വ്യാഴാഴ്‌ച, ജൂൺ 18, 2009

ബി. പി. എല്‍

ബി. പി. എല്‍
========
ഫസ്റ്റ്ക്ലാസ്സ്‌ ,
സെക്കന്‍ഡ്‌ക്ലാസ്സ്‌ ,
തേര്‍ഡ് ക്ലാസ്സ്‌ ,
അങ്ങനെ പല ക്ലാസ്സുകളുണ്ടല്ലോ......
പക്ഷെ,
ഞങ്ങള്‍ മിഡില്‍ ക്ലാസ്സ്‌!
ഞങ്ങളാണ് യഥാര്‍ത്ഥത്തില്‍
ക്ലാസ്സുകളുണ്ടാക്കുന്നത്.!
ഞങ്ങള്‍ക്ക് മീതെ അപ്പര്‍ ക്ലാസ്സുകളും
സൂപ്പര്‍ ക്ലാസ്സുകളും ഉണ്ട്.!
ഒപ്പം സൂപ്പര്‍ ഗ്ലാസ്സുകളും ഉണ്ടെന്നു ശ്രുതി...
പക്ഷെ,
ഞങ്ങളുടെ സമവാക്യമനുസരിച്ചു
ഒന്നും രണ്ടും മൂന്നും തരക്കാരായ
കീഴ് ജാതികളെ സഹിക്കാം...
അതിനും താഴെയുണ്ടല്ലോ കുറെയേറെ
ക്ലാസ്സുകളും ഗ്ലാസ്സുകളും...
അതിന്‍റെയൊക്കെ പേരുച്ചരിക്കാന്‍
അറപ്പാണ് ഞങ്ങള്‍ക്ക്...
അതിനാല്‍
കുറച്ചുകാലങ്ങളായി അവര്‍ പുതിയ
വിളിപ്പേരിലാണ് അറിയപ്പെടുന്നത്.!
അവരിലെ പരിഷകളെ ഞങ്ങള്‍
ബി.പി.എല്‍ എന്ന് വിളിക്കും.!
പരിഷകള്‍ അല്ലാത്തവരെ ഞങ്ങള്‍
എ.പി.എല്‍ എന്നും വിളിക്കും..!

എന്നാലോ...
ഇതു പരിഷകളുടെ കാലം....
എങ്ങും എല്ലായിടത്തും പരിഷകള്‍ ...
ഈ പരിഷകളെക്കൊണ്ട് ഞങ്ങള്‍ മടുത്തു...
ഇക്കൂട്ടരെ എല്ലാക്കാലവും തനിമ
നഷ്ടപ്പെടുത്താതെ നിലനിര്‍ത്തണം
എന്നതാണ് ഞങ്ങള്‍ പരിഷ്കാരികളുടെ
ചിന്തന വിചിന്തനം..!
പരിഷകള്‍ പരിഷകളായിതന്നെ
നീണാള്‍ വാഴട്ടെ..!!

അവര്‍ക്ക് പ്രത്യേക സംവരണം വേണം ...
അവര്‍ക്ക് പ്രത്യേക കളിസ്ഥലവും കുളിസ്ഥലവും വേണം ...
അവര്‍ക്ക് പ്രത്യേക കൂരകളും ഊരുകളും വേണം ...
കുരവകള്‍ അവരുടെ ഭാഷണം ....
കുരിപ്പുകള്‍ അവര്‍ക്ക് ഭൂഷണം...
മേലായ്മ അവര്‍ക്ക് വാലായ്മ...
സഹതാപം അവര്‍ക്ക് ദൂഷണം .....
സേവനം അവര്‍ക്ക് ചൂഷണം....
സാമദ്രോഹം അവര്‍ക്ക് സഹനം...
പീഡനങ്ങള്‍ അവര്‍ക്ക് സഹജം....
എന്നാലും...
ഞങ്ങള്‍ അവരുടെ വംശം അറ്റുപോകാതെ
അപൂര്‍വ ജനുസ്സുകളെപോലെ തനിമ
നഷ്ടപ്പെടുത്താതെ സംരക്ഷിച്ചു
സംസ്കരിച്ചു കൊണ്ടിരിക്കയല്ലേ..!
അല്ലെങ്കില്‍ 
അവര്‍ക്ക്
മംഗലം ചെയ്യാണ്ട് പെറാന്‍ പറ്റ്വോ ...!
കുളില്ല്യാണ്ട് പെണ്ണ് ആവാന്‍ പറ്റ്വോ...!
തെളില്ല്യാണ്ട് ചത്ത്വോടുങ്ങാന്‍ പറ്റ്വോ...!
കാടില്ല്യാണ്ട് വെടിവെക്കാന്‍ പറ്റ്വോ...!

അതുകൊണ്ട് തന്നെ,
കൊടിനിറ വ്യത്യാസമില്ലാതെ
ഞങ്ങള്‍ ഒന്നിച്ചു സേവിക്കുന്നു...!
ഇനിയും കാര്യകാരണം തിരക്കി
തോക്കില്‍ കയറി വെടിവെക്കരുതുട്ടോ...!
നമ്മള്‍ ഒഴുക്കും കോടികള്‍ എല്ലാം
നമ്മുടെതാവണം പൈങ്കിളിയേ...!!
മുദ്രാവാക്യങ്ങളെ ഞങ്ങള്‍ പരിചകള്‍ ആക്കി...
പാവങ്ങളെ ഞങ്ങള്‍ പരിഷകള്‍ ആക്കി....
നമ്മുടെ മടിയും മടിശീലയും കനത്തു...
അവരുടെ പള്ളയും ചെള്ളയും വീര്‍ത്തു...
നമ്മുടെ മണി മേടകളില്‍ കിലുകിലാരവം...
സുര സുന്ദരീ നാകവസന്തം....
അവരുടെ ചാളകളില്‍ ...
വള്ളിയും ചെള്ളിയും പെറ്റു പെരുകി...
മാടനും മറുതയും ചത്തുമലര്‍ന്നു...!!

ഇനിയും അവര്‍ക്ക് വേണ്ടി ഞങ്ങള്‍ ഉണ്ടാക്കും...
കാക്കതൊള്ളായിരം പ്രൊജെക്ടുകള്‍ ...
എന്നെന്നും ബി.പി.എല്ലാവാന്‍
ജന്മമെടുക്കുന്നവര്‍ക്ക് വേണ്ടി....!!

***********
ടി. കെ. ഉണ്ണി.
൧൮-൦൬-൨൦൦൯
============
സര്‍ക്കാരിന്‍റെ ബി.പി.എല്‍  കണക്കെടുപ്പ് മാമാങ്കം അരങ്ങു തകര്‍ക്കുമ്പോള്‍ ഒരു പാഴ് ചിന്തനം......