ശനിയാഴ്‌ച, ഓഗസ്റ്റ് 27, 2011

നിരാഹാരം

നിരാഹാരം (മിനിക്കഥ)
=======
വല്ല്യച്ഛാ..
ഈ നിരാഹാരംന്ന് പറഞ്ഞാ എന്താ.?
നിരാഹാരം കെടക്കണോര്‌ പാലുകുടിക്ക്വോ.?

എന്റെ അനിയന്റെ മകൾ രണ്ടാം ക്ലാസ്സുകാരി ഗൗരിക്കുട്ടിയുടേതാണ്‌ സംശയം..
എന്തുകൊണ്ടാണ് മോള്‍ക്ക് ഇങ്ങനെയൊരു സംശയം ഉണ്ടായിരിക്കുന്നത്.. ക്ലാസ് ടീച്ചർ എന്തെങ്കിലും ചോദ്യം ചോദിച്ചു മോളെ കുഴക്കിയോ.. അങ്ങനെയുള്ള സംശയങ്ങൾ ഉണ്ടാവുമ്പോൾ അവൾ എന്നോടാണ് പറയാറുള്ളത്.. പക്ഷെ, മോളുടെ ഓണപ്പരീക്ഷയൊക്കെ കഴിഞ്ഞതല്ലെ, പിന്നെന്തേ ഇപ്പോഴൊരു സംശയം.?.. 

എന്താ മോളെ, പ്രശ്നം .. ഞാൻ സൌമ്യമായി ചോദിച്ചു..
അത്ആ ഗാന്ധിയപ്പൂപ്പൻ അണ്ണഹസാരെഡൽഹിയിലു സമരം ചെയ്യണ ആൾഎപ്പൊ നോക്ക്യാലും പാല്‌ കുടിക്ക്ണുണ്ടല്ലോ.!  എനിക്ക് അമ്മ പാല്‌ തരണില്ലേഅതിനേക്കാളും വല്യ സ്റ്റീൽ ഗ്ലാസ്സിലാണ്‌ ആ അപ്പൂപ്പൻ പാല്‌ കുടിക്കണത്.!  എന്നിട്ട് വല്യേട്ടൻ പറയാ, നിരാഹാരംന്ന് പറഞ്ഞാല്‌ ഭക്ഷണം കഴിക്കാണ്ട് പട്ടിണി കെടക്കണ സമരം ആണെന്ന്.!!

അതെഅങ്ങനെത്തന്നെ. വല്യേട്ടൻ പറഞ്ഞതാണ് ശരി.. നിരാഹാരം എന്ന് പറഞ്ഞാല്‍ ആഹാരം കഴിക്കാതെയുള്ള സമരം തന്നെ... പക്ഷെ, വെള്ളം മാത്രം കുടിക്കാം ...

അല്ലല്ല, ആ അപ്പൂപ്പന്‍ പാലുതന്ന്യാ കുടിച്ചിരുന്നത്.. ഞാന്‍ ടീവീല് കണ്ടതല്ലേ.. അപ്പൂപ്പന്‍ കുടിക്കുമ്പോ ചുണ്ടീന്നു പാല് ഇറ്റിറ്റി വീഴണത്..  അപ്പോ ഈ നിരാഹാരംന്ന് പറഞ്ഞാല്‌ എപ്പെഴെപ്പെഴും പാലുകുടി തന്നെ..ല്ലേ..

മോളെവല്യച്ഛൻ ഇപ്പൊ പുറത്തേക്ക് പോവ്വാ..വന്നിട്ട് മോൾക്ക് വിശദമായി പറഞ്ഞുതരാം.ട്ടൊ...മോള്‌ ഇപ്പൊ പോയി പഠിക്കാൻ നോക്ക്..

അതിന്‌ സ്കൂൾ അടച്ചില്ലെ.. ഇനി ബുധനാഴ്ച സ്കൂളിൽ പോയാമതി..

ഞാൻ മെല്ലെ പുറത്തേക്കിറങ്ങി.
തിരിച്ചുവന്നാല്‍ അവളെന്നെ വിടാതെ പിന്തുടരും ..
ഗൗരിമോളോട് എന്താ പറയുക.?
==========

ടി. കെ. ഉണ്ണി
൨൭-൦൮-൨൦൧൧ 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 15, 2011

സ്വാതന്ത്ര്യദിനം..

സ്വാതന്ത്ര്യദിനം..
===========
സ്വതന്ത്രഭാരതത്തിലെ അസ്വതന്ത്ര ദരിദ്രനാരായണന്മാരെ
ഓർക്കാനാവുന്നത് ശിക്ഷാർഹമായ രാജ്യദ്രോഹക്കുറ്റമായി
ത്തീർന്നിരിക്കുന്ന സ്വാതന്ത്ര്യബോധത്തിന്റെ കെട്ടുകാഴ്ചകൾ
അരങ്ങേറ്റിക്കൊണ്ട് ഭരണസിരാകേന്ദ്രങ്ങളിലെ
ചക്രായുധധാരികൾ പേമാരിപോലെ വർഷാവർഷം
കോരിച്ചൊരിയുന്ന ഭാഷണവർഷത്തിന്ന് കുടപിടിച്ച് നിൽക്കുന്ന
ഏമാന്മാരുടെ നേർക്കാഴ്ചകൾ സമ്മാനമായി അളന്നുതൂക്കി
നൽകിക്കൊണ്ട്, രാജ്യത്തിലെ ജനസേവനം മാത്രം
ജീവനമാക്കിയവർ നമുക്ക് നൽകുന്ന ഔദാര്യമായ സ്വാതന്ത്ര്യം
വെറും കൊടിക്കൂറകളായി പറപ്പിച്ചുകൊണ്ട്, ഇല്ലാത്ത ശബ്ദത്തിൽ
വിളിച്ചുകൂവാൻ, വോട്ട്മാത്രം കൈമുതലുള്ള മൃഗതുല്യമനുഷ്യ
ജന്മങ്ങളെ ഉന്മത്തരാക്കി ഘോഷയാത്രികരാക്കി കെട്ടിയാടിച്ചുള്ള
ഈ പൊങ്ങച്ചവീര്യം നമ്മുടെ സ്വാതന്ത്ര്യമെങ്കിൽ,
നാടേ നിന്റെ സ്വാതന്ത്ര്യം നീണാൾ വാഴട്ടെ..!
നാടേ എനിക്കെന്നാണ്‌ സ്വാതന്ത്ര്യമുണ്ടാവുക.?
= = = = = = =
ടി. കെ. ഉണ്ണി
൧൫-൦൮-൨൦൧൧

വ്യാഴാഴ്‌ച, ഓഗസ്റ്റ് 04, 2011

ദൈവത്തിന്റെ നാട്

ദൈവത്തിന്റെ നാട്.
= = = = = = = = = =
കേരളത്തെയോർത്ത് കേഴാനിനി
എന്നുള്ളിൽ സങ്കടങ്ങൾ ബാക്കിയില്ല..!
അതെല്ലാം ദൈവത്തിന്റെ നാടിന്‌ ദാനമേകി..!!
ദൈവനാടിന്റെ ഉടമസ്ഥർ മേലാളമേലാപ്പുകാർ
അവർ അംഗവിഹീനമാക്കി മാനഭംഗപ്പെടുത്തിയില്ലേ.?
മദമാത്സര്യോന്മത്തരായ ദൈവങ്ങളുടെയും നാട്..!
മതമത്തേഭരല്ലാത്ത ദൈവങ്ങളില്ലാത്ത നാട്..!
ഈ ദൈവനാട്ടിൽ മനുഷ്യരെവിടെ.?
ഈ ദൈവനാട്ടിൽ പക്ഷിമൃഗാദികളെവിടെ.?
ജലമെവിടെ, ജീവവായു എവിടെ.?
ആറുകളും മലകളും സസ്യജാലങ്ങളുമെവിടെ.?
ഇടിവെട്ടുന്നതും മഴപെയ്യുന്നതും തീ കത്തുന്നതും
സൂര്യചന്ദ്രന്മാർ ഉദിച്ചസ്തമിക്കുന്നതും
ഉടയോരായ മേലാളമേലാപ്പുകാർക്കുവേണ്ടി.?
മനുഷ്യനധിവസിക്കാനൊരു കേരള നാട്..!
അതിന്നായ് കേഴാനെനിക്ക് സങ്കടങ്ങളേകണേ..!
എന്റെ കണ്ണിൽ അശ്രുകണങ്ങൾ നിറക്കേണമേ..!
ഉത്സവങ്ങളിലാറാടിത്തിമിർക്കുന്ന ദൈവങ്ങൾ..!
അവരെങ്ങനെ പ്രാർത്ഥനകൾ കേൾക്കും.?
മനുഷ്യമനസ്സുരുകിയാലറിയുന്നൊരു ദൈവം
പ്രപഞ്ചത്തിലുണ്ടെങ്കിൽ, കേൾക്കുമെന്റെയുരുക്കം,
മനുഷ്യനുജീവിക്കാനൊരു കേരളം..!
അതൊന്നുമാത്രമേകുക..!
അതൊന്നുമാത്രം.!
= = = = = = = =
ടി.കെ. ഉണ്ണി
൦൪-൦൮-൨൦൧൧
=========
വാൽക്കഷ്ണം:  ദൈവത്തിന്റെ നാട് / ദൈവങ്ങളുടെ നാടായ കേരളത്തിൽ വെറും മനുഷ്യന്റെ 
അസ്ഥിത്വം വെല്ലുവിളി നേരിടുന്നു എന്ന സത്യത്തിന്റെ നെരിപ്പോട് എന്റെ നെഞ്ചിലും അനുഭവപ്പെടുന്നു.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2011

കാലം

കാലം
====
കാലത്താൽ താളം തെറ്റിയ കാറ്റിന്റെ കളി
കാളകൂടം കളഞ്ഞുപോയ കാർക്കോടകന്റെ വിളി
കാമനകളണഞ്ഞുപോയ കാമിനിയുടെ കുളി
കാഴ്ചകളകന്ന കണ്ണിന്റെ, കരളിന്റെ കാകളി..

മുകിലായ് മഴയായ് മാർകഴിയായ് വീണ്ടും
മലരായ് മധുവായ് മത്സരമായ് മധുരോത്സവമായ്
മദമായ് മതമായ് മദിരകൾ മാത്രമായ്
മധുവർണ്ണനും മന്നനും മാനത്ത് മത്തേഭരായ്

വരവായ് വരാഹനും വരണമാല്യവുമായ്
വനരോദനം വചനമൂല്യമായ് വിവശമായ്
വൈശാഖവും വൈധവ്യമാം വൈപരീത്യമായ്
വാമനനാം വൈതാളികൻ വൈതരണിയിലായ്..

സാന്ത്വന സന്താപ സംവേദനങ്ങൾ
സാശ്വതമോ ശാപമോ സായൂജ്യമോ
സാകൂതമരുവുന്ന സാരമേയങ്ങളോ
സാലഭഞ്ജികകളോ, സാരാംശമേകുവാൻ
സാഹസമാകാതെ, സന്മനസ്സാകുവാൻ..
സത്യമിതെന്തൊരു വേതാളകാലം.!!!

=========
ടി. കെ. ഉണ്ണി
൦൧-൦൮-൨൦൧൧