വ്യാഴാഴ്‌ച, ജൂൺ 26, 2008

എന്റെ ജാലകം

എന്റെ ജാലകം
അതെ ഞാന്‍ / നമ്മള്‍ തടവറയിലാണ് !
പലതിന്റെയും അന്ധകാരാവൃതമായ തടവറകള്‍
അവകാശത്തിന്റെയും അധികാരത്തിന്റെയും
അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും
അന്ധകാരാവൃതമായ തടവറകള്‍ !
വിവേകത്തിന്റെയും അവിവേകത്തിന്റെയും
വികാരത്തിന്റെയും പ്രതികാരത്തിന്റെയും
അഭിനിവേശത്തിന്റെയും വിഭ്രാന്തിയുടെയും
തടവറകള്‍!
വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും
വിചിത്രവും ഭയാനകവുമായ തടവറകള്‍!
എനിക്ക് / നമുക്ക് ചുറ്റും എല്ലായിടത്തും ഭയാനകമായ
അന്ധകാരത്തിന്റെ തടവറകള്‍!
ഈ അന്ധകാരത്തിന്റെ തടവറയിലേക്ക് എങ്ങുനിന്നോ
എപ്പോഴോ വരുന്ന ഒരിറ്റ് കിരണം
അതിന്റെ തെളിച്ചം, അതിന്റെ വെളിച്ചം!
അതെന്നെ / നമ്മെ കൂടുതല്‍ ഭയാക്രാന്തനാ / രാക്കുന്നു!
ഈ തടവറയില്‍ എവിടെയെങ്കിലും കവാടങ്ങള്‍ ഉണ്ടോ!
അതിലൂടെയാണോ കിരണബിന്ദുക്കള്‍ പ്രത്യക്ഷമാകുന്നത് ?
ആ കിരണ ബിന്ദുക്കളെ അനുഗമിച്ചു കൊണ്ട് എനിക്ക്/ നമുക്ക്
ആ പ്രവേശന കവാടത്തിലേക്ക് എത്തിച്ചേരാന്‍ കഴിയില്ലേ?
കഴിയുമെന്നത് ആവണം എന്റെ/നമ്മുടെ പ്രത്യാശ !
സഫലമാകുന്ന പ്രത്യാശ പരിശ്രമത്തിന്റെ പ്രതിഫലനമാണ് !
പ്രത്യാശാഭരിതമായ ഗമനം എന്നെ/നമ്മെ
ഒരു ബിന്ദുവില്‍ , ഒരുസുഷിരത്തില്‍
ജാലകത്തില്‍ , ഒരു വാതായനത്തില്‍
ഒരു തുറന്ന വിഹായസ്സില്‍ തന്നെയും കൊണ്ടുചെന്നു എത്തിച്ചേക്കാം !
ഞാന്‍ / നമ്മള്‍ അതിനുവേണ്ടി അല്പമെങ്കിലും പരിശ്രമിക്കേണ്ടത് ഉണ്ട്.
അത് തുടങ്ങേണ്ടത് എന്നില്‍/നമ്മില്‍ നിന്നുതന്നെയാണ്!
ഭയാനകവും അന്ധാകാരാവൃതവും ആയ തടവറകള്‍ !
അവ എന്റെ/നമ്മുടെ ഹൃദയാന്തരാളങ്ങളില്‍ എവിടെയോ
ഒളിഞ്ഞിരിക്കുന്ന മനസ്സല്ലാതെ മറ്റെന്താണ്?
അതെ, എന്റെ / നമ്മുടെ മനസ്സ്!
അതിലേക്ക് ഇറ്റിവീഴുന്ന പ്രകാശ ധാരയുടെ
പ്രവേശന കവാടത്തെ ജാലകമാക്കി ഞാന്‍
അനന്തതയുടെ തുറന്ന വിഹായസ്സിലേക്ക്
കണ്ണും കാതും തുറന്നുകൊണ്ട് .........!!
എന്റെ ജാലകം......!!!
=============
ടി. കെ. ഉണ്ണി.
൨൬-൦൬-൨൦൦൮ 

ബുധനാഴ്‌ച, ജൂൺ 18, 2008

ആഘോഷം - (൨)

ആഘോഷം - ൨
==========
ഒരു വര്‍ഷത്തിൽ ആയിരമോ
അതിലധികമോ ദിവസങ്ങൾ
ഉണ്ടായിരുന്നെങ്കിൽ !

നമ്മൾ /അവർ
എല്ലാ ദിവസങ്ങളും
ആഘോഷമാക്കും!

അങ്ങനെ ചെയ്യുന്നതിന്
നമുക്ക് / അവര്‍ക്ക്
മതിയായ കാരണങ്ങൾ ഉണ്ട്!

കാരണം
ആഘോഷങ്ങളെല്ലാം
അവരുടെ ഇച്ഛകളാണ്‌!

ആജ്ഞാനുവർത്തികളായ നമ്മൾ
അവയെല്ലാം ഉത്സവങ്ങളാക്കി
അടിച്ചുപൊളിച്ചു ആഘോഷിക്കുന്നു!!
==========
ടി. കെ. ഉണ്ണി
൧൮-൦൬-൨൦൦൮

ചൊവ്വാഴ്ച, ജൂൺ 17, 2008

ആഘോഷം

ആഘോഷം
=========
ആഘോഷവും അന്വേഷണവും!
രാപകലന്വേഷണം!
അന്വേഷണം പകലിനെ ഇരുട്ടാക്കുന്നു!
കാരണം സൂര്യന് വെളിച്ചമില്ല!
അതിനാല്‍ ഭൂമി അന്ധകാരാവൃതം!
അന്വേഷണം ഇരുട്ടില്‍ തപ്പുന്നു!
പ്രകടനം അന്ധകാരത്തിന്റെ ആഘോഷം!
ചന്ദ്രന്നും താരകള്‍ക്കും ആദിത്യകിരണ ശോഭ!
ഇരുട്ടിന്റെ വെളിച്ചം പകല്‍ പോലെ !
രാത്രി പകലും പകല്‍ രാത്രിയുമാകുന്നു !
ദിനരാത്രങ്ങള്‍ അവരുടെ സ്വന്തമാകുന്നു !
അവര്‍ ആഘോഷിക്കുന്നു !!
.... .... .... ....
ടി. കെ. ഉണ്ണി
൧൭-൦൬-൨൦൦൮

തിങ്കളാഴ്‌ച, ജൂൺ 16, 2008

ജനബാഹുല്യം

ജനബാഹുല്യം
===========
അധിക ജനസംഖ്യയുള്ള 5 ലോക നഗരങ്ങൾ

1.    ടോക്യോ - ജപ്പാൻ.               3 കോടി 34 ലക്ഷം ജനങ്ങൾ
2.    സിയൂൾ - ദക്ഷിണകൊറിയ.   2 കോടി 31 ലക്ഷം ജനങ്ങൾ
3.    ന്യൂയോർക്ക് - അമേരിക്ക.       2 കോടി 18 ലക്ഷം ജനങ്ങൾ
4.    മുംബായ് - ഇന്ത്യ.                  2 കോടി 11 ലക്ഷം ജനങ്ങൾ
5.    സാവോപോളോ - ബ്രസീൽ.   2 കോടി 03 ലക്ഷം ജനങ്ങൾ

പല രാഷ്ട്രങ്ങളിലേയും മൊത്തം ജനസംഖ്യയേക്കാൾ അധികം ജനങ്ങളുള്ള ഒട്ടനവധി നഗരങ്ങൾ ലോകത്തിലുണ്ട്.
========
ടി.കെ. ഉണ്ണി
========

ലോക ജനസംഖ്യാ കണക്കുപുസ്തകത്തിനോട് കടപ്പാട്.

൧൬-൦൬-൨൦൦൮