ബുധനാഴ്‌ച, ഓഗസ്റ്റ് 20, 2014

പുഴുവും കാര്‍ക്കോടകനും


പണ്ടൊരിക്കൽ, ഒരു കൊച്ചുമാളത്തിലെ അന്തേവാസികളായിരുന്ന പാറ്റയും വണ്ടും 
ചീവീടും കുഴിയാനയും ചോണനുറുമ്പും സ്നേഹാദരങ്ങളോടെ ഒത്തൊരുമയോടെ സഹവസിച്ചുവന്നു.  ദിനചര്യയനുസരിച്ച് പരിസരപ്രദേശങ്ങളിൽ ആഹാരമന്വേഷിച്ചു 
പോവുക പതിവാണ്‌.  അവർ ശേഖരിച്ചുകൊണ്ടുവന്നിരുന്ന ആഹാരസാധനങ്ങളിൽ നിന്നും ആവശ്യമായത്ര ഭക്ഷിക്കുകയും മിച്ചമായുള്ളത് സൂക്ഷിച്ചുവെക്കുകയും ചെയ്തുവന്നു.

അങ്ങനെ ദീർഘകാലമായി സസുഖം വാണരുളുമ്പോഴാണ്‌ ആ പ്രദേശങ്ങളിൽ പ്രകൃതിക്ഷോഭമുണ്ടാവുന്നത്.  ആഞ്ഞടിച്ച കൊടുങ്കാറ്റും പേമാരിയും കാരണമായി തങ്ങളുടെ മാളവും പരിസരപ്രദേശങ്ങളും പ്രളയത്തിലായി.  മാളത്തിലെ അന്തേവാസികൾക്ക് കഷ്ടനഷ്ടങ്ങളേറെ ഉണ്ടായി.  സുക്ഷിച്ചുവെച്ച ആഹാരസാധങ്ങളിൽ കുറെ ഭാഗമെങ്കിലും പ്രളയജലത്തിൽ ഒലിച്ചുപോവാതെ സംരക്ഷിക്കാനായതും  ആർക്കും ജീവഹാനി ഉണ്ടായില്ലെന്നതും കഷ്ടതകൾക്കിടയിലും അവർക്ക് കൂടുതൽ ആത്മധൈര്യമുണ്ടാക്കി. അന്തേവാസികളെല്ലാവരും ഒത്തൊരുമയോടെ മാളത്തിലെ വെള്ളം വറ്റിച്ച് അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിൽ വ്യാപൃതരായി.  പുറത്ത് അപ്പോഴും പ്രളയജലം കുത്തിയൊലിച്ച് ഒഴുകിക്കൊണ്ടിരുന്നു. നിരന്തരം ജോലിചെയ്ത് തളർന്നിരുന്ന അന്തേവാസികളിൽ പലരും പതിവില്ലാത്തവിധം മയക്കത്തിലായി..

മക്കളെ, പ്രളയജലത്തിൽ മുങ്ങിപ്പൊങ്ങി മൃതപ്രായനായി ഒഴുകിവരുന്ന നിങ്ങളുടെ സഹോദരനെപ്പോലെയുള്ള ഒരു സാധു ജീവിയെ കണ്ടുവോ?.  ആ പാവത്താനെ കരക്കുകയറ്റി അന്നം കൊടുത്തു സംരക്ഷിക്കുക. അത് നിങ്ങൾക്ക് നന്മ വരുത്തും!  “ഒന്നോർക്കുക, നന്മയിലാണ്‌ തിന്മയുമുള്ളത്.!  നിങ്ങൾക്ക് നല്ലത് വരട്ടെ.!’’

ഇത് ചിലർ കേട്ടു.. ചിലർ കണ്ടു.. കേട്ടവരും കണ്ടവരും ഞെട്ടിയുണർന്നു. ഞങ്ങൾ കണ്ടത് സ്വപ്നമായിരുന്നല്ലോ, ഞങ്ങൾ കേട്ടത് അശരീരിയായിരുന്നല്ലോ. എന്നാൽ കാര്യം ഒന്നുതന്നെയായിരുന്നല്ലോ എന്നതാണ്‌ അവരെ അത്ഭുതപ്പെടുത്തിയത്.  തീർച്ചയായും ഇത് ദൈവികമായ വെളിപാട് തന്നെ.  നമ്മുടെ കഷ്ടതകൾക്ക് അറുതിയുണ്ടാവുന്ന സൽപ്രവർത്തിക്കായി അരുളപ്പാടുണ്ടായിരിക്കുന്നു.  ഉടനെ വേണ്ടത് ചെയ്യണം..  ദിവ്യവെളിപാടിൽ പ്രവൃത്തിയുടെ അനന്തര ഫലത്തെ സംബന്ധിച്ച് അവ്യക്തതയുണ്ടായിരുന്ന കാര്യം കൂട്ടുകാർ പരസ്പരം പങ്കുവെച്ചു. നന്മയിലധിഷ്ഠിതമായ ഏത് സൽപ്രവർത്തികളും ജീവജാലങ്ങളുടെ കടമയാണെന്ന തീരുമാനത്തിലെത്താൻ അവർക്ക് അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല.  അവർ തങ്ങളുടെ മാളത്തിനു പുറത്തേക്കിറങ്ങി ചെവിയോർത്തു.  അതെ, ശരിയാണ്‌ ഒരു ദീനരോദനം കേൾക്കുന്നുണ്ട്.  അങ്ങകലെ, കുത്തിയൊലിച്ചൊഴുകുന്ന പ്രളയനദിയുടെ അങ്ങേതലക്കൽ വളരെ മേൽഭാഗത്തുനിന്നും നേർത്തുനേർത്തുവരുന്ന ദീനരോദനം..
എന്നെ രക്ഷിക്കൂ.. എന്നെ രക്ഷിക്കൂ..

പെട്ടെന്ന് എല്ലാവരും പ്രവർത്തനനിരതരായി.  ത്രേതായുഗത്തിലെ ശ്രീരാമലക്ഷ്മണാദികളെയും വാനരസേനാവ്യൂഹത്തെയും അതിശയിപ്പിക്കുംവിധത്തിൽ പ്രളയജലനദിക്കു കുറുകെ സേതുനിർമ്മാണം നടത്തി മൃതപ്രായനായ സഹോദരജീവിയെ രക്ഷപ്പെടുത്തി, തങ്ങളുടെ മാളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്നവും വെള്ളവും കൊടുത്തു, വേണ്ട ശുശ്രൂഷകളും നൽകി. അതെ, ഈ ചേട്ടനെപ്പോലെ ആരും നമ്മുടെ കൂട്ടത്തിലില്ലല്ലോ എന്ന് അന്തേവാസികൾ അടക്കം പറഞ്ഞു.  പപ്പും പൂടയും വെച്ച് ഉഷാറായി തങ്ങളുടെ സ്വന്തക്കാരനായിത്തീർന്ന അതിഥി സുഹൃത്ത് ഒരു ചൊറിയൻ പുഴു ആയിരുന്നു. എല്ലാവരും അയാളെ മത്സരിച്ചു സ്നേഹിച്ചു, സന്തോഷിപ്പിച്ചു.  അമ്മൂമ്മക്കഥയിലെ കുഞ്ഞിനെപ്പോലെ പാലൂട്ടി തേനൂട്ടി തൊട്ടിലിലാട്ടി താരാട്ടി പരിപാലിച്ചു.  മജ്ജയും മാംസവും കൊഴുത്തു സുന്ദരക്കുട്ടപ്പനായ ചൊറിയഞ്ചേട്ടൻ എല്ലാവരുടേയും ഇഷ്ടതാരമായി മാറി. കൊഴുപ്പേറിയ ചൊറിയഞ്ചേട്ടന്റെ രോമകൂപങ്ങൾ രാസദ്രവങ്ങളാൽ വിജൃംഭിതമായപ്പോൾ അയാളുടെ പെരുമാറ്റങ്ങളിലുണ്ടായ ഭാവമാറ്റങ്ങൾ അന്തേവാസികളെ കൂടുതൽ ആകർഷിക്കുന്നതായിരുന്നു.

അങ്ങനെയിരിക്കെയാണ്‌ അവർ പതിവില്ലാത്തൊരു ശബ്ദം കേട്ടത്.  ഒരു ചീറ്റൽ പോലെ. അവർ നാലുപാടും പരതിനോക്കി. മാളത്തിന്റെ മുക്കും മൂലയും പരിശോധിച്ചു.  ചിലർ പരസ്പരം തുറിച്ചുനോക്കി.. എല്ലാവർക്കും പരിഭ്രമമായിരുന്നു ഉള്ളിൽ. ആരും അത് പുറമേക്ക് പ്രകടിപ്പിച്ചില്ല.  പക്ഷെ, ചൊറിയഞ്ചേട്ടനുമാത്രം ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. മാത്രമല്ല അയാൾ എല്ലാവർക്കും ധൈര്യം പകർന്നു.  ഇവിടെ യാതൊന്നും സംഭവിച്ചിട്ടില്ല. അതെല്ലാം നിങ്ങൾക്ക് തോന്നിയതാണ്‌. അതോടെ എല്ലാവരിലും ചൊറിയഞ്ചേട്ടനുള്ളപ്പോൾ നമുക്കെന്തിനു ഭയം? എന്നൊരു വിശ്വാസം ഉണ്ടായി.

നാളുകൾ പോകെപ്പോകെ പലപ്പോഴും ശീൽക്കാരശബ്ദം കേട്ടുകൊണ്ടിരുന്നു. അപ്പോഴെല്ലാം ചൊറിയഞ്ചേട്ടനിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ച് ധൈര്യം സംഭരിച്ച് നാളുകൾ നീക്കി അന്തേവാസികൾ.  എങ്കിലും ചിലരിൽ സംശയം ഉണ്ടാവാതിരുന്നില്ല. ധൈര്യവാനായ ചൊറിയഞ്ചേട്ടനെയും വകവെക്കാതെ ഇവിടെ വന്ന് നമ്മെ ഭയപ്പെടുത്തുന്ന ഈ ചീറ്റലുകാരൻ ആരാണ്‌?. മാത്രമല്ല, ഈയ്യിടെയായി നമ്മൾ ഭയചകിതരാവുമ്പോഴും ചൊറിയഞ്ചേട്ടൻ കൂടുതൽ സന്തോഷവാനായി കാണപ്പെടുന്നത് എന്തുകൊണ്ടാണ്‌? സംശയാലുക്കളായ അന്തേവാസികൾ കൂടിയാലോചിച്ച് രാപ്പകൽ നിരീക്ഷിക്കാൻ തീരുമാനിച്ചു. ചൊറിയഞ്ചേട്ടൻ അറിയാതെയായിരുന്നു തീരുമാനം.  ആ പരിശ്രമത്തിനു ഫലമുണ്ടായി. ശീൽക്കാരമുണ്ടാക്കുന്നത് ചൊറിയഞ്ചേട്ടൻ ആണെന്നും തത്സമയം ചൊറിയഞ്ചേട്ടന്‌ ഭയാനകമായ രൂപമാറ്റം സംഭവിക്കുന്നതായും ഉടൽ നേർത്തു നീണ്ടുവന്ന് തലയും വാലും ഉണ്ടാകുന്നതായും ശബ്ദമോ വെളിച്ചമോ മറ്റെന്തെങ്കിലും സാന്നിദ്ധ്യമോ ഉണ്ടായാൽ ആദ്യം തലയും പതുക്കെ വാലും അപ്രത്യക്ഷമായി സുന്ദരനായ ചൊറിയഞ്ചേട്ടനാവുന്നതും അവർ ഒളിച്ചുനിന്നു കണ്ടു.  അവർ കണ്ട കാര്യങ്ങൾ ചൊറിയഞ്ചേട്ടനറിയാതെ മറ്റു അന്തേവാസികളുമായി പങ്കുവെച്ചു.

അതെ, നമ്മുടെ മാളത്തിലെത്തിയിരിക്കുന്നത് പാവത്താനായ ചൊറിയഞ്ചേട്ടനല്ല, മാമലകളും മലഞ്ചരിവുകളും സമതലങ്ങളും ഒരുപോലെ വിഴുങ്ങി ഭരിച്ച് രമിച്ച് പിരിച്ച് പിഴിഞ്ഞടുക്കി പുതുമേച്ചിൽ സ്ഥലം തേടിയിറങ്ങിയ കാർക്കോടകൻ ചേട്ടനാണ്‌ ഇതെന്ന തിരിച്ചറിവ് എല്ലാവർക്കും പേടിസ്വപ്നമായിത്തീർന്നു.!

വെളിപാട് (അശരീരി) ദൈവികമാണല്ലോ.
വെളിപാട് കേട്ട് ചാടിയിറങ്ങിയ നമ്മൾ കബളിപ്പിക്കപ്പെടുകയായിരുന്നോ?
ദൈവം തന്റെ അനുയായിവൃന്ദത്തെ കബളിപ്പിക്കുമോ?
അതോ ദൈവത്തിന്റെ വെളിപാട് വ്യക്തമായി മനസ്സിലാക്കായ്കയാലാണോ ഇങ്ങനെ സംഭവിച്ചത്?
ഒരു ജീവൻ രക്ഷപ്പെടുത്തിയതും സംരക്ഷിച്ചതും അബദ്ധമായിത്തീരുന്നത് എന്തുകൊണ്ട്?
നന്മ ചെയ്യുന്നവർക്ക് തിന്മയുടെ ദുരിതഫലം ക്ഷിപ്രമാകുന്നതെന്തുകൊണ്ട്?
തിന്മകളിലും നന്മകളുണ്ടോ? അല്ലെങ്കിൽ തിന്മകൾ മാത്രം ചെയ്തവർ വാഴ്ത്തപ്പെടുന്നതെന്തുകൊണ്ട്?
സൽപ്രവർത്തി അഹങ്കാരമെന്നത്രെ പുതുഭാഷ്യം.!
അതനുസരിച്ച് ഒരു സൽപ്രവർത്തി ചെയ്തു എന്നതിൽ നമ്മൾ അഹങ്കരിച്ചുവോ?
പലവിധത്തിലുള്ള ചിന്തകളാൽ അന്തേവാസികൾ അസ്വസ്ഥരായി.
നമ്മൾ വലിയ വിഷമസന്ധിയിലാണുള്ളത്.  ഇനി നമ്മുടെ രക്ഷ ദൈവ പ്രാർത്ഥനയിൽ മാത്രം. 

കൂട്ടമായി പ്രാർത്ഥിച്ച് വെളിപാടു ദൈവത്തെ പ്രത്യക്ഷപ്പെടുത്തിയാലല്ലാതെ നമ്മുടെ ധർമ്മസങ്കടത്തിനു പരിഹാരിമില്ല എന്ന ധാരണയിൽ അന്തേവാസികളെല്ലാം പ്രാർത്ഥന തുടങ്ങിയ സന്ദർഭത്തിലായിരുന്നു, കാർക്കോടക സർപ്പദംശനത്താലെ നളരാജൻ അസ്ഥപ്രജ്ഞനായത്. സമസ്ത ലോകത്തെയും ജീവജാലങ്ങളെ കാർക്കോടകനിൽ നിന്ന് രക്ഷപ്പെടുത്തി, യമധർമ്മരാജനെ തന്റെ ധർമ്മ പരിപാലനത്തിനു സഹായിച്ചത് നളരാജനാണെന്ന് ധർമ്മപുരാണങ്ങളുടെ വിവക്ഷ! 
ഇവിടെ ഈ വെളിപാടു കാര്യത്തിലെ നമ്മുടെ വിവക്ഷ എന്താണ്‌.?
കഥ തീരുന്നു............ 
ഗുണപാഠം:   കാർക്കോടകനെ ഉപാധികളില്ലാതെ ഞാൻ തല്ലിക്കൊന്നു. നളനും യമധർമ്മരാജനും വേലിപ്പത്തലും മാളത്തിലെ അന്തേവാസികളും സംതൃപ്തരായി.

വാൽക്കഷ്ണം:   വേലിപ്പത്തലിലെ ഇഴയുന്ന പുഴുവിനെ പിടിച്ച് സ്വന്തം പൊക്കണത്തിലിട്ടാൽ അത് സർപ്പമാവും, കാർക്കോടകനുമാവും. പിന്നെ ദംശിക്കുകയും ചെയ്യും...

..ശുഭം.
ടി. കെ. ഉണ്ണി
൨൩-൦൫-൨൦൧൩ 

ചൊവ്വാഴ്ച, ജൂൺ 10, 2014

നീതി

നീതി
====
നീതി അതെന്റെ പേര്
അച്ഛനമ്മമാർ എനിക്കിട്ട ഓമനപ്പേര്
ഞാന്‍ കുരുടിയാണെന്ന്
എല്ലാരും പറയുന്നു.
പക്ഷെ, എനിക്ക് കാണാമെന്നത്
അവര്‍ക്കറിയില്ലല്ലോ!
കുരുടിക്കണ്ണുള്ള എന്റെ മുഖഭംഗി
അസൂയാവഹമാണത്രേ.!  
അത് നഷ്ടപ്പെടാതിരിക്കാനാണത്രേ
കറുത്ത കണ്ണടകളില്ലാത്ത കാലത്ത് 
കറുത്ത തുണികൊണ്ട് കണ്ണുമൂടിക്കെട്ടി
എന്നെ സുന്ദരിയാക്കിയത് !

കുട്ടിക്കാലത്ത് എല്ലാ മക്കളെയും പോലെ
മണ്ണുവാരി കളിക്കാന്‍ അനുവദിക്കാതെ
അവരെന്റെ കയ്യിലൊരു തുലാസ് തന്നു
അന്ന് തുടങ്ങിയതാണെന്റെ സങ്കടം !
കണ്ണുകളും കൈകളും തടവിലായപ്പോൾ
വിശപ്പും ദാഹവും ഒത്തിരി വര്‍ദ്ധിച്ചു
അച്ഛനമ്മമാർ, ബന്ധുക്കൾ, കൂട്ടുകാർ 
നാട്ടുകാർ എല്ലാവരും അത് തിരിച്ചറിഞ്ഞു
അവർ മത്സരിച്ചു, എന്നെ ഊട്ടിവളര്‍ത്തി
തിന്നാനല്ലാതെ വായകൊണ്ട് മറ്റൊന്നും വയ്യെന്നായി
ഇന്നിപ്പോൾ വായ തുറക്കുന്നത് വിശപ്പകറ്റാൻ മാത്രം.

വിശപ്പ്‌, അത് ചില്ലറക്കാര്യമല്ല !
എല്ലാത്തരം വിശപ്പുകളും അടക്കപ്പെടണം!

കിട്ടിയതൊക്കെ വാരിത്തിന്നു,
പനപോലെ ഞാൻ വളര്‍ന്നു  
മേനിയിൽ കൊഴുപ്പും മെഴുപ്പും തെഴുത്തു
അതുകണ്ട് മാലോകരിൽ കൌതുകമേറി
അവരെന്നെ പതിവില്ലാത്ത വിധം
ഓമനിക്കാന്‍ തുടങ്ങി....
രക്ഷിതാക്കളും ബന്ധുജനങ്ങളും 
അരുതാത്തിടത്ത് തൊട്ടുതലോടി
ഓമനിച്ചു മാനംഭംഗപ്പെടുത്തി...
കൂട്ടുകാർ മാറിൽ പിടിച്ചുരസിച്ച്
ചുണ്ടുറുഞ്ചിക്കുടിച്ചു ക്ഷതമേല്‍പ്പിച്ചു  
കളിച്ചു കാമുകരായി...
നാട്ടുകാർ പൃഷ്ഠത്തിൽ ഞെക്കിത്തലോടി
പീഡിപ്പിച്ചു സായൂജ്യമടഞ്ഞു ...
രാഷ്ട്രീയക്കാർ കാണുന്നിടത്തുവെച്ച്
വസ്ത്രാക്ഷേപം ചെയ്തു
പുലഭ്യം പറഞ്ഞു..
ഏമാന്മാർ ചതിയിൽ പെടുത്തി
ബലാല്‍സംഗം ചെയ്തു കടിച്ചുകീറി
വഴിയിൽ തള്ളി ...
എന്നിട്ടും ഈ മാലോകപ്പരിഷകള്‍ക്ക്
ഞാനിപ്പോഴും നീതി ദേവതയാണത്രെ!

എനിക്കുമുണ്ടൊരു ആത്മഗതം:
വിളിച്ചുകൂവാന്‍ നാക്ക് പൊങ്ങാത്ത വിധം
എന്റെ വായിലേക്ക് അപ്പക്കഷ്ണങ്ങൾ
തിരുകിക്കയറ്റുന്നവരോട് എനിക്ക്
നന്ദി കാണിക്കാതിരിക്കാനാവുമോ !!
===========

ടി. കെ. ഉണ്ണി
൧൦-൦൬-൨൦൧൪

ചൊവ്വാഴ്ച, മേയ് 20, 2014

എലിയും മലയും

എലിയും മലയും
= = = = = = = =
മലയോളമുള്ള എലികൾ
എലികളോളമില്ലാത്ത മലകൾ
നെട്ടോട്ടമോടുന്ന ഇരുകാലികളുടെ
നോട്ടത്തിലുള്ള ചുറ്റുവട്ടങ്ങൾ
കരണ്ടും ചുരണ്ടും ആർമാദിക്കുന്ന
ചൂഷകർ മൂഷികർ
തുരന്നു തുരന്നു പാതാളമാക്കുന്ന
ഇരുകാലുകളിൽ ഉയർന്നുനിൽക്കുന്ന
തുരപ്പന്മാർ പിശാചുക്കൾ
മലകളെ എലികളാക്കിയ പുലികൾ
ഇരുകാലി മൃഗങ്ങൾ
കണ്ണിൽ കനൽ കോരിയിട്ട്
ഇരുട്ടിനെ വെട്ടമാക്കി വട്ടത്തിൽ
തുരക്കുന്ന കുട്ടപ്പന്മാർ
ചിട്ടയായി വട്ടിയാക്കി നാടിനെ
വെട്ടിലാക്കിയ കോമരങ്ങൾ

മലയിലെ മാവിൽ ചക്ക
കേളി കേട്ടെത്തിയ മുയലുകൾ
ചക്കയിട്ടു മുയൽ ചത്തു
അത് പണ്ടത്തെ കഥ
മുയൽ ചക്കയിട്ടാലോ
ചക്കയിടുന്ന മുയലുകൾ
ചക്ക വീണു ചാവുന്ന മുയലുകൾ
ഇന്നിന്റെ ആഘോഷക്കാഴ്ച
അവരുടെ ഊഴം കാത്തുള്ള നിൽപ്പ്
ബെവറേജ് തോൽക്കുന്ന ശാന്തത
ചക്കയിട്ടു കളിച്ചു ചാവുന്ന മുയലുകൾക്കും
മലതുരന്നു പാതാളമാക്കുന്ന എലികൾക്കും
ഇരുകാലി പുലികളോടൊരു ചോദ്യം
തുരക്കാനുള്ള മലനിരകളെവിടെ
മലയിൽ ചക്കയിടാനുള്ള മാവുകളെവിടെ
ഇതുമൊരു ആഗോള പ്രതിഭാസമോ.!
= = = = = = =

ടി. കെ. ഉണ്ണി

തിങ്കളാഴ്‌ച, ഏപ്രിൽ 07, 2014

മഹിത

മഹിത
=====
മഹിത തന്നഞ്ചാം പിറന്നാളല്ലൊ
മതിമറന്നാഹ്ലാദിച്ചുല്ലസിച്ചവൾ
മകളെ മറന്നവർ  അടിച്ചുപൊളിച്ചു രസിച്ചേൻ
മാതാപിതാ ബന്ധുമിത്രാദി സംഘങ്ങൾ
മരണത്തിൻ പാതാളക്കുഴിയിലാഴ്ത്തിയവർ
മാനം നോക്കി വിരലുണ്ടു നിന്നവർ
മാലോകരാകെ ദുഃഖാർത്തരായപ്പോൾ
മാവിലായിക്കാരെത്തി കൊടുങ്കാറ്റുപോലെ
മണ്ണുമാന്തിയുണ്ടാക്കും മറ്റൊരു പാതാളം
മരിക്കില്ല, പുറത്തെടുക്കും, സ്വർഗ്ഗത്തിലാക്കും.!
മാനവമന്ത്രാലയമക്കൾ, അവരൊരു കൗരവപ്പട
മാനമില്ലാതായതെങ്ങിനെ, പാതാളത്തിലെത്താൻ
മണിക്കൂറുകളനവധി, ദിന രാത്രങ്ങളും..!
മന്നവവേന്ദ്രന്മാരെ, നിങ്ങളൂട്ടിയോ മകളെ
മഹിതയെ, താരാട്ടിയോ പൊന്നുതമ്പുരാട്ടിയെ
മറന്നുവോ മണിമുത്താം കിളിക്കൊഞ്ചലുകൾ
മിന്നിത്തിളങ്ങുമാ പൊന്നൊളി പൊന്മുഖവും
മരണക്കെണിയൊരുക്കി കാത്തിരുന്നവർ
മരിച്ചിട്ടും മരിപ്പിക്കാൻ വീണ്ടും പാതാളമാം
മരണക്കുഴിയൊരുക്കിയ സംരക്ഷകർ,
മൗനികളാം മന്നവർ കൂട്ടം കൂടിയെത്തി കാഴ്ചക്കായ്
മതിമറന്നാർത്തലച്ചെത്തി മാധ്യമ വാനരപ്പടകളും
മണ്ണിനെ, വിണ്ണിനെ, പ്രകൃതിയാമമ്മയെ
മാനഭംഗപ്പെടുത്തിയ മാനമില്ലാത്തവർ നമ്മളും
മതിമറന്നല്ലോ ആഘോഷിപ്പതീ ആധുനികോത്സവം.!
മക്കൾക്ക്, നിഷ്കളങ്ക ജന്മങ്ങൾക്ക് മോചനമേകാൻ
മരണക്കെണിയൊരുക്കി കാവലിരിക്കുന്ന
മൃത്യുവിന്റെ പൈശാചിക ജന്മങ്ങൾ.!
=========
ടി.കെ. ഉണ്ണി
25-06-2012
=========
വാല്‍ക്കഷ്ണം : എഴുപത്തിരണ്ടടി കുഴിക്കാൻ നമ്മുടെ കൗരവപ്പടക്ക് എമ്പത്തിനാലു മണിക്കൂർ, പാതാളനിർമ്മിതിയുടെ ആധുനിക സാങ്കേതികവിദ്യയും ഉണ്ടായിട്ടും മഹിതയെന്ന പിഞ്ചോമനയുടെ ജഡംപുറത്തെടുക്കുന്നതിൽ വിജയിച്ച രാജ്യരക്ഷാവിഭാഗത്തിന്‌ അ (ഭി / പ) മാനിക്കാവുന്ന നേട്ടമാണുണ്ടായിരിക്കുന്നത്..  അവരെ പതക്കങ്ങളും വീരശൃംഖലകളും നല്കി സ്വീകരിക്കാം..!!
(ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.)

ശനിയാഴ്‌ച, ഏപ്രിൽ 05, 2014

നട തള്ളൽ

നട തള്ളൽ
========
തള്ളയെ തല്ലിക്കൊല്ലുന്നതിനേക്കാൾ 
കൊള്ളാവുന്നത് നട തള്ളലല്ലേ.!
അത് തള്ളക്കൊരു വഴിപാടും
പിള്ളക്കൊരു ഒഴിപാടുമല്ലേ.!

പഴിക്കുന്നവര്‍ക്കറിയില്ല തള്ളയെ
കൊള്ളുന്നവര്‍ക്കറിയാം പിള്ളയെ
അവരും തള്ളതൻ പിള്ളാരുതന്നെ
ഉള്ളമില്ലാത്ത പൊങ്ങച്ചത്തവളകൾ.!
=========
ടി. കെ. ഉണ്ണി.

൨൭-൧൦-൨൦൧൩

തിങ്കളാഴ്‌ച, മാർച്ച് 24, 2014

ജന്മം

ജന്മം
= = =

ഉദകപ്പോളക്കുള്ളിലെ നെയ്ത്തിരി
പാതിവെന്ത വെളിച്ചം പോലെ.!
ആരോ പെറ്റിട്ടുപോയ ശാപത്തിന്ന്
കണ്ണോക്ക് പാടാനെത്തിയ മൂങ്ങ
ജന്മമെന്നതൊരു പാഴ്-വാക്ക്.!

ആറടി മണ്ണും അരിയിട്ടുവാഴ്ചയും
അഗതികൾക്കില്ലാത്തൊരാർഭാടം
ഏറ്റുവാങ്ങുകിലതുഭേദമെന്നുരചെയ്‌വോർ..
അരചനാവുന്നതോ, യിന്നെന്റെ മേനി.!
ജന്മമെന്നതൊരു പാഴ്-വാക്ക്.!

നെഞ്ചൂറ്റിയെടുത്തകന്നവരൊട്ടനേകം
നഞ്ചകത്താക്കിത്തന്നവരതിലധികം
ജരാനരകളകറ്റാൻ
തൃഷ്ണകൾ അളക്കാൻ
കാമനകളൊരുക്കാൻ
വാതായനങ്ങളടച്ച്
കോരിയെടുത്തവരെന്റെ ജന്മം..
ജന്മമെന്നതൊരു പാഴ്-വാക്ക്.!

തളിർത്തതും പൂത്തതും
വിരിഞ്ഞതും കരിഞ്ഞതും
പൊഴിഞ്ഞതും പറന്നതും
എല്ലാമെല്ലാം പാഴ്-വാക്കുകൾ.!
ജന്മങ്ങളെല്ലാം പാഴ്-വാക്കുകൾ.!!

= = = = = = =
ടി. കെ. ഉണ്ണി

൨൪-൦൩-൨൦൧൪ 

ബുധനാഴ്‌ച, മാർച്ച് 19, 2014

അവസാനത്തെ മരണം

അവസാനത്തെ മരണം
= = = = = = = = = = = =
ഊർദ്ധ്വശ്വാസം വലിക്കുന്ന എന്റെ മരണം
ആഘോഷമാക്കാനുള്ള തിടുക്കത്തിലത്രെ
സാമന്തന്മാരും അനന്തരവന്മാരുമെന്നത്
വെറുമൊരു ശ്രുതിയായി കരുതുവതെങ്ങനെ?
ചുണ്ടുനനക്കാനായൊരിറ്റു ദാഹജലത്തിനായ്
കേഴാത്ത ദിനരാത്രങ്ങളില്ല, വിളിക്കാത്ത
ദൈവങ്ങളില്ല, കേൾക്കാത്തവരാരുമില്ല.!
എന്നിട്ടുമെന്റെയൊടുക്കം കാംക്ഷിക്കുന്നവർ
അവർക്കിനിയും പിറക്കാത്തവർക്കായിട്ടൊരു
കരുതലിന്റെ സ്വപ്നത്തെപ്പോലും നിരസിക്കുന്നവർ
അവർക്കുണ്ടാഘോഷങ്ങൾ ബലാൽക്കാരവും
കൊല്ലും കൊലയുമെല്ലാം, തിരിച്ചറിവില്ലാതെ.!

വരണ്ട ദാഹത്താൽ വിണ്ടുപൊട്ടിയ കരളുമായി
മരിച്ചുണങ്ങുന്ന പാടങ്ങളെന്റെയന്നദാതാവ്..
കദനഭാരങ്ങളേറെ ഉണർത്തിയെന്നന്തരംഗം
താരാപഥമരുവും തമ്പുരാനോടോതിയെന്മനം
വെള്ളിക്കരങ്ങളാലനുഗ്രഹിക്കൂ, നീർമണിമുത്തുകൾ
വർഷിക്കൂ, അധരങ്ങളിലമൃതേകൂ, ഉയിർപ്പിനായ്..
ഭാസ്കരൻ നോക്കിച്ചിരിച്ചെന്റെ കണ്ണിൽ
കടലൊരുക്കി തിരമാലകളാഞ്ഞടിച്ചൊഴുക്കി
എന്നിട്ടുമെന്റെ ചുണ്ട് നനഞ്ഞില്ല, കപോലത്തി-
ലതുവറ്റിവരണ്ടുണങ്ങി ധൂളിയായകന്നു.!

അതുകണ്ടധികദനത്താലോതി മാരുതതനയനും
എന്നെത്തഴുകിത്താലോലിക്കുമാ പച്ചിലപ്പടർപ്പുകൾ
കിക്കിളികൂട്ടുമാമരച്ചില്ലകൾ മധുമക്ഷികൾ മേവും
മലർതോപ്പുകൾ പച്ചപ്പുതപ്പണിഞ്ഞ നെൽപ്പാടങ്ങൾ
മടിയിൽകിടത്തി താരാട്ടുപാടിയുറക്കുമാ മാമലക്കാടുകൾ
എല്ലാരുമിന്നെന്നെയനാഥനാക്കി മറഞ്ഞില്ലേ.. 

അരുതെന്നോതാനാവില്ലെനിക്കെന്നാലും തനയാ
കദനമേറെയുണ്ടെന്നന്തരംഗത്തിലും ചൊല്ലാം
എൻ പ്രകാശരേണുക്കളാഹരിച്ചാർമാദിക്കാൻ
ഇല്ലല്ലൊരിത്തിരി പച്ചപ്പെങ്കിലും നിന്നാരാമത്തിൽ
നിൻ സന്തതികളിത്രയും നീചരോ, നിർദ്ദയരോ,
മാതൃഹത്യ പാപമെന്നറിയീലയോ, അംഗഭംഗവും തഥാ,
എൻ കോപാഗ്നിവർഷത്താൽ ഭസ്മമാകീലയോ പ്രപഞ്ചം
ഓർക്കാത്തതെന്ത്? നിങ്ങൾ തന്നഹന്തയോ, മറവിയോ, മക്കളെ.!
ജീവനറ്റ ധൂമപടലങ്ങൾ മാത്രമീപ്പാരിലെങ്കിൽ, ഊർദ്ധശ്വാസവും
മരണവും ആഘോഷമാക്കുന്നതെങ്ങിനെ? അതത്ഭുതം.!
==========
ടി. കെ. ഉണ്ണി
൧൯-൦൩-൨൦൧൪ 
============ 
വാൽക്കഷ്ണംപ്രകൃതിയുടെ മരണം മനുഷ്യകരങ്ങളിലാണെന്നത് ദൈവം ഭയക്കുന്നതുകൊണ്ടാവണം ഇടക്കിടെ കുലുക്കവും നടുക്കവും ഊതിക്കളികളും മറ്റുമായ ചെപ്പടിവിദ്യകൾ കാണിച്ച് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്.!!

തിങ്കളാഴ്‌ച, മാർച്ച് 10, 2014

മുട്ടുശാന്തി

മുട്ടുശാന്തി
= = = = =
കൊട്ടംചുക്കാതിക്ക്‌ വാതം.!
കുറുന്തോട്ടിക്ക്‌ ചാഞ്ചാട്ടം.!
സർക്കാറിന്നത്‌ പൂന്തോട്ടം.!
കേസരി*, പരിപ്പിന്റെ കൊണ്ടാട്ടം.!
പൊട്ടും പൊടിയും പൂമ്പൊടിയും
മേമ്പൊടിയായൊരു പട്ടയവും
തട്ടുകടക്കൊരു മുട്ടുശാന്തി
മട്ടുമാറുമ്പോഴതൊട്ടുമില്ല.!!
കട്ടും കവർന്നും കളിപറഞ്ഞും
കയ്യിലകപ്പെട്ട പാപഭോഗം
കാലം കൊരുക്കുന്ന പൊൻകെണിയിൽ
കേഴുന്നതെന്താവാം, കാരുണ്യമോ.!
കാമം കേമമെന്നുള്ള കഴുതജന്മം
പേറുന്ന ഭാണ്ഡങ്ങൾ സ്വന്തമല്ലേ.!
ഭൂതാവേശിത കോമരങ്ങൾ പോലെ
കൽപ്പിക്കയല്ലേ ഭ്രാന്ത്‌, വിധിപോലെ.!
കടലിലെ മണ്ണും കരയിലെ ജലവും
ശൂന്യതയിലെ കാറ്റും വിണ്ണിലെ വിടവും
പഥ്യമായ വിവരദോഷങ്ങളെല്ലാം
ഭൂമുഖത്തന്യം വിശപ്പാളികൾക്കെന്നും.!
രക്ഷക്കായൊരപ്പൂപ്പൻതാടി അല്ലെങ്കിലൊരു-
ആറ്റനാറ്റപ്രളയം, അതിലൊരു പെട്ടകം.!
അല്ലെങ്കിലെന്നെ കൊടുക്കൂ രക്തദാഹികൾക്ക്‌
ലോകകാളക്കൂറ്റന്മാർ ഉന്മാദിക്കട്ടെ..?
==========
ടി. കെ. ഉണ്ണി
൨൭-൦൩-൨൦൧൨ 

തിങ്കളാഴ്‌ച, ഫെബ്രുവരി 24, 2014

വിലാപം

വിലാപം
= = = =
ഞാനൊരു പാവം സാരമേയം
ചങ്ങലയിലാണെന്റെ സ്വാതന്ത്ര്യം
കാരാഗൃഹമെന്റെ ഇഷ്ടഗേഹം
വാലാട്ടലെന്റെ കൃത്യനിഷ്ഠ.!
ഘോഷമായനർഗ്ഗള കണ്ഠക്ഷോഭം
മാറ്റൊലികൊള്ളുന്നുമനവരതം..
ഒരുനേരമെങ്കിലുമാഹരിക്കാൻ
പെടുന്ന കഷ്ടങ്ങളാരറിയാൻ.!

ദുരമൂത്ത മർത്യരാം യജമാനരും
കള്ളവും കൊള്ളയും പീഢനവും
അക്രമി പരിക്രമി ഭേദമില്ലാതെ
പരിധി ലംഘിക്കുന്ന മന്നവരും
കല്ലും വടിയും വെടിക്കോപ്പും, പിന്നെ
വിഷച്ചോറും കയ്യിലേന്തുന്നവർ..
എന്നാണിവർക്കൊരു കരളലിവ്
ഞങ്ങൾ ശ്വാക്കളും മൃഗങ്ങളല്ലേ.!

മണിക്കുട്ടി, ചിക്കു, മിക്കു, പക്രു
ഇവരെല്ലാം മാർജ്ജാര മുത്തുകൾ
മുൻകൂറായി മുഖത്ത് തല്ലുന്നവർ
മൃദുലമാണവരുടെ പാണികൾ
അവരോടെനിക്കെന്നും അസൂയമാത്രം
അക്കാണും മാളികയവരുടേത്
അന്തിയും മോന്തിയുമില്ലാതെ
അന്തിയുറക്കവുമങ്ങവിടെത്തന്നെ
എന്നാലും ഇഷ്ടമാണെനിക്കവരെ
അവർക്കില്ലൊരു ചങ്ങലയും.!
. . . . . . . .
മണത്തറിഞ്ഞു ഞാനവളുടെ സുഗന്ധം
മതിലിന്നപ്പുറമവളലയുന്നു വന്നടുക്കാൻ
കൊടിച്ചിയാണത്രെ, അവളെന്നാലും
ചങ്ങലയില്ലല്ലോ, സ്വാതന്ത്ര്യമതല്ലേ.!

അന്നൊരിക്കൽ മതിൽ താണ്ടിയവളെത്തി
കൊഞ്ചിക്കുഴഞ്ഞോതി പരിഭവത്താൽ
നിങ്ങൾ സുന്ദരൻ, സുമുഖൻ, ശൂരൻ
മണിമാളിക കാവൽക്കാരൻ മന്നൻ
താമസമീ മനോഹരമാം കോട്ടയിൽ
കഴുത്തിലോ കനകഹാരം കട്ടിയിൽ
കിലുങ്ങിത്തിളങ്ങുന്ന ചങ്ങലക്കണ്ണികൾ
വെള്ളിത്തളികയിലന്നം പരിപോഷകം
നിന്നെ നീരാട്ടാനെന്നുമൊരു കൊച്ചമ്മ
ചീകിയൊതുക്കി മിനുക്കാനും കൊച്ചമ്മ
പാലൂട്ടി താരാട്ടി ഓമനിക്കാനൊത്തിരിപ്പേർ
മുതുകിൽ തലോടി വാത്സല്യമേകുന്നവർ
കൊച്ചമ്മയും മക്കളും യജമാനനും.!

പ്രിയ സഖീ നീയെന്തറിഞ്ഞെന്റെ മാനസം
വീർപ്പുമുട്ടുന്നു ഞാനീ തടവറയിൽ
തകർക്കുമൊരുനാൾ ഞാനീ കോട്ടയെ
ചേരും വിണ്ണിൻ വിശാലഗേഹത്തിൽ
ശ്വസിക്കും സ്വാതന്ത്ര്യത്തിൻ ശുദ്ധവായു
മറക്കും ഞാനെന്റെ ദുരിതങ്ങളെല്ലാം.!

നാടിന്റെ രാജവീഥികൾ നമുക്കിന്നന്യമായി
അധമരാഷ്ട്രീയക്കാർ അവയേറ്റെടുത്തു
നമ്മുടെ പേരും പെരുമയും അവർക്കുതന്നെ
തമ്പ്രാക്കളും പ്രജകളും മറ്റാരുമല്ല.!
അവരനുഭവിക്കട്ടെ തെരുവിന്റെ ജീവിതം
കണ്ടുരസിക്കാം നമുക്കെങ്കിലും, ഹാ കഷ്ടം
അരുതരുത് സോദരരെ, നാം തമ്മിലില്ലൊരന്തരം
പരിഹസിക്കും നമ്മെ, പക്ഷിജാലങ്ങളെങ്കിലും.!

കമ്പിനടി വാങ്ങുന്നതും കല്ലേറുകൊള്ളുന്നതും
കാഞ്ഞവെള്ളത്തിൽ പൊള്ളുന്നതും
കമ്പും കവണയും തോട്ടയും പൊട്ടാസും
വളഞ്ഞിട്ട് തല്ലുന്നതും കൊല്ലാക്കൊലചെയ്യുന്നതും
അന്തരമില്ലാതെയേറ്റുവാങ്ങാൻ നമുക്കൊന്നാവാം
ഉയർത്താം മോചന കാഹളങ്ങൾ.!
==========
ടി.കെ.ഉണ്ണി 
൧൪-൦൭-൨൦൧൩