കിനാവ്
======
കണ്ണീരിന്റെ കനവ്
പുഴയായൊഴുകി
പ്രളയമാവാൻ.!
കണ്ണിന്റെ കനവ്
കാണാതെ കാണുന്നൊരു
ഉൾക്കണ്ണാവാൻ.!
ചുണ്ടിന്റെ കനവ്
വരൾച്ചയകറ്റാനൊരു
മഞ്ഞുതുള്ളിയാവാൻ.!
മനതാരിലെ കനവ്
മാനത്തെ തിങ്കളൊത്ത
മാലാഖത്തുമ്പിയാവാൻ.!
മുകിലിന്റെ കനവ്
മണ്ണിന്റെ മാറിൽ
അലിഞ്ഞില്ലാതാവാൻ.!
മണ്ണിന്റെ കനവ്
എന്നെന്നും പച്ചപ്പട്ടു-
ടുത്ത് പുതച്ചുറങ്ങിയുണരാൻ.
വിണ്ണിന്റെ കനവ്
കണ്ണിനെയും മണ്ണിനെയും
പൊൻകതിരണിയിക്കാൻ.
കാറ്റിന്റെ കനവ്
പ്രപഞ്ചത്തിലെ
ജീവന്റെ അദൃശ്യസ്പന്ദനമാവാൻ.
നിന്റെ കനിവിനായുള്ളെന്റെ കനവ്
മരീചികയാവാതിരിക്കാൻ
കേഴുന്നു ഞാനെന്റെ പ്രഭോ!
മായക്കാഴ്ചയായൊരുനാളെൻ
ദാഹാർത്തി തീർക്കാനായി
തരുമോയെൻ തമ്പുരാനേ
നിൻ തൂമന്ദഹാസത്തിൻ
ഹർഷബാഷ്പവൃഷ്ടിയായി
ഒരു ഹിമബിന്ദുവെങ്കിലും.!!
=========
ടി.കെ. ഉണ്ണി
൨൧-൦൨-൨൦൧൩