ഞായറാഴ്‌ച, ജൂലൈ 17, 2011

മഴക്കാലം

മഴക്കാലം
********
ഞാനൊരു വേഴാമ്പൽ
ഒരു തുള്ളിയും എനിക്കില്ലെന്നോ
കാലങ്ങളായെന്റെ കാത്തിരിപ്പ്
മരക്കൊമ്പിൽ മാനം നോക്കി..
മഴ എനിക്കൊരു മരീചിക
ദാഹമൊരു മഹാസാഗരം
മാഘവും മാർകഴിയും മറഞ്ഞു
മാനത്തെ മുകിൽ മൂവർണ്ണനായി
മുകുളമുദ്രചാർത്തി മൂർദ്ധാവിൽ
മുറ്റുള്ളൊരാർത്തി മുകുരത്തിൽ
വരണ്ടതൊണ്ടയിലെ മരിച്ച ദാഹത്തിൻ
പുഃനർജനിക്കായൊരു തെളിനീർക്കണം
മണ്ണും വിണ്ണും മനസ്സും
മാനവും കെട്ടു, അല്ല കെടുത്തി..!!

ഒരു മഴ
അതിലൊരു തുള്ളി
അതെന്റെ വായിൽ..
അല്ലെങ്കിലും
നിങ്ങളെന്നെ തോൽപ്പിക്കും.?
എന്റെ ജഢത്തെ
മുക്കി അഴുക്കി ഒഴുക്കി
കടലിലെത്തിക്കും.?
കാണികൾ നിങ്ങൾ
അല്ല, ഞാൻ, ഒരു തുള്ളിയുമുള്ളിലില്ലാതെ
തുള്ളിച്ചാടും, വളയമില്ലാതെ..
പ്രപഞ്ചപ്രളയത്തിൽ
ജഢത്തിന്ന് വരവേൽപ്പ്
ആ പെട്ടകത്തിലും ഞാനില്ല..!
ഒരിറ്റുപോലും നിഷേധിക്കപ്പെട്ടവന്റെ
വ്യർത്ഥ വ്യാമോഹങ്ങൾ.?
ആഹ്ലാദത്തിമിർപ്പിൽ
നിങ്ങളെന്നെ അറിയാതിരിക്കട്ടെ.!!
**********
ടി.കെ. ഉണ്ണി
൧൭-൦൭-൨൦൧൧