തിങ്കളാഴ്‌ച, ഡിസംബർ 24, 2012

മുല്ലപ്പൂ

മുല്ലപ്പൂ
====
എന്റെ മുറ്റത്തെ മുല്ലയിലും
പൂമൊട്ടുകളുണ്ടാവുന്നു..!!
പൂ വിരിയുമോ, കൊഴിയുമോ
തല്ലിക്കൊഴിക്കുമോ..?
അല്ല, ഇത് നമ്മുടെ മുറ്റത്ത്
നമ്മൾ നട്ട മുല്ല
വളരാൻ താമസിച്ച കുറ്റിമുല്ല..
കുളിർ കാറ്റേറ്റ് വിരിയേണ്ടുന്ന മുല്ലമൊട്ടുകൾ
രോഷാഗ്നിപ്രളയത്തിൻ താപമേറ്റ്
വിനയമറ്റ് ജ്വലിച്ചുനില്ക്കേ
വിരിയുവതെങ്ങനെ തമ്പുരാനേ.!
 
മുല്ല വിരിഞ്ഞാൽ മണമൊഴുകും..
മരണമണിയടിച്ചൊഴുകുന്ന പൂമണം!
അതിനു നിറവും മണവും ഉണ്ടെന്ന്
ഭരണത്തമ്പുരാനും കണ്ടല്ലോ പേക്കിനാവ്.!
അവർ കിനാക്കണ്ട പൂക്കൾക്ക് നിറം ചുവപ്പത്രേ..

മഞ്ചലേറിവന്നു ഉത്തരവ്
തല്ലിക്കൊഴിക്കുക പൂക്കളെ
ചവിട്ടിമെതിക്കുക പൂക്കളെ.!
മൊട്ടുകൾ വിരിയാനനുവദിക്കാതെ
തല്ലിക്കൊഴിക്കുന്നവരോർക്കുമോ,
മുഖമ്മൂടിയും ചട്ടിത്തൊപ്പിയും
അവർക്ക് സ്വന്തമെന്ന്.!

മുല്ലപ്പൂക്കൾ വിരിയട്ടെ
അതിന്റെ വെണ്മയും പരിമളവും പരക്കട്ടെ
അരുതേ, ഏറ്റമരുതേ!
തൂവെള്ളപ്പൂക്കളിൽ നിണമേറ്റരുതേ.!
തമ്പുരാന്മാരറിയട്ടെ, അവർ കണ്ടതെല്ലാം
വെറും കിനാക്കളെന്ന്..
വിരിയട്ടെ, നറുമണമൊഴുകട്ടെ
പരിലസിക്കട്ടെ സമത്വത്തിൻ സുലഭത
വിഹരിക്കട്ടെ ശാന്തിയും സമാധാനവും
ഉയരട്ടെ മനുഷ്യത്വം മമനാട്ടിൽ.
= = = = =
ടി.കെ. ഉണ്ണി
24-12-2012

ചൊവ്വാഴ്ച, ഡിസംബർ 18, 2012

സ്വർഗ്ഗരാജ്യം.

സ്വർഗ്ഗരാജ്യം.
==========
ഇന്ത്യാരാജ്യത്തെ സമ്പന്നതയിൽ ഒന്നാം സ്ഥാനത്തെത്തിച്ചേ ഭരണത്തമ്പുരാന്മാർക്ക് മനസ്സമാധാനമുണ്ടാവൂ.! അതിന്നായി അഹോരാത്രം വിശ്രമമില്ലാതെ ഇരുപത്തിനാലുമണിക്കൂറും പണിയെടുത്തുകൊണ്ടിരിക്കയാണത്രെ തമ്പ്രാന്മാർ.. ഈ കഴുത ജനങ്ങൾ ഇതുവല്ലതും അറിയുന്നുണ്ടോ.!

സുഖസമൃദ്ധമായ ജീവിതത്തിന്‌ അത്യാവശ്യമായിട്ടുള്ളത് ആഹാരമാണല്ലോ. കിലോ ഒന്നിന്‌ ഒരു രൂപക്കും രണ്ടു രൂപക്കും അരിയും ഗോതമ്പും രാജ്യമാസകലം ലഭ്യമാക്കിയിട്ടുണ്ട്..  ഇത് വാങ്ങിക്കാനുള്ള പണസമ്പാദനത്തിനായി പലവിധ യോജന-പ്രയോജന പദ്ധതികളിലൂടെ മേലനങ്ങാതെ കൂലി ലഭിക്കുന്ന പണികൾ രാജ്യത്തിലെ ഓരോ കുടുംബത്തിൽ നിന്നും ഒരാൾക്കെങ്കിലും ലഭ്യമാക്കിയിട്ടുണ്ട്.. ഇങ്ങനെ ലഭിക്കുന്ന ജോലി മാസത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രമായാലും ഒരു കുടുംബത്തിന്‌ മാസം മുഴുവനും സുഭിക്ഷമായി ജീവിക്കാനും മിച്ചസമ്പാദ്യമുണ്ടാക്കാനും കഴിയുമെന്നും തമ്പ്രാക്കൾ പറയുന്നു.

ഒരു രൂപക്ക് അരിയും അര രൂപക്ക് ഉപ്പും മുളകും വാങ്ങിയാലും ദിവസം രണ്ടര രൂപ വീതം മിച്ചം വെക്കാനറിയാത്ത കഴുതജന്മങ്ങളോട് കണക്ക് (ദിവസം നാലുരൂപ വരുമാനം ഉണ്ടാക്കുന്നവൻ സമ്പന്നനാകുന്ന സാമ്പത്തികശാസ്ത്രം) പറഞ്ഞുബോധിപ്പിക്കാനായി തമ്പ്രാക്കൾ കൂട്ടം കൂട്ടമായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നതിനാൽ ഇനിയെങ്കിലും ഇവർക്ക് ബുദ്ധിയുദിക്കുമെന്ന് കരുതാം.

ഇല്ലെങ്കിൽ നമുക്ക് ഒന്നാംസ്ഥാനത്തെത്താനാവുമോ.!
നമ്മുടെ രാജ്യം സ്വർഗ്ഗരാജ്യമായിത്തീരേണ്ടേ.!

അതുകൊണ്ട് കഴുതജനങ്ങളെല്ലാവരും മനസ്സിരുത്തിയാൽ നമ്മുടെ രാജ്യം സമ്പന്നതയുടെ സ്വർഗ്ഗരാജ്യമാവും.!!
സംശയമില്ല.!!
=========
ടി.കെ. ഉണ്ണി
൧൮-൧൨-൨൦൧൨ 

തിങ്കളാഴ്‌ച, ഡിസംബർ 10, 2012

മനുഷ്യാവകാശം

മനുഷ്യാവകാശം 
============
ഇന്ന് 
ലോകമനുഷ്യാവകാശദിനം..
കേൾക്കാൻ രസമുള്ള വാക്ക്
ലോകമെങ്ങും മുഴങ്ങുന്ന വാക്ക്
ഒട്ടും വിലയില്ലാത്ത വാക്ക്
വിലങ്ങിട്ടു വിലക്കുന്ന വാക്ക്
വലിയവന്റെ വായിലെ വിടുവാക്ക്
പൊതുജനത്തിനില്ലാത്ത അവകാശം
പ്രഭുക്കളിൽ ചിലർക്കുള്ള അവകാശം
അവകാശമുള്ളവർ മാത്രം മനുഷ്യർ!
വമ്പുള്ളവനും കൊമ്പുള്ളവനുമെല്ലാം
അവകാശി, മനുഷ്യാവകാശി.!
അവർക്കാഘോഷിക്കാൻ ഒരു ദിനം!
മണ്ണും വിണ്ണും അന്നവുമില്ലാത്തവന്‌
മൃഗങ്ങളായിപ്പോലും ഗണിക്കപ്പെടാത്തവന്‌
എന്തവകാശം, എന്തിന്റെ അവകാശം.!
അവകാശങ്ങളെല്ലാം തമ്പുരാനും ഏമാനും
മറ്റുള്ളവർക്കെല്ലാം സൗജന്യങ്ങൾ.!
ലോകതമ്പുരാന്റെ സൗജന്യങ്ങളനവധി
ചെകുത്താന്റെ സൗജന്യപ്പെരുമ്പറയും
കുട്ടിരാക്ഷസരുടെ സമ്മാനപ്പെരുമഴയും
ബോംബായും വെടിയുണ്ടയായും രാസ
മാലിന്യങ്ങളായും ആണവവാണങ്ങളായും
മൊത്തമായും ചില്ലറയായും ചിക്കനായും
എയ്ഡ്സായും ന്യൂട്രിനോയും പിന്നെ
ന്യൂഡിൽസായും സഹതാപമായും
കരുണയായും സാക്ഷാൽ ദൈവമായും
പ്രത്യക്ഷപ്പെട്ട് തീറ്റിപ്പോറ്റുന്നത് ഈ
മനുഷ്യാവകാശത്തെളിച്ചത്തിലല്ലോ.!
അത് തുടരുമെന്ന പ്രതിജ്ഞ പുതുക്കലല്ലോ
ഇന്നിന്റെ മനുഷ്യാവകാശ സുദിനം.!
ഇവർക്ക് നമോവാകമേകൂ സോദരരെ
ഇവരല്ലോ മനുഷ്യാവകാശ സംരക്ഷകർ.!
ഇല്ലാത്ത മനുഷ്യാവകാശത്തിന്റെ
അപ്പോസ്തലന്മാർ.!
=========
ടി. കെ. ഉണ്ണി
൧൦-൧൨-൨൦൧൨ 

ഞായറാഴ്‌ച, നവംബർ 25, 2012

പുണ്യം

പുണ്യം
=====
കേരളജനതയുടെ ആരോഗ്യസംരക്ഷണത്തിന്‌ സർക്കാർ പ്രത്യേക
താല്പര്യമെടുത്ത് സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയിരിക്കുന്നു.!
സർക്കാരിന്റെ പദ്ധതികളെ അകമഴിഞ്ഞ് സഹായിക്കേണ്ടത്
ഓരോ പൗരന്റേയും ഉത്തരവാദിത്വമാണെന്ന് നമ്മുടെ മന്ത്രിമാർ
നാഴികക്ക് നാല്പതുവട്ടവും ഓരോ മാദ്ധ്യമങ്ങളിലൂടെയും യാചിക്കുന്നത്
ശ്രദ്ധിക്കാത്തവരില്ലല്ലോ.!
അതുകൊണ്ട് ഒട്ടും താമസിക്കാതെ ഇന്നുമുതൽതന്നെ എല്ലാവരും
യഥേഷ്ടം മദ്യപിക്കുക.!  സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുക.!
മദ്യപിച്ചതുകൊണ്ട് എന്തെങ്കിലും രോഗമുണ്ടാവുകയാണെങ്കിൽ
ചികിത്സിക്കുന്നതിനായി മദ്യവരുമാനത്തിൽനിന്ന് ഒരുശതമാനം
ആരോഗ്യമന്ത്രാലയത്തിനു കൊടുക്കുന്ന പുണ്യപ്രവൃത്തിക്ക്
തീരുമാനമെടുത്തെന്ന് നമ്മുടെ മുഖ്യമന്ത്രി.!
ഇത് നേരത്തെ കൊടുത്തുകൊണ്ടിരിക്കുന്നതിനു പുറമെയാണത്രെ.!
അതുകൊണ്ട്, പുണ്യപ്രവൃത്തിയായ ഭാഗ്യക്കുറി ടിക്കറ്റെടുക്കൽ പോലെ,
കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും എന്നെന്നും യഥേഷ്ടം
മദ്യപിച്ചുകൊണ്ട് കേരളസർക്കാരിന്റെ ഈ പുതിയ
പുണ്യപ്രവൃത്തിയിൽ കൂടി പങ്കാളികളാവുക.!
ഈ പുണ്യപ്രവൃത്തിയിൽ പങ്കാളികളാവുന്നവർക്ക് സ്വർഗ്ഗപ്രാപ്തി
ലഭ്യമാവുന്നതിനുള്ള ഉത്തരവ് അടുത്തുതന്നെ പ്രഖ്യാപിക്കാനിടയുണ്ട്.!!
=========
ടി.കെ. ഉണ്ണി
25-11-2012

ഞായറാഴ്‌ച, നവംബർ 18, 2012

പുഴുക്കൾ

പുഴുക്കൾ
========
നാറുന്ന നഗരനരകങ്ങളെമ്പാടുമയ്യോ..
അതിലേറെ നാറ്റമുള്ള നൃപന്മാരും-
ചേർന്നു തോല്പിക്കും നരക പാതാളങ്ങളെ
നാണമാകുന്നോ, ഹാ കഷ്ടം,
സൃഷ്ടി സ്ഥിതി സംഹാരകാ.!
കുപ്പയും കുഴിയും കുറുനരികളും ചേർന്ന്
ചോരയും ചലവുമൊഴുക്കുന്ന വീഥികൾ
പുഴയിലും കുളത്തിലും വിഷംകലക്കി
വിളവുവിറ്റു വിത്തരായവരും
കൊമ്പും കുഴലും കൂത്തുമായെന്നും
ഉന്മത്തരാകുന്ന തമ്പുരാക്കന്മാരും
കൊല്ലും കൊലയും കൈത്തൊഴിലാക്കിയ
രാഷ്ട്രീയ വേതാള ഷണ്ഡന്മാരും
അവരുടെയഷ്ടിക്ക് വൃഷ്ടിയൊരുക്കുന്ന
മൂഷികരും സാരമേയങ്ങളും, പിന്നെ
അടിത്തട്ടുമിടത്തട്ടുമേൽത്തട്ടുമെല്ലാം.!
വിശ്വചലനങ്ങളെന്റെ തീർപ്പിലല്ലോയെന്ന്
കടിപിടി കൂടുന്ന തീർപ്പേമാന്മാരും പിന്നെ
കുലപതികളും കൊലപാതകികളും പണച്ചാക്കുകളും
കുപ്പത്തൊട്ടികളാക്കി മാറ്റിത്തീർത്ത
ഈ പാതാളനരകങ്ങളിലെ, നമ്മുടെ നാട്ടിലെ
പുഴുക്കൾക്ക് (കഴുതജന്മങ്ങൾക്ക്)
ഇനിയും ചിറകുമുളക്കാത്തതെന്തേ.??
======
ടി.കെ. ഉണ്ണി
18-11-2012

ചൊവ്വാഴ്ച, ജൂൺ 26, 2012

ബോട്ട് അഥവാ അന്യവൽക്കരണം

ബോട്ട് അഥവാ അന്യവൽക്കരണം
= = = = = = = = = = = = = = = = =
ത്യാഗമതികളായിരുന്ന മുൻ തലമുറയുടെ ജീവസമർപ്പണങ്ങളെക്കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യം ആവോളമാസ്വദിച്ചാനന്ദിക്കുന്ന ഇപ്പോഴത്തെ ജനതയും അവരുടെ ഭരണകൂടങ്ങളും ജനസേവ തല്പരരാണെന്ന് നാൾക്കുനാൾ ആണയിടുന്നു. അവരുടെ സേവനതല്പരതയുടെ നിരവധി ചിത്രങ്ങളിൽ ഒന്നുമാത്രമാണ്‌ തൃശ്ശൂരിന്നടുത്ത പാല്യങ്കരയിൽ നടക്കുന്ന ബി.ഒ.ടി വിരുദ്ധസമരത്തിന്ന് ഇടയാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു ദശകങ്ങളായി നാടുഭരിക്കുന്നവർക്ക് ബാധിച്ചിട്ടുള്ള ആഗോളവല്ക്കരണമെന്ന ഭൂതാവേശം മനോജ്ഞമാണെന്ന് കൊട്ടിഘോഷിക്കപ്പെടുന്നത്, പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾക്കും സമൂഹസംരക്ഷണ സിദ്ധാന്തങ്ങൾക്കും ധാർമ്മിക സംസ്കാരബോധങ്ങൾക്കും ഒരുപോലെ സ്വീകാര്യമാകുന്ന അവസ്ഥയാണുള്ളത് എന്നതുകൊണ്ടുതന്നെ, സാധാരണ ജനം എത്തിച്ചേർന്നിട്ടുള്ള ദുരവസ്ഥയെന്തെന്ന് വ്യക്തമാണ്‌.

നമ്മുടെ ദേശീയപാതകൾ സ്വയംഭൂവായി ഉണ്ടായതല്ല. അവ പലയിടത്തും നാട്ടുവഴികളുടെ വിപുലീകരണത്തിലൂടെയും ചിലയിടങ്ങളിൽ പുതിയ വഴിവെട്ടിത്തെളിച്ചും രൂപപ്പെട്ടതാണ്‌. അതാവട്ടെ ജനങ്ങളിൽ പലരും പ്രതിഫലം വാങ്ങാതെയും വളരെ കുറച്ചുപേർ നാമമാത്രമായ പ്രതിഫലം സ്വീകരിച്ചും സൗജന്യമായി നൽകിയ ഭൂമിയിലൂടെയാണ്‌. അവയുടെ ഇന്നത്തെ വിനിമയമൂല്യം നൂറുകണക്കിനു ലക്ഷം കോടികളാണ്‌. പൊതുനിരത്തുകൾ സർക്കാറിന്റേത് (ജനങ്ങളുടേത്) ആവുന്നതുകൊണ്ടാണ്‌ പ്രതിഫലമില്ലാതെ സാധാരണജനങ്ങൾ അവരുടെ കൈവശമുണ്ടായിരുന്ന ഭൂമി മുൻകാലങ്ങളിൽ സർക്കാരിന്‌ വിട്ടുകൊടുത്തത്. (എന്റെ സ്വന്തം അനുഭവത്തിൽ നിന്നും ഉദാഹരിക്കാം. വീടിന്റെ മുൻവശത്തുണ്ടായിരുന്ന ഇടവഴി പഞ്ചായത്ത് റോഡായി വികസിപ്പിക്കുന്നതിനു 16 സെന്റ് സ്ഥലം പ്രതിഫലമില്ലാതെ ആദ്യം വിട്ടുകൊടുത്തു. പിന്നീട് അത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാർ ചെയ്ത് വീണ്ടും വികസിപ്പിക്കുന്നതിന്നായി 8 സെന്റ് ഭൂമി കൂടി വിട്ടുകൊടുത്തു പ്രതിഫലം പറ്റാതെ.) ഞങ്ങൾ മാത്രമല്ല, റോഡിന്റെ ഇരുവശത്തുള്ളവരെല്ലാം അളവിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും സ്ഥലം വിട്ടുകൊടുത്തവരാണ്‌.
ഇപ്പോൾ ബസ്സുകൾ സർവീസ് നടത്തുന്ന പ്രസ്തുത റോഡ് സർക്കാറിന്റേതാണ്‌, അതുകൊണ്ടുതന്നെ ഞങ്ങളുടേതാണ്‌, ജനങ്ങളുടേതാണ്‌. നാളെ റോഡിലെ കുണ്ടും കുഴിയും തീർത്തെന്നും അരികിലെ പുല്ല് ചെത്തിമാറ്റിയെന്നും അതിനുവന്ന ചിലവിനു പകരമായി റോഡ് തന്നെ പുത്തൻ മുതലാളിക്ക് വിറ്റുവെന്നും മുതലാളി അതിലൂടെ നടക്കുന്ന, പോവുന്ന, യാത്രചെയ്യുന്ന മനുഷ്യരിൽനിന്നും യാത്രക്കാരിൽനിന്നും വാഹനങ്ങളിൽനിന്നും ചുങ്കം പിരിക്കുമെന്നും അത് അനിശ്ചിതകാലത്തേക്കായി കരാറെഴുതി വില്പന നടത്തിയിരിക്കുന്നെന്നും പറയുന്ന സർക്കാർ, ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. സാധാരണക്കാരന്റെ പൊതുവഴികളും ഇടങ്ങളും പൊതുസ്വത്തായി നിലനിൽക്കേണ്ടതല്ലേ. അവയെല്ലാം സാധാരണക്കാരന്‌ അന്യമാക്കുന്നതിനുവേണ്ടിയാണോ നമ്മൾ ഗവർമെന്റിനെ തെരഞ്ഞെടുക്കുന്നത്.? ഇക്കാര്യത്തിൽ സർക്കാരിന്റെ സമീപനത്തിൽ പുനരാലോചന ആവശ്യമാണ്‌.
റോഡ് സംരക്ഷണത്തിനും വികസനത്തിനും പണമില്ലെന്നുള്ളത് സാങ്കേതികാർത്ഥത്തിലെ വരട്ടുവാദം മാത്രമാണ്‌. അത്യാവശ്യമായി വരുന്ന കാര്യങ്ങൾക്ക്, പദ്ധതികൾക്ക്, അവ പൊതുജനോപകാരപ്രദമാകുമെങ്കിൽ, അതിനു പണം കണ്ടെത്തുന്നതിന്‌ ജനകീയ പങ്കാളിത്തം ഉപയോഗപ്പെടുത്തി പദ്ധതി വിജയിപ്പിക്കാവുന്നതും അതിന്റെ ഗുണഭോക്താക്കൾ ഇരുവശത്തും പൊതുജനങ്ങൾ തന്നെയാകുന്നതും ഏതൊരു ജനകീയ സർക്കാരിനും അതിനോടൊപ്പമുള്ള ജനങ്ങൾക്കും അഭിമാനാർഹമായിരിക്കും. എന്തുകൊണ്ടാണ്‌ ഇക്കാര്യങ്ങളൊന്നും പ്രത്യയ/അ/പ്രത്യയശാസ്ത്രകുതുകികൾക്കൊന്നും മനസ്സിലാകാതെ പോവുന്നത്.?
ഇത്തരമൊരു ഘട്ടത്തിൽ സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന്നായി നേരിട്ടിടപെടുകയെന്നത് ആവശ്യമായിത്തീർന്നിരിക്കുന്നു..
ബി.ഒ.ടി.എന്ന പേരിൽ നടക്കുന്ന സ്വകാര്യവല്ക്കരണം യാതൊരു കാരണവശാലും അനുവദിച്ചുകൊടുക്കാവുന്നതല്ല. സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഭരണഘടനാ ലംഘനത്തിനുപോലും കൂട്ടുനില്ക്കുന്ന ഭരണാധികാരികളുടെ നെറികേടുകളെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനുള്ള സാധാരണ ജനത്തിന്റെ പ്രതിഷേധങ്ങൾക്ക് എല്ലാവിധ പിന്തുണയും ജനപക്ഷത്തുനിന്നു ഉണ്ടാവണം.
= = = = = =
ടി. കെ. ഉണ്ണി
26-06-2012

ബുധനാഴ്‌ച, ജൂൺ 20, 2012

വായന

വായന
======
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് മലയാളികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിന്നായി മൺമറഞ്ഞ അഭിവന്ദ്യനായ 
ശ്രീ. പി.എൻ. പണിക്കർ നടത്തിയ ഐതിഹാസിക യാത്രാ സ്മരണകൾ 
ഇന്നത്തെ യുവതലമുറക്ക് പ്രചോദനമേകട്ടെ എന്ന പ്രതീക്ഷയോടെ 
വായനാദിനത്തിന്‌ ആശംസകൾ.
വായന വളർന്നുവെന്നും തളർന്നുവെന്നും  വാഗ്വാദങ്ങളുന്നയിക്കുന്നവർക്ക് 
അനുപൂരകമായി ലഭിക്കുന്ന കണക്കുകൾക്ക് സാംഗത്യമുണ്ടെന്ന് കരുതുന്നു. 
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പുസ്തകവില്പനയിൽ വർദ്ധനവുണ്ടായതായും 
കൂടുതൽ പുസ്തകങ്ങൾ പ്രകാശിക്കപ്പെട്ടതായും കണക്കുകളുദ്ധരിച്ച് വായന 
വളർന്നവരുടെ പക്ഷം ആഘോഷിക്കുമ്പോൾ ദൃശ്യമാദ്ധ്യമങ്ങളിൽ ആകൃഷ്ടരായ ആബാലവൃദ്ധരെയും അത്യന്താധുനിക വായനാമാദ്ധ്യമങ്ങളെ കളിപ്പാട്ടമാക്കുന്ന 
യുവതലമുറയെയും പ്രതിസ്ഥാനത്ത് നിർത്തി വായന തളർന്നവരുടെ പക്ഷം 
കൂടുതൽ രൗദ്രത്തിലെത്തുന്നു..

യഥാർത്ഥത്തിൽ വായന വളർന്നുവോ (എണ്ണത്തിലും വണ്ണത്തിലും) അല്ലെങ്കിൽ 
തളർന്നുവോ.?  സമൂഹത്തിലെ ഇടത്തട്ടുകാർക്കുണ്ടായിട്ടുള്ള സാമ്പത്തിക മുന്നേറ്റം പുസ്തകവില്പന വർദ്ധിക്കുന്നതിനു കാരണമായിട്ടുണ്ട്. ഇടത്തരം പട്ടണങ്ങളിലും പഞ്ചായത്തുകളിലും ഗ്രാമങ്ങളിലുമെല്ലാം ഉയർന്നിട്ടുള്ള ബംഗ്ലാവ് പോലുള്ള വലിയ 
വീടുകളിലെ പ്രധാനമായ അലങ്കാരവസ്തുവാണ്‌ പുസ്തക അലമാരകൾ.. 
പ്രസ്തുത അലമാരകളിൽ സ്ഥിരാവകാശികളാവാൻ വിധിക്കപ്പെട്ടിട്ടുള്ള 
നിഘണ്ടുക്കളോടും വിജ്ഞാനകോശങ്ങളോടുമൊപ്പം കയറിപ്പറ്റാൻ പുതിയ 
പുസ്തകങ്ങൾക്കും പുത്തൻ പതിപ്പുകളിറക്കുന്ന പഴയ പുസ്തകങ്ങൾക്കും 
സാധിക്കുന്നുണ്ട്.! ഇങ്ങനെ പുസ്തകം അലങ്കാരമാവുന്നതല്ലാതെ അവ 
വായിക്കപ്പെടുന്നുണ്ടെന്ന് ആർക്കാണു ഉറപ്പിക്കാനാവുക.?

മുമ്പൊക്കെ പ്രധാന പത്രങ്ങളും ആനുകാലികങ്ങളുമെല്ലാം ഓരോ പ്രതിയും പത്തും 
പതിനഞ്ചും പേർ വീതം വായിച്ചിരുന്നു. ഇന്ന് ഒന്നിലധികം പത്രങ്ങളും വാരികകളും 
മാസികകളും മറ്റും വാങ്ങാത്ത ഇടത്തട്ടു മേൽത്തട്ടു വിഭാഗങ്ങൾ ഇല്ലെന്നുതന്നെ 
പറയാം. പത്രങ്ങളും ആനുകാലികങ്ങളും വാങ്ങുന്നവരുടെ എണ്ണത്തിൽ 
വർദ്ധനയുണ്ടായെങ്കിലും അവ വാങ്ങുന്നവർ പോലും അത് വായിക്കണമെന്ന നിർബന്ധമുള്ളവരല്ലെന്നു മാത്രമല്ല, അതൊരലങ്കാരവസ്തുമാത്രമായി 
കാണുന്നവരാണു താനും. സ്വീകരണമുറികളിലെ സൽക്കാരമേശകളിൽ 
ചത്തുമലച്ചുകിടക്കുന്ന പത്രമാസികകൾ ആഴ്ചകൾക്കൊടുവിൽ കുപ്പിപ്പാട്ട
വിൽപ്പനക്കാരുടെ പ്ലാസ്റ്റിക് ചാക്കുകളിലേക്ക് വിൽക്കപ്പെടുമ്പോൾ വായനയുടെ 
ശവസംസ്കാരം നടക്കുന്നു. ഒപ്പം സമൂഹത്തിലെ മാന്യതയും അഭിമാന 
സംസ്കാരബോധവും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
ഈ അവസ്ഥയെ മുൻനിർത്തിയല്ലാതെ വായനയെ വിലയിരുത്തുന്നതെങ്ങിനെ.
ഈ കുറിപ്പ് വായിക്കുന്നവരെല്ലാം അവരവരുടെ യുക്താനുസരണമുള്ള ധാരണകളിൽ 
എത്തട്ടെ, അതനുസരിച്ച് വായനയെ വിലയിരുത്തട്ടെ.
വായനാദിനത്തിൽ എല്ലാ വായനക്കാർക്കും ആശംസകളോടെ.
==========
ടി. കെ. ഉണ്ണി.
൨൦-൦൬-൨൦൧൨ 

ചൊവ്വാഴ്ച, ജൂൺ 12, 2012

ഇരട്ടക്കുട്ടികൾ.

ഇരട്ടക്കുട്ടികൾ
===========
സത്യനും നുണയനും ഇരട്ടപെറ്റവർ..
ഇരുമുലകളും മാറിമാറിക്കുടിച്ചവർ..
ഇരുകൈകളും മാറ്റിമാറ്റിക്കുഴഞ്ഞമ്മ
അമ്മിഞ്ഞയൂട്ടിന്റെ നിർവൃതിയണഞ്ഞേൻ..
പോരടിക്കുട്ടന്മാർ സത്യനും നുണയനും
വായിലെപ്പാലരുവി കുടിച്ചുറങ്ങി..
ചുണ്ടിലുണങ്ങിയ പാൽമധുവുണ്ണാൻ
മക്ഷികമൊന്നുകുത്തി നുണയന്റെ ചുണ്ടിലും
നുണയന്റെ രോദനം കേട്ടുണർന്നമ്മയും
വാരിയെടുത്തോമനിച്ചു, തിരുകി വായിലമ്മിഞ്ഞ
വദനത്താൽ മൊത്തിക്കുടിച്ചാഹ്ലാദിച്ചവൻ
കൈകാൽ തല്ലിച്ചിരിപ്പതാലെ
കിട്ടി കയ്യിലൊരമ്മിഞ്ഞമൊട്ട്,
മുറുകെപ്പിടിച്ചവൻ ആർമാദിക്കേ
കണ്ടു അവന്റെ കണ്ണിലെ തിളക്കമമ്മയും
കൈമാറ്റിക്കിടത്തി നുണയനെയും.!
മറുകയ്യാൽ തപ്പിപ്പരതി നുണയനും
കിട്ടിയവന്നു മറ്റൊരമ്മിഞ്ഞമൊട്ട്..
ഒന്നുവായിലും മറ്റൊന്നുകയ്യിലും
മതിമറന്നാനന്ദിച്ചാൻ നുണയനന്നേരം
ധൃതിപ്പെട്ടമ്മയുണർത്തി പാവം സത്യനെ
ഒരുകയ്യാൽ വലിച്ചെടുത്തിരുത്തി മടിയിലും
നുണയന്റെ കൈവിടുവിച്ചുകൊണ്ടമ്മയന്നേരം
പാൽമൊട്ട് തിരുകിക്കയറ്റി സത്യന്റെ വായിലും.!
നുണയനന്നാദ്യം തല്ലി, പാൽമണക്കൈകളാൽ സത്യനെ,
പിന്നെ മൃദുമോണയാൽ കടിച്ചമ്മിഞ്ഞമൊട്ടിനെ പലവട്ടം,
എന്നിട്ടും അമ്മതന്നുമ്മകൾ നുണയന്നാദ്യം, പിന്നെ സത്യനും.
അന്നാവാം കരയുന്നവന്നായി പാൽ നിയമമുണ്ടായത്.!
സത്യനും നുണയനും ഇരട്ടപെറ്റവർ..
ഇരുമുലകളും മാറിമാറിക്കുടിച്ചവർ..
=========
ടി. കെ. ഉണ്ണി
൧൨-൦൬-൨൦൧൨ 

തിങ്കളാഴ്‌ച, മേയ് 21, 2012

അവകാശം

അവകാശം
========
കൊന്നാൽ, തിന്നണം.?
തിന്നാനല്ലാതെ കൊല്ലരുത്.!
കൊല്ലുന്നതും തിന്നുന്നതും
അതാരുടെയും അവകാശമല്ലെന്നോ?
നമ്മുടെ പൂർവ്വസൂരികൾ, വഴികാട്ടികൾ
മണ്ണിലും വിണ്ണിലും സൃഷ്ടിച്ചവർ
വിളവും വിളവെടുപ്പും നടത്തിയവർ
സ്ഥിതിയും സംഹാരവും തനിക്കാക്കി
കുലവും കുളവും തോണ്ടിയോർ.!
തിന്നാതെ ജീവിപ്പതെങ്ങിനെ..
അല്ലെങ്കിൽ മരിപ്പതെങ്ങിനെ..
കൊല്ലലും തിന്നലും
കൊല്ലും കൊലയും
കൊല്ലാതെ കൊല്ലലും
നമ്മുടെ ജന്മാവകാശമല്ലേ.?
= = = = =
ടി. കെ. ഉണ്ണി.
൨൧-൦൫-൨൦൧൨ 

ചൊവ്വാഴ്ച, മേയ് 15, 2012

അന്തസ്സു്.!

അന്തസ്സു്.!
=======
നമ്മുടെ പാർലമെന്റ് സമ്മേളനത്തിന്റെ അറുപതാം വാർഷികദിനം                           ഇരുസഭകളും സമുചിതമായി ആഘോഷിച്ചതോടൊപ്പം പാസ്സാക്കിയെടുത്ത 
പ്രമേയം ആശ്ചര്യകരമായി തോന്നി.!!
അന്തസ്സും മഹനീയതയും ഉയർത്തിപ്പിടിച്ച് ജനാധിപത്യ മൂല്യങ്ങളും
ആദർശങ്ങളും ശക്തിപ്പെടുത്തും..!!

ആരൊക്കെയാണ്‌ അവിടെ കൂട്ടം കൂടിയിരിക്കുന്നതെന്ന് ഒരു നിമിഷം            
ആലോചിച്ചുപോയി.. അവിടെ കൂടിയിരിക്കുന്നവരുടെ അന്തസ്സും മഹനീയതയും  ഉയർത്തിപ്പിടിച്ചാൽ സംഭവിക്കുന്നത് നമുക്ക് മൂക്ക് പൊത്തി നടക്കേണ്ട       അവസ്ഥയായിരിക്കും.!
ആ കൂട്ടത്തിലുള്ളവരിൽ കൊള്ളക്കാർ, കൊലപാതകികൾ, ബലാത്സംഗികൾ,
കള്ളന്മാർ, ചതിയന്മാർ, വഞ്ചകർ, ഒറ്റുകൊടുപ്പുകാർ, രാജ്യദ്രോഹികൾ,
കൂട്ടിക്കൊടുപ്പുകാർ, പൊതുജനത്തിന്റെ ചോരകുടിച്ചുവളരുന്ന രാക്ഷസ മൂട്ടകൾ,
ഒരു വോട്ടുപോലും നേടിയിട്ടില്ലാത്തവർ തുടങ്ങിയവരാണെന്നും അവർ
ആരൊക്കെയാണെന്നും അറിയാത്തവരായി ഇന്നാട്ടിൽ ആരുമില്ല.!

അലവലാതി കൂട്ടങ്ങളെന്ന് ആക്ഷേപിക്കപ്പെടുന്ന നമ്മുടെ ഗ്രാമങ്ങളിലെ അയൽ -        കൂട്ടങ്ങൾക്ക് മേൽപറഞ്ഞ കൂട്ടത്തേക്കാൾ അന്തസ്സും അഭിമാനവും മഹത്വവും ഉണ്ട്.
അതുകൊണ്ട്, പാർലമെന്റ് മഹാത്മാക്കൾ ഓരോരുത്തരും
സ്വയം വിചിന്തനത്തിനു തയ്യാറാവുക..ഈ പുതിയ പ്രതിജ്ഞക്ക്
അനുസൃതമായതാണോ തങ്ങൾ ഓരോരുത്തരുടേയും അന്തസ്സും
മഹത്വവും എന്ന് നിർണ്ണയിക്കുക..അങ്ങനെയല്ലെങ്കിൽ ഒരു നിമിഷം
പോലും വൈകാതെ ആ സ്ഥാപനത്തിന്റെ അന്തസ്സും മഹത്വവും
നിലനിർത്തുന്നതിന്നായി, അനർഹമായി കൈവശപ്പെടുത്തിയിരിക്കുന്ന
പദവികൾ ഉപേക്ഷിക്കുക.!

തുടർന്ന് എങ്ങനെയാണ്‌ അന്തസ്സുള്ള മനുഷ്യനാവുകയെന്ന് അറിയണമെന്നുണ്ടെങ്കിൽ, ഗ്രാമത്തിലേക്ക് വരുകഅദ്ധ്വാനിച്ച് അന്നം നേടുക, അങ്ങനെ മനുഷ്യനാവുക.!
മാനവും മാന്യതയും ഉള്ളവനാണ്‌ മനുഷ്യൻ.!
=======
ടി. കെ. ഉണ്ണി
൧൫-൦൫-൨൦൧൨ 

തിങ്കളാഴ്‌ച, ഏപ്രിൽ 23, 2012

ഭൗമദിനം

ഭൌമദിനം 
========
ഏപ്രിൽ 22 ഭൗമദിനം
ഭൗ ഭൗ ഭൗമദിനം. എല്ലാവരും ആഘോഷിച്ചു..
ലോകം മുഴുവനും ഭൗമദിനം ആഘോഷിച്ചെന്ന് ചാനലുകളും മറ്റും..!  
ചർച്ചകളും മാർച്ചുകളും മറ്റുമായിട്ടാണത്ര ആഘോഷങ്ങൾ.! 
നമ്മൾ ഭൂമിയിലാണുള്ളതെന്ന് ഓർത്തുകൊണ്ടായിരുന്നോ ആഘോഷങ്ങൾ.
ഈ ദിനത്തിൽ  ചർച്ചിക്കാനും ആഘോഷിക്കാനും ഒത്തുകൂടിയവർ ഭൂമിക്കുവേണ്ടി എന്താണ്‌ ചെയ്തത്.?
അവർ ഭൂമിയിൽ (മണ്ണിൽ) ചവിട്ടി നടന്നോ..
അവർ ഭൂമിയിൽ (മണ്ണിൽ) ഒരു ചെടി (സസ്യം)യെങ്കിലും നട്ടുവോ..
അവരുടെ വാസസ്ഥലവും പരിസരവും മലിനമുക്തമാക്കുന്നതിന്‌ എന്തെങ്കിലും ചെയ്തുവോ..
അവരുടെ വാസസ്ഥലത്തെ ജലസ്രോതസ്സ് മലിനമുക്തമാക്കിയോ..
മണ്ണിൽ കൊത്തും കിളയും നടത്തിയോ, കൈകൊണ്ട് ഒരു നുള്ള് മണ്ണു് എങ്കിലും വാരിയെടുത്തുവോ..
നമുക്കതെല്ലാം അറപ്പുണ്ടാക്കുന്ന കാര്യങ്ങളാണല്ലൊ..!
ഭൂമിയിൽ പാദശ്പർശമേല്പിക്കാതെ മണ്ണിലും വിണ്ണിലുമല്ലാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളായ മനുഷ്യരേ, നിങ്ങളെങ്ങനെയാണ്‌ എന്നിൽ നിന്നുയിർകൊണ്ടത്.?
പിഴച്ചുപെറ്റ മാതാവിനെപ്പോലെ തേങ്ങുകയാണ്‌ എന്റെ മനസ്സ് (മണ്ണിന്റെ - ഭൂമിയുടെ) എന്നറിയാത്തതെന്ത്.?
ഭൂമിയുടെയും ആകാശലോകങ്ങളുടെ ഉടമസ്ഥാവകാശം ഞങ്ങൾക്ക് മാത്രമാണെന്നവകാശപ്പെടുന്ന വൻശക്തിമനുഷ്യർ (യഥാർത്ഥമനുഷ്യർ അവരത്രെ - മറ്റുള്ളവരെല്ലാം കീടസമാനർ) ഭൂമിയുടെ ഹൃദയം പിളർന്ന് സൂക്ഷിച്ചുവെച്ചിട്ടുള്ള സംഹാരപേടകങ്ങൾക്ക് (ഭൂമിയെ പലതവണ ചുട്ടുകരിക്കാനാവശ്യമായ അണ്വായുധങ്ങൾ) മീതെ കൂട്ടംകൂടി ചർച്ചിച്ചാഘോഷിച്ചതല്ലാതെ, ഈ പെറ്റമ്മയെ സാന്ത്വനിപ്പിക്കാൻ എന്തെങ്കിലും ചെയ്തുവോ.?
ഉത്തരങ്ങളില്ലാത്ത ചോദ്യമുന്നയിക്കുന്ന ഞാനും എന്താണ്‌ ചെയ്തത്.?
ഏതൊരു ദിനവും അടിച്ചുപൊളിച്ചാഘോഷിച്ച് പാമ്പായിട്ടിഴയുന്നതിന്നപ്പുറം, കാര്യങ്ങളുണ്ടെന്ന തിരിച്ചറിവ് മനുഷ്യർക്കെന്നാണുണ്ടാവുക.?

ഭൂമിയും എനിക്ക് പെറ്റമ്മ തന്നെ എന്ന ചിന്തയോടെ..
=======
ടി. കെ. ഉണ്ണി 
൨൩-൦൪-൨൦൧൨ 

വ്യാഴാഴ്‌ച, മാർച്ച് 29, 2012

പ്രയത്നശാലി

പ്രയത്നശാലി
===========
ഞാൻ നമ്മുടെ മഹത്തായ രാജ്യത്തിനു വേണ്ടി, അതിലുമേറെ മഹത്വമുള്ള നമ്മുടെ സാമാന്യ ജനങ്ങൾക്കു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്നവനാണ്‌..
ഈരേഴുപതിനാലു ലോകത്തിലെയും അക്ഷയഖനികളായ തത്വസംഹിതകൾക്കും അവയുടെ നിലനില്പിനുവേണ്ടിയുമുള്ള എന്റെ പ്രവർത്തനങ്ങൾ അഹോരാത്രം തുടരുകയാണ്‌..

ലോകസുരക്ഷ ഉറപ്പുവരുത്തുന്നതിനും ലോകജനതയുടെ താല്പര്യസംരക്ഷണത്തിനും വേണ്ടിയുള്ള എന്റെ പ്രയത്നം ഒരു സമർപ്പണമാണ്‌..
രാജ്യത്തിലെ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയും അദ്ധ്വാനിക്കുന്നവന്റെ അത്യുന്നതിക്കുവേണ്ടിയും ഞാനെന്റെ പ്രയത്നങ്ങൾ തുടരുകയാണ്‌..

രാജ്യത്തിലെ പ്രഥമസ്ഥാനീയരായ പ്രജകളുടെയും സവർണ്ണവരേണ്യതമ്പ്രാക്കളുടെയും നാനാവിധ പൗരോഹിത്യരാജാക്കന്മാരുടെയും ആനന്ദലഹരിയാറാട്ടിനും ഞാനെന്റെ പ്രയത്നങ്ങൾകൊണ്ട് ആഘോഷമാക്കുന്നുണ്ട്.! ഇവരില്ലെങ്കിൽ മറ്റാരുമില്ലല്ലോ ജനങ്ങളേ..!!
എന്റെ സിരകളിൽ, ജ്വലിക്കുന്ന വിപ്ലവവീര്യത്തിനും വെളിച്ചത്തിന്റെ മറുകരയിലിരുന്നു പൊയ്‌വെടികളുതിർക്കുന്ന അതിവിപ്ലവത്തിനും കത്തിക്കയറാനുള്ള ചുടുരക്തമുണ്ട്..

ഞാനെന്നും രാജ്യത്തിന്റെ ഭരണനിയമസംഹിതകൾക്കൊപ്പം നിന്ന് ഭരിക്കുന്നതിനും ഭരിക്കപ്പെടുന്നതിനും വേണ്ടിയുള്ള പ്രവർത്തനയത്നത്തിലാണ്‌..
ഞാൻ അധഃസ്ഥിതർക്കും ആശ്രിതർക്കും വർഗ്ഗത്തിനും വർഗ്ഗബോധത്തിനും വർഗ്ഗനിറഭേദ നിരാസങ്ങൾക്കും സമ്പത്തിനും സമ്പന്നർക്കും കാപട്യങ്ങൾക്കും അതിന്റെ ഉപാസകർക്കും ഒരുപോലെ പ്രിയങ്കരനായത് എന്റെ പ്രയത്നത്തിന്റെ മഹത്വം കൊണ്ടാണ്‌.!

അദ്ധ്വാനിക്കുന്നവന്നും ഭാരം വലിക്കുന്നവന്നും അസൂയക്കാർക്കും വ്യവഹാരികൾക്കും തെമ്മാടികൾക്കും അവരുടെ പാലകർക്കും അഴുക്കുചാൽ സചിവന്മാർക്കും വേണ്ടിയുള്ള എന്റെ പ്രവർത്തനങ്ങളെ അവരെല്ലാവരാലും പുകഴ്ത്തപ്പെട്ടിട്ടുണ്ട്..
സമൂഹത്തിലെ നരിച്ചീറുകൾക്കും കിടമത്സരത്താൽ കടിച്ചുകീറുന്നവർക്കും എന്തിനെയും കടന്നൽ പോലെ കുത്തിനോവിക്കുന്നവർക്കും ഞാൻ എന്റെ പ്രയത്നത്തിന്റെ തേനരുവി ഒഴുക്കിയിട്ടുണ്ട്..

അതെ, ഞാൻ ഈ ഭൂലോക മായാജാലങ്ങൾക്കായി നിങ്ങൾക്കൊപ്പം എന്നെന്നും നിലകൊണ്ടിട്ടുള്ളവനാണ്‌..നിങ്ങൾക്കുവേണ്ടി മാത്രമായി..!
....! ....!....!
നിങ്ങൾക്കെന്നെ അറിയില്ലേ?....?
ഞാനായിരുന്നു / നിങ്ങളായിരുന്നു
നമ്മളായിരുന്നു / അവരായിരുന്നു.??
മനസ്സിന്റെ ആമാശയത്തിൽ നിന്നും
വമനശേഷിയാൽ പുറത്ത് വന്നവർ
സമൂഹത്തിന്റെ മനസ്സാക്ഷിയാൽ ഉപേക്ഷിക്കപ്പെട്ടവർ
വിശ്വാസങ്ങളാൽ പ്രലോഭിപ്പിക്കപ്പെട്ട് പാപികളായവർ
സാംസകാരിക സദാചാര ബോധങ്ങളുടെ
ശൂന്യമാക്കപ്പെട്ട മനസ്സുമായി വിഹരിക്കുന്നവർ
സേവനത്തിനു വേതനം പറ്റി സമൂഹത്തെ വഞ്ചിക്കുന്ന രക്ഷകപുണ്യാളന്മാർ.
സമ്മതിദാനത്തെ ചൂഷണമാക്കി ആർമാദിച്ചാഘോഷിക്കുന്ന പാഷാണകൃമികൾ..
എന്തിനധികം..
ഇത് ഞാൻ തന്നെ
അല്ല നമ്മൾ തന്നെ
ഞാനും നമ്മളും അവരും അല്ലാതെ മറ്റാരുമില്ല!!
ഇതൊരു അന്ത്യമില്ലാത്ത ചാക്രികാഘോഷമാണ്‌.!
ആഘോഷങ്ങൾ അടിച്ചുപൊളിച്ചുകൊണ്ടേയിരിക്കുന്നു.!!
=========
ടി.കെ. ഉണ്ണി
൨൯-൦൩-൨൦൧൨
കാലികചിന്തനം.
വാൽക്കഷ്ണം: ൧൫-൦൭-൨൦൦൮ ൽ ഞാനെഴുതിയ കവിത (അങ്ങനെ പറയാനാവില്ല) യെ ഗദ്യമാക്കിയതാണ്‌ ഈ കുറിപ്പ്.

വെള്ളിയാഴ്‌ച, മാർച്ച് 09, 2012

ലോക വനിതാദിനം

ലോക വനിതാദിനം
==============
ലോകജനസംഖ്യയിലെ പകുതിയോളം വരുന്ന സ്ത്രീജനങ്ങളുടെ
സ്ഥിതിസമത്വത്തിനായുള്ള ഐക്യദാർഢ്യദിനം..
ഈ ദിവസത്തിന്റെ പ്രാധാന്യമെന്തെന്നു മനസ്സിലാക്കിക്കൊണ്ടുള്ള സമീപനം
നമ്മുടെ സ്ത്രീജനങ്ങൾക്ക് പരസ്പരം ഉണ്ടാകുന്നുണ്ടോ.?
പരിഹാസ്യമായ സ്ക്രാപ്പുകളല്ലാതെ
ഒരു സ്നേഹസന്ദേശമെങ്കിലും പരസ്പരം കൈമാറുന്നുണ്ടോ.?  
സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, സമഭാവനയുടെ,  ശാക്തീകരണത്തിന്റെ,  
ഐക്യദാർഢ്യത്തിന്റെ എല്ലാമായി രണ്ടുവാക്കെങ്കിലും പരസ്പരം
പറയുകയോ എഴുതുകയോ ചെയ്യാനാകുന്നുണ്ടോ.?
ഇല്ലെങ്കിൽ, അതാണുണ്ടാവേണ്ടത്..!
അതാവട്ടെ ഈ വനിതാദിനത്തിന്റെ നന്മ..
വനിതാദിനം മാർച്ച് 8 ന്‌ കഴിഞ്ഞല്ലോ എന്നു കരുതി വിഷമിക്കേണ്ടതില്ല..
ഇന്നും അതാവാം...!!
ആശംസകളോടെ.
==========
ടി. കെ. ഉണ്ണി
൦൯-൦൩-൨൦൧൨

ബുധനാഴ്‌ച, ഫെബ്രുവരി 15, 2012

വിമലിനീകരണം

വിമലിനീകരണം
=========
നഗരജീവിത സംസ്കാരത്തിന്‌ ഗുണകരമായ സാഹചര്യമൊരുക്കാൻ
അവസരമേകിയിട്ടുള്ള വിളപ്പിൻശാല സമരത്തിന്‌ ഭാവുകങ്ങൾ
സമർപ്പിക്കാൻ നഗരവാസികളായ പരിഷ്കൃത സമൂഹം തയ്യാറവണം..
മലിനീകരണമുക്തമായ മനസ്സിന്റെയും ഉടമകളാവാനുള്ള
തുടക്കമാവട്ടെ അത്.!

വിളപ്പിൻശാലയിലെ ജനങ്ങളുടെ നിശ്ചയദാർഢ്യം അവരുടെ
ആവശ്യങ്ങളിലേക്ക് ശ്രദ്ധതിരിക്കാൻ സർക്കാറിനെയും
കോടതിയേയും മറ്റു അധികാരിവർഗ്ഗത്തേയും ബോദ്ധ്യപ്പെടുത്താനായത്
ശുഭകരമായ കാര്യമാണ്‌..

സംസ്ഥാനത്തെ ഇരുപതോളം കേന്ദ്രങ്ങളിൽ വിളപ്പിൻശലയിലേതിനു
സമാനമായ അവസ്ഥ നിലനില്ക്കുന്നുണ്ട്. പ്രസ്തുത തദ്ദേശവാസികളും
പൊതുജനസമൂഹവും വിളപ്പിൻശാല മാതൃകയിൽ ജനമുന്നേറ്റം
സംഘടിപ്പിക്കുകയും ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്‌
തയ്യാറാവുകയും വേണം..

ഈ ജനതക്ക് ആശംസകളും ഭാവുകങ്ങളും നേരുന്നു..
=======
ടി.കെ. ഉണ്ണി
൧൫-൦൨-൨൦൧൨