വ്യാഴാഴ്‌ച, ഓഗസ്റ്റ് 04, 2011

ദൈവത്തിന്റെ നാട്

ദൈവത്തിന്റെ നാട്.
= = = = = = = = = =
കേരളത്തെയോർത്ത് കേഴാനിനി
എന്നുള്ളിൽ സങ്കടങ്ങൾ ബാക്കിയില്ല..!
അതെല്ലാം ദൈവത്തിന്റെ നാടിന്‌ ദാനമേകി..!!
ദൈവനാടിന്റെ ഉടമസ്ഥർ മേലാളമേലാപ്പുകാർ
അവർ അംഗവിഹീനമാക്കി മാനഭംഗപ്പെടുത്തിയില്ലേ.?
മദമാത്സര്യോന്മത്തരായ ദൈവങ്ങളുടെയും നാട്..!
മതമത്തേഭരല്ലാത്ത ദൈവങ്ങളില്ലാത്ത നാട്..!
ഈ ദൈവനാട്ടിൽ മനുഷ്യരെവിടെ.?
ഈ ദൈവനാട്ടിൽ പക്ഷിമൃഗാദികളെവിടെ.?
ജലമെവിടെ, ജീവവായു എവിടെ.?
ആറുകളും മലകളും സസ്യജാലങ്ങളുമെവിടെ.?
ഇടിവെട്ടുന്നതും മഴപെയ്യുന്നതും തീ കത്തുന്നതും
സൂര്യചന്ദ്രന്മാർ ഉദിച്ചസ്തമിക്കുന്നതും
ഉടയോരായ മേലാളമേലാപ്പുകാർക്കുവേണ്ടി.?
മനുഷ്യനധിവസിക്കാനൊരു കേരള നാട്..!
അതിന്നായ് കേഴാനെനിക്ക് സങ്കടങ്ങളേകണേ..!
എന്റെ കണ്ണിൽ അശ്രുകണങ്ങൾ നിറക്കേണമേ..!
ഉത്സവങ്ങളിലാറാടിത്തിമിർക്കുന്ന ദൈവങ്ങൾ..!
അവരെങ്ങനെ പ്രാർത്ഥനകൾ കേൾക്കും.?
മനുഷ്യമനസ്സുരുകിയാലറിയുന്നൊരു ദൈവം
പ്രപഞ്ചത്തിലുണ്ടെങ്കിൽ, കേൾക്കുമെന്റെയുരുക്കം,
മനുഷ്യനുജീവിക്കാനൊരു കേരളം..!
അതൊന്നുമാത്രമേകുക..!
അതൊന്നുമാത്രം.!
= = = = = = = =
ടി.കെ. ഉണ്ണി
൦൪-൦൮-൨൦൧൧
=========
വാൽക്കഷ്ണം:  ദൈവത്തിന്റെ നാട് / ദൈവങ്ങളുടെ നാടായ കേരളത്തിൽ വെറും മനുഷ്യന്റെ 
അസ്ഥിത്വം വെല്ലുവിളി നേരിടുന്നു എന്ന സത്യത്തിന്റെ നെരിപ്പോട് എന്റെ നെഞ്ചിലും അനുഭവപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: