്നു പോലും
വേണ്ടാത്ത ചാരമായി തീരുന്നു.....
അങ്ങനെ അവര്‍ നിര്‍മ്മാണ ചെലവില്ലാത്ത
മൂല്യ രഹിതങ്ങളായ ഉല്‍പ്പന്നങ്ങള്‍
ഉണ്ടാക്കി നമ്മെ സ്ഥിരം കടബാധിതര്‍
ആക്കി മാറ്റുന്നു.....

അമ്മ കലവറകളെന്നും അച്ചന്‍ കലവറകളെന്നും
മക്കള്‍ കലവറകളെന്നും അവകാശപ്പെടുന്ന
പല നാലാം എസ്റ്റേറ്റ്‌കാരും അവരുടെ
അടുപ്പുകളില്‍ കത്തിക്കാന്‍ ഉപയോഗിക്കുന്നത്
മറ്റുള്ളവര്‍ വലിച്ചെറിഞ്ഞ പുകഞ്ഞ കൊള്ളികള്‍
ആണെന്നത് അത്ഭുതകരവും ഒപ്പം നിര്‍ഭാഗ്യകരവും
ആണെന്ന കാര്യം സുവിദിതവും
നിസ്തര്‍ക്കവുമാണ്...........!

പുകഞ്ഞ കൊള്ളി പുറത്ത്‌
എന്ന പല്ലവി തിരുത്തേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു.....!

വിഡ്ഢിപ്പെട്ടി സൂക്തങ്ങള്‍ നമ്മെ
(സുകൃത/വികൃത)വല്‍ക്കരിക്കുന്നതിന്റെ
സ്വാരസ്യം ഓര്‍ത്തുകൊണ്ടു.......
=========
ടി. കെ. ഉണ്ണി
൨൫-൦൫-൨൦൦൯

തിങ്കളാഴ്‌ച, മേയ് 11, 2009

മാതൃ ദിനം

മാതൃ ദിനം
========
അല്ലയോ മാതാവേ താങ്കള്‍ ഞങ്ങള്‍ക്ക്‌
ജന്മം നല്കി , ജീവാമൃതം നല്കി ,
പോറ്റി വളര്‍ത്തി പന പോലെയാക്കി ...
ഞങ്ങള്‍ ഇന്നത്തെ ഞങ്ങള്‍ ആയതിന്‍റെ
വലിയ പങ്ക് മാതാവിന്‍റെ കാരുണ്യം
തന്നെയാണേ........!
എപ്പോഴെങ്കിലും - അപൂര്‍വമായി മാത്രം -
ഞങ്ങള്‍ അതേപ്പറ്റി ആലോചിച്ചു തുടങ്ങുമ്പോഴേ
ഞങ്ങള്‍ക്ക്‌ വലിയ ടെന്‍ഷന്‍ .........!
എന്തിനും ഏതിനും ടെന്‍ഷന്‍ ഉള്ള
ഇക്കാലത്ത്‌ ഇങ്ങനെയുള്ള ടെന്‍ഷന്‍ എല്ലാം
ഞങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണ് . .....!
അതിനുള്ള നേരമൊന്നും ഞങ്ങള്‍ക്കില്ല.....!
പ്രത്യേകിച്ച് തിരക്കേറിയ കൃത്യാന്തര
ബാഹുല്യം കൊണ്ടു നട്ടം തിരിയുന്ന
ഞങ്ങള്‍ക്ക്‌ അത് തീര്‍ത്തും അസാധ്യം .....!
അതിനാല്‍ അഖില ലോക ഉത്തമന്മാര്‍
ആയ ഞങ്ങള്‍ എല്ലാവരും സംഘടിച്ചു
വളരെ സൌമനസ്യപൂര്‍വ്വം വര്‍ഷത്തില്‍
ഒരു ദിവസം ''തള്ളമാരെ'' നിങ്ങള്‍ക്കായി
പതിച്ചു തന്നിരിക്കുന്നു.............!!
കൂടാതെ ഏതാനും സന്ദേശ വാക്യങ്ങളും
ചില ചില്ലറ സമ്മാന പൊതികളും
ഓണ്‍ ലൈനായി എത്തിക്കാനുള്ള
ഏര്‍പ്പാടുകള്‍ക്കും ഞങ്ങള്‍ കരാര്‍
ചെയ്തിട്ടുണ്ട്...........!
ഇനിയെന്ത് വേണമെന്നാ തള്ളമാരെ
നിങ്ങള്‍ പറയുന്നത്.........?
എന്താ....... ഞങ്ങളോടോപ്പമോ.....?
അതിനിച്ചിരി പുളിക്കും......!
സ്വപ്നം കണ്ടിരുന്നാ മതി തള്ളെ.....!
ഞങ്ങള്‍ക്ക്‌ അടിച്ചു പൊളിച്ചു
ആഘോഷിക്കാന്‍ വര്‍ഷത്തില്‍ ആയിരം
ദിവസങ്ങള്‍ ഉണ്ടായാലും മതിയാകാത്ത
കാലത്താണ് ഒരു മുഴുവന്‍ ദിവസവും
പതിച്ചു കിട്ടിയിരിക്കുന്നത് ...........!
തള്ളയുടെ പേരിലാണെങ്കിലും ദിവസം
മുഴുവനും ഞങ്ങള്‍ കുടിച്ചു മദിച്ചു
അടിച്ചു പൊളിച്ചു ആഘോഷിക്കും.....!
ഞങ്ങള്‍ക്ക്‌ ഇപ്പോഴത്തെ
എല്ലാ ദൈവങ്ങളോടും
ഒത്തിരിയൊത്തിരി നന്ദിയുണ്ട്.....!
ഇങ്ങനെ അതിഗംഭീരമായി കുടിച്ചു
മദിച്ചു അടിച്ച് പൊളിച്ചു ആഘോഷിക്കാന്‍
അവസരമൊരുക്കിയത് ഞങ്ങള്‍
തന്നെയാണെങ്കിലും അതിന്‍റെ ക്രെഡിറ്റ്
നിങ്ങള്‍ ദൈവങ്ങള്‍ക്ക്‌ ഇരിക്കട്ടെ.....!
കാര്യങ്ങള്‍ നേരാം വണ്ണം നടക്കാന്‍.....!
അടിക്കടി ഞങ്ങള്‍ വഴിപാടുകള്‍ തരാം....!
കോര്‍പ്പരെറ്റ്‌ ഭീമന്മാരില്‍ നിന്നും
വൈവിധ്യമാര്‍ന്ന നിവേദ്യങ്ങള്‍ വാങ്ങി
അര്‍ച്ചനയും പൂജയും നടത്താം......!
ഇനി നിങ്ങള്‍ക്ക് സമ്മതം അല്ലെങ്കിലും
ഞങ്ങള്‍ ഈ ദിനം അടിച്ചു പൊളിച്ചു
ആഘോഷിക്കും........!!
തള്ളയുടെ പേരില്‍ ആഘോഷിക്കാന്‍
കിട്ടുന്ന വര്‍ഷത്തിലെ ഒരേ ഒരു ദിവസം
അത് ഞങ്ങള്‍ ആര്‍ക്കും വിട്ടു തരില്ല.....!
അല്ലെങ്കില്‍ ഞങ്ങള്‍ക്കെങ്ങനെയാ
തള്ളയെ ഓര്‍മിക്കാന്‍ പറ്റുക?......!
::::::: ::::::
ടി. കെ. ഉണ്ണി
൧൧-൦൫-൨൦൦൯
..................
വാല്‍ക്കഷ്ണം: അമ്മയെ ഓര്‍മിക്കാന്‍ ഒരു ദിവസം -- 
വളരെ വിചിത്രമായ ഒരു പരികല്‍പ്പന. ഈ പരികല്‍പ്പന
മാതൃത്വത്തെ അപഹാസ്യവും അസംബന്ധവും ആക്കുന്നതായി 
എനിക്ക് തോന്നുന്നു. കാര്യകാരണങ്ങള്‍ ഏവര്‍ക്കും
സുപരിചിതമായവ തന്നെ.......
(ഗദ്യ കവിതാ രൂപത്തില്‍ എഴുതാനുള്ള ഒരു പരിശ്രമം)

വെള്ളിയാഴ്‌ച, മേയ് 01, 2009

മെയ്‌ ദിനം

അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുവിന്‍
സര്‍വ രാജ്യ തൊഴിലാളികള്‍ക്ക്‌
മെയ്‌ ദിന ആശംസകള്‍
==========
ടി. കെ. ഉണ്ണി
൦൧-൦൫-൨൦൦൯

ബുധനാഴ്‌ച, ഏപ്രിൽ 22, 2009

ഛായ

സ്നേഹ നിര്‍ഭരമായ മനസ്സുള്ളവരുടെ
പരിശുദ്ധ സ്നേഹത്തിന്‍റെ ശീതള ഛായ ,
ജീവിത പ്രയാണത്തിന്റെ പ്രയാസങ്ങളെയും
പ്രതിസന്ധികളെയും ആയാസകരം
ആക്കിക്കൊണ്ട് മുന്നേറുന്നതിന്നു
വ്യാകുലമായ മനുഷ്യ കുലത്തെയും
മറ്റു ജീവജാല ലോകത്തെയും
പ്രാപ്തമാക്കുന്നു !.
==========
ടി. കെ. ഉണ്ണി.
൨൨-൦൪-൨൦൦൯

തിങ്കളാഴ്‌ച, മാർച്ച് 09, 2009

പറുദീസാ നഷ്ടം

പറുദീസാ നഷ്ടം
=========
പൂത്തുലഞ്ഞു സൌരഭ്യം വിതറി നില്‍ക്കുന്ന ചെമ്പകവും ഹൃദ്യമായ സുഗന്ധാനുഭൂതി 
നല്‍കുന്ന പനിനീര്‍ ചെടികളും നന്ത്യാര്‍വട്ടവും തുളസിയും കൃഷ്ണ-കര്‍പൂര തുളസികളും വല്ലിപ്പടര്‍പ്പുകളായി പന്തലിട്ടു നില്‍ക്കുന്ന പിച്ചിയും മുല്ലയും 
ഈശ്വരമുല്ലയും അവക്കെല്ലാം ചുറ്റും ജാഗ്രതയോടെ നിന്നുകൊണ്ട് പ്രകൃതിയെ 
നോക്കി മന്ദഹസിച്ചുകൊണ്ട് പരിലസിക്കുന്ന ചെത്തിയും ചെണ്ടുമല്ലിയും ജമന്തിയും കാശിത്തുമ്പയും സൂര്യകാന്തിയും കോഴിവാലനും അവക്കെല്ലാമിടയില്‍ 
രാപകലെന്യേ കാവലാളുകളായി നിന്നു പ്രകാശം പരത്തിക്കൊണ്ട് വൈവിധ്യമാര്‍ന്ന വര്‍ണ്ണങ്ങളിലുള്ള ചെമ്പരത്തി ചെടികളും ഇവര്‍ക്കെല്ലാം പീഠം ഒരുക്കിക്കൊണ്ട്
പരവതാനിപോലെ പരിലസിച്ചിരുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള പത്തുമണി,
നാലുമണി പൂക്കളും അവക്ക് കസവ് കരകള്‍ നെയ്തുകൊണ്ട് വര്‍ണ്ണ ചീരകളും
വര്‍ണ്ണ കൂര്‍ക്കചെടികളും കൊണ്ട് അലങ്കരിച്ച മനോഹരമായ ഒരു കൊച്ചു പൂന്തോട്ടം ഞങ്ങള്‍ക്കുണ്ടായിരുന്നു. (അന്ന് - അറുപതുകളില്‍. )

ഞങ്ങളുടെ വീടിന്‍റെ പടികടന്നു അകത്തേക്കുള്ള വഴിയുടെ വലതുവശത്ത് 
മുറ്റത്തിന്റെ പകുതിയോളം വരുന്ന ഭാഗത്താണ് കൊച്ചുപൂന്തോട്ടം ഉണ്ടായിരുന്നത്.
അകത്തേക്കുള്ള വഴിയുടെ ഇടതുവശത്ത് വിവിധ വര്‍ണ്ണങ്ങളിലുള്ള ഇലചെടികളും നട്ടുപിടിപ്പിച്ചിരുന്നു.  വീടിന്‍റെ മുമ്പിലൂടെയുള്ള ഇടവഴിയിലൂടെ (ഇപ്പോഴത് വലിയ 
വീതികൂടിയ റോഡ്) കടന്നു പോകുന്നവരെയെല്ലാം അത്തര്‍ പൂശികൊടുക്കുന്ന 
ദൌത്യം ഞങ്ങളുടെ പൂന്തോട്ടത്തിനുണ്ടായിരുന്നു.  ഇടവഴിക്കപ്പുറത്തെ കിഴക്കേ വീട്ടുകാര്‍ക്ക് വര്‍ഷങ്ങളോളമായി അത്തർ പൂശിക്കൊടുക്കുകയായിരുന്നു ഞങ്ങളുടെ
കൊച്ചു പൂന്തോട്ടം .

ഏകദേശം നൂറുമീറ്റര്‍ വൃത്തപരിധിയില്‍ ഹൃദ്യമായ പരിമളം വിതറിക്കൊണ്ടിരുന്ന 
പൂന്തോട്ടം ഞങ്ങള്‍ കുട്ടികളുടെ അഭിമാനമായിരുന്നു.

രാവിലെ സ്കൂളില്‍ പോകുന്നതിനു മുമ്പ് തോട്ടത്തിലെ ചെടികള്‍ക്കും വല്ലികള്‍ക്കും
പൂചെടികള്‍ക്കും വെള്ളം ഒഴിക്കല്‍ ഒരു ദിനചര്യ പോലെ ആയിരുന്നു. വെള്ളം അങ്ങ്
ദൂരെയുള്ള (തോട്ടത്തില്‍നിന്നും പത്തെഴുപത് മീറ്റര്‍ അകലെ ) ചിറയില്‍ നിന്നും
(ഒരു കൊച്ചു പുഴയുടെ കൈവഴിയായി പറമ്പിലേക്ക് വെട്ടിയുണ്ടാക്കിയ തോട്)
കുടത്തില്‍ കോരിക്കൊണ്ട് വന്നാണ് തോട്ടം നനച്ചിരുന്നത്.

നാലുമണിക്ക് സ്കൂള്‍ വിട്ടാല്‍ വീട്ടിലേക്കെത്താന്‍ മല്‍സരിച്ചുള്ള നടത്തമാണ്
പതിവ്.  വീട്ടിലെത്തി എന്തെങ്കിലും ആഹാരം കഴിച്ചു തോട്ടത്തിലേക്ക്കടക്കും.
സന്ധ്യയാകുന്നതു വരെ അവിടെയാണ്കളിക്കുക.  ഞങ്ങളോടൊപ്പം കളിക്കൂട്ടുകാരായി എല്ലാദിവസവും വിവിധയിനം പക്ഷികളും കിളികളും അണ്ണാറക്കണ്ണനും ധാരാളം
ചിത്രശലഭങ്ങളും ചിലപ്പോഴൊക്കെ ചെമ്പോത്തും പചിലപ്പാമ്പും കൂടാറുണ്ടായിരുന്നു.
ചില ദിവസങ്ങളില്‍ കോഴി ആശാന്മാര്‍ ഞങ്ങളുടെ ഇരിപ്പിടങ്ങള്‍ ചിക്കിമാന്തി നശിപ്പിക്കുമായിരുന്നു. ഇന്നത്തെപ്പോലെ ചുറ്റ്‌മതിലുകളും അടച്ചു തുറക്കുന്ന പടികളും
അന്ന് കുറവായിരുന്നു. അതിനാല്‍ ചിലപ്പോഴൊക്കെ ചില കൊച്ചു കള്ളന്മാര്‍ പൂക്കള്‍
മാത്രമല്ല പൂച്ചെടികളും മോഷ്ടിച്ച് കൊണ്ടുപോവുക പതിവായിരുന്നു.!

൧൯൮൦കളുടെ തുടക്കത്തില്‍ ഞങ്ങളുടെ ഗ്രാമത്തിലും ത്വരിത വികസനം അരങ്ങേറി.
ഞങ്ങളുടെ ഇടവഴി വീതിയേറിയ റോഡായി മാറി. വൈദ്യുതിയും ടെലഫോണും
ഓടിയെത്തി.  ഒപ്പം ഗള്‍ഫ് സാമ്പത്തിക സ്വാധീനവും. ജനങ്ങളില്‍ ഉണര്‍വും
ഉന്മേഷവും കളിയാടി. തുടര്‍ന്ന് ആകാശവും അന്തരീക്ഷവും ഇരുണ്ടു തുടങ്ങി.
പകലിന്‍റെ വെളിച്ചവും ഇരുട്ടിന്‍റെ തെളിച്ചവും മങ്ങിത്തുടങ്ങി. അതിന്‍റെ തീവ്രത 
ദിനേനയെന്നോണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അന്ന്, ഞങ്ങളുടെ ഇടവഴി 
റോഡായി മാറിയപ്പോള്‍, ഞങ്ങള്‍ക്കുണ്ടായത് പറുദീസാ നഷ്ടമാണ്...!

ഇന്നു, അന്നത്തെ ഓല മേഞ്ഞ വീടിന്നു പകരം മുവ്വായിരത്തിലധികം ചതുരശ്ര
അടി വരുന്ന ആധുനിക മാളികയാണ് ഉള്ളത്. മാളികക്ക് മുന്നില്‍ ബ്യൂടിഫുള്‍
ഗാര്‍ഡന്‍ ആന്‍റ് ലാന്റ്സ്കേപ്  ആണുള്ളത്. തെങ്ങും കവുങ്ങും മാവും പ്ലാവും
മുരിങ്ങയും ഞാവലും പേരമരവും ഏതാനും പപ്പായ മരങ്ങളും നിഷ്കരുണം മുറിച്ചും
പിഴുതും മാറ്റിയാണ് അതിന്നായി സ്ഥലം ഒരുക്കിയത്. അതില്‍ പതിനായിരങ്ങള്‍
ചിലവിട്ടു പശു പോലും തിന്നാത്ത പുല്ലും, ആടിന് പോലും വേണ്ടാത്ത ഇലചെടികളും,
വിഷം വമിപ്പിക്കുന്ന വന്യ സസ്യങ്ങളും, ഈച്ച പോലും ഇരിക്കാന്‍ മടിക്കുന്ന ദുര്‍ഗന്ധ
വാഹികളായ വര്‍ണ്ണ പൂക്കളുടെ ചെടികളും കൊണ്ടു നിറച്ചിരിക്കുകയാണ്. ആധുനിക
സ്പ്രിന്ക്ലര്‍ സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.

വന്യ വൃക്ഷ ലതാദികള്‍ നിറച്ചുകൊണ്ട് അലങ്കൃതമാവാറുള്ള ആധുനിക ഗാര്‍ഡന്‍ -
അവയെപ്പറ്റി നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.  മാളികയുടെ പുറം
മോഡിക്ക് അധിക ഭംഗി ലഭിക്കാനുള്ള സൂത്രവാക്യത്തില്‍ ഒതുങ്ങുന്നതാണ്
അതിന്‍റെ തത്വം.  അതിനാല്‍ വന്യമായ നിര്‍ജീവതയുടെ ശൂന്യ താളമായി
മാറുകയാണ് അതിന്‍റെ വിധിയെന്ന് പറയാം. നിഴലും കുളിര്‍ കാറ്റും ശുദ്ധ വായുവും
ഇല്ലാതെ അത്യുഷ്ണവും ദുര്‍ഗന്ധവും പ്രസരിപ്പിച്ചുകൊണ്ടു പരിസരാന്തരീക്ഷത്തെ
വിഷമയമാക്കുന്ന അവിടെ തുടിക്കുന്നത് നിര്‍ജീവതയുടെ മലീമസമായ 
ശൂന്യതാളമല്ലാതെ മറ്റെന്താണ്. !

ഞങ്ങളുടെ കൊച്ചു പറുദീസ,
അതുപോലൊന്ന്
പുനഃ സൃഷ്ടിക്കാന്‍ ആകുമോ?........
ക്ഷിപ്രസാധ്യമല്ല തന്നെ .........!

==========
ടി. കെ. ഉണ്ണി.
൧൨-൦൩-൨൦൦൯

എന്‍റെ ഗ്രാമത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്നും......

ഞായറാഴ്‌ച, ജനുവരി 25, 2009

റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍

റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍
=================
എന്താണ് റിപ്പബ്ലിക് :
പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമായ
ഒരു രാജ്യം .

വര്‍ഷാവര്‍ഷം നമ്മള്‍ രാജ്യം മുഴുവനും
(അങ്ങനെ പറയാം) റിപ്പബ്ലിക് ദിനം
ആഘോഷിച്ചുകൊണ്ടിരിക്കുന്നു. ....

നമ്മുടെ ശക്തിയുടെയും പ്രൌഡ
ഗാംഭീര്യതയുടെയും പ്രകടനവും
വിളംബരവും ആണിതെന്ന്‍ നമ്മളിലധികവും
വിശ്വസിക്കുന്നു. എല്ലാ വിധത്തിലും
നിഷ്ഫലമാകുന്ന ഒരു ദൌത്യം കൊണ്ട്
പൊതുജനത്തെ റി-പബ്ലിക് ആക്കുന്നു...!

അര നൂറ്റാണ്ടിലധികമായുള്ള ഈ
കെട്ടുകാഴ്ചകള്‍ക്കും ആഘോഷങ്ങള്‍ക്ക്
ശേഷവും നമ്മുടെ ബഹു ഭൂരിപക്ഷം
ഗ്രാമങ്ങളും അതിലധിവസിക്കുന്ന
രാജ്യത്തിലെ മൊത്തം ജനസംഖ്യയിലെ
മുക്കാല്‍ ഭാഗം വരുന്ന ജനങ്ങളും
(രാജ്യത്തെ റിപ്പബ്ലിക് ആക്കുന്ന പബ്ലിക്)
മനുഷ്യ ജീവിതത്തിന്ന്‍ അത്യാവശ്യമായ
അടിസ്ഥാന സൌകര്യങ്ങള്‍ പോലും
ലഭിക്കാതെ നരകിക്കുന്നു...!

പ്രിയപ്പെട്ട കെട്ടുകാഴ്ചക്കാരെ,
നിങ്ങള്‍ / അല്ല / നമ്മള്‍ , രാജ്യത്തിന്‍റെ
ആത്മാവ് എന്ന് നമ്മുടെ പൂര്‍വ്വികരില്‍
ചിലരെങ്കിലും വിശേഷിപ്പിച്ച ഗ്രാമങ്ങളിലേക്ക്
കടന്നുവന്നുകൊണ്ട് (രാജ്യത്തെ റിപ്പബ്ലിക്കാക്കിയ
പബ്ലിക്കിനോടൊപ്പം) ഒരു നിമിഷമെങ്കിലും
ചെലവഴിക്കൂ, ശേഷം ചിന്തിക്കൂ .........

ഈ ഗ്രാമീണ പൊതുജനത്തിനു
(പബ്ലിക്കിന്) എന്നെങ്കിലും തങ്ങളുടെ
റിപ്പബ്ലിക്കിന്‍റെ (ഭരണഘടന വിഭാവനം
ചെയ്ത പരമാധികാരത്തിന്‍റെ )
ഭാഗമായി തീരാനോ അതിന്‍റെ ആത്മ സത്തയെ
സ്വാംശീകരിക്കാനോ കഴിയുമോ....?
അതിവിദൂരം, അചിന്ത്യം , അല്ലെ?........!

അതുകൊണ്ടു തന്നെ എനിക്കുറപ്പുണ്ട് ,
ആഘോഷങ്ങള്‍ അവരുടേത് മാത്രമാണ്.....!!
അവര്‍ ആഘോഷിക്കുന്നു......!!!

===========
ടി. കെ. ഉണ്ണി
൨൫-൦൧-൨൦൦൯


ബുധനാഴ്‌ച, ജനുവരി 14, 2009

എ. ആര്‍ . റഹ്‌മാന്‍

ഇന്ത്യന്‍ സിനിമാ സംഗീതത്തിനു അന്താരാഷ്ട്ര
തലത്തില്‍ അംഗീകാരം നേടിക്കൊടുക്കുന്നതിന്
മലയാളി ബന്ധമുള്ള അല്ലാ രഖാ റഹ്‌മാന്‍
എന്ന സംഗീതജ്ഞന് സാധിച്ചതില്‍
ഹൃദയംഗമമായ അനുമോദനങ്ങള്‍ !

ഓസ്കാര്‍ പോലുള്ള കൂടുതല്‍ മികച്ച
വിജയങ്ങളും അംഗീകാരങ്ങളും
ലഭിക്കുമാറാകട്ടെ എന്ന്
ആശംസിക്കുന്നു.

എ. ആര്‍. റഹ്‌മാന്‍
താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ !
======
ടി. കെ. ഉണ്ണി
൧൪-൦൧-൨൦൦൯