ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

പതനം


പതനം
====
ആഗോള നൂതന സാംസ്കാരിക അധിനിവേശത്തിന്റെ 
മായികവലയത്തിന്നുള്ളിൽ കുരുങ്ങിപ്പോവുന്ന വിധത്തിൽ 
സ്വമനസ്സിന്റെ സാംസ്കാരബോധത്തെ അടിയറവുവെക്കുന്ന 
സാമാന്യജനത്തിന്റെ സ്വാതന്ത്ര്യബോധത്തെ തിരുത്തുന്നതിന്നു 
കരുത്തുള്ള യാതൊരു രാഷ്ട്രീയ വിപ്ലവബോധങ്ങളും 
ഇന്നില്ലെന്നത് സത്യമായ കാര്യമാണ്‌...
അതിനാൽ തന്നെ അവബോധപരമായ അതിന്റെ 
ചോദ്യോത്തരങ്ങളും വഴിമുട്ടുന്നതായിത്തീരുന്നു....
മറ്റൊന്നിലന്വേഷിച്ചുള്ള ദുർവ്യയത്തെ 
വർജ്ജിക്കുകയാണ്‌ കരണീയം.!!
...............
ടി. കെ. ഉണ്ണി
൨൮-൦൯-൨൦൧൧
 

ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

മണ്ണാങ്കട്ട

മണ്ണാങ്കട്ട
======
അന്ന്
മുത്തശ്ശിക്കഥയിലെ മണ്ണാങ്കട്ടയും കരിയിലയും
കാമുകനും കാമുകിയും ആടിപ്പാടി നടപ്പ്,
പ്രണയം പിന്നെ പ്രയാണം..
ഉഷ്ണത്തേരേറി പേമാരി, കൊടുങ്കാറ്റ്, ആറാട്ട്...
മാനവും കൊണ്ട് പറന്നകന്ന  കരിയില..
മാനസമൈന പാടിപ്പാടി
അലഞ്ഞലിഞ്ഞില്ലാതായ മണ്ണാങ്കട്ട..

ഇന്ന്
പ്രപഞ്ചം മുഴുവൻ പ്രണയമെന്ന
മണ്ണാങ്കട്ടകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.!
അവർ കരിയിലകളെ പ്രണയിച്ച്
കരിമ്പിൻ ചണ്ടികളാക്കുന്നു ?
ഇത് കാലചക്ര കാപട്യം.!!
= = = =
വാൽക്കഷ്ണം:
മണ്ണാങ്കട്ടയും കരിയിലയും നമ്മുടെ മുത്തശ്ശിക്കഥകളിലെ മണിമുത്ത്..
സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പരസ്പരസംരക്ഷണ
ബോധത്തിന്റെയും പ്രണയത്തിന്റെയും പ്രയാണത്തിന്റെയും ഉത്തമദൃഷ്ടാന്തം..
ഇന്നത്തെ പ്രണയകോലാഹലങ്ങളെ, പ്രസ്തുത മുത്തശ്ശിക്കഥയുടെ
പശ്ചാത്തലത്തിൽ ഒരു വിചിന്തനം..
***********
ടി. കെ. ഉണ്ണി
൦൯-൦൮-൨൦൧൧

വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011

കറുത്ത കച്ച

കറുത്ത കച്ച.
 ======
ഇരുട്ടിനെ ചായമടിച്ച് പാൽനിറമാക്കൂ..
വെളുത്തതല്ലാത്ത കുടകൾ ചൂടുന്നവരെ അകത്താക്കൂ..
കാക്കയെ കൊക്കാക്കൂ, കരിക്കട്ടയെ പൊന്നാക്കൂ..
മുടിയും താടിയും തൊടിയും കൊടിയും വെളുപ്പിക്കൂ..
അകക്കറുപ്പിന്റെ ഉള്ളങ്ങളെ തുറന്ന് വെളുപ്പിക്കൂ..
വെളുപ്പിന്റെ വെണ്മയുടെ പരിശുദ്ധവാഹകർ നമ്മൾ..

ആദിവാസിസ്ത്രീകളുടെ കറുത്ത മുണ്ടുരിഞ്ഞു വസ്ത്രാക്ഷേപം
നടത്തി അപമാനിച്ച വെളുത്ത ശരീരത്തിലെ കറുത്ത മനസ്സുള്ള
ഏമാന്മാരും തമ്പുരാക്കന്മാരും ഭരണതലപുംഗവന്മാരും തങ്ങളുടെ
കൂട്ടക്കാരായ കറുത്തവസ്ത്രം ധരിച്ച സ്വാമിശരണങ്ങളുടെ
മുണ്ടഴിക്കാൻ ധൈര്യപ്പെടുമോ.??
ഇത് ദൈവങ്ങളുടെ നാടാണ്‌,
മനുഷ്യരുടേതല്ല..തീർച്ച.!
=======
ടി. കെ. ഉണ്ണി
൨൨-൦൯-൨൦൧൧ 

വ്യാഴാഴ്‌ച, സെപ്റ്റംബർ 08, 2011

എല്ലാവർക്കും പൊന്നോണം.!

എല്ലാവർക്കും പൊന്നോണം.!
================
മാവേലി ഇത്തവണ മലയാളനാട്ടിലേക്കില്ലത്രെ..
അവിടുത്തെ ഭരണാധിപന്മാർ മാവേലിയെ തോല്പിക്കും
വിധം സുഖസൗകര്യങ്ങളും ആഘോഷങ്ങളുമാണ്‌
പ്രജകൾക്കായി ഒരുക്കിക്കൊടുത്തിട്ടുള്ളതെന്ന്
ഫാക്സ് സന്ദേശം കിട്ടിയിട്ടുണ്ടത്രെ..

പെട്രോൾവിലക്ക് തീപിടിച്ചതുകൊണ്ട് കിട്ടുന്ന പാതാളപെൻഷൻ
തുക കൊണ്ട് ഒരു മലനാട് യാത്ര കടബാദ്ധ്യതയുണ്ടാക്കുമെന്നതിനാലും
തന്നെ വെല്ലുന്ന മലയാളനാട്ടിലെ ഭരണാധികാരികളെ
സമാദരണീയരായി ഗണിക്കുന്നതിനാലും അദ്ദേഹം യാത്ര മാറ്റിവെച്ചത്രെ.!
അതിനാൽ മാവേലിയില്ലെങ്കിലും ഇത്തവണ
നമുക്ക് ഓണം ആഘോഷിക്കാമത്രെ.!

എല്ലാവർക്കും സന്തോഷപ്രദമായ
ഓണാശംസകൾ.
========
ടി. കെ. ഉണ്ണി
൦൮-൦൯-൨൦൧൧