ആശാഭംഗം
=========
ഞാൻ
രണ്ടാമതൊന്നാലോചിച്ചില്ല. കൊണ്ടുപിടിച്ചു നടന്നു. കണ്ട
വഴികളെല്ലാം പരിചിതമാണെന്ന് തോന്നി. വഴിതെറ്റിയാൽ ആരോടെങ്കിലും ചോദിക്കാമല്ലൊ. വിജനമായ ഈ
വഴികളിൽ ആരെ കണ്ടുമുട്ടാൻ.!
എന്റെ
അമ്മയുമൊത്ത് ഇങ്ങോട്ടുവരുമ്പോൾ ഏതൊക്കെ വഴികളിലൂടെയാണ് വന്നതെന്ന്
കൊച്ചുകുട്ടിയായിരുന്ന എനിക്ക് മനസ്സിലാക്കാനായിരുന്നില്ല. ഇപ്പോൾ
എങ്ങനെയെങ്കിലും അമ്മവീട്ടിലെത്തണം. അവിടെ എന്റെസഹോദരങ്ങൾ അമ്മയുടെ
എല്ലാവിധ സ്നേഹവാത്സല്യങ്ങളും അനുഭവിച്ചുകഴിയുമ്പോൾ എനിക്കുമാത്രമെന്തേ ദൈവം അത്
നിഷേധിക്കുന്നത്.?
മുമ്പൊരിക്കൽ
അമ്മ എന്നെകാണാൻ വന്നപ്പോൾ കണ്ണീരൊഴുക്കിയാണ് തിരിച്ചുപോയത്. അന്നു മുതൽ
എന്റെവിഷമം കൂടുതലായി. എങ്ങനെയെങ്കിലും ഇവിടെനിന്നും ചാടണം, അമ്മയുടെയും
സഹോദരങ്ങളുടെയും അടുത്തെത്തണം, അവരോടൊപ്പം കഴിയണം. ചിലപ്പോഴൊക്കെ
എന്റെ മനസ്സിൽ തോന്നാറുണ്ട്, അമ്മ ഇവിടെ വന്നുപോകുമ്പോൾ എന്തേ എന്നെ കൂടെകൂട്ടുന്നില്ല. ഒരുപക്ഷെ, അമ്മ “ആകാശദൂതിനു” പഠിച്ചിട്ടുണ്ടായിരിക്കുമോ?.
എന്തായാലും
ഇന്ന് കാര്യങ്ങളെല്ലാം അറിയാമല്ലൊ. അവിടെയെത്തിയാൽ ഞാനിനി തിരിച്ചു പോരില്ല.
കട്ടായം. അവിടെ എന്റെ മുറച്ചെറുക്കനുണ്ട്.
അവനിപ്പോൾ എന്നേക്കാൾ വലിയ ആളായിട്ടുണ്ടാവും. മീശയൊക്കെവന്ന്
സുന്ദരനായിട്ടുണ്ടാവും. അവന്റെ കണ്ണുകളിൽ നക്ഷത്രങ്ങൾ കൂട്ടമായിതെളിയുന്നുണ്ടാവുമോ? ഹൊ, കാണാൻപോകുന്ന കാര്യം എന്തിനുപറയണം.!
പണ്ട്
അവനെന്നെ വാരിയെടുത്ത് കവിളിൽ മുത്തമിടുമായിരുന്നു. അവന്റെ ചുമലിൽകയറ്റി
എടുത്തുകൊണ്ടു നടക്കുമായിരുന്നു. അന്നതെല്ലാം കളികളായിരുന്നല്ലോ. എന്തേ, ഇപ്പോഴും
അങ്ങനെയൊക്കെ കളിച്ചുകൂടെന്നാണോ.?
എന്നിട്ടാണോ
എന്റെമാമിയും (മേഡത്തെ ഞാൻ അങ്ങിനെയാണ് വിളിക്കുന്നത്) ഉണ്ണിക്കുട്ടനും ഇപ്പോഴും
എന്നോടൊപ്പം അങ്ങനെയെല്ലാം കളിക്കുന്നത്?
പക്ഷെ, എനിക്കിഷ്ടം
എന്റെമുറച്ചെറുക്കൻ അന്തപ്പന്റെ ചുമലിൽകയറി കളിക്കാനാണ്. അതൊരു ആഗ്രഹമായി
മുളച്ചുവരുന്നുണ്ട്. ഇടക്കിടെ അങ്ങനെ സ്വപ്നവുംകാണാറുണ്ട്.
അപ്പോഴൊക്കെ എന്തെന്നില്ലാത്തൊരു ‘ഇത്’ തോന്നുന്നുണ്ട്. കുറച്ചുദിവസമായി
രാപ്പകൽ ഈ വിചാരംതന്നെയാ. ഇടക്കൊക്കെ മാമി ഒച്ചവെക്കുമ്പോഴാണ് ഈ
വിചാരത്തിൽ നിന്നും ഞെട്ടിയുണരുന്നത്.!
ഇടക്കിടെ
മാമി അമ്മവീട്ടിൽ പോകാറുണ്ടത്രെ. പോയിവന്നതിനു ശേഷമായിരിക്കും അക്കാര്യം പറയുക.
മാമിപോകുമ്പോൾ എന്നെയുംകൊണ്ടുപോകണമെന്ന് പറഞ്ഞാൽ സമ്മതിക്കില്ല. മാമിക്ക്
ഞാൻ മോളെപ്പോലെയാണത്രെ. ഇവിടെ എന്തിന്റെ കുറവാണ് നിനക്കുള്ളത്. നല്ല
ഭക്ഷണമില്ലേ, നല്ല വസ്ത്രങ്ങളില്ലേ, നല്ല
വീടില്ലെ, നല്ല കളിസ്ഥലമില്ലെ, നല്ല
ചേട്ടനില്ലെ, നല്ലവരായ ബന്ധുക്കളില്ലേ. പിന്നെയെന്തിനാ
ആ പട്ടിണിയിലേക്ക് വീണ്ടുംപോയി അവരെ ബുദ്ധിമുട്ടിപ്പിക്കുന്നത് എന്ന പതിവ്
ഓത്തുപരിപാടിയാണ് മാമിയുടേത്.
മാമിക്കറിയില്ലല്ലോ
എന്റെ മനസ്സ് പിടക്കണത്. ഇവിടുള്ള ചേട്ടനിപ്പൊ എന്റെ സ്വന്തം
ചേട്ടനല്ലെ. ഈ ചേട്ടന്റെകൂടെ കളിക്കാൻ ഒരു രസോമില്ല. ഈ ചേട്ടന്റെകളിയുടെ
രസം കരളിൽ കൊള്ളിണില്ല. കരളിൽകൊള്ളാത്ത കളി കളിക്കണകാലം ഈ ജൂലിക്ക് കഴിഞ്ഞെന്ന്
മനസ്സിലാക്കാത്തൊരു മണ്ടൻ ചേട്ടൻ. ഒരു രസോമില്ല. അതൊക്കെ എന്റെ
അന്തപ്പൻ ചേട്ടന്റൊപ്പം കളിക്കുമ്പം തന്നായിരുന്നു. ഇപ്പം ഓർക്കുമ്പൊ
കുളിരാവണുണ്ട്. അന്തപ്പൻ ചേട്ടനെ നേരിൽ കാണണം. എന്റെ
മനസ്സിലുള്ളത് രഹസ്യമായിപറയണം. സമ്മതിപ്പിക്കണം. കുറച്ചുകാലമെങ്കിലും
ഇഷ്ടംപോലെ കളിച്ചുതിമർക്കണം..
ഇതെവിടെയാ
ഞാൻ എത്തിയത്. എനിക്ക് വഴിതെറ്റിയെന്നാ തോന്നുന്നത്. ഞാനൊരു
മണ്ടി. ഓരോന്നാലോചിച്ചു നടന്ന് മറ്റേതോപറമ്പിലൂടെ
കയറിനടക്കുന്നു. പറമ്പിൽ പണി ചെയ്തുകൊണ്ടിരിക്കുന്ന ഭായിമാർ പണിനിർത്തി
തുറിച്ചുനോക്കുന്നു.
‘’രാവിലെത്തന്നെ കണി കൊള്ളാല്ലോ’’.. അപ്പുറത്തെ
കോളണിപ്പറമ്പിലെ ചെറുക്കന്റെ വക. ‘’എന്താത്, ഉദിക്കണേനുമുന്നെ കെട്ട്യൊരുങ്ങി നടക്കാൻ
തൊടങ്ങ്യോ അശ്രീകരങ്ങള്’’..
നളിനീടെ
മുത്തശ്ശീടെ ശബ്ദമാണല്ലോ അത്. ഞങ്ങളൊക്കെ അതിനെ കോളണീലെ മുത്തശ്ശീന്നാ
വിളിക്ക്യ. ഈ മുത്തശ്ശീടെ കണ്ണിന്റെ കാഴ്ച അപാരംതന്നെ.
എന്താത്, ഇവരൊന്നും
ആൾക്കാരെ കാണാത്തതുപോലെ പറേണത്.. എന്റെ ഡ്രസ്സും സ്വർണ്ണമാലേം ഒക്കെ കണ്ടിട്ടാവും.
‘’എടീ, അവിടെ നിക്കടി, നീയ്
ജൂല്യല്ലെ. ഞങ്ങളെയൊന്നും നിനക്ക് ബോധിക്കണുണ്ടാവില്ല, അല്ലേടി’’. നളിനി
ചേച്ചീടെ ശബ്ദം.
ഓ, സമാധാനായി.
നളിനിചേച്ചി എന്റെ നല്ലകൂട്ടുകാരിയും അയൽക്കാരിയുമാണ്. എന്നേക്കാൾ
ഒരു വയസ്സിനേ മൂപ്പുള്ളുവെങ്കിലും ചെറുപ്പത്തിലേ ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും
പേരാണ് വിളിച്ചിരുന്നത്.
അറിയാത്ത
പലവഴികളിലൂടെ കയറിയിറങ്ങി നടന്നെങ്കിലും ഇപ്പോൾ നളിനിച്ചേച്ചിയുടെ
വീട്ടുമുറ്റത്തെത്തിയല്ലൊ. നളിനി അതിസുന്ദരിയായിരിക്കുന്നു. അവൾക്ക് എന്നേക്കാൾ
മുഴുത്തമാറും ചന്തിയുമുണ്ട്. കടക്കണ്ണിലെ കടുക് വറുക്കലിന്റെ താളം
കൂടിയിട്ടുണ്ട്. അവളുടെ അനുജത്തിമാരെല്ലാം അവളോളംതന്നെ
വലുതായിട്ടുണ്ട്. കൂലിപ്പണിക്ക് പോയിട്ട് ജീവിക്കുന്നവരാണെങ്കിലും എല്ലാവരും
തുടുത്തുകൊഴുത്തിരിക്കുന്നു. എനിക്കവരോട് അസൂയ തോന്നി.
നളിനി, ഞാനൊരു
കാര്യം ചോദിക്കട്ടെ.
‘’എന്റെ അന്തപ്പനെ നീ കാണാറുണ്ടോ’’ ശബ്ദം
കുറച്ചാണ് ഞാൻ ചോദിച്ചത്.
‘’നിന്റെ അന്തപ്പനോ, അതാരാടീ’’ നളിനിയുടെ
ശബ്ദം ഉയർന്നു
‘’എന്റെ കളിത്തോഴൻ, എന്റെ
മുറച്ചെറുക്കൻ, എന്റെ സ്വപ്നകാമുകൻ, എന്റെ’’... ഞാൻ
നിർത്താതെ പറയാൻ തുടങ്ങി
‘’ഛീ, നിർത്തടി, നിന്റെ
വരവ് കണ്ടപ്പൊത്തന്നെ മനസ്സിലായി അവനെ കുരുക്കാനാണെന്ന്. ഇവിടെ
ഞങ്ങളും ഈ കോളണീലുള്ളോരും ഒക്കെ ജീവിച്ചുപോണത് ആന്റണിച്ചായനുള്ളതോണ്ടാ..
ഞങ്ങൾക്ക്
അന്നന്നുള്ള ചെലവിന്നുള്ള വഴി ഉണ്ടാക്കിത്തരണത് അയാളാ. അയാളെ കുടുക്കിയെടുക്കാൻ
പണക്കാരികളൊന്നും ഇങ്ങോട്ട് വരേണ്ട. ഞങ്ങളത് സമ്മതിക്കൂല’’. നളിനി
ഉച്ചത്തിൽ ബഹളം വെച്ചുകൊണ്ടാണ് പറഞ്ഞുകൊണ്ടിരുന്നത്.
കർത്താവേ, എന്തൊക്കെയാ
ഞാനീ കേൾക്കുന്നത്. നളിനിയുടെ ബഹളം കേട്ട് കോളണിക്കാര്
കൂട്ടത്തോടെ ഇങ്ങോട്ട് ഓടിവരുന്നു. എനിക്ക് തലകറങ്ങുന്നതുപോലെ, ശരീരം
തളരുന്നു. ഒന്നിരുന്നാൽ മതിയെന്നുതോന്നുന്നു. ആ
വൃത്തിഹീനമായ പറമ്പിൽ ഞാൻ ഇരുന്നത് മാത്രമാണ് എന്റെ ഓർമ്മ.
ഓർമ്മവന്നപ്പോൾ എനിക്കുചുറ്റും ആളുകൾ കൂട്ടംകൂടി നിൽക്കുന്നു. നളിനിയുടെ
വീട്ടിലെ ചായ്ച്ചുകെട്ടിയ ഉമ്മറത്തിണ്ണയിൽ കളിമണ്ണിൽ ചാണകംമെഴുകിയ തറയിൽ
കിടക്കുകയായിരുന്നു ഞാൻ. കൂടിനിൽക്കുന്നവരിൽ മാറിനിന്ന് നോക്കുന്ന
എന്റെ അമ്മയും അനിയത്തിമാരും. അവരുടെമുഖത്തെ ദുഃഖവും സങ്കടവും നിസ്സഹായതയും
എനിക്ക് ബോധ്യമായി. എല്ലാവരും അന്തപ്പനെപ്പറ്റി പറഞ്ഞുകൊണ്ടു
പിറുപിറുക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
അകലെ റോഡിൽ
എന്റെമാമിയുടെ കാറിന്റെശബ്ദം. ഡോർ തുറന്നടയുന്നതിന്റെ ശബ്ദം. അധികമൊന്നും
ആലോചിച്ചില്ല. സർവ്വശക്തിയോടെ എഴുന്നേറ്റ്
കൂടിനിൽക്കുന്നവരുടെ ഇടയിലൂടെ ഓടിച്ചെന്ന് എന്റെ മാമിയുടെ കാൽക്കൽ വീണു.
പൊന്നുമോളെ, നീയെന്നെ
വിഷമിപ്പിച്ചല്ലോടീ എന്നുപറഞ്ഞ് മാമിയെന്നെ വാരിയെടുത്തു. തുരുതുരാ
ഉമ്മവെച്ചു. കാറിലേക്ക് കയറ്റിവാതിലടച്ചു. വണ്ടി
മുന്നോട്ടുനീങ്ങി.
മാമി എന്റെ
കാതിൽപറഞ്ഞു, ജൂലിമോള് വല്യപെണ്ണായില്ലെ.
ഇങ്ങനെയൊന്നും വീട്ടീന്ന് ഇറങ്ങിപ്പോരാൻ പാടില്ല. പ്രത്യേകിച്ച്
ആ കോളണിയിലേക്ക്..
ഇല്ലമ്മേ, ഇല്ല.
ഇനിയൊരിക്കലുമില്ല.
ഈ ജൂലി
മാമിയുടെ പുന്നാരമോളല്ലേ.!
==========
ടി. കെ.
ഉണ്ണി
൧൧-൦൯-൨൦൧൩
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ