ബിപിഎൽ-ദളിതം
=============
ഞാനൊരു മിഡിൽ ക്ലാസ്സ്
എനിക്കുണ്ട് കൂട്ടുകാർ അനവധി
അപ്പർ ക്ലാസ്സും അണ്ടർ ക്ലാസ്സും
അണ്ടർക്ലാസ്സുകൾക്കുണ്ടോമനപ്പേരുകൾ
സർക്കാർ തിട്ടൂരം ചാർത്തിയ പേരുകൾ
വിളിക്കാനറയ്ക്കുന്ന ചേലുള്ള പേരുകൾ
ഇടത്തട്ടും മേൽത്തട്ടും കടുംവെട്ട് വെട്ടി
വിളിപ്പുറത്തകറ്റുന്ന പട്ടിണിപ്പേരുകൾ.
അതിന്നറിയാത്തവർ ആരുമില്ലീനാട്ടിൽ
ക്ലാസ്സിലും ക്ലാസ്സിക്കായ ബി.പി.എൽസ്.!
ഇവർക്ക് പേരിട്ടതും ക്ലാസ്സുണ്ടാക്കിയതും
ഞങ്ങൾ മിഡിൽ ക്ലാസ്സുകാരാണ്..
ഇവരുടെ പൂർവ്വികം പട്ടികയത്രെ!
ഒരു പട്ടികയിലും പെടാത്ത പട്ടിണിക്കാർ
സ്വത്വം മറന്നവർ, ശവംതീനികൾ!
ഞങ്ങളവർക്ക് ഉയിർത്തെഴുന്നേൽപ്പേകി
അടിത്തട്ടിലാക്കി, ഉദ്ധരിച്ചു.!
ഞങ്ങളാണ് ജനത,
ഞങ്ങൾക്കു വേണ്ടിയാണ് ഭരണം,
മേൽത്തട്ടുകാരാവുക ഞങ്ങളുടെ ലക്ഷ്യം,
ഒപ്പം ഭാരത സംസ്കാരം, പൈതൃകം,
തനിമയോടെ നിലനിർത്തുകയെന്നതും.!
അടിത്തട്ട് ദളിതനു്, അഭിനവ ബിപിഎൽസിന്
രാജ്യമാസകലം പ്രത്യേക സംവരണം.!
അവർക്ക് പ്രത്യേകം കളിസ്ഥലവും കുളിസ്ഥലവും
അവർക്ക് പ്രത്യേകം കൂരകളും ഊരുകളും
കുരവകൾ അവരുടെ ഭാഷണം..
കുരിപ്പുകൾ അവർക്ക് ഭൂഷണം..
മേലായ്മ അവർക്കെന്നും വാലായ്മ..
സഹതാപം അവർക്ക് ദൂഷണം..
സേവനം അവർക്ക് ചൂഷണം..
സാമദ്രോഹം അവർക്ക് സഹനം ..
പീഡനങ്ങൾ അവർക്ക് സഹജം..
അവരുടെ വംശമറ്റുപോവാതെ
ജനുസ്സും തനിമയും കുറയാതെ
സംസ്കരിച്ചു സംരക്ഷിക്കയല്ലേ..!
അല്ലെങ്കിലവർക്കെങ്ങിനെ
മംഗലം ചെയ്യാണ്ട് പെറാൻ പറ്റുന്നത്..
കുളില്ല്യാണ്ട് പെണ്ണാവാൻ പറ്റണത്..
തെളില്ല്യാണ്ട് ചത്ത്വൊടുങ്ങാനാവണത്..
ചത്താൽ, ശവം തിന്നാൻ പറ്റണത്..
കാടില്ലാണ്ട് വെടിവെക്കാൻ പറ്റണത്..!
അതുകൊണ്ട് ഞങ്ങളൊന്നിച്ചു സേവിക്കുന്നു
കൊടിനിറവ്യത്യാസങ്ങളില്ലാതെ..
നമ്മളൊഴുക്കും കോടികളെല്ലാം
നമ്മുടേതാവണം പൈങ്കിളിയേ..!
മുദ്രാവാക്യങ്ങളെ ഞങ്ങൾ പരിചകളാക്കി
പാവങ്ങളെ ഞങ്ങൾ പരിഷകളാക്കി
നമ്മുടെ മടിയും മടിശ്ശീലയും കനത്തു..
അവരുടെ പള്ളയും ചെള്ളയും വീർത്തു..
നമ്മുടെ മണി മേടകളിൽ കിലുകിലാരവം
നമുക്കായ് സുര സുന്ദരീ നാകവസന്തം..
അവരുടെ ചാളകളിൽ
വള്ളിയും ചെള്ളിയും പെറ്റുപെരുകി..
മാടനും മറുതയും ചത്തുമലർന്നു..
ഇനിയും അവർക്കുവേണ്ടി ഞങ്ങളുണ്ടാക്കും
കാക്കത്തൊള്ളായിരം പ്രൊജക്ടുകൾ
എന്നെന്നും ബിപിഎൽ പരിഷകളാവാൻ
ജന്മമെടുക്കുന്നവർക്കു വേണ്ടി..!
===========
ടി. കെ. ഉണ്ണി
൧൫-൦൬-൨൦൧൪
===========