ബുധനാഴ്‌ച, ജൂൺ 26, 2013

തടവറ

എന്നത്തേയും പോലെ മലയാളം വാർത്താചാനലുകളുടെ സായാഹ്ന വാർത്തായുദ്ധം തുടങ്ങി.  ഞാൻ സീരിയൽ, കോമഡി വിഭാഗങ്ങളെ തള്ളിമാറ്റി (കുടുംബിനിയെയും പിള്ളാരെയും) മുൻനിരയിൽ സ്ഥാനം പിടിച്ചു..

പ്രധാന വാർത്തകൾ: രാഷ്ട്രപതി കൊല്ലത്ത്, ജലമേള ഉൽഘാടനം ചെയ്തു. രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതിക്ക് കൊല്ലത്ത് ഊഷ്മളമായ വരവേൽപ്പ്.... വാർത്തകൾ അങ്ങനെ തുടർന്നുകൊണ്ടിരുന്നു. വാർത്തയോടൊപ്പം കാണിച്ചിരുന്ന ക്ലിപ്പിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കയായിരുന്ന എനിക്ക് വാർത്താവായനക്കാരൻ പിന്നീട് പറഞ്ഞതൊന്നും മനസ്സിലാക്കാനായില്ല.

അതെ, രാഷ്ട്രപതിക്ക് ഊഷ്മളമായ സ്വീകരണം തന്നെയാണ്‌ കൊടുത്തതും അവർക്ക് ലഭിച്ചതും എന്നു മനസ്സിലായി.. ഹെലികോപ്ടറിൽ സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയപ്പോൾ പറന്നുപോയ പുഷ്പഹാരങ്ങളും പൂച്ചെണ്ടുകളും ഉടുമുണ്ടുകളും ഊഷ്മളതക്ക് മാറ്റുകൂട്ടി. ട്രൗസറും ഷർട്ടുമിട്ടു വരിതെറ്റിനിൽക്കുന്ന നേതാക്കന്മാർ സംഘപരിവാരികളുടെ കായികവിനോദത്തിനൊരുങ്ങി നില്ക്കുന്നവരെപ്പോലെ തോന്നിപ്പിച്ചു.

അപ്പോഴാണ്‌ ഇന്നു രാവിലെ മുതൽ ഇപ്പോൾ വീട്ടിൽ വന്നെത്തുന്നതുവരെ ഞാൻ അനുഭവിച്ച യാത്രാക്ലേശങ്ങൾക്കും അതുമൂലമുണ്ടായ ശാരീരിക വിഷമങ്ങൾക്കും തുടക്കം കുറിച്ചത് ഇങ്ങനെയായിരുന്നെന്ന് മനസ്സിലായത്.!
ദൃശ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഈ കാഴ്ചകളെപ്പറ്റി ചിന്തിച്ചപ്പോൾ എനിക്കെന്നെത്തന്നെ വിശ്വസിക്കാനായില്ല.!

ഇന്ത്യാരാജ്യത്തിന്റെ പ്രസിഡണ്ട് കൊല്ലത്ത് നടക്കുന്ന ജലമേള കാണാൻ ഹെലിക്കോപ്ടറിൽ എത്തുന്നു. അവർ ജലമേള കണ്ടാസ്വദിക്കുന്നു.  ശേഷം വിശ്രമസ്ഥലത്തേക്ക് പോകുന്നു.  പിറ്റേന്ന് രാവിലെ മറ്റെവിടേക്കോ പോകാനായി ഹെലിക്കോപ്ടറിൽ കയറുന്നു. പരിസരമാകെ പൊടിപടർത്തി മേഘാവൃതമാക്കിയതിനുശേഷം ഹെലിക്കോപ്ടറിൽ നിന്നിറങ്ങുന്നു.  കുറച്ചുമാറി ഒരു പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുന്നു.  അരമണിക്കൂറിനുശേഷം വീണ്ടും ഹെലിക്കോപ്ടറിൽ കയറുന്നു. മിനിട്ടുകൾക്കുശേഷം പൊടിപറത്തിക്കൊണ്ട് ആ യന്ത്രത്തുമ്പി അപ്രത്യക്ഷമാകുന്നു.
കഷ്ടം തന്നെ നമ്മുടെ ഭരണാധികാരികളുടെ അവസ്ഥ. അവരോളം തടവ് (സ്വതന്ത്രമായ വിഹാര വിഘ്നം) അനുഭവിക്കുന്ന യാതൊരു കുറ്റവാളികളും രാജ്യത്തില്ല.  തൂക്കുകയറിൽ തൂങ്ങാൻ വിധിക്കപ്പെട്ടവർക്കുപോലും ഇങ്ങനെയൊരു അവസ്ഥയില്ല.  എങ്ങനെയാണ്‌ ഇതിനെ വിശദീകരിക്കുക?

ചില സാധാരണ ദൃശ്യങ്ങളെയും സംഭവങ്ങളെയും പരിശോധിക്കാം.
ഇത്രയധികം കടുത്ത തടവു വൃത്ത ചക്രത്തിന്നകത്ത് കുരുങ്ങിക്കിടക്കാൻ മാത്രമുള്ള കൊടിയ കുറ്റമെന്തായിരിക്കാം ഇവരെല്ലാം ചെയ്തിട്ടുണ്ടായിരിക്കുക.!  ഈ സംശയം സാധാരണ കഴുതജനം ഉന്നയിച്ചാൽ അതൊരു രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിക്കുമെങ്കിലും അതിനെപ്പറ്റി അറിയാനുള്ള ആഗ്രഹം ഉപേക്ഷിക്കാനാവുമോ.?
ആരോടൊക്കെയാണിവർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്, എന്തിനാണിവർ കുറ്റങ്ങൾ ചെയ്യുന്നത്, എന്തുകുറ്റങ്ങളാണിവർ ചെയ്തിരിക്കുന്നത് എന്നെല്ലാം പൗരാവകാശത്തെ വിവരാവകാശമായി ചുരുക്കിയെടുത്തതുകൊണ്ടെങ്കിലും പറയാൻ ബാദ്ധ്യസ്ഥരല്ലെ മാന്യരായ ഭരണത്തമ്പ്രാക്കന്മാരായ സാറന്മാരേ.!

ഇനി അതൊന്നുമല്ല കാര്യമെങ്കിൽ അധികാരികളുടെ ഉള്ളത്തിൽ ഭയം കിള്ളിത്തുടങ്ങിയിട്ടാകുമോ.?  അങ്ങനെയും വരാമല്ലോ.  കാരണം അധികാരികളുടെ കണ്ണും കരളും തുറപ്പിക്കാനായിട്ടുള്ളതെന്ന് പാവങ്ങളെ വിശ്വസിപ്പിച്ചിട്ടുള്ള വിഡ്ഡിപ്പെട്ടി, ജീർണ്ണലിസ്റ്റ് വ്യവസായികൾ വേണ്ടതെല്ലാം അപ്പപ്പോൾ മേമ്പൊടി ചേർത്ത് കഴുതജന്മങ്ങൾക്കായി വിളമ്പുന്നത് കണ്ടാലും കേട്ടാലും വായിച്ചാലും ഇങ്ങനെയൊക്കെ സംഭവിക്കാവുന്നതേയുള്ളു എന്നും കരുതേണ്ടി വരും.!
ഈ മഹാന്മാരുടെ, നമ്മുടെ തലതൊട്ടപ്പന്മാരുടെ, ഭരണത്തമ്പ്രാക്കന്മാരുടെ ജീവിതത്തിന്‌, ആഗ്രഹങ്ങൾക്ക്, അഹന്തകൾക്ക്, കൊനഷ്ടുകൾക്ക്, ദുരകൾക്ക്, ഭ്രാന്തുകൾക്ക് എല്ലാം തന്നെ ധനവും മനവും മാനവും കൊടുക്കാനായി ബാദ്ധ്യതപ്പെടുത്തുന്ന ബാലിസ്റ്റിക് ബാലറ്റ് എന്ന ഗീർവാണായുധത്തിൽ മഷിപുരട്ടിക്കൊടുത്തതിന്റെ പ്രതിഫലം കഴുതജന്മങ്ങൾക്ക് വേണ്ടേ.?  പ്രസ്തുത പ്രതിഫലം ആവശ്യാനുസരണം നൽകി സേവിക്കാനായിട്ടാണത്രെ ഓരോദിവസവും ഈ മഹാനുഭാവർ കണ്ണുതുറക്കുന്നത്.!

ആറടി മണ്ണുപോലും അധികമായും അനാവശ്യമായും തീരുന്ന കഴുതജനത്തിന്റെ സേവകതലപ്പന്മാർക്ക് നൂറുകണക്കിനേക്കർ വിസ്തൃതിയിലുള്ള ആഡംബര പർണ്ണശാലകളും അതിനുള്ളിൽ സ്വർണ്ണക്കൊട്ടാരങ്ങളുമുണ്ടാക്കി സുഖിച്ചു രമിച്ചു വിലസാൻ വേണ്ട അവസരമുണ്ടാക്കിക്കൊടുത്ത കന്നുകാലികൾക്ക് (ഒരു മന്ത്രിപുംഗവന്റെ വെളിപാട്) ഇങ്ങനെത്തന്നെ കിട്ടണം നിസ്വാർത്ഥസേവനം.! 

ഈ മഹാരഥന്മാർക്കെല്ലാം നിങ്ങളും ഞാനും ഉൾപ്പെടുന്ന കഴുത, കന്നുകാലി ജന്മങ്ങളെയാണത്രെ ഭയം.! മനുഷ്യരെ അവർക്കൊട്ടും ഭയമില്ലത്രെ..?  സമന്മാരല്ലാത്തവരൊന്നും  മനുഷ്യരല്ലെന്ന ആധുനിക സാമ്പത്തിക സിദ്ധാന്തത്തിന്റെ ആരാധകരായതുകൊണ്ട് ലോകത്തുള്ള ആധുനിക വരേണ്യവർഗ്ഗത്തോടൊപ്പം അതായത് മനുഷ്യരോടൊപ്പം നിർഭയം ഇടപഴകാൻ സാധിക്കുന്നുവത്രെ.!

ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ കഴുത കന്നുകാലി ജന്മങ്ങളുടെ അസ്ഥിത്വമാണ്‌ തമ്പ്രാക്കന്മാരുടെ വർദ്ധിച്ച ഭയത്തിനു കാരണം.!

പക്ഷെ, എന്തൊക്കെ പ്രയാസങ്ങളാണ്‌ സ്വതന്ത്രഭാരതത്തിന്റെ സർവ്വതന്ത്ര സ്വതന്ത്ര(നാ/യാ)യ രാഷ്ട്രപതിയായ ബഹുമാനപ്പെട്ട അവർ സഹിക്കുന്നത് എന്നാലോചിച്ചപ്പോൾ ഈ സാധാരണക്കാരനായ ഞാൻ എത്ര സ്വതന്ത്രൻ, നിർഭയൻ എന്നത് എന്നെ വാനോളമാക്കി.

ഒരു കൂട്ടം കാക്കി ഏമാന്മാർ ജനങ്ങളെ ലാത്തിവീശി ആട്ടിയോടിക്കുന്നു.  അതു കണ്ടാൽ തോന്നുക, അടുത്തെവിടെയോ ഒരു ആറ്റംബോംബ് ഉടനെ പൊട്ടിത്തെറിക്കും എന്നതുപോലെയാണ്‌.  ഇപ്പോൾ ആ പ്രദേശം മുഴുവൻ ശൂന്യം, ഒരു ഈച്ചപോലുമില്ല പറക്കാൻ.  തുടർന്ന് കൂക്കിവിളിച്ചുകൊണ്ട് ഓടിയെത്തുന്ന അസംഖ്യം വാഹനങ്ങളിൽ നിന്ന് വേറൊരു കൂട്ടം ഏമാന്മാരും സിൽബന്ധികളും (പലവിധ വേഷക്കാരായവർ) ചാടി ഇറങ്ങി നാലുപാടും ഓടുന്നു. എന്തൊക്കെയോ പുലമ്പുന്നു.  തുടർന്ന് ഒരു പാവം ഭരണാധികാരി (പ്രധാനമന്ത്രി, പ്രസിഡണ്ട്, വിവിഐപി) ഇടം വലം അനങ്ങാനാവാതെ അടിവെച്ചടിവെക്കുന്നു.  അവർക്ക് ശ്വസനസ്വാതന്ത്ര്യം പോലും ബാക്കിയുള്ളവരുടെ സൗമനസ്യപ്രകാരമാണെന്ന് തോന്നുന്നു.  ഭരണചക്രമുരുട്ടുന്നവരായ പരമോന്നതരുടെ ഓരോ നിമിഷവും മണിക്കൂറുകളും ദിവസങ്ങളും ഇപ്രകാരമാണ്‌ സമയത്തെ ആവേശിക്കുന്നത് എന്നത് അത്ഭുതം തന്നെ.

ഇത് അതിശയോക്തിയല്ലെന്ന് വ്യക്തമാണ്‌. ഈ വിഭാഗത്തെ ഇവിടെയും മറുനാട്ടിലും ലോകത്തെല്ലായിടത്തും കാണുന്നത് മനുഷ്യരായിട്ടുള്ളവർക്കൊപ്പമത്രെ.  പ്രസ്തുത മനുഷ്യരായിട്ടുള്ളവരും ഭയാശങ്കകൾ ബാധിച്ചവരെപ്പോലെയാണ്‌ പെരുമാറുന്നതെന്ന് നമുക്ക് കാണാനാകും. അവരും തടവുകാർ തന്നെയെന്നതിനു സംശയമില്ല.!

ഇതിനെല്ലാം ഒരു പോംവഴിയേ ഉള്ളു..
പണ്ടൊരു ജോത്സ്യൻ പറഞ്ഞതുപോലെ -
“ഒന്നുകിൽ നീ ശങ്കരനാവണം ”
“അല്ലെങ്കിൽ ശങ്കരൻ നീ തന്നെയാവണം” ...
അപ്പോൾ തീരും എല്ലാ ഭയങ്ങളും.!
= = = = = =
ടി. കെ. ഉണ്ണി
25-06-2013

വ്യാഴാഴ്‌ച, ജൂൺ 13, 2013

അന്ത്യ വിധി

അന്ത്യ വിധി
======
കറുപ്പിനേഴഴക്
കറുത്ത വസ്ത്രങ്ങളിലത്
തിളങ്ങിത്തെളിയും..
കറുപ്പിന്നെളിമയില്ലെങ്കിൽ
വെളുപ്പിന്നഹന്തയുണ്ടാമോ.!
കാക്കയും കാക്കത്തൊള്ളായിരവും
കാക്കകാരണവന്മാരും
കറുപ്പാവാഹിച്ചവർ..
അവരല്ലൊ ഞങ്ങൾ തൻ
പൂർവ്വികർ, ദൈവങ്ങൾ..
വിതയും മെതിയും വിധിച്ചവർ,
വഴിമാറുക വെളുപ്പിന്നായി.!
കീഴ്പ്പെടുക വെളുപ്പിനെ.!
* * *
ഞങ്ങൾ ദരിദ്രർ, ആദിവാസികൾ
ദളിതർ, പതിതർ..
കറുപ്പ് ഞങ്ങളുടെ നിറം
കറുപ്പ് ഞങ്ങളുടെ വസ്ത്രം
കറുപ്പ് ഞങ്ങൾക്ക് ലഹരി
കറുത്ത ചളിയിൽ നിന്നുയിർത്ത
വെളുത്ത പൂമൊട്ടുകൾ
കശക്കിയെറിയുന്ന വെളുപ്പിന്റെ
താണ്ഡവമൊരു ദിനചര്യ.!
* * *
വിത്തിനുള്ളിൽ വിത്തു മുളപ്പിക്കുന്ന
വെളുപ്പിന്റെ സഹാനുഭൂതി
ഔദാര്യമായിട്ടൊരു ചർച്ച..
കറുപ്പിന്റെ നിലനിൽപ്പിനെന്നും
സംസ്കാരത്തനിമക്കെന്നും
വെളുത്ത മേലാളന്റെ തിട്ടൂരം.!
പീഢനവും മാനഭംഗവും
അവകാശത്തൊഴിലാക്കിയ
വെളുപ്പിന്റെ തമ്പുരാക്കൾ
ആബാലവൃദ്ധം വിവസ്ത്രരാക്കുന്നു
ഞങ്ങളെ, പീഢിപ്പിക്കുന്നു സർവ്വധാ
ആനന്ദിച്ചുന്മത്തരാകുന്നു യജമാനരും,
ഇതുവിധിയോ നരകജന്മമോ..
* * *
ഇരുട്ടായ, കറുപ്പായ ഞങ്ങൾക്ക്
ഒളിക്കാനിടമില്ല തമ്പുരാനേ
രക്ഷക്കായ് വഴിയേകൂ പ്രപഞ്ചമേ
കറുത്ത കാക്ക കാരണവന്മാരെ
ദൈവങ്ങളെ, തിരുത്തൂ
നിങ്ങളുടെ വിധികളെല്ലാം
ഈ ദുരിതപർവ്വത്തിൽ നിന്നും
ഞങ്ങൾക്ക് മോചനമേകൂ..
അല്ലെങ്കിലൊരു നാൾ
ഉണർന്നെണീക്കും ഞങ്ങളും
ഞങ്ങൾ തൻ മൂർത്തികളും ശാപങ്ങളും,
പത്തിവിടർത്തിയാടും
ഞങ്ങൾ തൻ കരിനാഗങ്ങൾ
കറുപ്പും തമസ്സും
ദംശിക്കുമതെല്ലാത്തിനെയും.!
അന്നു മുഴങ്ങും
മാറ്റൊലി കൊള്ളും
മേലാളന്റെ പ്രക്ഷോഭങ്ങൾ.!
മുഖ നഖ പുസ്തകങ്ങളും
നാറ്റമാഘോഷിക്കും ചാനലുകളും
കുടിലരും പേനയുന്തികളും
പുണ്യാഹം തെളിച്ചെത്തും.!
ഒപ്പം ദലിതപ്രഭുക്കളും
പരാന്ന ഭിക്ഷാംദേഹികളും.!
അങ്ങ് ദൂരെ
വെളുപ്പിന്റെ ദേവലോകങ്ങളും
രാമരാവണാദികളും ഒന്നിച്ചട്ടഹസിക്കും
മനുവും ശങ്കരനും സിദ്ധാർത്ഥനും
രാജവീഥികളിലെ മനുഷ്യദൈവങ്ങളും
മാതാക്കളും പിതാക്കളുമെല്ലാം
നാടകം കളിക്കും, മൈതാനത്തിന്റെ
കേജരിവാളും ഹസാരെയുമാകും.!!
പേരിൽ വാലുകളുള്ള
ഉത്തേജിത യുവത്വം
തെരുവീഥികളിൽ
ഷണ്ഡത്വനൃത്തമാടും.!!
* * *
അന്ന് വിധി കറുപ്പിന്റേതാകും
അധികാരങ്ങളെ തമസ്സാഹരിക്കും
വെളുപ്പിന്റെ അഹന്തയുടെ
പ്രപഞ്ചത്തെ ചുട്ടെരിക്കും
ഭസ്മമാക്കി സകല പ്രപഞ്ചത്തിലും
വിതറും, പുതിയൊരു
ലോകനീതിയുണ്ടാക്കും.!
* * *
കറുപ്പെന്നും പൊറുക്കുന്നവൻ
സ്നേഹവായ്പുള്ളവൻ
നിഷ്ക്കളങ്കൻ
എളിമയും തെളിമയും
അവന്റെ സ്നേഹമുദ്ര
അവന്റെ ദൗർബല്യവും
അതത്രെ...!
========
ടി. കെ. ഉണ്ണി
൧൩-൦൬-൨൦൧൩ 
സമർപ്പണം:
ഭരണകൂടത്തിന്റെയും നീതിന്യായവ്യവസ്ഥിതിയുടെയും സമൂഹത്തിലെ വരേണ്യവർഗ്ഗത്തിന്റെയും ബോധപൂർവ്വമായ അവഗണയാൽ കൂടുതൽ ദുരിതത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ദരിദ്രരും ആശ്രയാലംബഹീനരുമായ ആദിവാസികൾക്കും ദലിതർക്കും മറ്റു പാവപ്പെട്ടവർക്കുമായി ഈ കവിത സമർപ്പിക്കുന്നു.