ഞായറാഴ്‌ച, സെപ്റ്റംബർ 03, 2017

ആശാഭംഗം

ആശാഭംഗം
=========
ഞാൻ രണ്ടാമതൊന്നാലോചിച്ചില്ല.  കൊണ്ടുപിടിച്ചു നടന്നു.  കണ്ട വഴികളെല്ലാം പരിചിതമാണെന്ന് തോന്നി. വഴിതെറ്റിയാൽ ആരോടെങ്കിലും ചോദിക്കാമല്ലൊ.  വിജനമായ ഈ വഴികളിൽ ആരെ കണ്ടുമുട്ടാൻ.! 

എന്റെ അമ്മയുമൊത്ത് ഇങ്ങോട്ടുവരുമ്പോൾ ഏതൊക്കെ വഴികളിലൂടെയാണ്‌ വന്നതെന്ന് കൊച്ചുകുട്ടിയായിരുന്ന എനിക്ക് മനസ്സിലാക്കാനായിരുന്നില്ല.  ഇപ്പോൾ എങ്ങനെയെങ്കിലും അമ്മവീട്ടിലെത്തണം.  അവിടെ എന്റെസഹോദരങ്ങൾ അമ്മയുടെ എല്ലാവിധ സ്നേഹവാത്സല്യങ്ങളും അനുഭവിച്ചുകഴിയുമ്പോൾ എനിക്കുമാത്രമെന്തേ ദൈവം അത് നിഷേധിക്കുന്നത്.? 

മുമ്പൊരിക്കൽ അമ്മ എന്നെകാണാൻ വന്നപ്പോൾ കണ്ണീരൊഴുക്കിയാണ്‌ തിരിച്ചുപോയത്.  അന്നു മുതൽ എന്റെവിഷമം കൂടുതലായി.  എങ്ങനെയെങ്കിലും ഇവിടെനിന്നും ചാടണം, അമ്മയുടെയും സഹോദരങ്ങളുടെയും അടുത്തെത്തണം, അവരോടൊപ്പം കഴിയണം.  ചിലപ്പോഴൊക്കെ എന്റെ മനസ്സിൽ തോന്നാറുണ്ട്, അമ്മ ഇവിടെ വന്നുപോകുമ്പോൾ എന്തേ എന്നെ കൂടെകൂട്ടുന്നില്ല. ഒരുപക്ഷെ, അമ്മ ആകാശദൂതിനുപഠിച്ചിട്ടുണ്ടായിരിക്കുമോ?. 

എന്തായാലും ഇന്ന് കാര്യങ്ങളെല്ലാം അറിയാമല്ലൊ.  അവിടെയെത്തിയാൽ ഞാനിനി തിരിച്ചു പോരില്ല. കട്ടായം.  അവിടെ എന്റെ മുറച്ചെറുക്കനുണ്ട്.  അവനിപ്പോൾ എന്നേക്കാൾ വലിയ ആളായിട്ടുണ്ടാവും. മീശയൊക്കെവന്ന് സുന്ദരനായിട്ടുണ്ടാവും.  അവന്റെ കണ്ണുകളിൽ നക്ഷത്രങ്ങൾ കൂട്ടമായിതെളിയുന്നുണ്ടാവുമോ?  ഹൊ, കാണാൻപോകുന്ന കാര്യം എന്തിനുപറയണം.! 
പണ്ട് അവനെന്നെ വാരിയെടുത്ത് കവിളിൽ മുത്തമിടുമായിരുന്നു.  അവന്റെ ചുമലിൽകയറ്റി എടുത്തുകൊണ്ടു നടക്കുമായിരുന്നു.  അന്നതെല്ലാം കളികളായിരുന്നല്ലോ.  എന്തേ, ഇപ്പോഴും അങ്ങനെയൊക്കെ കളിച്ചുകൂടെന്നാണോ.?

എന്നിട്ടാണോ എന്റെമാമിയും (മേഡത്തെ ഞാൻ അങ്ങിനെയാണ്‌ വിളിക്കുന്നത്) ഉണ്ണിക്കുട്ടനും ഇപ്പോഴും എന്നോടൊപ്പം അങ്ങനെയെല്ലാം കളിക്കുന്നത്? 
പക്ഷെ, എനിക്കിഷ്ടം എന്റെമുറച്ചെറുക്കൻ അന്തപ്പന്റെ ചുമലിൽകയറി കളിക്കാനാണ്‌.  അതൊരു ആഗ്രഹമായി മുളച്ചുവരുന്നുണ്ട്.   ഇടക്കിടെ അങ്ങനെ സ്വപ്നവുംകാണാറുണ്ട്.  അപ്പോഴൊക്കെ എന്തെന്നില്ലാത്തൊരു ഇത്തോന്നുന്നുണ്ട്.   കുറച്ചുദിവസമായി രാപ്പകൽ ഈ വിചാരംതന്നെയാ.  ഇടക്കൊക്കെ മാമി ഒച്ചവെക്കുമ്പോഴാണ്‌ ഈ വിചാരത്തിൽ നിന്നും ഞെട്ടിയുണരുന്നത്.! 

ഇടക്കിടെ മാമി അമ്മവീട്ടിൽ പോകാറുണ്ടത്രെ.  പോയിവന്നതിനു ശേഷമായിരിക്കും അക്കാര്യം പറയുക. മാമിപോകുമ്പോൾ എന്നെയുംകൊണ്ടുപോകണമെന്ന് പറഞ്ഞാൽ സമ്മതിക്കില്ല.  മാമിക്ക് ഞാൻ മോളെപ്പോലെയാണത്രെ.  ഇവിടെ എന്തിന്റെ കുറവാണ് നിനക്കുള്ളത്.  നല്ല ഭക്ഷണമില്ലേ, നല്ല വസ്ത്രങ്ങളില്ലേ, നല്ല വീടില്ലെ, നല്ല കളിസ്ഥലമില്ലെ, നല്ല ചേട്ടനില്ലെ, നല്ലവരായ ബന്ധുക്കളില്ലേ.  പിന്നെയെന്തിനാ ആ പട്ടിണിയിലേക്ക് വീണ്ടുംപോയി അവരെ ബുദ്ധിമുട്ടിപ്പിക്കുന്നത് എന്ന പതിവ് ഓത്തുപരിപാടിയാണ്‌ മാമിയുടേത്.  

മാമിക്കറിയില്ലല്ലോ എന്റെ മനസ്സ് പിടക്കണത്.  ഇവിടുള്ള ചേട്ടനിപ്പൊ എന്റെ സ്വന്തം ചേട്ടനല്ലെ. ഈ ചേട്ടന്റെകൂടെ കളിക്കാൻ ഒരു രസോമില്ല.  ഈ ചേട്ടന്റെകളിയുടെ രസം കരളിൽ കൊള്ളിണില്ല. കരളിൽകൊള്ളാത്ത കളി കളിക്കണകാലം ഈ ജൂലിക്ക് കഴിഞ്ഞെന്ന് മനസ്സിലാക്കാത്തൊരു മണ്ടൻ ചേട്ടൻ.  ഒരു രസോമില്ല.  അതൊക്കെ എന്റെ അന്തപ്പൻ ചേട്ടന്റൊപ്പം കളിക്കുമ്പം തന്നായിരുന്നു. ഇപ്പം ഓർക്കുമ്പൊ കുളിരാവണുണ്ട്.  അന്തപ്പൻ ചേട്ടനെ നേരിൽ കാണണം.  എന്റെ മനസ്സിലുള്ളത് രഹസ്യമായിപറയണം.  സമ്മതിപ്പിക്കണം.  കുറച്ചുകാലമെങ്കിലും ഇഷ്ടംപോലെ  കളിച്ചുതിമർക്കണം.. 

ഇതെവിടെയാ ഞാൻ എത്തിയത്.  എനിക്ക് വഴിതെറ്റിയെന്നാ തോന്നുന്നത്.  ഞാനൊരു മണ്ടി.  ഓരോന്നാലോചിച്ചു നടന്ന് മറ്റേതോപറമ്പിലൂടെ കയറിനടക്കുന്നു. പറമ്പിൽ പണി ചെയ്തുകൊണ്ടിരിക്കുന്ന ഭായിമാർ പണിനിർത്തി തുറിച്ചുനോക്കുന്നു. 
‘’രാവിലെത്തന്നെ കണി കൊള്ളാല്ലോ’’..  അപ്പുറത്തെ കോളണിപ്പറമ്പിലെ ചെറുക്കന്റെ വക.  ‘’എന്താത്, ഉദിക്കണേനുമുന്നെ കെട്ട്യൊരുങ്ങി നടക്കാൻ തൊടങ്ങ്യോ അശ്രീകരങ്ങള്‌’’..
നളിനീടെ മുത്തശ്ശീടെ ശബ്ദമാണല്ലോ അത്.  ഞങ്ങളൊക്കെ അതിനെ കോളണീലെ മുത്തശ്ശീന്നാ വിളിക്ക്യ.  ഈ മുത്തശ്ശീടെ കണ്ണിന്റെ കാഴ്ച അപാരംതന്നെ. 
എന്താത്, ഇവരൊന്നും ആൾക്കാരെ കാണാത്തതുപോലെ പറേണത്.. എന്റെ ഡ്രസ്സും സ്വർണ്ണമാലേം ഒക്കെ കണ്ടിട്ടാവും. 

‘’എടീ, അവിടെ നിക്കടിനീയ് ജൂല്യല്ലെ.  ഞങ്ങളെയൊന്നും നിനക്ക് ബോധിക്കണുണ്ടാവില്ല, അല്ലേടി’’. നളിനി ചേച്ചീടെ ശബ്ദം.
, സമാധാനായി.  നളിനിചേച്ചി എന്റെ നല്ലകൂട്ടുകാരിയും അയൽക്കാരിയുമാണ്‌.  എന്നേക്കാൾ ഒരു വയസ്സിനേ മൂപ്പുള്ളുവെങ്കിലും ചെറുപ്പത്തിലേ ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പേരാണ്‌ വിളിച്ചിരുന്നത്. 
അറിയാത്ത പലവഴികളിലൂടെ കയറിയിറങ്ങി നടന്നെങ്കിലും ഇപ്പോൾ നളിനിച്ചേച്ചിയുടെ വീട്ടുമുറ്റത്തെത്തിയല്ലൊ. നളിനി അതിസുന്ദരിയായിരിക്കുന്നു. അവൾക്ക് എന്നേക്കാൾ മുഴുത്തമാറും ചന്തിയുമുണ്ട്. കടക്കണ്ണിലെ കടുക് വറുക്കലിന്റെ താളം കൂടിയിട്ടുണ്ട്.  അവളുടെ അനുജത്തിമാരെല്ലാം അവളോളംതന്നെ വലുതായിട്ടുണ്ട്. കൂലിപ്പണിക്ക് പോയിട്ട് ജീവിക്കുന്നവരാണെങ്കിലും എല്ലാവരും തുടുത്തുകൊഴുത്തിരിക്കുന്നു. എനിക്കവരോട് അസൂയ തോന്നി. 
നളിനി, ഞാനൊരു കാര്യം ചോദിക്കട്ടെ.
‘’എന്റെ അന്തപ്പനെ നീ കാണാറുണ്ടോ’’  ശബ്ദം കുറച്ചാണ്‌ ഞാൻ ചോദിച്ചത്.
‘’നിന്റെ അന്തപ്പനോ, അതാരാടീ’’ നളിനിയുടെ ശബ്ദം ഉയർന്നു
‘’എന്റെ കളിത്തോഴൻ, എന്റെ മുറച്ചെറുക്കൻ, എന്റെ സ്വപ്നകാമുകൻ, എന്റെ’’... ഞാൻ നിർത്താതെ പറയാൻ തുടങ്ങി
‘’ഛീ, നിർത്തടിനിന്റെ വരവ് കണ്ടപ്പൊത്തന്നെ മനസ്സിലായി അവനെ കുരുക്കാനാണെന്ന്.  ഇവിടെ ഞങ്ങളും ഈ കോളണീലുള്ളോരും ഒക്കെ ജീവിച്ചുപോണത് ആന്റണിച്ചായനുള്ളതോണ്ടാ..
ഞങ്ങൾക്ക് അന്നന്നുള്ള ചെലവിന്നുള്ള വഴി ഉണ്ടാക്കിത്തരണത് അയാളാ. അയാളെ കുടുക്കിയെടുക്കാൻ പണക്കാരികളൊന്നും ഇങ്ങോട്ട് വരേണ്ട.  ഞങ്ങളത് സമ്മതിക്കൂല’’. നളിനി ഉച്ചത്തിൽ ബഹളം വെച്ചുകൊണ്ടാണ്‌ പറഞ്ഞുകൊണ്ടിരുന്നത്. 
കർത്താവേ, എന്തൊക്കെയാ ഞാനീ കേൾക്കുന്നത്.  നളിനിയുടെ ബഹളം കേട്ട് കോളണിക്കാര്‌ കൂട്ടത്തോടെ ഇങ്ങോട്ട് ഓടിവരുന്നു.  എനിക്ക് തലകറങ്ങുന്നതുപോലെ, ശരീരം തളരുന്നു.  ഒന്നിരുന്നാൽ മതിയെന്നുതോന്നുന്നു.  ആ വൃത്തിഹീനമായ പറമ്പിൽ ഞാൻ ഇരുന്നത് മാത്രമാണ്‌ എന്റെ ഓർമ്മ. 

ഓർമ്മവന്നപ്പോൾ എനിക്കുചുറ്റും ആളുകൾ കൂട്ടംകൂടി നിൽക്കുന്നു.  നളിനിയുടെ വീട്ടിലെ ചായ്ച്ചുകെട്ടിയ ഉമ്മറത്തിണ്ണയിൽ കളിമണ്ണിൽ ചാണകംമെഴുകിയ തറയിൽ കിടക്കുകയായിരുന്നു ഞാൻ.  കൂടിനിൽക്കുന്നവരിൽ മാറിനിന്ന് നോക്കുന്ന എന്റെ അമ്മയും അനിയത്തിമാരും. അവരുടെമുഖത്തെ ദുഃഖവും സങ്കടവും നിസ്സഹായതയും എനിക്ക് ബോധ്യമായി.  എല്ലാവരും അന്തപ്പനെപ്പറ്റി പറഞ്ഞുകൊണ്ടു പിറുപിറുക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. 
അകലെ റോഡിൽ എന്റെമാമിയുടെ കാറിന്റെശബ്ദം. ഡോർ തുറന്നടയുന്നതിന്റെ ശബ്ദം. അധികമൊന്നും ആലോചിച്ചില്ല.  സർവ്വശക്തിയോടെ എഴുന്നേറ്റ് കൂടിനിൽക്കുന്നവരുടെ ഇടയിലൂടെ ഓടിച്ചെന്ന് എന്റെ മാമിയുടെ കാൽക്കൽ വീണു.
പൊന്നുമോളെ, നീയെന്നെ വിഷമിപ്പിച്ചല്ലോടീ എന്നുപറഞ്ഞ് മാമിയെന്നെ വാരിയെടുത്തു.  തുരുതുരാ ഉമ്മവെച്ചു.  കാറിലേക്ക് കയറ്റിവാതിലടച്ചു.  വണ്ടി മുന്നോട്ടുനീങ്ങി. 
മാമി എന്റെ കാതിൽപറഞ്ഞു,  ജൂലിമോള്‌ വല്യപെണ്ണായില്ലെ.  ഇങ്ങനെയൊന്നും വീട്ടീന്ന് ഇറങ്ങിപ്പോരാൻ പാടില്ല.  പ്രത്യേകിച്ച് ആ കോളണിയിലേക്ക്..
ഇല്ലമ്മേ, ഇല്ല.  ഇനിയൊരിക്കലുമില്ല.
ഈ ജൂലി മാമിയുടെ പുന്നാരമോളല്ലേ.!
==========
ടി. കെ. ഉണ്ണി

൧൧-൦൯-൨൦൧൩ 

ഞായറാഴ്‌ച, ഓഗസ്റ്റ് 20, 2017

തുറന്ന ജയിൽ

തുറന്ന ജയിൽ
= = = = = = =
പ്രൈവറ്റ്സ്റ്റാന്റിൽനിന്നും ഓട്ടോറിക്ഷയിൽ ട്രാൻസ്പോർട്ട് സ്റ്റാന്റിലെത്തിയപ്പോൾ അവിടം ഏതോ പ്രധാന രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാനസമ്മേളനം നടക്കുന്നതുപോലുള്ള ജനത്തിരക്ക്.  അങ്ങിങ്ങായി നിർത്തിയിട്ടിരിക്കുന്ന ഏതാനും ബസ്സുകൾമാത്രം.  അവയെല്ലാം തന്നെ ലോക്കൽ ഓടുന്നവ.   ഇടക്കിടെ കയറിവരുന്ന ദീർഘദൂരബസ്സുകൾ ഓരോന്നും ജനക്കൂട്ടത്തെ ഇടിച്ചുവീഴ്ത്തിയതുപോലെ തിരയിളക്കമുണ്ടാക്കി മുന്നോട്ടുപോയി നിർത്തി, നിർത്തിയില്ല എന്നുവരുത്തി അടുത്ത കവാടത്തിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു.  സൂചികുത്താനിടമില്ലാത്ത ആ ബസ്സുകൾ നിർത്താതെപോയതിൽ ദ്വേഷ്യപ്പെടുന്നജനക്കൂട്ടം തിരമാലകളെപ്പോലെ പിൻവലിഞ്ഞ് പഴയസ്ഥാനങ്ങളിൽ വന്നു വീണ്ടും അടുത്ത വലിയ തിരമാലക്കായി മുഴച്ചുവരാൻ തുടങ്ങി.

കഴിഞ്ഞ രണ്ടുമണിക്കൂറിലധികമായി കോട്ടയം ഭാഗത്തുനിന്നും ബസ്സുകളൊന്നും വന്നിട്ടില്ലെന്നും വടക്കോട്ടുപോകേണ്ട യാത്രക്കാരാണ്‌ കൂടിനിൽക്കുന്നവരിൽ അധികമെന്നും അന്വേഷണത്തിൽനിന്നും മനസ്സിലായി.  ഓരോ അരമണിക്കൂറിലും കോട്ടയംഭാഗത്തേക്ക് ദീർഘദൂരബസ്സുകൾ ഈ സ്റ്റാന്റ് വഴി വന്നുപോകാറുണ്ട്.   പക്ഷെ ഇന്നത്തെസ്ഥിതി എന്താണാവോ.  എങ്ക്വയറിയിൽ ഒന്നു ചോദിച്ചുനോക്കാമെന്ന് കരുതി തിരക്കിനിടയിലൂടെ കൗണ്ടറിനുമുന്നിലെത്തി.  അകത്ത് ഒടിച്ചുമടക്കിവെച്ചിരുന്ന മൈക്ക്സ്റ്റാന്റും അതിൽനിന്നും വേർപ്പെടുത്തിവെച്ചിട്ടുള്ള മൈക്കും ഒഴിഞ്ഞകസേരയുമാണ്‌ കാണാനായത്.  ഏമാന്മാരെല്ലാം അപ്പുറത്ത് മാറി വെടിവട്ടം പറഞ്ഞിരിക്കുന്നു.  സാർ, സാർ എന്ന് പലവട്ടം വിളിച്ചത് മാത്രം മിച്ചം.!

ഇനി ചുമരിൽ തൂക്കിയിട്ടതും ചാരിവെച്ചതുമായ ബോർഡുകൾ നോക്കുകതന്നെ.  ആ ബോർഡുകളിലുള്ള സമയമനുസരിച്ച് ഒരിക്കലും ബസ്സുകൾ സ്റ്റാന്റിലെത്താറുമില്ല, വിട്ടുപോകാറുമില്ല.  ഇതിന്നൊരപവാദമായുള്ളത് ലോക്കൽ ബസ്സുകളുടെ സമയവിവരമുള്ള ചെറിയബോർഡാണ്‌.  അതിനു കൂടുതൽ ഉത്തരവാദിത്വമുണ്ടെന്നു തോന്നുന്നു, ബസ്സ് പുറപ്പെടുന്നകാര്യത്തിൽ.!

ഇന്ന് എങ്ങനെയെങ്കിലും കോട്ടയത്തെത്തിയേ തീരൂ.  നാളെ മൂത്തപെങ്ങളുടെ ഇളയ മകളുടെ വിവാഹനിശ്ചയമാണ്‌.  രാവിലെ പത്തുമണിക്കാണ്‌ മുഹൂർത്തം.   ഭാര്യയെയും മകനെയും ഇന്നലെ പെങ്ങളുംഅളിയനും വന്ന് അവരുടെകാറിൽ കൂട്ടിക്കൊണ്ടുപോയി. നാളെ രാവിലെപോകാമെന്ന് വെച്ചാൽ സമയത്തിന്‌ എത്തുകയില്ലെന്നറിയാം.  എന്നാലും ഇന്നിവിടെ കാണുന്നതുപോലുള്ള തിരക്ക് അടുത്തകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല.  ഇനി സ്വകാര്യ ലക്ഷ്വറി കോച്ചുകൾ കനിയണം.  സ്റ്റാന്റിൽ തിരക്ക് വർദ്ധിക്കുന്നഘട്ടങ്ങളിൽ അവർ പ്രത്യക്ഷപ്പെടാറുണ്ട്.  സ്റ്റാന്റിന്റെ കവാടത്തിൽനിന്നും ഒരു നൂറുമീറ്റർ അപ്പുറത്ത് മാറിയാണ്‌ അവ പാർക്ക് ചെയ്തിടുക.  എന്തായാലും ആഭാഗത്തേക്കൊന്നു പോയി നോക്കാമെന്നുകരുതി റോഡ് ക്രോസ് ചെയ്ത് ഇടതുഭാഗത്തുകൂടെ കുറച്ചുനടന്നപ്പോഴേക്കും പച്ചയുംനീലയും വർണ്ണച്ചായമടിച്ച നെല്ലട ട്രാൻസ്പോർട്ടിന്റെഎയർബസ്സ് കോച്ച് കുറച്ചകലെ റിവേഴ്സിൽവന്നു പാർക്ക് ചെയ്യുന്നു.  നിമിഷങ്ങൾക്കകം എന്റെ പുറകിൽനിന്നും കൂട്ടത്തോടെ ഓടിവന്ന കുറെയാളുകൾ എന്നെയുംമറികടന്ന് ബസ്സിനെലക്ഷ്യമാക്കി കുതിക്കുന്നു.  ഞാനും നടത്തത്തിന്‌ വേഗത കൂട്ടി.  ബസ്സിന്നടുത്തെത്തിയപ്പോഴേക്കും ബസ്സ് നിറഞ്ഞിരുന്നു.

തിക്കിത്തിരക്കി ബസ്സിന്നകത്ത് കയറി.  ഒഴിഞ്ഞസീറ്റുകളൊന്നുമില്ല.  കിളി വീണ്ടും ആളുകളെ വിളിച്ചുകയറ്റിക്കൊണ്ടിരുന്നു.  ഞാൻ ഏറ്റവുംമുന്നിലേക്ക് ഡ്രൈവർകാബിന്നടുത്തേക്ക് കയറി കമ്പിയിൽ പിടുത്തമിട്ടു.  ഇനിവരുന്നവരെല്ലാം എന്നെപ്പോലെ കമ്പിപിടുത്തക്കാർതന്നെ. അപ്പോഴാണ്‌ പിന്നിലെസീറ്റിൽനിന്നും സാർ എന്നൊരുവിളിയും പുറത്തൊരു ചെറിയ തോണ്ടലും.!  തിരിഞ്ഞുനോക്കി..
‘’സാറിവിടെ ഇരുന്നോളൂ.’’
പരിചയമുള്ളമുഖം.!  പക്ഷെ, പെട്ടെന്ന് ആളെ മനസ്സിലായില്ല. എന്റെ പകച്ചുള്ളനോട്ടം കണ്ടിട്ടാവണം ഇരുന്നസീറ്റിൽനിന്നും എഴുന്നേറ്റുനിന്നുകൊണ്ട് അയാൾ
സാറിനെന്നെ മനസ്സിലായില്ലെ.. ഞാൻ ജോബി കുര്യാക്കോസ്, പറമ്പത്തേലെ’’
ഒരുസെക്കന്റ് നേരത്തേക്ക് മനസ്സുടക്കി. കുര്യാക്കോസിന്റെ രണ്ടാമത്തവൻ കെട്ടവൻ ഞാൻ മനസ്സിൽപറഞ്ഞു.!
കെട്ടവനെന്നത് അവന്റെ ഇരട്ടപ്പേരാണ്‌.  സ്കൂളിൽ പഠിക്കുന്നകാലത്ത് രാഷ്ട്രീയത്തിൽ താല്പര്യമുണ്ടായിരുന്ന അവൻ മുതിർന്നരാഷ്ട്രീയക്കാരുടെ രഹസ്യയോഗങ്ങളിൽ നുഴഞ്ഞുകയറി കാര്യങ്ങൾമനസ്സിലാക്കി എതിർചേരിക്കാർക്ക് ചോർത്തിക്കൊടുക്കന്നതിൽ കാണിച്ചിരുന്ന മിടുക്കുകൊണ്ടാണ്‌ കെട്ടവനെന്ന പേരുകാരനായത്. കോളേജിലെത്തിയപ്പോഴേക്കും പേര്‌ അന്വർത്ഥമാക്കുന്നവിധത്തിൽ സമർത്ഥനായിത്തീർന്നിരുന്നു.  പോക്കറ്റടിയിലും മോഷണത്തിലും പിടിക്കപ്പെടുകയും പലപ്പോഴും ജയിലിൽ കിടക്കേണ്ടിവരികയും ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.  ഇവനെങ്ങനെ ഇക്കോലത്തിലായി. ഇവൻ ഏതോമോഷണക്കേസിൽ അകത്തായിരുന്നെന്ന് ഈയ്യിടെ പറഞ്ഞുകേട്ടിരുന്നു.
‘’ഓ.. മനസ്സിലായി...മനസ്സിലായി.. ജോബി, നീയെപ്പോഴാ ഇറങ്ങിയത്.?’’
‘’ഇല്ല സാറെ, ഞാനിപ്പോ പരോളിലാ’’
‘’പരോളിലായിട്ട് നിന്നെ നമ്മുടെപരിസരത്തൊന്നും കണ്ടില്ലല്ലോ’’
‘’ഇതിപ്പോ സ്പെഷ്യൽ പരോളാ.  ആഴ്ചയിൽ രണ്ടുദിവസം. അവിടുത്തെ സാറന്മാരുടെ ഔദാര്യമാണു സാറെ’’.. ശബ്ദം താഴ്ത്തിക്കൊണ്ടാണത് പറഞ്ഞത്.
അപ്പോഴേക്കും ബസ്സ് പുറപ്പെട്ട് ഓട്ടംതുടങ്ങിയിരുന്നു.
‘’കൂത്താട്ടുകുളത്തെ അമ്മായിയെ ഒന്നുകാണണം, അതാപ്പോ ഈ ബസ്സീലോടിക്കയറീത്, സ്ഥലെത്തീന്നാ തോന്നണത്, ഞാനങ്ങട്ട് ബാക്കിൽക്ക് നില്ക്കട്ടെ’’
അത്രയുംപറഞ്ഞ് അയാൾ പുറകോട്ട് മാറി..
കെട്ടവൻ ഒഴിഞ്ഞുതന്ന സീറ്റിൽ ഇരുന്നുകൊണ്ട് പുറത്തേക്ക് നോക്കിയപ്പോൾ കൂത്താട്ടുകുളത്തെത്താൻ ഇനിയും ദൂരമുണ്ടെന്ന് മനസ്സിലായി.  ഒരുപക്ഷെ ഇനിയുള്ള എന്റെ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാനായി പെട്ടെന്ന് പിൻവാങ്ങിയതാവാം അവൻ. 
എന്നാലും അവൻ പറഞ്ഞകാര്യം - സ്പെഷ്യൽ പരോൾ - മറ്റുചിലരും പറഞ്ഞുകേട്ടിട്ടുണ്ട്.  കുറ്റവാളികളെ ഉപയോഗപ്പെടുത്തി സമ്പാദ്യമുണ്ടാക്കുന്ന ജയിൽ സാറന്മാരെക്കുറിച്ച് പത്രങ്ങളിലുംമറ്റും വാർത്തകളും വരാറുണ്ട്.  കുറ്റവാളികളായി തടവറകളിൽ കഴിയേണ്ടവർ അനുഭവിക്കുന്ന സ്വതന്ത്രവിഹാരത്തിനും സ്വാതന്ത്ര്യത്തിനും വിഘ്നംവരാതെ സംരക്ഷണമേകുന്ന ഈ സംവിധാനം പ്രശംസാർഹംതന്നെ.!
. . . . . . . . . . .

വിവാഹനിശ്ചയത്തിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോഴും യാത്രാതടസ്സങ്ങൾ മാറിയിരുന്നില്ല.  ഇന്നലെ നേരം വളരെ ഇരുട്ടിയാണ്‌ വീട്ടിൽ എത്തിച്ചേർന്നത്.   അതുകൊണ്ടുതന്നെ വളരെ വൈകിയാണ്‌ ഉറക്കമുണർന്നത്.  രാവിലെ കാപ്പികുടികഴിഞ്ഞ്, മേശമേൽ കിടന്നിരുന്ന രണ്ടുമൂന്ന് ദിവസത്തെ പത്രങ്ങൾ ഓരോന്നായി തലക്കെട്ട് വായനക്ക് വിധേയമാക്കി.  അപ്പോഴാണ്‌ ഇന്നലത്തെപത്രത്തിലെ ഏതാനുംചിത്രങ്ങളും വെണ്ടക്കത്തലക്കെട്ടുകളും കണ്ടത്..
‘’കാലടിയിൽ ശ്രീ. ശങ്കരാചാര്യ സ്വാമികൾക്ക് പൂർണ്ണകുംഭത്തോടെ വരവേൽപ്പ് ‘’
‘’ഏറ്റുമാനൂരിൽ ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ സ്വാമികൾക്ക് സ്വീകരണം’’
ഒഹോ.. ഇവരും ആരാധകരുംകൂടിയാണ്‌ ഇന്നലെയും മിനിയാന്നും മദ്ധ്യകേരളത്തിലെ മുഴുവൻ ജനങ്ങളെയും യാത്രാദുരിതത്തിലേക്ക് തള്ളിവിട്ടത്.  ഇവർ കാരണം ഏർപ്പെടുത്തിയ സഞ്ചാരനിയന്ത്രണങ്ങൾ കാരണം എത്രയെത്രരോഗികൾ പ്രയാസപ്പെട്ടുകാണും, എത്രയെത്ര അത്യാസന്നരോഗികളുടെ ജീവൻ നഷ്ടപ്പെട്ടുകാണും, എത്രയെത്ര ചിതകൾ സമയംതെറ്റി പുകഞ്ഞുകാണും, അതൊന്നും ആലോചിക്കാതിരിക്കയാണ്‌ ഭേദം.
ഇത്തരം ദുരിതമുണ്ടാക്കുന്നതിലെ പ്രഥമസ്ഥാനീയർ ഭരണത്തമ്പ്രാക്കന്മാരും രാഷ്ട്രീയപ്രമുഖരും മറ്റുമായിരുന്നു.  അക്കൂട്ടത്തിലേക്ക് മതാചാര്യന്മാരും ആൾദൈവങ്ങളും മറ്റുംചേർന്നതോടെ നമ്മുടെ ദുരനുഭവങ്ങൾക്ക് തീക്ഷ്ണതയേറിക്കൊണ്ടിരിക്കുന്നു.   കഴിഞ്ഞ വർഷം ചാനലുകൾ കൊണ്ടാടിയ ഒരുസംഭവം ഓർമ്മവരുന്നു.

ഓഫീസിൽനിന്നും നേരത്തെയെത്തുന്ന ദിവസങ്ങളിൽ ഒരു ചാനലിന്റെ ന്യൂസ് ഹവർ എന്ന വാർത്താപരിപാടി ശ്രദ്ധിക്കാറുണ്ട്.
പ്രധാന വാർത്തകൾ: രാഷ്ട്രപതി കൊല്ലത്ത്, ജലമേള ഉൽഘാടനം ചെയ്തു. രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതിക്ക് കൊല്ലത്ത് ഊഷ്മളമായ വരവേൽപ്പ്.... വാർത്തകൾ അങ്ങനെ തുടർന്നുകൊണ്ടിരുന്നു.  വാർത്തയോടൊപ്പം കാണിച്ചിരുന്ന ക്ലിപ്പിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കയായിരുന്ന എനിക്ക് വാർത്താവായനക്കാരൻ പിന്നീട് പറഞ്ഞതൊന്നും മനസ്സിലാക്കാനായില്ല.

അതെ, രാഷ്ട്രപതിക്ക് ഊഷ്മളമായ സ്വീകരണംതന്നെയാണ്‌ കൊടുത്തതും അവർക്ക് ലഭിച്ചതും എന്നുമനസ്സിലായി.   ഹെലികോപ്ടറിൽ സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയപ്പോൾ പറന്നുപോയ പുഷ്പഹാരങ്ങളും പൂച്ചെണ്ടുകളും ഉടുമുണ്ടുകളും ഊഷ്മളതക്ക് മാറ്റുകൂട്ടി.   നിക്കറും ഷർട്ടുമിട്ടു വരിതെറ്റിനിൽക്കുന്നനേതാക്കന്മാർ സംഘപരിവാരികളുടെ കായികവിനോദത്തിനൊരുങ്ങി നില്ക്കുന്നവരെപ്പോലെ തോന്നിപ്പിച്ചു.  ഇത് ആദ്യത്തെ ക്ലിപ്പ്.. 

രണ്ടാമത്തെ ക്ലിപ്പ് കൂടുതൽ ആശങ്കാജനകമായിരുന്നു.
ഇന്ത്യാരാജ്യത്തിന്റെ പ്രസിഡണ്ട് കൊല്ലത്ത് നടക്കുന്ന ജലമേളകാണാൻ ഹെലിക്കോപ്ടറിൽ എത്തുന്നു.  അവർ ജലമേള കണ്ടാസ്വദിക്കുന്നു.   ശേഷം വിശ്രമസ്ഥലത്തേക്ക് പോകുന്നു.   പിറ്റേന്ന് രാവിലെ മറ്റെവിടേക്കോപോകാനായി ഹെലിക്കോപ്ടറിൽ കയറുന്നു.  പരിസരമാകെ പൊടിപടർത്തി മേഘാവൃതമാക്കിയതിനുശേഷം ഹെലിക്കോപ്ടറിൽ നിന്നിറങ്ങുന്നു.   കുറച്ചുമാറി ഒരുപ്ലാസ്റ്റിക് കസേരയിൽ കൊട്ടവെയിലത്ത് ഇരിക്കുന്നു.   അരമുക്കാൽ മണിക്കൂറിനുശേഷം വീണ്ടും ഹെലിക്കോപ്ടറിൽ കയറുന്നു.  മിനിട്ടുകൾക്കുശേഷം ആ പ്രദേശമാകെ പൊടിപറത്തിക്കൊണ്ട് ആ യന്ത്രത്തുമ്പി അപ്രത്യക്ഷമാകുന്നു.

പക്ഷെ, എന്തൊക്കെ പ്രയാസങ്ങളാണ്‌ സ്വതന്ത്രഭാരതത്തിന്റെ സർവ്വതന്ത്ര സ്വതന്ത്ര(നാ/യാ)യ രാഷ്ട്രപതിയായ ബഹുമാനപ്പെട്ട അവർ സഹിക്കുന്നത് എന്നാലോചിച്ചപ്പോൾ ഈ സാധാരണക്കാരനായ ഞാൻ എത്രസ്വതന്ത്രൻ, നിർഭയൻ എന്നത് എന്നെ വാനോളമാക്കി.
കഷ്ടംതന്നെ നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ.  അവരോളം തടവ് (സ്വതന്ത്രമായ വിഹാരവിഘ്നം) അനുഭവിക്കുന്ന യാതൊരുകുറ്റവാളികളും രാജ്യത്തുണ്ടാവില്ല.   തൂക്കുകയറിൽ തൂങ്ങാൻ വിധിക്കപ്പെട്ടവർക്കുപോലും ഇങ്ങനെയൊരു അവസ്ഥയില്ല.   എങ്ങനെയാണ്‌ ഇതിനെ വിശദീകരിക്കുക?

ഒരു പ്രശസ്ത വിദ്യാഭ്യാസസ്ഥാപനത്തിന്റെ ശതാബ്ദിയാഘോഷ ഉൽഘാടനത്തിനെത്തിയ പ്രധാനമന്ത്രിയുടെ ആഗമനമുണ്ടാക്കിയ അങ്കലാപ്പ് എന്റെ ഓർമ്മയിൽനിന്നും മായില്ല.   നേരത്തെ നിലയുറപ്പിച്ചിരുന്ന ഒരുകൂട്ടം കാക്കി ഏമാന്മാർ പെട്ടെന്ന് കലികയറിയതുപോലെ സ്ഥാപനത്തിന്റെ പരിസരത്തും കവാടത്തിന്നരികെയും റോഡിന്റെ ഇരുവശത്തും നിന്നിരുന്ന ജനങ്ങളെ (പ്രധാനമന്ത്രിയെ ഒരു ദീർഘദൂര ദർശനത്തിലൂടെയെങ്കിലും കാണാമെന്ന താല്പര്യത്തോടെ മണിക്കൂറുകളായി കാത്തുനിന്നിരുന്നവരായിരുന്നു അവരെല്ലാം. അക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു) ലാത്തിവീശി ആട്ടിയോടിക്കുന്നു.   അതുകണ്ടാൽ തോന്നുക, അടുത്തെവിടെയോ ഒരു ആറ്റംബോംബ് ഉടനെപൊട്ടിത്തെറിക്കും എന്നതുപോലെയാണ്‌.   ഇപ്പോൾ ആ പ്രദേശംമുഴുവൻ ശൂന്യം, ഒരു ഈച്ചപോലുമില്ല, പറക്കാൻ.   തുടർന്ന് കൂക്കിവിളിച്ചുകൊണ്ട് ഓടിയെത്തുന്ന അസംഖ്യം വാഹനങ്ങൾ. ഈ വാഹനങ്ങളിൽ നിന്ന് വേറൊരുകൂട്ടം ഏമാന്മാരും സിൽബന്ധികളും (പലവിധ വേഷക്കാരായവർ) ചാടി ഇറങ്ങി നാലുപാടും ഓടുന്നു.   എന്തൊക്കെയോപുലമ്പുന്നു.   തുടർന്ന് നമ്മുടെ പ്രധാനമന്ത്രി  (ഒരു പാവം ഭരണാധികാരി) ഇടംവലം അനങ്ങാനാവാതെ അടിവെച്ചടിവെക്കുന്നു.  അവർക്ക് ശ്വസനസ്വാതന്ത്ര്യംപോലും ബാക്കിയുള്ളവരുടെ സൗമനസ്യപ്രകാരമാണെന്ന് തോന്നുന്നു.  ഭരണചക്രമുരുട്ടുന്നവരായ പരമോന്നതരുടെ ഓരോനിമിഷവും മണിക്കൂറുകളും ദിവസങ്ങളും ഇപ്രകാരമാണ്‌ സമയത്തെ ആവേശിക്കുന്നത് എന്നത് അത്ഭുതംതന്നെ.

ഇത്രയധികം കടുത്ത തടവുവൃത്ത ചക്രത്തിന്നകത്ത് കുരുങ്ങിക്കിടക്കാൻ മാത്രമുള്ള കൊടിയ കുറ്റമെന്തായിരിക്കാം ഇവരെല്ലാം ചെയ്തിട്ടുണ്ടായിരിക്കുക.!   ഈ സംശയം സാധാരണ കഴുതജനം ഉന്നയിച്ചാൽ അതൊരു രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിക്കുമെങ്കിലും അതിനെപ്പറ്റി അറിയാനുള്ള ആഗ്രഹം ഉപേക്ഷിക്കാനാവുമോ.?   ആരോടൊക്കെയാണിവർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്, എന്തിനാണിവർ കുറ്റങ്ങൾ ചെയ്യുന്നത്, എന്തുകുറ്റങ്ങളാണിവർ ചെയ്തിരിക്കുന്നത് എന്നെല്ലാം പൗരാവകാശത്തെ വിവരാവകാശമായി ചുരുക്കിയെടുത്തതുകൊണ്ടെങ്കിലും പറയാൻ ബാദ്ധ്യസ്ഥരല്ലെ.!
 . . . . . .

‘’കുറെ നേരായല്ലോ പത്രോം പിടിച്ചോണ്ട് സ്വപ്നം കാണണത്.വിശപ്പും ദാഹോം ഒന്നൂംല്ലെ.സമയം രണ്ടുമണികഴിഞ്ഞൂട്ടോ’’..
ഭാര്യയുടെ ഡയലോഗ് കേട്ടാണ്‌ ഓർമ്മകളിൽനിന്നും ഉണർന്നത്.
‘’എന്നാലിനി വൈകേണ്ട. ഞാൻ റെഡി’’...
‘’എയ്..പുത്തർ’’ ............ ഞാൻ മോനെവിളിച്ചു..
‘’ഞാനിവിടെ ഉണ്ടച്ഛാ’’ അടുക്കളയിൽനിന്നും മോന്റെമറുപടി
അഞ്ചുമിനിട്ടിനകം തീൻമേശ റെഡി.
‘’എടോ തനിക്ക് പറമ്പത്തേലെ കുര്യാക്കോസിന്റെ കെട്ടവനെ അറിയോ’’... ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നതിന്നിടെ ഭാര്യയോട് ചോദിച്ചു
‘’ഉം........ എന്താകാര്യം.?’’
‘’മിനിയാന്ന് കോട്ടയത്തേക്ക് പോകുമ്പോഴെ അവനെ ബസ്സിൽ വെച്ച് കണ്ടു അവൻ പരോളിലാണത്രെ സ്പെഷ്യൽ പരോള്‌’’
‘’ഇതാണോ ഇത്രവല്യ കാര്യംഇതിവിടെ എല്ലാർക്കും അറിയണതാ.. അവൻ ഇടക്കിടെ വീട്ടിൽ വരണുണ്ട്, അവന്റെ അമ്മേടെ കയ്യിൽ നിറയെ കാശുംകൊടുക്കണുണ്ട്.  ലക്ഷ്മി ഇടക്കിടെ അവടത്തെകാര്യങ്ങൾ പറയാറുണ്ട്.’’
ലക്ഷ്മിചേച്ചി വീട്ടിൽ മുറ്റമടിക്കാൻ മാത്രമായിട്ടല്ല വരുന്നതെന്ന് നേരത്തെത്തന്നെ അറിയാമായിരുന്ന കാര്യമായിട്ടും അത്രക്കങ്ങ് ഓർത്തില്ല.!
‘’അവന്‌ സർക്കാർവക ജയിലീന്ന് ആഴ്ചക്കൂല്യായിട്ട് വല്യ സംഖ്യാണത്രെ കിട്ടണത്. ജയിലിലായാലെന്താ അവൻ എല്ലാ ആഴ്ചയിലും വീട്ടിൽ വരണുണ്ടത്രെ’’...  ഭാര്യയുടെ കൂട്ടിച്ചേർക്കൽ തുടർന്നു..
‘’താൻ പറയണതൊക്കെ ശരിതന്നെയാവാം.. അവൻതന്നെ എന്നോട് പറഞ്ഞതാ, സ്പെഷ്യൽ പരോളിലാണെന്ന്.! എടോ, ഇങ്ങനത്തെ സമ്പ്രദായം നടപ്പാക്കുന്ന ജയിലധികാരികൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.’’
‘’കള്ളനായാലെന്താ കുടുംബസ്നേഹം ഉള്ളോനാ, അതോണ്ടല്ലെ ഇടക്കിടെ തള്ളേനെ കാണാനായിട്ട് പാത്തുംപതുങ്ങിം വരണത്.’’ ഭാര്യ വിടാനുള്ള ഭാവമില്ല
‘’ചോറുണ്ണുമ്പോ അധികം സംസാരിക്കരുതെന്ന് പറേണ ആൾക്കാരാ ഇപ്പോ വല്ലോരുടേം കാര്യംപറഞ്ഞ് തർക്കിച്ചോണ്ടിരിക്കണത്’’... രണ്ടുപേരുടേയും മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് മോന്റെ വക താക്കീത്..
‘’ നിങ്ങള്‌ മുമ്പ് എറണാകുളത്തായിരുന്നപ്പോ മാസത്തിലൊരിക്കല്‌ രണ്ടാം ശനിയാഴ്ചയുള്ളപ്പോഴല്ലെ വീട്ടിൽ വന്നിരുന്നത്അതിനേക്കാളും’’
‘’ മതിമതി എന്താ പറഞ്ഞുവരുന്നതെന്ന് എനിക്ക് മനസ്സിലായി’’ ഞങ്ങളുടെ സംഭാഷണം നിലച്ചു
കല്ല് കണ്ടേടം നിർത്തണമെന്ന് പറഞ്ഞതുപോലെ ഇപ്പോൾ ഇവിടെ ഈസംഭാഷണം നിർത്തിയില്ലെങ്കിൽ കാര്യങ്ങൾ കുഴഞ്ഞുമറിയും.. അല്ലെങ്കിൽ എനിക്കിവിടെ ഒരുവിധത്തിലുള്ള പരോളും കിട്ടില്ല എന്നതുറപ്പ്.!

വേഗത്തിൽ ഭക്ഷണംകഴിച്ചെണീറ്റു. മനസ്സിലൊരു സൗന്ദര്യപ്പിണക്കത്തോടെ വരാന്തയിലെ കസേരയിലൊന്നിലിരുന്ന് മറ്റൊന്നിലേക്ക് കാൽ കയറ്റിവെച്ച് ഒരു ഈസിചെയർ പരുവത്തിൽ കിടന്നു.  പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ചാഞ്ഞുകൊണ്ടിരുന്ന വെയിൽനാളം വരാന്തയിലെ കസേരകളിലേക്ക് അരിച്ചുകയറാൻ തുടങ്ങിയിരുന്നു.
അപ്പോഴും മനസ്സിൽ, കെട്ടവനും പരോളും മുന്നേറുകയായിരുന്നു.! 
==========
ടി. കെ. ഉണ്ണി

൧൦-൦൭-൨൦൧൩