വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

ഛായ

ഛായ
= = =
സ്നേഹനിർഭരമായ മനസ്സുള്ളവരുടെ
പരിശുദ്ധ സ്നേഹത്തിന്റെ
ശീതളഛായ,
ജീവിതത്താരയിലെ പ്രയാസങ്ങളെയും
പ്രതിസന്ധികളെയും
ആയാസരഹിതമാക്കി
മുന്നേറുന്നതിന്ന്,
വ്യാകുലമായ മനുഷ്യകുലത്തേയും
മറ്റുജീവജാല ലോകത്തേയും
പ്രാപ്തമാക്കുന്നു.

= = = = =
ടി.കെ. ഉണ്ണി
൧൬-൧൨-൨൦൧൧

തിങ്കളാഴ്‌ച, നവംബർ 28, 2011

പരിഹാരം

പരിഹാരം
=======
ദൈവത്തിന്റെ നാടിനെ രക്ഷിക്കാൻ
കോള, കുപ്പിവെള്ള മുതലാളിമാരെ വിളിക്കൂ
അവർക്കായ് മുല്ലപ്പെരിയാർ തീരെഴുതൂ!
കേന്ദ്രനും കോടതീം പുഞ്ചിരിക്കും
വൈക്കൊ മക്കൾ പല്ലിളിക്കും
കോരന്റെ മക്കൾ അടിച്ചുപൊളിക്കും!
                  ..  ..  ..
തമിഴന്റെ ദാനമായ മലയാളി സത്വങ്ങൾ
ദൈവനാടിന്റെ മഹത്വങ്ങളപരാധമാക്കിയോർ
അഷ്ടിക്ക് മുഷ്ടിയും വേഷ്ടിയുമണിഞ്ഞോർ
നിങ്ങൾ ബധിരരോ കുരുടരോ കാപാലികരോ!
കാണാത്തതെന്തെയീ മുല്ലമഴക്കാടിന്റെ കണ്ണീർ!
കേൾക്കാത്തതെന്തെയീ ചോലനീർത്തടത്തിൻ ഗദ്ഗതം!


ഈ തടവിൽനിന്നെന്നെ വിടുതലാക്കൂ, സാഗര
റാണിയാമമ്മയോടെന്നെ ചേർക്കൂ..!!
ശതവർഷമായുള്ളെന്റെ പ്രാർത്ഥന, കേട്ടെന്ന്
തമ്പുരാന്റെ ദൃഷ്ടാന്തങ്ങൾ, വേപഥുവെന്തിന്‌
കോരന്റെ മക്കളെ, മോചനം ക്ഷിപ്രമോചനം
അതല്ലെ ഇച്ഛ, ദൈവേച്ഛ, മക്കളെ..!!

========
ടി. കെ.  ഉണ്ണി
൨൮-൧൧-൨൦൧൧

വ്യാഴാഴ്‌ച, നവംബർ 10, 2011

൧൧-൧൧-൧൧

11-11-11
======
ഇന്ന് നവമ്പർ പതിനൊന്ന്
ഈ നൂറ്റാണ്ടിലെ അപൂർവ ദിനം
മാത്രമല്ല, ഒരു അപൂർവ നിമിഷവും ഉണ്ട്
11:11:11 എ.എം.
പകൽ, 11 മണി, 11 മിനിട്ട്, 11 സെക്കന്റ്.
ഇങ്ങനെ ഒരു തിയ്യതി എഴുതാൻ കഴിയുന്നതും
ഇങ്ങനെയൊരു നിമിഷം അനുഭവിക്കാൻ
കഴിയുന്നതും ഭാഗ്യം തന്നെ.!
എല്ലാവർക്കും ആശംസകൾ
======
ടി. കെ. ഉണ്ണി
൧൧-൧൧-൨൦൧൧ 

ശനിയാഴ്‌ച, നവംബർ 05, 2011

ആശ്വാസം

ആശ്വാസം
========
കമ്പുള്ള മരത്തിനുറപ്പില്ല, 
കാമ്പില്ല, വേരോട്ടമില്ല
പിന്നെയെന്തിനു കൊമ്പ്...
അഴുക്കൊഴുക്കിൽ പിഴച്ചുമരിച്ച 
പുഴകൾ, കടലും
പിന്നെയെവിടെ നീന്താൻ...
തലയോളമുള്ള മലമുകളറ്റം, 
ചുറ്റുമൊരു പുറ്റും
പിന്നെയെന്തിനു കല്ലുരുട്ടണം...
അന്തിക്കന്ധരാം അന്തണന്മാർ, 
അനന്തശയനമെന്നെന്നും
പിന്നെയെന്തിനൊരു ഭദ്രദീപം...
താരകൾക്കതിശീതത്തിൻ വെന്തുരുക്കം, 
ഞെരുക്കപ്പെരുക്കം
പിന്നെയെന്തിനൊരുഷ്ണമേഘം...
കവിളിണതഴുകും കാർക്കോടകനാം 
മന്ദമാരുതൻ, വിരുതൻശങ്കു
പിന്നെയെന്തിനൊരു കീടനാശിനി...
മേധതൻ മോഹാലസ്യമാം മാറാലയെമ്പാടും, 
നക്രഞ്ചരലോകം
പിന്നെയെന്തിനൊരീയ്യൽ വേട്ട...
അശ്വവിശ്വങ്ങളില്ല വിശ്വാസങ്ങളും, 
ആഗോളഗ്രാമമത്രെ
പിന്നെയെന്തിനൊരാശ്വാസം..!
==========
ടി. കെ. ഉണ്ണി
൦൫- ൧൧- ൨൦൧൧

ഞായറാഴ്‌ച, ഒക്‌ടോബർ 02, 2011

ഗാന്ധിജയന്തി

ഗാന്ധിജയന്തി..
ഒരു അവധിദിനം..
ഒരു ആഘോഷദിനമായി
അടിച്ചുപൊളിക്കുന്ന മറ്റൊരു സുദിനം.!!
മണ്ണിൽ ചവിട്ടാത്ത മനുഷ്യർ
മലിനമായ മനസ്സുള്ളവർ
മഹാത്മാവിന്റെ ചിത്രങ്ങൾക്കുമുന്നിൽ
മാനക്കേട് കാട്ടുന്നവർ
അവരോടു പറയാനൊന്നുമാത്രം
മനുഷ്യരാകൂ നിങ്ങളിൽ മനുഷ്യത്വമേറ്റൂ.!!
= = = = = =
ടി. കെ. ഉണ്ണി
൦൨-൧൦-൨൦൧൧

ബുധനാഴ്‌ച, സെപ്റ്റംബർ 28, 2011

പതനം


പതനം
====
ആഗോള നൂതന സാംസ്കാരിക അധിനിവേശത്തിന്റെ 
മായികവലയത്തിന്നുള്ളിൽ കുരുങ്ങിപ്പോവുന്ന വിധത്തിൽ 
സ്വമനസ്സിന്റെ സാംസ്കാരബോധത്തെ അടിയറവുവെക്കുന്ന 
സാമാന്യജനത്തിന്റെ സ്വാതന്ത്ര്യബോധത്തെ തിരുത്തുന്നതിന്നു 
കരുത്തുള്ള യാതൊരു രാഷ്ട്രീയ വിപ്ലവബോധങ്ങളും 
ഇന്നില്ലെന്നത് സത്യമായ കാര്യമാണ്‌...
അതിനാൽ തന്നെ അവബോധപരമായ അതിന്റെ 
ചോദ്യോത്തരങ്ങളും വഴിമുട്ടുന്നതായിത്തീരുന്നു....
മറ്റൊന്നിലന്വേഷിച്ചുള്ള ദുർവ്യയത്തെ 
വർജ്ജിക്കുകയാണ്‌ കരണീയം.!!
...............
ടി. കെ. ഉണ്ണി
൨൮-൦൯-൨൦൧൧
 

ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

മണ്ണാങ്കട്ട

മണ്ണാങ്കട്ട
======
അന്ന്
മുത്തശ്ശിക്കഥയിലെ മണ്ണാങ്കട്ടയും കരിയിലയും
കാമുകനും കാമുകിയും ആടിപ്പാടി നടപ്പ്,
പ്രണയം പിന്നെ പ്രയാണം..
ഉഷ്ണത്തേരേറി പേമാരി, കൊടുങ്കാറ്റ്, ആറാട്ട്...
മാനവും കൊണ്ട് പറന്നകന്ന  കരിയില..
മാനസമൈന പാടിപ്പാടി
അലഞ്ഞലിഞ്ഞില്ലാതായ മണ്ണാങ്കട്ട..

ഇന്ന്
പ്രപഞ്ചം മുഴുവൻ പ്രണയമെന്ന
മണ്ണാങ്കട്ടകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.!
അവർ കരിയിലകളെ പ്രണയിച്ച്
കരിമ്പിൻ ചണ്ടികളാക്കുന്നു ?
ഇത് കാലചക്ര കാപട്യം.!!
= = = =
വാൽക്കഷ്ണം:
മണ്ണാങ്കട്ടയും കരിയിലയും നമ്മുടെ മുത്തശ്ശിക്കഥകളിലെ മണിമുത്ത്..
സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പരസ്പരസംരക്ഷണ
ബോധത്തിന്റെയും പ്രണയത്തിന്റെയും പ്രയാണത്തിന്റെയും ഉത്തമദൃഷ്ടാന്തം..
ഇന്നത്തെ പ്രണയകോലാഹലങ്ങളെ, പ്രസ്തുത മുത്തശ്ശിക്കഥയുടെ
പശ്ചാത്തലത്തിൽ ഒരു വിചിന്തനം..
***********
ടി. കെ. ഉണ്ണി
൦൯-൦൮-൨൦൧൧

വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011

കറുത്ത കച്ച

കറുത്ത കച്ച.
 ======
ഇരുട്ടിനെ ചായമടിച്ച് പാൽനിറമാക്കൂ..
വെളുത്തതല്ലാത്ത കുടകൾ ചൂടുന്നവരെ അകത്താക്കൂ..
കാക്കയെ കൊക്കാക്കൂ, കരിക്കട്ടയെ പൊന്നാക്കൂ..
മുടിയും താടിയും തൊടിയും കൊടിയും വെളുപ്പിക്കൂ..
അകക്കറുപ്പിന്റെ ഉള്ളങ്ങളെ തുറന്ന് വെളുപ്പിക്കൂ..
വെളുപ്പിന്റെ വെണ്മയുടെ പരിശുദ്ധവാഹകർ നമ്മൾ..

ആദിവാസിസ്ത്രീകളുടെ കറുത്ത മുണ്ടുരിഞ്ഞു വസ്ത്രാക്ഷേപം
നടത്തി അപമാനിച്ച വെളുത്ത ശരീരത്തിലെ കറുത്ത മനസ്സുള്ള
ഏമാന്മാരും തമ്പുരാക്കന്മാരും ഭരണതലപുംഗവന്മാരും തങ്ങളുടെ
കൂട്ടക്കാരായ കറുത്തവസ്ത്രം ധരിച്ച സ്വാമിശരണങ്ങളുടെ
മുണ്ടഴിക്കാൻ ധൈര്യപ്പെടുമോ.??
ഇത് ദൈവങ്ങളുടെ നാടാണ്‌,
മനുഷ്യരുടേതല്ല..തീർച്ച.!
=======
ടി. കെ. ഉണ്ണി
൨൨-൦൯-൨൦൧൧ 

വ്യാഴാഴ്‌ച, സെപ്റ്റംബർ 08, 2011

എല്ലാവർക്കും പൊന്നോണം.!

എല്ലാവർക്കും പൊന്നോണം.!
================
മാവേലി ഇത്തവണ മലയാളനാട്ടിലേക്കില്ലത്രെ..
അവിടുത്തെ ഭരണാധിപന്മാർ മാവേലിയെ തോല്പിക്കും
വിധം സുഖസൗകര്യങ്ങളും ആഘോഷങ്ങളുമാണ്‌
പ്രജകൾക്കായി ഒരുക്കിക്കൊടുത്തിട്ടുള്ളതെന്ന്
ഫാക്സ് സന്ദേശം കിട്ടിയിട്ടുണ്ടത്രെ..

പെട്രോൾവിലക്ക് തീപിടിച്ചതുകൊണ്ട് കിട്ടുന്ന പാതാളപെൻഷൻ
തുക കൊണ്ട് ഒരു മലനാട് യാത്ര കടബാദ്ധ്യതയുണ്ടാക്കുമെന്നതിനാലും
തന്നെ വെല്ലുന്ന മലയാളനാട്ടിലെ ഭരണാധികാരികളെ
സമാദരണീയരായി ഗണിക്കുന്നതിനാലും അദ്ദേഹം യാത്ര മാറ്റിവെച്ചത്രെ.!
അതിനാൽ മാവേലിയില്ലെങ്കിലും ഇത്തവണ
നമുക്ക് ഓണം ആഘോഷിക്കാമത്രെ.!

എല്ലാവർക്കും സന്തോഷപ്രദമായ
ഓണാശംസകൾ.
========
ടി. കെ. ഉണ്ണി
൦൮-൦൯-൨൦൧൧

ശനിയാഴ്‌ച, ഓഗസ്റ്റ് 27, 2011

നിരാഹാരം

നിരാഹാരം (മിനിക്കഥ)
=======
വല്ല്യച്ഛാ..
ഈ നിരാഹാരംന്ന് പറഞ്ഞാ എന്താ.?
നിരാഹാരം കെടക്കണോര്‌ പാലുകുടിക്ക്വോ.?

എന്റെ അനിയന്റെ മകൾ രണ്ടാം ക്ലാസ്സുകാരി ഗൗരിക്കുട്ടിയുടേതാണ്‌ സംശയം..
എന്തുകൊണ്ടാണ് മോള്‍ക്ക് ഇങ്ങനെയൊരു സംശയം ഉണ്ടായിരിക്കുന്നത്.. ക്ലാസ് ടീച്ചർ എന്തെങ്കിലും ചോദ്യം ചോദിച്ചു മോളെ കുഴക്കിയോ.. അങ്ങനെയുള്ള സംശയങ്ങൾ ഉണ്ടാവുമ്പോൾ അവൾ എന്നോടാണ് പറയാറുള്ളത്.. പക്ഷെ, മോളുടെ ഓണപ്പരീക്ഷയൊക്കെ കഴിഞ്ഞതല്ലെ, പിന്നെന്തേ ഇപ്പോഴൊരു സംശയം.?.. 

എന്താ മോളെ, പ്രശ്നം .. ഞാൻ സൌമ്യമായി ചോദിച്ചു..
അത്ആ ഗാന്ധിയപ്പൂപ്പൻ അണ്ണഹസാരെഡൽഹിയിലു സമരം ചെയ്യണ ആൾഎപ്പൊ നോക്ക്യാലും പാല്‌ കുടിക്ക്ണുണ്ടല്ലോ.!  എനിക്ക് അമ്മ പാല്‌ തരണില്ലേഅതിനേക്കാളും വല്യ സ്റ്റീൽ ഗ്ലാസ്സിലാണ്‌ ആ അപ്പൂപ്പൻ പാല്‌ കുടിക്കണത്.!  എന്നിട്ട് വല്യേട്ടൻ പറയാ, നിരാഹാരംന്ന് പറഞ്ഞാല്‌ ഭക്ഷണം കഴിക്കാണ്ട് പട്ടിണി കെടക്കണ സമരം ആണെന്ന്.!!

അതെഅങ്ങനെത്തന്നെ. വല്യേട്ടൻ പറഞ്ഞതാണ് ശരി.. നിരാഹാരം എന്ന് പറഞ്ഞാല്‍ ആഹാരം കഴിക്കാതെയുള്ള സമരം തന്നെ... പക്ഷെ, വെള്ളം മാത്രം കുടിക്കാം ...

അല്ലല്ല, ആ അപ്പൂപ്പന്‍ പാലുതന്ന്യാ കുടിച്ചിരുന്നത്.. ഞാന്‍ ടീവീല് കണ്ടതല്ലേ.. അപ്പൂപ്പന്‍ കുടിക്കുമ്പോ ചുണ്ടീന്നു പാല് ഇറ്റിറ്റി വീഴണത്..  അപ്പോ ഈ നിരാഹാരംന്ന് പറഞ്ഞാല്‌ എപ്പെഴെപ്പെഴും പാലുകുടി തന്നെ..ല്ലേ..

മോളെവല്യച്ഛൻ ഇപ്പൊ പുറത്തേക്ക് പോവ്വാ..വന്നിട്ട് മോൾക്ക് വിശദമായി പറഞ്ഞുതരാം.ട്ടൊ...മോള്‌ ഇപ്പൊ പോയി പഠിക്കാൻ നോക്ക്..

അതിന്‌ സ്കൂൾ അടച്ചില്ലെ.. ഇനി ബുധനാഴ്ച സ്കൂളിൽ പോയാമതി..

ഞാൻ മെല്ലെ പുറത്തേക്കിറങ്ങി.
തിരിച്ചുവന്നാല്‍ അവളെന്നെ വിടാതെ പിന്തുടരും ..
ഗൗരിമോളോട് എന്താ പറയുക.?
==========

ടി. കെ. ഉണ്ണി
൨൭-൦൮-൨൦൧൧ 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 15, 2011

സ്വാതന്ത്ര്യദിനം..

സ്വാതന്ത്ര്യദിനം..
===========
സ്വതന്ത്രഭാരതത്തിലെ അസ്വതന്ത്ര ദരിദ്രനാരായണന്മാരെ
ഓർക്കാനാവുന്നത് ശിക്ഷാർഹമായ രാജ്യദ്രോഹക്കുറ്റമായി
ത്തീർന്നിരിക്കുന്ന സ്വാതന്ത്ര്യബോധത്തിന്റെ കെട്ടുകാഴ്ചകൾ
അരങ്ങേറ്റിക്കൊണ്ട് ഭരണസിരാകേന്ദ്രങ്ങളിലെ
ചക്രായുധധാരികൾ പേമാരിപോലെ വർഷാവർഷം
കോരിച്ചൊരിയുന്ന ഭാഷണവർഷത്തിന്ന് കുടപിടിച്ച് നിൽക്കുന്ന
ഏമാന്മാരുടെ നേർക്കാഴ്ചകൾ സമ്മാനമായി അളന്നുതൂക്കി
നൽകിക്കൊണ്ട്, രാജ്യത്തിലെ ജനസേവനം മാത്രം
ജീവനമാക്കിയവർ നമുക്ക് നൽകുന്ന ഔദാര്യമായ സ്വാതന്ത്ര്യം
വെറും കൊടിക്കൂറകളായി പറപ്പിച്ചുകൊണ്ട്, ഇല്ലാത്ത ശബ്ദത്തിൽ
വിളിച്ചുകൂവാൻ, വോട്ട്മാത്രം കൈമുതലുള്ള മൃഗതുല്യമനുഷ്യ
ജന്മങ്ങളെ ഉന്മത്തരാക്കി ഘോഷയാത്രികരാക്കി കെട്ടിയാടിച്ചുള്ള
ഈ പൊങ്ങച്ചവീര്യം നമ്മുടെ സ്വാതന്ത്ര്യമെങ്കിൽ,
നാടേ നിന്റെ സ്വാതന്ത്ര്യം നീണാൾ വാഴട്ടെ..!
നാടേ എനിക്കെന്നാണ്‌ സ്വാതന്ത്ര്യമുണ്ടാവുക.?
= = = = = = =
ടി. കെ. ഉണ്ണി
൧൫-൦൮-൨൦൧൧

വ്യാഴാഴ്‌ച, ഓഗസ്റ്റ് 04, 2011

ദൈവത്തിന്റെ നാട്

ദൈവത്തിന്റെ നാട്.
= = = = = = = = = =
കേരളത്തെയോർത്ത് കേഴാനിനി
എന്നുള്ളിൽ സങ്കടങ്ങൾ ബാക്കിയില്ല..!
അതെല്ലാം ദൈവത്തിന്റെ നാടിന്‌ ദാനമേകി..!!
ദൈവനാടിന്റെ ഉടമസ്ഥർ മേലാളമേലാപ്പുകാർ
അവർ അംഗവിഹീനമാക്കി മാനഭംഗപ്പെടുത്തിയില്ലേ.?
മദമാത്സര്യോന്മത്തരായ ദൈവങ്ങളുടെയും നാട്..!
മതമത്തേഭരല്ലാത്ത ദൈവങ്ങളില്ലാത്ത നാട്..!
ഈ ദൈവനാട്ടിൽ മനുഷ്യരെവിടെ.?
ഈ ദൈവനാട്ടിൽ പക്ഷിമൃഗാദികളെവിടെ.?
ജലമെവിടെ, ജീവവായു എവിടെ.?
ആറുകളും മലകളും സസ്യജാലങ്ങളുമെവിടെ.?
ഇടിവെട്ടുന്നതും മഴപെയ്യുന്നതും തീ കത്തുന്നതും
സൂര്യചന്ദ്രന്മാർ ഉദിച്ചസ്തമിക്കുന്നതും
ഉടയോരായ മേലാളമേലാപ്പുകാർക്കുവേണ്ടി.?
മനുഷ്യനധിവസിക്കാനൊരു കേരള നാട്..!
അതിന്നായ് കേഴാനെനിക്ക് സങ്കടങ്ങളേകണേ..!
എന്റെ കണ്ണിൽ അശ്രുകണങ്ങൾ നിറക്കേണമേ..!
ഉത്സവങ്ങളിലാറാടിത്തിമിർക്കുന്ന ദൈവങ്ങൾ..!
അവരെങ്ങനെ പ്രാർത്ഥനകൾ കേൾക്കും.?
മനുഷ്യമനസ്സുരുകിയാലറിയുന്നൊരു ദൈവം
പ്രപഞ്ചത്തിലുണ്ടെങ്കിൽ, കേൾക്കുമെന്റെയുരുക്കം,
മനുഷ്യനുജീവിക്കാനൊരു കേരളം..!
അതൊന്നുമാത്രമേകുക..!
അതൊന്നുമാത്രം.!
= = = = = = = =
ടി.കെ. ഉണ്ണി
൦൪-൦൮-൨൦൧൧
=========
വാൽക്കഷ്ണം:  ദൈവത്തിന്റെ നാട് / ദൈവങ്ങളുടെ നാടായ കേരളത്തിൽ വെറും മനുഷ്യന്റെ 
അസ്ഥിത്വം വെല്ലുവിളി നേരിടുന്നു എന്ന സത്യത്തിന്റെ നെരിപ്പോട് എന്റെ നെഞ്ചിലും അനുഭവപ്പെടുന്നു.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2011

കാലം

കാലം
====
കാലത്താൽ താളം തെറ്റിയ കാറ്റിന്റെ കളി
കാളകൂടം കളഞ്ഞുപോയ കാർക്കോടകന്റെ വിളി
കാമനകളണഞ്ഞുപോയ കാമിനിയുടെ കുളി
കാഴ്ചകളകന്ന കണ്ണിന്റെ, കരളിന്റെ കാകളി..

മുകിലായ് മഴയായ് മാർകഴിയായ് വീണ്ടും
മലരായ് മധുവായ് മത്സരമായ് മധുരോത്സവമായ്
മദമായ് മതമായ് മദിരകൾ മാത്രമായ്
മധുവർണ്ണനും മന്നനും മാനത്ത് മത്തേഭരായ്

വരവായ് വരാഹനും വരണമാല്യവുമായ്
വനരോദനം വചനമൂല്യമായ് വിവശമായ്
വൈശാഖവും വൈധവ്യമാം വൈപരീത്യമായ്
വാമനനാം വൈതാളികൻ വൈതരണിയിലായ്..

സാന്ത്വന സന്താപ സംവേദനങ്ങൾ
സാശ്വതമോ ശാപമോ സായൂജ്യമോ
സാകൂതമരുവുന്ന സാരമേയങ്ങളോ
സാലഭഞ്ജികകളോ, സാരാംശമേകുവാൻ
സാഹസമാകാതെ, സന്മനസ്സാകുവാൻ..
സത്യമിതെന്തൊരു വേതാളകാലം.!!!

=========
ടി. കെ. ഉണ്ണി
൦൧-൦൮-൨൦൧൧  

ഞായറാഴ്‌ച, ജൂലൈ 17, 2011

മഴക്കാലം

മഴക്കാലം
********
ഞാനൊരു വേഴാമ്പൽ
ഒരു തുള്ളിയും എനിക്കില്ലെന്നോ
കാലങ്ങളായെന്റെ കാത്തിരിപ്പ്
മരക്കൊമ്പിൽ മാനം നോക്കി..
മഴ എനിക്കൊരു മരീചിക
ദാഹമൊരു മഹാസാഗരം
മാഘവും മാർകഴിയും മറഞ്ഞു
മാനത്തെ മുകിൽ മൂവർണ്ണനായി
മുകുളമുദ്രചാർത്തി മൂർദ്ധാവിൽ
മുറ്റുള്ളൊരാർത്തി മുകുരത്തിൽ
വരണ്ടതൊണ്ടയിലെ മരിച്ച ദാഹത്തിൻ
പുഃനർജനിക്കായൊരു തെളിനീർക്കണം
മണ്ണും വിണ്ണും മനസ്സും
മാനവും കെട്ടു, അല്ല കെടുത്തി..!!

ഒരു മഴ
അതിലൊരു തുള്ളി
അതെന്റെ വായിൽ..
അല്ലെങ്കിലും
നിങ്ങളെന്നെ തോൽപ്പിക്കും.?
എന്റെ ജഢത്തെ
മുക്കി അഴുക്കി ഒഴുക്കി
കടലിലെത്തിക്കും.?
കാണികൾ നിങ്ങൾ
അല്ല, ഞാൻ, ഒരു തുള്ളിയുമുള്ളിലില്ലാതെ
തുള്ളിച്ചാടും, വളയമില്ലാതെ..
പ്രപഞ്ചപ്രളയത്തിൽ
ജഢത്തിന്ന് വരവേൽപ്പ്
ആ പെട്ടകത്തിലും ഞാനില്ല..!
ഒരിറ്റുപോലും നിഷേധിക്കപ്പെട്ടവന്റെ
വ്യർത്ഥ വ്യാമോഹങ്ങൾ.?
ആഹ്ലാദത്തിമിർപ്പിൽ
നിങ്ങളെന്നെ അറിയാതിരിക്കട്ടെ.!!
**********
ടി.കെ. ഉണ്ണി
൧൭-൦൭-൨൦൧൧ 

വ്യാഴാഴ്‌ച, ജൂൺ 16, 2011

സ്വന്തം മാഷ്

അദ്ധ്യാപകൻ വിദ്യാർ(ത്ഥി/നി)യെ പീഢിപ്പിച്ചു..!!

ദിവസേനയുള്ള വാർത്താ, ദൃശ്യ, ശ്രാവ്യ മാദ്ധ്യമങ്ങളുടെ കേളി കൊട്ട് ഉത്സവം..!
അദ്ധ്യാപകൻ തനിക്ക് പീഢിപ്പിക്കാൻ കഴിയുന്ന കക്ഷികളിൽ കുറെ പേരെ ഒഴിവാക്കി ഭൂരിപക്ഷത്തെ പീഢിപ്പിക്കുന്നതിലുള്ള വ്യാകുലതയാണോ മാദ്ധ്യമങ്ങൾക്കും അതപ്പാടെ വിഴുങ്ങുന്ന പൊതുജനത്തിനും?
അദ്ധ്യാപകൻ മറ്റാരെയെങ്കിലും പീഢിപ്പിക്കണമെന്നാണോ ദുശ്ശങ്ക? അങ്ങനെയെങ്കിൽ അത് ആശാസ്യമാവില്ല.!
അദ്ധ്യാപകൻ, അദ്ധ്യാപകവൃന്ദത്തിൽപ്പെട്ടവരെയും വിദ്യാർത്ഥിഗണത്തിൽപ്പെട്ടവരെയും അല്ലാതെ മറ്റാരെയാണ്‌ പീഢിപ്പിക്കേണ്ടത്?
പണ്ട് അദ്ധ്യാപകൻ എല്ലാവരാലും ബഹുമാനിതനായിരുന്നതിനാൽ എല്ലാവർക്കും അദ്ധ്യാപകനായിരുന്നു..മാഷ്.!
അദ്ധ്യാപകൻ എന്നത് ഒരു സംസ്ക്കാരത്തിൽനിന്നും മാറി വെറുമൊരു തൊഴിൽ മാത്രമായി ചുരുങ്ങിയപ്പോൾ കേവലം തൊഴിലെടുക്കാത്ത (പണിയെടുക്കാത്ത) തൊഴിലാളിയായി.!
എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാൽ അതിങ്ങനെയൊക്കെ ആവുകയും വിവരമില്ലാത്തവർ അത് കൊട്ടിഘോഷിക്കുകയും ചെയ്യും.!!
അതായത്, ഇന്ന് പേരിനെങ്കിലും അദ്ധ്യാപകൻ അദ്ധ്യാപകനാവുന്നത് തന്റെ പണിപ്പുരയിലാണ്‌.! അതിന്ന് പുറത്ത് (പൊതു ഇടങ്ങളിൽ) അവർ വിളിപ്പേരിൽ മാത്രമായാണ്‌ ഇപ്പോൾ അറിയപ്പെടുന്നത്..!!
ഉണ്ണി മാഷ് എന്ന അദ്ധ്യാപകൻ തൊഴിലിടത്തിന്ന് പുറത്ത് ഉണ്ണി മാത്രമാണ്‌..! അവിടുത്തെ ഇടപെടലുകൾ ഉണ്ണിയുടേത് മാത്രമാണ്‌, മാഷിന്റേതല്ല.!
മാദ്ധ്യമങ്ങൾ മാധ്യമങ്ങളായതുപോലെ അവർക്ക് മനസ്സിലാകാത്തതും പൊതുജനം മനസ്സിലാക്കാത്തതും ആണ്‌ കാര്യങ്ങളെന്ന് കരുതാനാവുമോ.?
അതുകൊണ്ട്, അദ്ധ്യാപകർ വിദ്യാർത്ഥികളെയും ഡോക്റ്റർമാർ രോഗികളെയും വേണ്ടതുപോലെയൊക്കെ ചെയ്യട്ടെ..!!
വെറുതെയെന്തിനാണിത്ര പുകിൽ..!!
**********
ടി. കെ. ഉണ്ണി
16-06-11
വാൽക്കഷ്ണം...പീഡനം സംബന്ധിച്ചുള്ള കേന്ദ്രസർക്കാരിന്റെ സർവെ റിപ്പോർട്ട്...
രക്ഷിതാക്കളെ പീഢിപ്പിക്കുന്നത് മക്കളുടെ, മരുമക്കളുടെ മൗലികാവകാശമായിത്തീരുന്ന കാലം വിദൂരമല്ലെന്നു തോന്നുന്നു...  അതിന്‌ മുമ്പ് അങ്ങോട്ട് വിളിക്കണേ കർത്താവേ..!



വ്യാഴാഴ്‌ച, മേയ് 26, 2011

കോട്ട..

കോട്ട...
ചെങ്കോട്ട വെളുപ്പിക്കുന്നു..
ഇനിമുതൽ വെളുക്കോട്ട..
ഉള്ളം കറുത്ത, വെളുത്ത
കോട്ടിട്ടവരുടെ കോട്ട..
പാവം ചെങ്കോട്ട..
അത്‌ ചുവന്നതോ, ചുവപ്പിച്ചതോ..
പാവം തച്ചൻ, തച്ചന്റെ ശാസ്ത്രവും..
തച്ചനറിയില്ലല്ലോ
വെളുപ്പിന്റെ
വെളുപ്പിക്കലിന്റെ ശാസ്ത്രം..
ധനതത്വശാസ്ത്രം..!!
********
ടി. കെ. ഉണ്ണി
൨൬-൦൫-൨൦൧൧