വ്യാഴാഴ്‌ച, ജൂലൈ 27, 2017

സ്വഭാവം തൃപ്തികരം

സ്വഭാവം തൃപ്തികരം
===============
സത്സ്വഭാവിയാവാനെന്തുചെയ്യണം വിഭോ.!
അപേക്ഷയതൊന്നെഴുതേണം
സർക്കാർ സാക്ഷ്യപ്പെടുത്തേണം.!
അതിനെന്തുണ്ട് മാർഗ്ഗമെന്നുര ചെയ്തീ
സങ്കടക്കടലീന്നു കരകേറ്റീടണം തമ്പുരാനേ.!
സർക്കാർ മുദ്രയാൽ സത്സ്വഭാവിയായീടും
ഞാൻ നാട്ടിലും മറുനാട്ടിലും മര്യാദരാമൻ പ്രഭോ.!

താലൂക്കേമാൻ തഹസീൽദാർ കനിയണം
കനിവിനായ് പരിവാരങ്ങളേവം കനിയണം
അവരുടെ കനിവിനായ് ശിങ്കിടികൾ കനിയണം
ഞാനവർക്കുമുമ്പിൽ കുനിയണം, കാണിക്ക
വെക്കണം, പ്രസാദിപ്പിക്കേണം,
അതാണു വഴി, നേർവഴി, നേരിന്റെ വഴിയും.!
ഈ നേരിന്റെ വഴിക്കുമുമ്പിലുണ്ട് കടമ്പകൾ
മുള്ളുവേലികൾ, താണ്ടാനനവധി..

ആദ്യമായാപ്പീസറെ, വില്ലേജാപ്പീസറെ കാണണം
സൌമ്യമായി കാര്യം പറയണം
പ്രതികരണമതെന്തായാലും
സുസ്മേരവദനനാം ഗ്രാമസേവകനെ കാണണം
അദ്ദേഹം സഹായിക്കും, നിർണ്ണയിക്കും
സ്വഭാവത്തിന്റെ രൂപരേഖകൾ.!
ചിലപ്പോൾ നിർദ്ദേശിക്കും
പകർത്തിത്തരും, ആവേശംവന്നാൽ.!
ആവേശം വരുത്തുകയാണ്‌ പതിവ്..
പതിവുകൾ മുടക്കരുതല്ലോ?
അപേക്ഷകനെ നേരിൽ പരിചയമുണ്ട്
അച്ഛനായും മുത്തച്ഛനായും
ഉള്ളവരെല്ലാം ഈ ഗ്രാമത്തിലെ
രേഖപ്പെടുത്തിയിട്ടുള്ള അംശം ദേശത്തിലെ
സ്ഥിരവാസികളും കരമടക്കുന്നവരുമാണ്‌.!
അന്വേഷണത്തിലും അറിവിലും പെട്ടിടത്തോളം
പശുവിനെപ്പോലെ പരിശുദ്ധനാണ്‌.!
രത്നം പതിച്ച പത്തരപ്പവൻ മാറ്റ് തങ്കമാണ്‌.!
വളരെ നല്ല സ്വഭാവമാണ്‌.!
അഞ്ചുരൂപ കോർട്ട്ഫീ സ്റ്റാമ്പ് പതിക്കണം
വില്ലേജാപ്പീസറുടെ സമക്ഷത്തിങ്കൽ
സമർപ്പിച്ചു കാത്തിരിക്കണം.
ഊഴമനുസരിച്ച് വിളിക്കും
ആപ്പീസറുടെ അഭിമുഖം, സാക്ഷ്യപ്പെടുത്തൽ
അപേക്ഷയുടെ മറുപുറത്ത് കുറിപ്പെഴുതി
ഒപ്പും മുദ്രയും ചാർത്തിയുള്ള കൈനീട്ട്.
ഭവ്യതയോടെ ഏറ്റുവാങ്ങുമ്പോൾ
ആപ്പീസറുടെ തിരുവായ്മൊഴി
ഇത് തഹസീൽദാർക്കുള്ള ശുപാർശക്കത്ത്
എല്ലാം എഴുതിയിട്ടുണ്ട്
താലൂക്കാഫീസിൽ പോവുക
അവിടെന്ന് കിട്ടും സത്സ്വഭാവ മുദ്ര.!
===========
ടി.കെ. ഉണ്ണി
18-04-2016
===========

വിഷുഫലം

വിഷുഫലം
========
വിഡ്ഡിപ്പെട്ടിയിൽ
വിഷു ആഘോഷമുണ്ട്
വിഷുക്കണിയും സദ്യയുമുണ്ട്
കണികാണാൻ കാഴ്ചയായി
അഭിനവ കൃഷ്ണന്മാരും
രാധമാരും തോഴികളുമുണ്ട്.
ചില്ലുകൂട്ടിൽ പച്ചപ്പുള്ള പ്രകൃതിയുണ്ട്
നിരത്തിവെച്ച പതക്കങ്ങളുണ്ട്
ഉറക്കമെണീറ്റ് കണ്ണടച്ചു വരൂ
വിഡ്ഡിപ്പെട്ടി തുറക്കൂ
വിഷുക്കണി കണ്ടുണരൂ
ഞങ്ങൾ ജനസേവകരാണ്‌.!
..

നിങ്ങൾ മുറ്റത്തിറങ്ങരുത്
മണ്ണിൽ ചവിട്ടരുത്
മാനത്ത് നോക്കരുത്
മണം പിടിക്കരുത്
പടക്കം പൊട്ടിക്കരുത്
ആനയെ കാണരുത്
ചെണ്ട കൊട്ടരുത്
പീപ്പി വിളിക്കരുത്
ശബ്ദം ശല്യമാണ്‌
അക്ഷരം ഉച്ചത്തിലാവരുത്
കക്ഷം വിയർക്കരുത്.!
……

വരൂ അകത്തേക്ക്
വിഡ്ഡിപ്പെട്ടി നിങ്ങൾക്കായി
അതെല്ലാം ഒരുക്കിയിട്ടുണ്ട്
നിങ്ങളുടെ ദൈവങ്ങൾ
നിങ്ങളുടെ വിശ്വാസങ്ങൾ
നിങ്ങളുടെ ആചാരങ്ങൾ
നിങ്ങളുടെ ആഹാരവും ജീവിതവും
അതെന്തെന്ന് തയ്യാറാക്കിയിട്ടുണ്ട്
രാപ്പകൽ ഞങ്ങളോടൊപ്പം ചെലവഴിക്കൂ
ഉത്സവങ്ങളും ആഘോഷങ്ങളും
പരിസ്ഥിതി സന്തുലിതമായി
ഞങ്ങൾ പെട്ടിയിലാക്കിയിട്ടുണ്ട്
ശീതോഷ്ണനിയന്ത്രിത മുറികളിൽ
ഞങ്ങളുടെ സെറ്റപ്പ് ബോക്സുകളിൽ
നിറച്ച വൈവിദ്ധ്യമാർന്ന സേവനങ്ങൾ
ആപ്പുകളായി സുലഭം.!
ആവശ്യാനുസരണം തുറക്കൂ
ആസ്വദിക്കൂ, ജീവിതം
ആഹ്ലാദപുളകിതമാക്കൂ.!!
ഞങ്ങളില്ലെങ്കിൽ നിങ്ങൾക്കെന്ത്
ഉത്സവങ്ങൾ, ആഘോഷങ്ങൾ.!
==========
ടി.കെ.ഉണ്ണി
14-04-2016 

ഉരുക്കം

ഉരുക്കം 
======
മനുഷ്യരില്ലാത്ത ലോകം
മനുഷ്യത്വമില്ലാത്ത ലോകം
പരസ്പരം കൊല്ലുന്നത് 
ആനന്ദവും ആത്മഹർഷവുമാകുന്ന
അസഹിഷ്ണുതയുടെ ലോകം.
സ്നേഹവും ദയയും കാരുണ്യവും 
അന്യം നിന്ന മാനവകുലം.
ഈ ലോകത്ത്‌ കൊടിയദുഃഖവും 
ആഘോഷമാവും, സംഘർഷമാവും.!
ഏതോ പ്രതീക്ഷയെന്ന മരീചികയുടെ
വാൾമുനയിൽ നിന്നുകൊണ്ട്
നമുക്ക് താണ്ഡവനൃത്തമാടാം.!
ആശങ്കയകറ്റാൻ നമുക്ക് സഹിഷ്ണുതയറ്റ 
ദൈവങ്ങളെയും കൂട്ടുപിടിക്കാം.!
ഉൾക്കണ്ണിനു മിഴിവേകുന്നൊരു
പൊൻപുലരിത്തെളിച്ചത്തിനായി
ഹൃദയാകാശത്തൊരുതുള്ളി
സ്നേഹം നിറയ്ക്കാം.!
===========
ടി.കെ. ഉണ്ണി
൦൩-൦൪-൨൦൧൬

ചൊവ്വാഴ്ച, ജൂലൈ 25, 2017

പരിഹാരക്രിയ

പരിഹാരക്രിയ
===========
ക്രിയകൾ ക്രീഡകളാവുന്നതിന്റെ 
തിരശ്ചീനതവിക്രിയകളല്ലെന്നത് 
നിശ്ചയിക്കപ്പെടേണ്ടതാണ്‌.
വിക്രിയനാവുന്നതും
വിരുതനാവുന്നതും
വില്ലാളിവീരനാവുന്നതും
വില്ലും വിരുതും ഉപായമല്ലാത്തതുകൊണ്ടാണ്‌.!

ഉതകുന്ന ഉപായങ്ങളെല്ലാം
ഉദകക്രിയകൾക്കെന്നത്രെ പുതുഭാഷ്യം.!
അടങ്ങാനും ഒടുങ്ങാനും കുടുങ്ങാനും
ഉപായങ്ങളനവധിയത്രേ.

അനിവാര്യതകൾക്കും അസഹിഷ്ണുതകൾക്കും
അന്തിക്കൂട്ടും കൂട്ടുകിടപ്പുമുണ്ട്.!
കൂട്ടുകിടപ്പുകൾക്കെല്ലാം തന്ത്രമന്ത്രബന്ധിതമായ
രാഷ്ട്രമീമാംസാ പ്രഘോഷണങ്ങളുടെ
കരകാണാകടൽപ്പരപ്പുകളും
വർണ്ണങ്ങളെ മായ്ച്ചുകളിക്കുന്ന
തിരയൊലിപ്പുകളുമുണ്ട്.!

അന്വേഷിക്കുന്നവന്റെ കൂറും കൂട്ടും
വാലും വാലായ്മയും വായ്ക്കരിയും
ദേശസ്നേഹത്തിൽ മുക്കി
അഗ്നിശുദ്ധിവരുത്തേണ്ടതുണ്ട്.!

അഗ്നിശുദ്ധി ആത്മശുദ്ധിയാവുന്നതും
സ്നേഹം രാജ്യസ്നേഹമാവുന്നതും
ഉപായങ്ങൾ ഉദകക്രിയകളാവുന്നതും
ദേശസ്നേഹം ഉടവാളെടുക്കുന്നതും
ഭദ്രകാളിയാവുന്നതും കാപട്യത്തിന്റെ
മുഖമ്മൂടികളണിഞ്ഞ കാലുഷ്യത്തിന്റെ
ധർമ്മ സംസ്ഥാപനാർത്ഥമത്രേ.!
===========
ടി. കെ. ഉണ്ണി
൧൦-൦൩-൨൦൧൬ 

ഭാരം

ഭാരം
====
ഞാൻ തന്നെയാണ്‌ മരണം..
ഞാനുമായുള്ള എന്റെ കരാറനുസരിച്ച്
ഞാനെന്നെ ഉപേക്ഷിക്കും..
ഞാനാരെന്ന അപദാനകീർത്തനം പാടി 
നിങ്ങളെന്നെ കുളിപ്പിച്ചു കിടത്തും
എല്ലാവിധത്തിലും.!
ആ ദിനരാത്രത്തിൽ ഞാൻ ശ്രീരാമചന്ദ്രനാവും..
സത്യവും നീതിയും ഞാനെന്ന് വീമ്പിളക്കും..
കാലുവാരാതിരിക്കാൻ ദീപമേന്തും..
ഒടുവിൽ നിങ്ങളെന്നെ കത്തിച്ചു ചാരമാക്കും..
അല്ലെങ്കിലെന്നെ കുഴിവെട്ടി മൂടും..
പശ്ചാത്താപകാപട്യത്തിന്റെ പിണ്ഡഭോജ്യം
എന്നെനോക്കി അപഹസിക്കും..
ജീവന്റെ ചുണ്ടിൽ നനവുചേർക്കാത്തവന്റെ
ഉരുള കണ്ട് കാക്കകളമ്പരക്കും..
കൈനീട്ടിവാങ്ങുന്ന മുപ്പത്തിമുക്കോടികൾക്കും
കൈമടക്കി മോക്ഷം കൈക്കലാക്കും..
പെയ്തൊഴിയാത്ത മേഘങ്ങളായി
മോഹങ്ങളും ദാഹങ്ങളും മേഞ്ഞുനടക്കും..
ഗതികിട്ടാപ്രേതമെന്നൊരോമനപ്പേരിൽ
എനിക്ക് ഞാൻ തന്നെ ഭാരമാവും.!
=============
ടി.കെ. ഉണ്ണി
൧൬-൦൨-൨൦൧൬

ശനിയാഴ്‌ച, ജൂലൈ 15, 2017

സ്നേഹം

സ്നേഹം
========
സ്നേഹമാണഖിലസാരമൂഴിയിലെന്നോതിയ
മഹാകവേ, അങ്ങേക്കൊരായിരം വന്ദനം.
സ്നേഹമതൊന്നീ പ്രകൃതിയിലില്ലെന്നാകിൽ
നിശ്ചയം ശൂന്യം നിർജ്ജീവമീലോകം.!

നിഴലും വെളിച്ചവും വായുവും വിത്തവും
സൂര്യനും ചന്ദ്രനും താരാപഥങ്ങളും
തപ്തമാമുള്ളവും ശൂന്യമാമുണ്മയും
സ്നേഹാതിരേകത്തിൻ കാരുണ്യമല്ലോ.!

സ്നേഹമായൊഴുകുന്ന തെളിനീർച്ചോലയാൽ
കുളിരാർന്നു വസിക്കുന്നു കൃപയാൽ ധരിത്രിയും.!
സ്നേഹാർദ്രകുളിരുമായ് പായും മുകിലുകൾ
കാരുണ്യമേകുന്നു ഔദാര്യവർഷമായ്.!

പനിനീർപൂവിന്റെ സൗരഭ്യമായ് സ്നേഹം
ചാരുവാം ദലങ്ങൾ തൻ മൃദുലതയാവുന്നു.
ഗുരുവായ് മരുവുന്ന സ്നേഹത്തികവിന്റെ
വിത്തമായ് തീരുന്നു വിദ്യയും ജ്ഞാനവും.!

ഊഷ്മള സ്നേഹത്തിൻ സൗന്ദര്യമല്ലോ
ശ്രേഷ്ഠവും നിഷ്ടയും ആഭിജാത്യങ്ങളും.!
ആലോലം, താലോലം, വാത്സല്യമാകുന്ന
സ്നേഹത്തിന്നാർദ്രമാം ഭാവലോകം

ബന്ധവും ബന്ധനഘണ്ഡവും ദണ്ഡവും
സ്നേഹമാം ഭാവത്തിന്നന്യമല്ല.!
മാതാപിതാക്കളും ഗുരുവും ദൈവങ്ങളും
സ്നേഹമല്ലാതെ മറ്റൊന്നുമല്ല.!

കാരുണ്യഹർഷമായ് വർഷംപൊഴിപ്പതും
ലോകൈകനാഥന്റെ സ്നേഹമത്രേ..
പരിമാണമറ്റുള്ള സ്നേഹപ്രപഞ്ചത്തെ
നാഴിയാലളക്കാതിരക്കവേണം.!
===========
ടി.കെ. ഉണ്ണി
൨൬-൦൫-൨൦൧൫ 
===========

വ്യാഘ്രം

വ്യാഘ്രം
=======
കനവിലെ കാനനച്ചോലയിൽ മുങ്ങിഞാൻ
തപ്പിയെടുത്തങ്ങൊരായിരം കല്ലുകൾ.!
നിനവിലാ കല്ലൊന്നെറിഞ്ഞു ഞാനാക്കയത്തിൽ
ഹർഷവർഷം വീഴ്ത്തുന്നതാണെന്റെ സ്നേഹം.!
കൊഴിയുന്ന കണ്ണിമാങ്ങക്കരുമയായ് മൺതരി
ചുനയൊപ്പിയെടുക്കുന്നതാണെന്റെ പ്രേമം.!
മഞ്ചാടി മറുകിൽ ചുണ്ണാമ്പ് തേപ്പിച്ചു
വെണ്ണ പുരട്ടിത്തഴുകുമെൻ പ്രണയം.!
കൊക്കിക്കുറുകി കിടപ്പുണ്ടൊരു വ്യാഘ്രം
പൂത്തിങ്കൾ പാർക്കുമെന്നുൾക്കാടിനുള്ളിലായ്.!
വിവേകം, വിചാരം, വിചിന്തനവും, പിന്നെ
ദാഹമോഹങ്ങളും വായ്ത്താരിയാക്കുന്ന
ചുണ്ടിലെ തേനൊലി മന്ദസ്മിതത്തോടെ
കാത്തിരിപ്പുണ്ടൊരു ഹിംസ്രജന്തു.!
മറ്റൊന്നുമല്ലെൻ മനസ്സിനുള്ളിലെന്നും
അരിയിട്ടുവാഴും വികാരമത്രെ.!

സ്നേഹമെന്തന്നറിയാത്ത പ്രേമഭിക്ഷുക്കളും
പ്രേമമെന്തന്നറിയാത്ത സ്നേഹദാതാക്കളും
പ്രണയമെന്തന്നറിയാത്ത കാമുകീകാമുകർ
കാമമോഹങ്ങളെ വാത്സല്യമാക്കുവോർ
തന്നിഷ്ടചെയ്തികൾ സുകൃതങ്ങളാക്കുവോർ
വ്യാഘ്രമാം വികാരത്തിന്നടിമകൾ നിർണ്ണയം.!
============
ടി.കെ. ഉണ്ണി
൨൫-൦൫-൨൦൧൫ 
===========

വ്യാഴാഴ്‌ച, ജൂലൈ 13, 2017

വെളിപാട്

വെളിപാട്
=======
വെള്ളം, അതെനിക്കേറെ ഇഷ്ടമാണ്‌
അതിന്നു ഞാൻ കാരണങ്ങൾ നിരത്തുന്നില്ല,
അതെല്ലാം നിങ്ങൾക്കും അറിയുന്നതാണല്ലോ.!

പക്ഷെ, വെള്ളത്തിൽ മുക്കിത്താഴ്ത്തുന്നത്
ഇഷ്ടമാവുന്നത് ഞാനല്ലാതെ
മറ്റാരാണ്‌ ഈലോകത്തുള്ളത്.!

ഞാനാരാണെന്നു മനസ്സിലായതുപോലെയാണ്‌
സുഹൃത്തിന്റെ കള്ളച്ചിരി.!
എന്നെ പരിപാലിക്കുന്നവരുടെ കാര്യമാണ്‌
കഷ്ടവും എന്നെ നോവിപ്പിക്കുന്നതും.!

അവർക്കുണ്ടാവുന്ന പെടാപാടുകളെ
മനസ്സിലാക്കിക്കൊണ്ടാണോ മേലധികാരികളുടെ
ധാർഷ്ട്യകല്പനകൾ.!

പണ്ട് എന്റെ പൂർവ്വജന്മത്തിലെ ഏതാനും ചിലരെ
വെള്ളത്തിലിട്ട് വാലിനു തീപിടിപ്പിച്ചു..
പൊള്ളലേറ്റവർ പരിഭ്രാന്തരായി മരണവെപ്രാളപ്പെട്ടത്
കണ്ടുരസിച്ചിരുന്നവർ തമ്പുരാക്കൾ..

അവരുടെ പിന്മുറക്കാർക്ക് പാരമ്പര്യമായിക്കിട്ടിയ
ഊർജ്ജാധിക്യത്താലാവാം എന്നെപ്പോലുള്ളവരെ
ഇപ്പോഴും വെള്ളത്തിലാഴ്ത്തുന്നതും
മരണവെപ്രാളത്തിന്നായുള്ള ഈ കാത്തിരിപ്പും.!

ഉന്മത്തനായ എന്റെ സൃഷ്ടികർത്താവിന്റെ
മോഹഭംഗങ്ങൾക്ക് ഇരകളായവരനവധി..
വൃത്തഭംഗം വന്ന രാസകല്പനകളാൽ
ജന്മമെടുത്തതിന്റെ വൈകല്യങ്ങളനവധി..

എരിഞ്ഞമർന്ന ചാരത്തിലെ കനല്ക്കട്ടപോലെ
കറുത്തിരുണ്ടമാനത്തെ മിന്നല്പിണരുപോലെ
പാടിപ്പുകഴ്ത്താൻ ഇനിയുണ്ടോ വാക്കുകൾ
വാഴ്ത്താനും വീഴ്ത്താനും രാക്ഷസകൗശലം.!

കരക്കുകയറ്റിയാൽ, തുറന്നുവിട്ട ഭൂതംപോലെ
അടിമയാവില്ലെന്ന തിരിച്ചറിവുണ്ടായിട്ടും
തമ്പുരാക്കൾ ഭയചകിതരാവില്ലെന്നുമാത്രമല്ല
പുതിയ ഇരകളെ കണ്ടെത്തി, അവർക്ക്
കണ്ഠമാല ചാർത്തിക്കൊടുക്കാനും ഉത്സുകരാവും.!

അന്തകവിത്തിറക്കിയ വയലേലകളിലും
പാഷാണം വിതറിയ സ്വർണ്ണഖനികളിലും
ചുടുചോരയൊഴുകുന്ന രാജവീഥികളിലും
തേരോട്ടമത്സരം നടത്തുന്നവരെല്ലാം
ഒരുനാൾ തിരിച്ചറിയും, അകത്തളത്തിലെ
മേച്ചിൽപുറങ്ങളിൽ അഭയാർത്ഥികളായവരെ,
പൈശാചികതയുടെ ബലിയാടുകളായ
അനാഥബാല്യങ്ങളെ, ദാരിദ്ര്യങ്ങളെ..
രുചിയേറിയ വിഭവങ്ങളായി
അങ്ങാടിയിൽ വില്ക്കപ്പെടുന്നവരെ,
മാനാഭിമാനങ്ങൾ അന്യം നിന്നവരെ,
മരണം മടിച്ചുനില്ക്കുന്ന അന്ത്യനിമിഷങ്ങളെ.!

നനച്ചുവിടുന്നവർക്കറിയില്ലല്ലോ മുങ്ങിക്കുളിയുടെ സുഖം
നരഹത്യതൻ മൊത്തവ്യാപാരികൾക്കല്ലോ വീരശൃംഖല.!
എപ്പോഴെങ്കിലും എന്റെ ജനകീയതയും പ്രകൃതവും
അവർക്ക് വെളിപാടും ദുരിതവും ആകുമെന്നുറപ്പ്..!
===========
ടി.കെ. ഉണ്ണി
൨൬-൦൨-൨൦൧൫ 

സംസ്കാരം

സംസ്കാരം
=========
ചുടുചുംബനത്താൽ
ആശ്വാസമാർജ്ജിക്കാൻ
പതിനായിരം കാരണങ്ങൾ
ഈ ഭൂമുഖത്തുണ്ട്.!

മാനത്തുനിന്ന് കല്ലെറിഞ്ഞു
വീഴ്ത്തിയ കുമിളയെ
ചുംബിച്ചു തകർക്കുന്നത്,
അത്യാധുനിക സംസ്കാരത്തിന്റെ
ലോകഗുസ്തിയിൽ
ശൂരത്വവും ചാമ്പ്യൻ പട്ടവും
ഝടുതിയിൽ കൈക്കലാക്കാനുള്ള
കുത്സിതത്തിന്റെ പ്രഥമഘട്ടമാവുന്നത്
സംസ്കാരമേന്മയല്ലെന്നോ.!

മണിയറക്കള്ളൻ
രതിലയശീല്ക്കാരത്താൽ
ഞെട്ടിവിറച്ചപ്പോൾ
സദാചാരഭണ്ഡാരത്തിന്റെ
തടവറയിലെ പ്രശോഭ
കെടുത്തിയ ഈയ്യലായതും
കൂൺപോലെ മുളച്ചുപൊന്തിയ
വെൺകൊറ്റക്കുടകൾ
മൺപുറ്റുകളായതും
സംസ്കാരമേന്മയല്ലെന്നോ.!

വഴിയിലൊഴുക്കാനിരിക്കുന്ന
മൂത്രശങ്കയുടെ കോളാമ്പി
സ്വപ്നത്തെ, അസംസ്കൃതമെന്ന
പരിമേയത്തിലൊതുക്കുന്ന
വിരുദ്ധവിപ്ലവഘോഷം
ആധുനിക ജ്ഞാനവിജ്ഞാനത്തിന്റെ
പ്രഘോഷണ പരമ്പരയാവുന്നത്
സംസ്കാരമേന്മയല്ലെന്നോ.!

നിഴലിന്റെ തണലും
വിരലിന്റെ മറവും
മനസ്സിന്റെ നിറവും
ഇരുളിന്റെ തെളിവും
കരളിന്റെ കുളിരും
കുളിരിന്റെ പുഞ്ചിരിയും
തനുവിന്റെ രോമാഞ്ചവും
വിശപ്പിന്റെ ശമനവും
പ്രണയത്തിന്റെ മധുരവും
സ്നേഹത്തിന്റെ ബന്ധനവും
തിരിച്ചറിവിന്റെ ബോധവും
തിരസ്കരണമന്ത്രങ്ങളാവുന്നത്
ആഗോളമസ്തിഷ്കത്തിന്റെ
സംസ്കാരമേന്മയല്ലെന്നോ.!
===========
ടി.കെ. ഉണ്ണി
൦൫-൦൧-൨൦൧൫ 
===========

ബുധനാഴ്‌ച, ജൂലൈ 12, 2017

.. ഗമ ..

..ഗമ..
======
ചില തോന്നലുകൾ അങ്ങനെയാണ്
കണ്ണുകൾ താനേ അടഞ്ഞുപോവും
കാതുകളിൽ ഇടിമുഴങ്ങും, പുക പരക്കും 
തൊണ്ടയിൽ വാക്കുകൾ കുരുങ്ങിക്കിടക്കും
മോഹങ്ങൾ കരളിൽ ചത്തുമലക്കും 
ദാഹങ്ങൾ കിനാവള്ളിയാവും, വരിഞ്ഞുമുറുക്കും.!
അരൂപികളായ സ്വത്വങ്ങൾ നിഴലുകളാവും
സ്വപ്നങ്ങളിൽ തളച്ചിടപ്പെട്ട തനിനിറങ്ങൾ.! 
സ്വർണ്ണ മഞ്ചലിൽ ശവക്കച്ചയുടുത്ത് 
വിരുന്നുവന്ന അരുമയായ പൊങ്ങച്ചങ്ങൾ.!

പാതാളക്കുഴികളെ പമ്പരമാക്കുന്ന തന്ത്രങ്ങൾ 
പാലാഴികളെ പാഷാണമാക്കിയ മന്ത്രങ്ങൾ 
പാളിച്ചകളല്ലാതാക്കുന്നതിന്റെ വിഭ്രാന്തങ്ങൾ 
ആരേയും അന്വേഷിയാക്കുന്ന കുതന്ത്രങ്ങൾ..!
ഇനിയൊരിക്കലും തുടങ്ങാനിടയില്ലാത്ത 
ഒരിക്കലും അവസാനിക്കാനിടയില്ലാത്ത 
ഒരന്വേഷണവും ശൂന്യമായ കണ്ടെത്തലും.!
വെറും പൊങ്ങച്ചങ്ങളായ നിഴലുകൾ..!!
=============
ടി.കെ. ഉണ്ണി
൦൩-൦൨-൨൦൧൬
=============