തിങ്കളാഴ്‌ച, നവംബർ 28, 2011

പരിഹാരം

പരിഹാരം
=======
ദൈവത്തിന്റെ നാടിനെ രക്ഷിക്കാൻ
കോള, കുപ്പിവെള്ള മുതലാളിമാരെ വിളിക്കൂ
അവർക്കായ് മുല്ലപ്പെരിയാർ തീരെഴുതൂ!
കേന്ദ്രനും കോടതീം പുഞ്ചിരിക്കും
വൈക്കൊ മക്കൾ പല്ലിളിക്കും
കോരന്റെ മക്കൾ അടിച്ചുപൊളിക്കും!
                  ..  ..  ..
തമിഴന്റെ ദാനമായ മലയാളി സത്വങ്ങൾ
ദൈവനാടിന്റെ മഹത്വങ്ങളപരാധമാക്കിയോർ
അഷ്ടിക്ക് മുഷ്ടിയും വേഷ്ടിയുമണിഞ്ഞോർ
നിങ്ങൾ ബധിരരോ കുരുടരോ കാപാലികരോ!
കാണാത്തതെന്തെയീ മുല്ലമഴക്കാടിന്റെ കണ്ണീർ!
കേൾക്കാത്തതെന്തെയീ ചോലനീർത്തടത്തിൻ ഗദ്ഗതം!


ഈ തടവിൽനിന്നെന്നെ വിടുതലാക്കൂ, സാഗര
റാണിയാമമ്മയോടെന്നെ ചേർക്കൂ..!!
ശതവർഷമായുള്ളെന്റെ പ്രാർത്ഥന, കേട്ടെന്ന്
തമ്പുരാന്റെ ദൃഷ്ടാന്തങ്ങൾ, വേപഥുവെന്തിന്‌
കോരന്റെ മക്കളെ, മോചനം ക്ഷിപ്രമോചനം
അതല്ലെ ഇച്ഛ, ദൈവേച്ഛ, മക്കളെ..!!

========
ടി. കെ.  ഉണ്ണി
൨൮-൧൧-൨൦൧൧

വ്യാഴാഴ്‌ച, നവംബർ 10, 2011

൧൧-൧൧-൧൧

11-11-11
======
ഇന്ന് നവമ്പർ പതിനൊന്ന്
ഈ നൂറ്റാണ്ടിലെ അപൂർവ ദിനം
മാത്രമല്ല, ഒരു അപൂർവ നിമിഷവും ഉണ്ട്
11:11:11 എ.എം.
പകൽ, 11 മണി, 11 മിനിട്ട്, 11 സെക്കന്റ്.
ഇങ്ങനെ ഒരു തിയ്യതി എഴുതാൻ കഴിയുന്നതും
ഇങ്ങനെയൊരു നിമിഷം അനുഭവിക്കാൻ
കഴിയുന്നതും ഭാഗ്യം തന്നെ.!
എല്ലാവർക്കും ആശംസകൾ
======
ടി. കെ. ഉണ്ണി
൧൧-൧൧-൨൦൧൧ 

ശനിയാഴ്‌ച, നവംബർ 05, 2011

ആശ്വാസം

ആശ്വാസം
========
കമ്പുള്ള മരത്തിനുറപ്പില്ല, 
കാമ്പില്ല, വേരോട്ടമില്ല
പിന്നെയെന്തിനു കൊമ്പ്...
അഴുക്കൊഴുക്കിൽ പിഴച്ചുമരിച്ച 
പുഴകൾ, കടലും
പിന്നെയെവിടെ നീന്താൻ...
തലയോളമുള്ള മലമുകളറ്റം, 
ചുറ്റുമൊരു പുറ്റും
പിന്നെയെന്തിനു കല്ലുരുട്ടണം...
അന്തിക്കന്ധരാം അന്തണന്മാർ, 
അനന്തശയനമെന്നെന്നും
പിന്നെയെന്തിനൊരു ഭദ്രദീപം...
താരകൾക്കതിശീതത്തിൻ വെന്തുരുക്കം, 
ഞെരുക്കപ്പെരുക്കം
പിന്നെയെന്തിനൊരുഷ്ണമേഘം...
കവിളിണതഴുകും കാർക്കോടകനാം 
മന്ദമാരുതൻ, വിരുതൻശങ്കു
പിന്നെയെന്തിനൊരു കീടനാശിനി...
മേധതൻ മോഹാലസ്യമാം മാറാലയെമ്പാടും, 
നക്രഞ്ചരലോകം
പിന്നെയെന്തിനൊരീയ്യൽ വേട്ട...
അശ്വവിശ്വങ്ങളില്ല വിശ്വാസങ്ങളും, 
ആഗോളഗ്രാമമത്രെ
പിന്നെയെന്തിനൊരാശ്വാസം..!
==========
ടി. കെ. ഉണ്ണി
൦൫- ൧൧- ൨൦൧൧