തിങ്കളാഴ്‌ച, ഫെബ്രുവരി 24, 2014

വിലാപം

വിലാപം
= = = =
ഞാനൊരു പാവം സാരമേയം
ചങ്ങലയിലാണെന്റെ സ്വാതന്ത്ര്യം
കാരാഗൃഹമെന്റെ ഇഷ്ടഗേഹം
വാലാട്ടലെന്റെ കൃത്യനിഷ്ഠ.!
ഘോഷമായനർഗ്ഗള കണ്ഠക്ഷോഭം
മാറ്റൊലികൊള്ളുന്നുമനവരതം..
ഒരുനേരമെങ്കിലുമാഹരിക്കാൻ
പെടുന്ന കഷ്ടങ്ങളാരറിയാൻ.!

ദുരമൂത്ത മർത്യരാം യജമാനരും
കള്ളവും കൊള്ളയും പീഢനവും
അക്രമി പരിക്രമി ഭേദമില്ലാതെ
പരിധി ലംഘിക്കുന്ന മന്നവരും
കല്ലും വടിയും വെടിക്കോപ്പും, പിന്നെ
വിഷച്ചോറും കയ്യിലേന്തുന്നവർ..
എന്നാണിവർക്കൊരു കരളലിവ്
ഞങ്ങൾ ശ്വാക്കളും മൃഗങ്ങളല്ലേ.!

മണിക്കുട്ടി, ചിക്കു, മിക്കു, പക്രു
ഇവരെല്ലാം മാർജ്ജാര മുത്തുകൾ
മുൻകൂറായി മുഖത്ത് തല്ലുന്നവർ
മൃദുലമാണവരുടെ പാണികൾ
അവരോടെനിക്കെന്നും അസൂയമാത്രം
അക്കാണും മാളികയവരുടേത്
അന്തിയും മോന്തിയുമില്ലാതെ
അന്തിയുറക്കവുമങ്ങവിടെത്തന്നെ
എന്നാലും ഇഷ്ടമാണെനിക്കവരെ
അവർക്കില്ലൊരു ചങ്ങലയും.!
. . . . . . . .
മണത്തറിഞ്ഞു ഞാനവളുടെ സുഗന്ധം
മതിലിന്നപ്പുറമവളലയുന്നു വന്നടുക്കാൻ
കൊടിച്ചിയാണത്രെ, അവളെന്നാലും
ചങ്ങലയില്ലല്ലോ, സ്വാതന്ത്ര്യമതല്ലേ.!

അന്നൊരിക്കൽ മതിൽ താണ്ടിയവളെത്തി
കൊഞ്ചിക്കുഴഞ്ഞോതി പരിഭവത്താൽ
നിങ്ങൾ സുന്ദരൻ, സുമുഖൻ, ശൂരൻ
മണിമാളിക കാവൽക്കാരൻ മന്നൻ
താമസമീ മനോഹരമാം കോട്ടയിൽ
കഴുത്തിലോ കനകഹാരം കട്ടിയിൽ
കിലുങ്ങിത്തിളങ്ങുന്ന ചങ്ങലക്കണ്ണികൾ
വെള്ളിത്തളികയിലന്നം പരിപോഷകം
നിന്നെ നീരാട്ടാനെന്നുമൊരു കൊച്ചമ്മ
ചീകിയൊതുക്കി മിനുക്കാനും കൊച്ചമ്മ
പാലൂട്ടി താരാട്ടി ഓമനിക്കാനൊത്തിരിപ്പേർ
മുതുകിൽ തലോടി വാത്സല്യമേകുന്നവർ
കൊച്ചമ്മയും മക്കളും യജമാനനും.!

പ്രിയ സഖീ നീയെന്തറിഞ്ഞെന്റെ മാനസം
വീർപ്പുമുട്ടുന്നു ഞാനീ തടവറയിൽ
തകർക്കുമൊരുനാൾ ഞാനീ കോട്ടയെ
ചേരും വിണ്ണിൻ വിശാലഗേഹത്തിൽ
ശ്വസിക്കും സ്വാതന്ത്ര്യത്തിൻ ശുദ്ധവായു
മറക്കും ഞാനെന്റെ ദുരിതങ്ങളെല്ലാം.!

നാടിന്റെ രാജവീഥികൾ നമുക്കിന്നന്യമായി
അധമരാഷ്ട്രീയക്കാർ അവയേറ്റെടുത്തു
നമ്മുടെ പേരും പെരുമയും അവർക്കുതന്നെ
തമ്പ്രാക്കളും പ്രജകളും മറ്റാരുമല്ല.!
അവരനുഭവിക്കട്ടെ തെരുവിന്റെ ജീവിതം
കണ്ടുരസിക്കാം നമുക്കെങ്കിലും, ഹാ കഷ്ടം
അരുതരുത് സോദരരെ, നാം തമ്മിലില്ലൊരന്തരം
പരിഹസിക്കും നമ്മെ, പക്ഷിജാലങ്ങളെങ്കിലും.!

കമ്പിനടി വാങ്ങുന്നതും കല്ലേറുകൊള്ളുന്നതും
കാഞ്ഞവെള്ളത്തിൽ പൊള്ളുന്നതും
കമ്പും കവണയും തോട്ടയും പൊട്ടാസും
വളഞ്ഞിട്ട് തല്ലുന്നതും കൊല്ലാക്കൊലചെയ്യുന്നതും
അന്തരമില്ലാതെയേറ്റുവാങ്ങാൻ നമുക്കൊന്നാവാം
ഉയർത്താം മോചന കാഹളങ്ങൾ.!
==========
ടി.കെ.ഉണ്ണി 
൧൪-൦൭-൨൦൧൩ 

ബുധനാഴ്‌ച, ഫെബ്രുവരി 12, 2014

ഉമ്മന്‍ പഞ്ചാര

ഉമ്മൻ പഞ്ചാര
============
പതിവുപോലെ രാവിലെ കാപ്പികുടി (കുടിക്കുന്നത് ചായയാണെങ്കിലും) കഴിഞ്ഞ് കുറച്ചൊന്നണിഞ്ഞൊരുങ്ങി അല്പം ഗമയൊക്കെ വരുത്തി അധികം ദൂരെയല്ലാത്ത ജോലിസ്ഥലത്തേക്കുള്ള പുറപ്പാടിന്റെ മിനുക്കുപണിയിലായിരുന്നു ഞാന്‍..   

മുറ്റത്തുനിന്നും ആരോ വിളിച്ചതുപോലെ തോന്നി .. അകത്തുനിന്നും വരാന്തയിലേക്കിറങ്ങി നോക്കി..സംഗതി ശരിയാണ്.
അച്ഛന്റെ കൂട്ടുകാരൻ മാമുക്ക (അദ്ദേഹത്തിന്റെ മൂത്തമകൻ എന്റെയും കൂട്ടുകാരനാണ്‌) മുറ്റത്ത് കയ്യിലൊരു പൊതിയുമായി നിൽക്കുന്നു.. എന്നെക്കണ്ടതും മാമുക്ക പറഞ്ഞു..
ഇത് അമ്മക്ക് കൊടുത്ത് അതിന്റെ കാശ് തരാൻ പറയ്...
ഈ പൊതിയിലെന്താ മാമുക്ക..ഞാൻ.
നിനക്ക് മനസ്സിലായില്ലെ..
ഇത് ഉമ്മന്റെ ഒരുറുപ്യ പഞ്ചാര.. 
നമ്മള്‍ക്ക് വെറുതെ വിടാൻ പറ്റ്വോ.?
മാമുക്ക നെറ്റി ചുളിച്ചു ചിറികോട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു...

ഞാൻ പൊതിയൊന്ന് ഞെക്കിനോക്കി.
പഞ്ചാര തന്നെയെന്ന് എനിക്കും തോന്നി.
എന്നാലും മാമുക്ക പറഞ്ഞ വാക്ക് “ഇത് ഉമ്മന്റെ ഒരുറുപ്യ പഞ്ചാര” എന്നതിലെ ഹാസ്യം ഓര്‍ത്ത് എനിക്കും ചിരിക്കാതിരിക്കാനായില്ല...

മാമുക്കായോട് വരാന്തയിലെ പ്ലാസ്റ്റിക് കസേരയിൽ ഇരിക്കാൻ പറഞ്ഞ് ഞാൻ പൊതിയും കൊണ്ട് അകത്തേക്ക് നടന്നു.
അമ്മയെ അവിടെയൊന്നും കാണുന്നില്ല...
അകത്ത് നിന്ന് അടുക്കളയിലേക്ക് കടക്കുമ്പോൾ ഇടപ്പടിയിൽ തല മുട്ടി. വേദനിച്ചു. മുഴച്ചെന്നു തോന്നുന്നു. അവിടെ കൈകൊണ്ട് തിരുമ്മിക്കൊണ്ട് അടുക്കളയിലും മുറികളിലും കോലായകളിലും എല്ലാം നോക്കി. ഇല്ല. അവിടെയെങ്ങുമില്ല.  ഇനി വടക്കെപ്രത്ത് നോക്കാം. അവിടെയാണ്‌ പതിവായുള്ള വനിതാപഞ്ചായത്ത്.

തിരിച്ച് മുൻവശത്ത് വന്ന് അമ്മ വീട്ടിന്നകത്തില്ലെന്ന കാര്യം മാമുക്കയോട് പറഞ്ഞു. വടക്കെപ്രത്തുകൂടി നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് വരാന്തയിൽ നിന്ന് മുറ്റത്തേക്കിറങ്ങിയതും ഇറയത്തെ കഴുക്കോലിന്റെ അറ്റത്ത് നെറ്റി കൊണ്ടതും ഒരുമിച്ചായിരുന്നു..
ഒരു ചെറിയ കോറൽ..ഒന്നൊന്നരയിഞ്ച് നീളത്തിൽ വരച്ചതുപോലെ.  
ഭാഗ്യം കൊണ്ട് ചോര വാർന്നൊഴുകിയില്ല, പൊടിഞ്ഞ് കിനിഞ്ഞ് ഒഴുകിയതേയുള്ളു..എന്തായാലും ആഴമുള്ള മുറിവല്ലാത്തതുകൊണ്ട് സാരമില്ല.. ടൌവല്‍ കൊണ്ടു ചോര തുടച്ചു ക്ലിയറാക്കിയതിനുശേഷം വടക്കേപ്രത്തെക്ക് നടന്നു..

വടക്കെപ്രത്തെ പഞ്ചായത്തിന്റെ ഇന്നത്തെ പ്രസിഡണ്ട് ആലക്കലെ ചേച്ചി. കൂടെ അമ്മയുടെ സൗന്ദര്യത്തെ വാഴ്ത്തുകയും അതുപോലാവാൻ പതിനെട്ടടവും പയറ്റിക്കൊണ്ടിരിക്കുന്ന പത്തില്‌ പഠിക്കണ മോളും. അക്കാരണത്താൽ തന്നെ ആലക്കലെ ചേച്ചിക്ക് ആരാധകർ അനവധി. അവരുടെ ബിലാത്തിവിശേഷത്തിൽ മുഴുകിയിരിക്കുന്നു പെങ്ങന്മാർ മൂന്നുപേരും.

അമ്മ എവിടെപ്പോയി.. അമ്മയെ ഇവിടെയൊന്നും കാണുന്നില്ലല്ലോ ..

എന്റെ ശബ്ദം കേട്ട് എല്ലാവരും ഉഷാറായി.. പെട്ടെന്നുതന്നെ ആലക്കലെ ചേച്ചി ഓടിവന്ന് എന്നെ ചേർത്ത് പിടിച്ച് അവരുടെ സാരിത്തുമ്പ്കൊണ്ട് എന്റെ നെറ്റിയില്‍ വീണ്ടും പൊടിഞ്ഞുവന്ന ചോരത്തുള്ളികൾ തുടച്ചു. അൽപ്പസ്വൽപ്പം കുളിരും രോമാഞ്ചവും ഉണ്ടാവാതിരുന്നില്ല. സഹോദരിമാരുടെ മുന്നിൽ വെച്ചുള്ള അവരുടെ ആവേശത്തിൽ എനിക്കുണ്ടായ ജാള്യത കാരണം പെട്ടെന്ന് അവരുടെ പിടിയിൽ നിന്നും മാറി 
അമ്മയെവിടെ എന്ന ചോദ്യം ആവർത്തിച്ചു ...
അമ്മ അപ്രത്തെ പറമ്പിലേക്ക് പോയിരിക്ക്യാ .. 
പശുക്കിടാവിനെ അഴിച്ചുകെട്ടാൻ..ഇളയ പെങ്ങൾ.
ആ മാമുക്ക പഞ്ചാരയും കൊണ്ടുവന്നിരിക്കുന്നു. അമ്മ പറഞ്ഞിട്ടാണത്രെ.
ഞാന്‍ ഇളയ പെങ്ങളോട് പറഞ്ഞു..

ഇപ്പൊ പന്ത്രണ്ടുറുപ്യല്ലെ പീട്യേല്‌...
റേഷൻ പഞ്ചാരക്ക് പത്തുറുപ്യ കൊടുത്താമതി.  
ഉമ്മൻ പഞ്ചാര കിലൊയില്ല...
തൊള്ളായിരേ ഉണ്ടാവൊള്ളു..
ആലക്കലെ ചേച്ചിയുടെ മൊഴിമുത്തുകൾ.
റേഷൻ സാധനങ്ങൾ പണ്ടുമുതലേ തികച്ചുണ്ടാവാറില്ലല്ലൊ.. എന്റെ വക.

കയ്യിലിരുന്ന പൊതി കൊച്ചുപെങ്ങളുടെ കയ്യിൽ കൊടുത്ത് തിരിഞ്ഞതും ചേച്ചിപ്പെണ്ണ്‌ ഒന്നുകൂടി എന്റെ ചുമലിൽ പിടിച്ച് കവിളിൽ കിള്ളി. ഒരുനിമിഷത്തേക്ക് ഞാനൊരു കൊച്ചുകുഞ്ഞായതുപോലെ.  ഒരുവിധത്തിൽ അവിടെനിന്നും തിരിച്ച് മുൻവശത്തെത്തി. ഞാനെന്റെ പോക്കറ്റിൽ തപ്പി. ബസ്സുകൂലിക്കും ഉച്ചക്ക് ലഘുഭക്ഷണത്തിനും കരുതിയ കാശ് മാത്രമേയുള്ളു. അതിൽ നിന്നും പത്തുരൂപ മാമുക്കാക്ക് കൊടുത്തു. ഉച്ചക്കുള്ള ലഘുഭക്ഷണം ചായയിലൊതുക്കാമെന്നു തീരുമാനിച്ചു.
ഉമ്മന്റെ പഞ്ചാര അടുത്തമാസൊം ഇതുപോലെ കൊണ്ടരാം എന്ന് പറഞ്ഞ് മാമുക്ക നടന്നു.

ഞാൻ അകത്തുകയറി കണ്ണാടിക്ക് മുന്നിൽനിന്ന്, കോറിയ നെറ്റിയിലെ കുങ്കുമച്ഛവിയുള്ള കൊച്ചുപളുങ്ക്മണികളെ മൃദുവായി തുടച്ചുമാറ്റി. ഒന്നുകൂടി വെള്ളപൂശി തയ്യാറായി പുറത്തേക്കിറങ്ങി.

ഓഫീസിലേക്കുള്ള യാത്ര ഏതാനും മിനുറ്റുകൾ വൈകി. പതിവുള്ള ബസ്സ് പോയി. ഇനി കുറെ സമയം കഴിയണം.
പലതും ആലോചിച്ചുകൊണ്ട് റോഡരുകിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിന്നിടയിൽ എങ്ങനെയോ പോക്കറ്റിൽ നിന്നും പേന താഴേക്ക് ചാടി / വീണു പല ഭാഗങ്ങളായി ചിതറിത്തെറിച്ചു. വാഹനങ്ങൾ വരുന്നതിന്നുമുമ്പായി എല്ലാം പെറുക്കിയെടുത്തു. ഒന്നൊന്നായി ഫിറ്റ്ചെയ്തു. ക്ലിപ്പിന്റെ മുകളിലുള്ള ഡയമണ്ട് കല്ല് കാണാനില്ല. അത് റോഡരുകിലെ കല്ലും മുള്ളും ചപ്പുചവറുകളും നിറഞ്ഞ ഭാഗത്തേക്ക് തെറിച്ചിരിക്കാം..
കല്ലില്ലാതെ ഈ പേന പോക്കറ്റിലെന്തിനെന്ന ഭാവത്തിൽ ഞാൻ അവിടെയെല്ലാം പരതാൻ തുടങ്ങി.  എന്റെ ഒരു ഗള്‍ഫ് സുഹൃത്ത് ഗിഫ്റ്റായി തന്നതാണ് “മോണ്ട് ബ്ലാങ്ക്” എന്ന് പേരുള്ള പേന ...

ഇതെന്താ ഇവിടെക്കിടന്ന് പരതുന്നതെന്ന ചോദ്യം കേട്ട് ഞാൻ തിരിഞ്ഞുനോക്കി. എന്റെ കുഞ്ഞനിയൻ ജിജ്ഞാസഭാവത്തിൽ നോക്കിനിൽക്കുന്നു.
എന്താ ഇന്നലെമുതൽ ഉരിയാട്ടമില്ലാത്തത്. പിണക്കാ? 

ഞാനൊന്നും പറഞ്ഞില്ല. എന്റെ പരതൽ തുടർന്നു. പിണക്കം എനിക്കോ അതോ എനിക്കുചുറ്റുമുള്ളവർക്കോ എന്നെന്റെ ഉള്ളിലിരുന്നാരോ പറയുന്നു. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നതുപോലെ പറയാതിരുന്നിട്ട് കാര്യവുമില്ല.!
തിരച്ചിൽ മതിയാക്കി, തിരിഞ്ഞുനിന്നുകൊണ്ട് പറയാനാഞ്ഞു .. 

ഒരു പദ്ധതിയുണ്ട് മനസ്സിൽ 
നാളെ അതു നടക്കും.. 
നമ്മുടെ റോക്കറ്റ് വിക്ഷേപണം പോലെ..
അതിന്റെ വിജയം നമുക്കെല്ലാവർക്കും ഒരുപോലെ ഗുണം ചെയ്യും, 
വലിയ മാനങ്ങളുണ്ടാക്കും.!.. 
അതിന്റെ പരാജയം, അത് എനിക്കു മാത്രമേ കഷ്ടനഷ്ടങ്ങളുണ്ടാക്കൂ.
അത്തരമൊരു തുരുത്തിലാണല്ലൊ എന്നെ നിങ്ങൾ മാറ്റിനിർത്തിയിരിക്കുന്നത്.. 
നിങ്ങളെല്ലാം സുരക്ഷിതമായ വൻകരയിൽ
ഞാൻ അരക്ഷിതമായൊരു തുരുത്തിൽ..
ഇങ്ങനെ പറയണമെന്നാണ്‌ കരുതിയത്..

പക്ഷെ, പറഞ്ഞത് അങ്ങനെയല്ല ..
ഏയ്.. ഒന്നുല്യ.
ഞാൻ ചിലത് തീരുമാനിച്ചിട്ട്ണ്ട്.
അതേറ്റാൽ നിങ്ങൾ ജയിച്ചു... 
ഏറ്റില്ലെങ്കിൽ ഞാൻ തോറ്റു..
രണ്ടായാലും ഞാൻ തോറ്റു.
പറഞ്ഞുതീരുന്നതിന്നുമുമ്പ് ബസ്സുവന്നു..

ഞാനതിലേക്കോടിക്കയറി...
തോല്‍ക്കാനുള്ള ഓട്ടത്തിന്റെ മുന്നോടിയാവുന്ന ഓട്ടം..
ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ഓട്ടം.
പ്രശ്നങ്ങളോടൊപ്പമുള്ള ഓട്ടം..
പ്രകാശത്തോടൊപ്പമുള്ള ഓട്ടം..
അനന്തമായ ഓ....
============
ടി. കെ. ഉണ്ണി

൧൫-൦൮-൨൦൧൧ 

ഷിര്‍ജിന്‍

ഷിർജിൻ.
=======
പകൽ സമയം. 

ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിന്നിടെ ചെറിയ തലവേദന.  പനി വരുന്നുണ്ടോ എന്ന തോന്നലും.  ക്രമേണ അത് കൂടിവന്നു.  അസഹ്യമായപ്പോൾ തടിയൻ മാനേജരോട് പറഞ്ഞു, അവധി വാങ്ങി വീട്ടിലേക്ക് തിരിച്ചു.   

രണ്ട് പനാഡോൾ കഴിച്ച്, നെറ്റിയിൽ വിക്സ് പുരട്ടി, രണ്ടുമണിക്കൂർ കിടന്ന് വിശ്രമിച്ചാൽ കുറഞ്ഞോളും.  ഇല്ലെങ്കിൽ വൈകിട്ട് ഡോക്ടറെ കാണുക തന്നെ.  നാളെ അവധിയായതുകൊണ്ട് അതാണു നല്ലത്.

ഓഫീസിൽ നിന്നും ഇറങ്ങി ബസ്റ്റോപ്പിലേക്ക് നടന്നു.  നടക്കാൻ തുടങ്ങിയപ്പോഴെ തലകറങ്ങുന്നതുപോലെ.  ഇടക്കിടെ കണ്ണു മഞ്ഞളിക്കുന്നതുപോലെയും.  ഒട്ടും മുന്നോട്ട് പോകാൻ പറ്റുന്നില്ല. 

പാതയോരത്ത് മണ്ണിൽ ഇരുന്നാലോ?..  അല്ലെങ്കിൽ വേണ്ട, ആ ഷോപ്പിലേക്ക് കയറി കുറച്ചുനേരം അവിടെ ഇരിക്കാം.  ആശ്വാസം തോന്നുമ്പോള്‍ ബസ്റ്റോപ്പിലേക്ക് പോകാം.  അതായിരിക്കും നല്ലത്

തൊട്ടടുത്ത വളരെ പഴക്കമുള്ള ഇരുനില കെട്ടിടത്തിന്നു മുന്നിലൂടെയാണ്‌ പതിവ് പോക്കുവരവ്. കെട്ടിടത്തിന്റെ റോഡിന്നഭിമുഖമായ വശത്ത് പണ്ടേതോ തുണിക്കടക്കാർക്കുവേണ്ടി ഡിസൈൻ ചെയ്തതുപോലെ തോന്നിപ്പിക്കും വിധം  രണ്ട് ഷട്ടറുകൾ മാത്രമുള്ള ഒരു ഷോപ്പുണ്ട്. ഓപ്റ്റിക് സെന്റർ എന്ന് ടിൻ ഷീറ്റിലെഴുതി നാലു വലിയ ബൾബുകൾ ഉന്തിനില്ക്കുന്ന ബോർഡും മറ്റും തികച്ചും അനാകർഷകം എന്ന് പറയാം. 

ഓപ്റ്റിക് സെന്റർ എന്ന ചുവന്ന അക്ഷരങ്ങൾ പതിപ്പിച്ച ചില്ലുവാതിലിനു പിന്നിൽ പുറത്തേക്ക് നോക്കിനിൽക്കുന്ന പെൺകുട്ടി, അതാണ്‌ എന്നും എന്റെ ശ്രദ്ധയാകർഷിച്ചിരുന്നത്. അവളുടെ ചുണ്ടിലെ മന്ദഹാസപ്പൂ  എപ്പൊഴും എനിക്കായിട്ടായിരിക്കുമോ വിരിയുന്നത്?..

എന്തായാലും ഒന്നു തീര്‍ച്ച, പരിമളഹാരിയായ ആ മനോഹാരിത ആദരവോടെ ദിവസവും ഞാൻ അനുഭവിക്കുന്നുണ്ട്.

പതിവുപോലെ ഇന്നും അവൾ അവിടെത്തന്നെയുണ്ട്.  

ഞാൻ വാതിൽ തള്ളിത്തുറന്നു അകത്തേക്ക് കടന്നു. ആദ്യമായാണ്‌ ആ ഷോപ്പിനുള്ളിലേക്ക് കടക്കുന്നത് തന്നെ.  അലമാരകളിൽ നിറയെ കണ്ണടകളും മറ്റു പലവക സാധനങ്ങളും അടുക്കിവെച്ചിരിക്കുന്നു.  

കൗണ്ടറിനോട് ചേർന്ന് ഏതാനും കസേരകൾ. പുറകിലെ അലമാരയോട് ചേർത്ത് വീതികൂടിയ വലിയൊരു സോഫ.  സോഫയിൽ ഒരു ബെഡ്ഷീറ്റും തലയണയും ചുരുട്ടിവെച്ചിരിക്കുന്നു.
എന്നെ കണ്ടതും ഒരു പുഞ്ചിരിയോടെ അവൾ കൗണ്ടറിന്നുള്ളിലേക്ക് കടന്നു നിന്നു.
  
കുറച്ചുനേരം ഞാനിവിടെ ഇരിക്കട്ടെ, നല്ല തലവേദന തോന്നുന്നു
എന്നോട് എന്തോ ചോദിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ഞാൻ അവളോട്‌ ചോദിച്ചു.

മറുപടിയായി തലകുലുക്കിക്കൊണ്ട് വീണ്ടും ഒരു പുഞ്ചിരിപ്പൂ.

അതിനുമുമ്പുതന്നെ കസേരകളിലൊന്നിൽ ഞാന്‍ ഇരുന്നു കഴിഞ്ഞിരുന്നു. കൈമുട്ടുകൾ മേശമേൽ ചേർത്തുവെച്ചു കൈപ്പത്തിയിൽ തലതാങ്ങിക്കൊണ്ട് ഇരുന്നപ്പോഴെ തലകറക്കം കുറയുന്നതായി തോന്നി.

കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം കൗണ്ടറിന്റെ മേശവലിപ്പിൽ അവൾ എന്തോ തിരയുന്നതുപോലുള്ള ശബ്ദം കേട്ട് ഞാൻ തലയുയര്‍ത്തി നോക്കി

പനാഡോൾ ഉണ്ട് തരട്ടെ? ’’
എന്നു ചോദിച്ചു അവൾ രണ്ടു പനാഡോൾ വേദനാസംഹാരി ഗുളികകളും പകുതിയോളം വെള്ളമുള്ള ഒരു മിനറൽ വാട്ടർ ബോട്ടിലും മുന്നിലേക്ക് വെച്ചു
ഒന്നു ശങ്കിച്ചെങ്കിലും, അനുഭാവപൂര്‍ണ്ണമായ ആ പരിചരണം നിരസിക്കാനായില്ല. 

ഒരു നിമിഷം..

തന്റെ പ്രയാസം കൂടുന്നുവോ, കൈകാലുകൾ തളരുന്നുവോ, തലകറങ്ങുന്നുവോ..
താഴെ കിടന്നാലോ.. വേണ്ട.. ആ സോഫയില്‍ കുറച്ചു നേരം ചാരിക്കിടക്കാം.. കടക്കാര്‍ക്ക് ബുദ്ധിമുട്ടാവുമോ ആവോ.. അതൊന്നും ചിന്തിച്ചിട്ട് ഇപ്പോൾ പ്രയോജനമില്ല. കിടക്കുക തന്നെ.

ആ സോഫയിലെക്കെത്തിയതും കിടന്നതും മാത്രം ഓര്‍മ്മയുണ്ട്. 

വാതിൽ തള്ളിത്തുറക്കുന്ന ശബ്ദം കേട്ട് കണ്ണുതുറന്നപ്പോൾ തടിയൻ മാനേജർ കടയുടെ അകത്ത് നിൽക്കുന്നു.  ഒരു കയ്യിൽ പാതികുടിച്ച മസാഫി മിനറൽ വാട്ടര്‍ ബോട്ടിലും മറുകയ്യിൽ മൊബൈലും കാറിന്റെ താക്കോലും.

തടിയൻ പെൺകുട്ടിയോട് എന്തൊക്കെയോ പറയുന്നു.  ശരിയല്ലാത്ത വിധത്തിലാണ്‌ പറയുന്നതെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും വ്യക്തം.

തുടർന്ന് അയാൾ മസാഫി ബോട്ടിലിൽ നിന്നും കുറച്ചുവെള്ളം ഉറുഞ്ചിക്കുടിച്ചതിനു ശേഷം കുപ്പിയും വെള്ളവും അവളുടെ മേൽക്ക് കുടഞ്ഞൊഴിക്കാനായി ഒന്നുരണ്ടു തവണ ആംഗ്യം കാണിച്ചു
അവൾ പരിഭ്രമത്തോടെ പെട്ടെന്ന് പിറകോട്ട് മാറി. അത് അയാൾക്ക് രസിച്ചു.

പൊടുന്നനെ അയാൾ കുപ്പിയിലെ വെള്ളം പരിഭ്രമിച്ചു നിന്ന അവളുടെ മുഖത്തേക്ക് കുടഞ്ഞൊഴിച്ചു. അവളുടെ മുഖത്തും സാരിയിലുമെല്ലാം വെള്ളം വീണു നനഞ്ഞു.   തികച്ചും അപ്രതീക്ഷിതമായ അയാളുടെ ആ പെരുമാറ്റത്തിൽ അവൾ പതറി.  ശരീരത്തിലും വസ്ത്രത്തിലുമായ വെള്ളം ടിഷ്യു പേപ്പർ കൊണ്ട് തുടച്ചുകൊണ്ട് അവൾ വിങ്ങിക്കരയാൻ തുടങ്ങി.  

അത് കണ്ട് കൂടുതൽ രസിച്ചതുപോലെ തടിയൻ ഞാൻ കിടക്കുന്ന  സോഫയോട് ചേർത്തിട്ടിരുന്ന കസേരയിൽ വന്നിരുന്നു.  സോഫയിൽ ഒരാൾ കിടക്കുന്നുണ്ടെന്ന കാര്യം അയാൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അല്ലെങ്കിൽ അതത്ര ഗൗനിക്കേണ്ടതില്ലെന്ന് കരുതിക്കാണും.

എല്ലാം കൊണ്ടും എനിക്ക് ദ്വേഷ്യം അരിച്ചു കയറി.  കിടക്കുകയായിരുന്ന ഞാൻ കാലുകൊണ്ട് നല്ലൊരു തൊഴി അയാളുടെ മുതുകിനിട്ടു  കൊടുത്തു.   
ഒപ്പം ഗാണ്ടു, ജാവോ ഇധർസെഎന്നൊരു അലർച്ചയും.  
വീണ തടിയൻ ചാടിയെഴുന്നേറ്റു.  അപ്പോൾ ഞാനും ഒന്നു പതറാതിരുന്നില്ല.  

തും ഓഫീസ് മേം ആവോ, ഉധർ മിലേഗാ
ചവിട്ടേറ്റു അഭിമാനക്ഷതമേറ്റ തടിയന്‍ ദേഷ്യത്തിൽ അതും  പറഞ്ഞുകൊണ്ട് വാതിൽ വലിച്ചു തുറന്നു പുറത്തേക്കിറങ്ങി.  പോകുന്നേരം ചില നാടൻ തെറിവാക്കുകളും പറയുന്നുണ്ടായിരുന്നു.!

അല്പം ടെൻഷൻ ആയെങ്കിലും പെട്ടെന്ന് അസുഖമൊക്കെ പമ്പകടന്ന് ഉഷാറായതുപോലെ തോന്നി ഞാൻ എഴുന്നേറ്റു.

“ഇയാൾക്ക് ഇനി എന്തെങ്കിലും പ്രശ്നാവോ?
ആശങ്ക കലര്‍ന്ന ഭാവത്തോടെ അവൾ അടുത്തേക്ക് വന്നു ചോദിച്ചു.

എന്ത് പ്രശ്നമാവാൻ, അങ്ങനെ വന്നാൽ ഞാൻ നോക്കിക്കോളാം.. കുട്ടി അതാലോചിച്ച് വിഷമിക്കേണ്ട.
അവളുടെ മുഖത്ത് പ്രസന്നതയുടെ ഒരു മിന്നലാട്ടമുണ്ടായതുപോലെ..

“ഈ തടിയൻ മുമ്പും ഇതു പോലെ... ചോദിച്ചുതുടങ്ങുമ്പോഴേക്കും അവൾ പറഞ്ഞു.

‘’രണ്ടുമൂന്നു തവണ ഇതുപോലെ പെർഫ്യൂമും എയർ സ്പ്രേയും വെള്ളവും സ്പ്രേ ചെയ്തിട്ടുണ്ട്.  എന്നിട്ട് സോറി, ഇതൊരു തമാശയല്ലെ എന്നൊക്കെ പറഞ്ഞ് ചിരിക്കും’’..

എന്തുകൊണ്ടങ്ങനെ എപ്പോഴും കുട്ടിയോട് ഇയാൾ ..…….”
എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും ചോദിച്ചില്ല.

വേണ്ട. അതൊക്കെ അന്വേഷിച്ചറിയേണ്ട കാര്യം തനിക്കെന്ത്?  

ഇനി അങ്ങനെയൊന്നും ചെയ്യാൻ അയാൾ വരില്ല.. അയാളുടെ ചെയ്തികൾക്ക് ഞാൻ സാക്ഷിയാണല്ലോ.
ഇത്രയും പറഞ്ഞ് ഞാൻ അവിടെ നിന്നും പുറത്തേക്കിറങ്ങി ബസ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ചിന്തകൾ കാട് കയറി.

തടിയനുമായുള്ള പ്രശ്നം എങ്ങനെ പരിഹരിക്കും?  അർബാബിനോട് കാര്യങ്ങൾ തുറന്നു പറയുക തന്നെ.  അദ്ദേഹത്തിനു കാര്യങ്ങൾ മനസ്സിലാകും.  ഇപ്പോഴത്തെ അവസ്ഥയിൽ ഒരു പക്ഷെ ഒരു താക്കീതിൽ ഒതുക്കി തടിയൻ മാനേജരുമായി രമ്യതയിലാക്കാനേ സാദ്ധ്യതയുള്ളു.  അല്ലെങ്കിൽ പിന്നെ, വരുന്നതുപോലെ വരട്ടെ.

അർബാബിനോട് ആ കുട്ടി എന്റെ ആരാണെന്നാ പറയുക?. 
അതിന്റെ പേരെന്തെന്നാ പറയുക?.
ഓക്കേ.. ആ കുട്ടി എന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരു കസിൻ സിസ്റ്റർ ആണെന്ന് പറയാം.!  
പക്ഷെ, പേരോ?..

തിരിച്ചു നടന്നു...  ഷോപ്പിന്റെ മുന്നിലെത്തി.  അവൾ ഡോറിന്നടുത്തുതന്നെ നില്പുണ്ട്.  വാതിൽ പാതി തുറന്നുപിടിച്ചുകൊണ്ട് അകത്തു കടക്കാതെ നിന്നു കൊണ്ട് ചോദിച്ചു,

കുട്ടീടെ പേരെന്താ?..”.
ഇപ്പോഴെങ്കിലും ചോദിച്ചല്ലോ..പരിഭവം കലർന്ന മറുപടി. 
ഉം.. പറയ്
ഷിർജിൻ   
ഷിർജിൻ??..... 
അതെ, Cirgin. സി.ഐ.ആർ.ജി.ഐ.എൻ. ഷിർജിൻ...
(അവൾ സ്പെല്ലിങ്ങും ഉച്ചാരണവും കൂടി പറഞ്ഞു).
ഇതെങ്ങനെ ശരിയാവും? സിർഗിൻ എങ്ങനെയാ ഷിർജിൻ ആവുന്നത്.
അതങ്ങനെയാ 
“ശരി ശരി.... ഓക്കേ താങ്ക്സ്..” 
‘ഷിർജിൻ ആയാലും സിർഗിൻ ആയാലും താൻ ആള് കൊള്ളാം...’ എന്നു മനസ്സ് മന്ത്രിച്ചു.

വീണ്ടും ബസ്റ്റോപ്പിലേക്ക്....
ഇടക്കൊന്നു തിരിഞ്ഞുനോക്കി. 
അപ്പോഴും അവൾ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു...!

വീട്ടിൽ തിരിച്ചെത്തുന്നത് വരെയും പിറ്റേ ദേവസം തടിയൻ മാനേജരുമായി ഉണ്ടായേക്കാവുന്ന വാദപ്രതിവാദത്തിനെക്കുറിച്ചായിരുന്നില്ല ചിന്തകൾ!   
പേര് ചോദിച്ചപ്പോൾ അവളുടെ മുഖത്തുദിച്ച വെളിച്ചവും പ്രസരിപ്പുമായിരുന്നു മനസ്സിൽ.  അത് തന്നിലേക്കും  പകർന്നതു പോലെ  ആകെ ഒരുന്മേഷം.!

വീട്ടിലെത്തിയാൽ  ആദ്യം ഒരു ചായ പതിവുള്ളതാണ്..
ചായക്കപ്പു ചുണ്ടോടടുത്തതും ഒരു ഫോണ്‍ കാൾ.  ഓഫീസിൽ നിന്നായിരിക്കുമോ?!
കയ്യിലെ ചായക്കപ്പ് ഒന്നു കുലുങ്ങിയതു മാത്രം ഓർമ്മയുണ്ട്.  കണ്ണു തുറക്കുമ്പോൾ മുഖം ആകെ വെള്ളത്താൽ നനഞ്ഞിരിക്കുന്നു.  കിടപ്പ് വെറും തറയിൽ. പൊട്ടിയ കപ്പും തൂവിയ ചായയും തറയിലാകെ പരന്നു കിടക്കുന്നു. അടുത്തു കാര്യമറിയാതെ അന്തംവിട്ടു നിൽക്കുന്ന വീട്ടുകാരും.!  

ഫോണ്‍ കാളും  ഓഫീസും തടിയൻ  മാനേജരും കൂടി  ഓർമ്മയിലേക്ക്‌ എത്തിയതും വെട്ടിപ്പൊളിക്കുന്ന തലവേദന വന്നതും ഒന്നിച്ചായിരുന്നു.!!       
=========
ടി. കെ. ഉണ്ണി
൨൮-൦൭-൨൦൦൮

ചൊവ്വാഴ്ച, ഫെബ്രുവരി 11, 2014

ചില്ലറക്കാര്യം

ചില്ലറക്കാര്യം
****************
കയ്യിലെ കാശൊക്കെ തീര്‍ന്നു...
പറമ്പിലെ പണിയാവട്ടെ തീര്‍ന്നതുമില്ല..
രണ്ട് തമിഴ് അണ്ണന്മാര്‍ക്ക് പണിക്കൂലി കൊടുക്കണം ..
എന്റെ പോക്കറ്റിൽ 120 രൂപയെ ചില്ലറയായിട്ടുള്ളു..
പേഴ്സിൽ ഒളിച്ചിരിക്കുന്നുണ്ട് ഒരു ചുവന്ന നോട്ട്‌..
ഗാന്ധിത്തലയുള്ളത്‌..ആയിരം രൂപ..
അത്‌ മാറ്റി ചില്ലറകിട്ടിയാലെ ഇന്നത്തെ കാര്യങ്ങൾ നടക്കൂ...
ആയിരത്തിന്ന് ചെയ്ഞ്ച്‌ ഇവിടെ എവിടെയെങ്കിലും കിട്ടുമോ എന്തൊ..
തട്ടുപറമ്പിലെ പലചരക്ക് കടയിൽ ഒന്നു ചോദിച്ചുനോക്കാം

തട്ടുപറമ്പിലേക്ക് നടന്നു.  പലചരക്കുകടയിലേക്ക്‌ കയറി..
പണ്ടുമുതലെ പരിചയമുള്ള പലചരക്കുകടയും കടയുടമയും...
കടയുടെ വരാന്തയിലേക്ക്‌ കയറിയതും പരിചയക്കാരായ രണ്ടുമൂന്നുപേർ...
എല്ലാവരുമായി പരിചയം പുതുക്കി...

"
കാര്യങ്ങളൊക്കെ ഞാനറിഞ്ഞു, വസ്തുമേടിക്കുന്ന കാര്യേ",
വിശേഷങ്ങൾ തിരക്കുന്നതിന്നിടയിൽ കടയുടമ അബ്ദുള്ളക്കുട്ടി പറഞ്ഞു...

"
അതൊക്കെ പിന്നെപ്പറയാം, എനിക്ക്‌ ആയിരം രൂപക്ക്‌ ചെയ്ഞ്ച്‌ വേണം"
ഞാൻ ആവശ്യം പറഞ്ഞു...

"
അതിനെന്ത്‌, ഞാനിപ്പോൾ തരാം, ഒരു മിനിട്ട്‌"...
എന്ന് പറഞ്ഞുകൊണ്ട് അയാൾ കടക്കകത്ത് റാക്കിൽ തൂക്കിയിട്ടിരിക്കുന്ന ഗിൽറ്റ്പേപ്പർ സഞ്ചികളിലൊന്നിൽ നിന്ന് ഒരു ചെറിയ പാക്കറ്റെടുത്ത്‌ പൊളിച്ചുതുറന്നു. 
അതിൽനിന്നും സ്വർണ്ണവർണ്ണത്തിൽ തിളങ്ങുന്ന ഒരു പ്ലാസ്റ്റിക്‌ സമ്മാനസഞ്ചി
പുറത്തെടുത്ത്‌ എന്റെ കയ്യിൽ തന്നു.

എനിക്കൊന്നും മനസ്സിലായില്ല...
ഇതെന്തിനാണെനിക്ക്‌, ചില്ലറയല്ലേ എനിക്ക്‌ വേണ്ടത്‌
എന്നാലോചിക്കുന്നതിന്നിടയിൽ അബ്ദുള്ളക്കുട്ടി പറഞ്ഞു..
"
നിങ്ങളാ സഞ്ചി തുറന്നുപിടിക്ക്‌"...

എന്റെ അത്ഭുതത്തോടെയുള്ള നോട്ടം കണ്ടിട്ടാവണം,
"
ഒരു മിനിട്ട്‌ ചേട്ടാ, കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞുതരാം,
ഇപ്പൊ ഈ സഞ്ചി ഒന്ന് തുറന്ന് പിടിക്ക്‌"...
എന്ന് ചിരിയോടെയുള്ള അയാളുടെ വിശദീകരണം...

കാശുമേശയോട്‌ ചേർത്തുവെച്ചിട്ടുള്ള വലിയ മരപ്പെട്ടിയിൽനിന്നും ലോട്ടറി ടിക്കറ്റ്‌ കുറ്റികളുടെ (കൗണ്ടർഫോയിലുകൾ) കുറെ കെട്ടുകൾ എടുത്ത്‌ ഞാന്‍ തുറന്നുപിടിച്ചിട്ടുള്ള സമ്മാന  സഞ്ചിയിലേക്കിട്ടുകൊണ്ട്‌ അബ്ദുള്ളക്കുട്ടി  പറഞ്ഞു,
"
കണക്കൊക്കെ നമുക്ക്‌ പിന്നീട്‌ കൂട്ടാം.  ഇതിപ്പോൾ രണ്ടുലക്ഷമുണ്ട്‌....
ചേട്ടൻ വസ്തുമേടിക്കയല്ലേ. അതിന്റെ ആൾക്കാർക്ക്‌ ഇതും കണക്കുകൂട്ടികൊടുത്തോ...
അവരിത് മേടിക്കും. ബാക്കി പണമായി കൊടുത്താൽ മതി. ഇവിടങ്ങളിൽ ഇപ്പോൾ
ഇങ്ങനെയൊക്കെയാണ്‌ ഇടപാടുകൾ നടക്കുന്നത്‌"...

സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല..
എന്തുചെയ്യണമെന്നോ പറയണമെന്നോ അറിയാത്ത അവസ്ഥ..
ഈ കാര്യങ്ങളൊന്നും വിശ്വസിക്കാനാവുന്നില്ല...

ഞാന്‍ സ്വപ്നത്തിൽ പോലും  വിചാരിക്കാത്ത കാര്യങ്ങളാണല്ലോ ഇവർ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം...
ഒന്നാമതായി ഞാനിപ്പോൾ വസ്തു വാങ്ങുന്നില്ലല്ലോ..
രണ്ടാമതായി  ഇവർ പറയുന്നതരത്തിലുള്ള ഒരിടപാടുമായി എനിക്കൊരു ബന്ധവുമില്ലല്ലോ...
മൂന്നാമതായി, ഞാൻ ആറുകൊല്ലം മുമ്പ്‌ ഒരു വസ്തുവാങ്ങിയിരുന്നതിന്റെ ബാദ്ധ്യതകൾ ഇനിയും തീർക്കാനാവാതെ പ്രയാസപ്പെടുകയാണുതാനും...

പിന്നെ എങ്ങനെയാണിവർക്ക്‌ ഇങ്ങനെയൊരറിവ്‌ കിട്ടിയതെന്ന് പിടികിട്ടുന്നില്ല..
നാടും നാട്ടുകാരുമാണല്ലോ, ഇങ്ങനെയുള്ള പുകിലുകളൊക്കെയുണ്ടാവും എന്ന് മനസ്സിൽ കരുതി .!

"
നീ അതിനോടുചേർന്ന് വീടുണ്ടാക്കിയത്‌ ശരിയായ പണിയല്ല...
മറ്റോർക്ക്‌ എടങ്ങേറുണ്ടാക്കാനായീട്ടല്ലെ.. അല്ലാണ്ടെന്ത്‌ കാര്യാണ്ടായത്‌.?"
പറഞ്ഞത്‌ കിഴക്കേലെ കാഞ്ഞിരക്കുരു മുഹമ്മദ്ക്ക..

"
മുഹമ്മദ്ക്കാ...
ഞാന്‍ ഉണ്ടാക്കിയ വീട്ടിലേക്ക്‌ അവരെയെല്ലാം വിളിച്ചതാണ്‌..
അവർ വരാത്തതോണ്ട് അതിപ്പോഴും വെറുതെകിടക്ക്വല്ലേ..
എന്നിട്ടും രണ്ടായി പകുത്ത്‌ വേലികെട്ടിത്തിരിച്ചത്‌ അവരല്ലേ..
ഇതെല്ലാം ഇവിടുള്ളവരെല്ലാം കണ്ടതല്ലേ."

"
ചേട്ടൻ പറയുന്നതെല്ലാം ഇവിടെ നടന്നതാണ്‌...
ഇന്നാട്ടുകാർക്കെല്ലാം അത്  നന്നായിട്ടറിയാം..
മുഹമ്മദ്ക്ക ഇപ്പൊപ്പറയണതിന്റെ ഗുട്ടൻസ്‌ ഞങ്ങൾക്കൊക്കെ അറിയാം"
എനിക്കുവേണ്ടി പ്രതിരോധത്തിന്നായി അബ്ദുള്ളക്കുട്ടിയും പങ്കുചേർന്നു

അഞ്ചാറുകൊല്ലങ്ങൾക്ക്‌ മുമ്പ്‌ നടന്ന സംഭവങ്ങൾ ഓരോന്നായി കെട്ടഴിയാൻ തുടങ്ങി..
ഒപ്പം പരസ്പരമുള്ള സംസാരത്തിന്ന് ശക്തി കൂടിക്കൂടിവന്നു..
വഴിയിലൂടെ നടന്നുപൊയ്ക്കൊണ്ടിരുന്നവരിൽ ചിലരെല്ലാം കടവരാന്തയിലേക്ക്‌ കയറിനിന്നു ഞങ്ങളുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി...

"
ഇതാരുമായിട്ടാ ബഹളം വെക്കുന്നത്‌...
ഇന്നെവിടെയാ പുതിയ വസ്തുവാങ്ങിയത്‌" 
ഇതാരാ ഇടയ്ക്കു കയറിവന്നു ഇത്രയും ഒച്ചയിട്ടു സംസാരിക്കുന്നത് ...
പരിചയമുള്ള ശബ്ദമാണല്ലോ ..
“ഞാനൊന്നും പറഞ്ഞില്ലേ’’ ... എന്ന് പറഞ്ഞു ചിരിക്കുന്ന ഭാര്യയുടെ ശബ്ദം..

"എടോ, എന്റെ കയ്യിലുണ്ടായിരുന്ന സമ്മാനസഞ്ചിയിൽ രണ്ടുലക്ഷത്തിന്റെ...
അത്‌ നീ സൂക്ഷിച്ചുവെച്ചിട്ടില്ലേ.?" എന്റെ ചോദ്യം കേട്ടതായി പോലും ഭാവിക്കാതെ
രംഗത്തുനിന്ന് പിന്‍വാങ്ങുന്ന ഭാര്യ ...

"
അച്ഛാ, ഇപ്പൊ അച്ഛൻ മേടിച്ച സ്ഥലത്ത്‌ നമ്മടെത്പോലത്തെ വീടുണ്ടൊ...
ഞങ്ങൾക്കത്‌ ഇപ്പൊത്തന്നെ കാണണം"
മക്കൾ രണ്ടുപേരും ഓടിവന്നു മുന്നിൽനിന്നുകൊണ്ടു പറഞ്ഞു..

"
അച്ഛൻ പുതിയ സ്ഥലമൊന്നും വാങ്ങിയിട്ടില്ലല്ലോ"
മക്കളെ രണ്ടുപേരെയും ചേർത്തുപിടിച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു...

"
അപ്പൊ അച്ഛൻ ഫോണീക്കൂടി പറേണത്‌ കേട്ടല്ലോ"
മക്കൾ രണ്ടുപേരും ഒരുമിച്ചുപറഞ്ഞു...

"
എന്നെ പറ്റിക്കാൻ നോക്കണ്ട ഫോൺ അവിടെ ഹാളിലല്ലേ,
അച്ഛനിവിടെ ഉറങ്ങ്വായിരുന്നില്ലേ"...പെട്ടെന്ന് പറഞ്ഞുപോയി.!

"
ഹെ, ഉറങ്ങ്വായിരുന്നോ ഞാൻ" എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല...

"
ഈ കലാപരിപാടി കലാപക്കൊടിയായേനെ,
ഞാൻ വിളിച്ചതോണ്ട്‌ രക്ഷപ്പെട്ടതാ" 
ഭാര്യയും രംഗത്തെത്തി...
അപ്പോൾ....... ഞാൻ .........

ഇതു വലിയ ചതിയായിപ്പോയി...
എന്നോടിങ്ങനെ ചെയ്യേണ്ടായിരുന്നു..!
യഥാർത്ഥത്തിൽ ഞാൻ വസ്തുമേടിച്ച അവസരത്തിൽ
ഈ ലോട്ടറി ടിക്കറ്റ്കുറ്റി ടെക്നിക്‌ എനിക്ക്‌ കാണിച്ചുതന്നുകൂടായിരുന്നോ
ഈ സ്വപ്നത്തമ്പുരാനേ.?
അതാലോചിച്ചു ഞാൻ അന്തംവിട്ടിരുന്നുപോയി...

"
സ്വപ്നസമ്പാദ്യം കോടികളായിട്ടുണ്ട്‌...
എല്ലാം അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്‌....
അതുപയോഗിച്ച്‌ നമുക്ക്‌ സ്വപ്നമാളിക പണിയാംട്ടോ."

പരിഹാസമാണെങ്കിലും സമാശ്വസിപ്പിക്കലിന്റെ നൈർമ്മല്യമാർന്ന ഭാര്യയുടെ വാക്കുകൾ
ഭാര്യ ചായക്കപ്പുമായി മുന്നിൽ നിൽക്കുന്നു...
ചായവാങ്ങി മേശമേൽ വെച്ചു...
ആ കരം ഗ്രഹിച്ചു എന്റെ കവിളിൽ ചേര്‍ത്തു...
**************
ടി. കെ. ഉണ്ണി
൦൬-൦൫-൨൦൧൦