വ്യാഴാഴ്‌ച, ഡിസംബർ 25, 2008

വ്യാഴാഴ്‌ച, ഡിസംബർ 04, 2008

സത്യാസത്യം

സത്യാസത്യം
==========
എല്ലാ മലയാളികളും കേരളീയരല്ല !
കേരളീയര്‍ എല്ലാവരും മലയാളികളുമല്ല ?

ഒരു പക്ഷെ,
വീട്, നാട്, രാജ്യം, ലോകം
എന്ന സാമാന്യതയില്‍ നിന്നും
നാം വ്യതിചലിക്കുമ്പോള്‍
ദുര്‍ബലതകള്‍ കാരണം
ചൂഷിതരാകുമ്പോള്‍
അപചയങ്ങളില്‍ ആറാട്ട്
നടത്തുമെന്നത് നിസ്തര്‍ക്കമാണ്...

അവര്‍ ...
അതാഘോഷിക്കാന്‍
സദാ സന്നദ്ധരാകുന്നു.
ആഘോഷം അവരുടേതാണ്!
===========
ടി. കെ. ഉണ്ണി
൦൪-൧൨-൨൦൦൮


വെള്ളിയാഴ്‌ച, നവംബർ 21, 2008

മോചനം

മോചനം
=======
ഞാന്‍ വീട്ടിലേക്ക് പുറപ്പെട്ടു.
ജോലി സ്ഥലത്തുനിന്നും നടന്നെത്താവുന്ന
ഒരു നാഴിക ദൂരം മാത്രം.
തെരുവിനെ പിന്നിലാക്കി പ്രധാന പാതയിലെത്തിയപ്പോള്‍
കാഴ്ചയില്‍ അനന്തതയുടെ വിജനത മാത്രം.
അത്രയൊന്നും മനോഹരമല്ലാത്ത ഈ വീഥിയില്‍
ഏകാന്തതയുടെ നീരാളിപ്പിടുത്തത്തില്‍ ആണെന്ന തോന്നല്‍
അല്ല, അതല്ല സത്യം ...............
ഞാന്‍ ഏകനല്ല, ഏകാന്തനുമല്ല,
എന്നോടൊപ്പം എപ്പോഴും അവനുണ്ട്,
എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ .
ഞാന്‍ എവിടെയാണെങ്കിലും
അവന്‍ പിന്തുടരുന്നു.
ഇപ്പോഴും അവന്‍ എന്നെ പിന്തുടരുന്നു.
ചിലപ്പോഴൊക്കെ അവനെന്‍റെ
ഇടത്തോ വലത്തോ ഉണ്ടാകും
പലപ്പോഴും അവനെന്‍റെ പുറകെയാണ്.
ചിലപ്പോഴെല്ലാം അവനെന്റെ മുന്നിലാവും.
ഇതെല്ലാം എന്നെ അലോരസപ്പെടുത്തുക
പതിവായതിനാല്‍ പുതുമയില്ല , എന്നാലും
ഞാന്‍ എപ്പോഴും വ്യാകുലനാണ് .
അവന്‍ എന്നെ മാത്രമായിട്ടെന്തിനാ പിന്തുടരുന്നത്?
അവന്നു മറ്റുള്ളവരെ പിന്തുടരാന്‍ കഴിയാത്തതെന്ത്?
അവന്‍ കാരണം എനിക്കെന്‍റെ
സ്വസ്ഥതയും സ്വകാര്യതയും നഷ്ടമായി ത്തുടങ്ങി.
അവനെ കഴിയുന്നത്ര വേഗത്തില്‍ ഒഴിവാക്കണം
എന്നതിനെപ്പറ്റിയാണ് ഇപ്പോഴെന്‍റെ ചിന്ത.
എന്നാല്‍ , തുടക്കം മുതലേ അവനെന്‍റെ അടുത്ത കൂട്ടുകാരന്‍
ഇപ്പോഴും അവന്‍ അങ്ങനെത്തന്നെ ...
പക്ഷെ , ഞാന്‍ ...................
ഇപ്പോഴവനെ എനിക്കിഷ്ടമല്ലാതായിരിക്കുന്നു.
എനിക്കെന്‍റെ സ്വസ്ഥതയും സ്വകാര്യതയും സംരക്ഷിക്കണം
പഴയ സ്വാതന്ത്ര്യം തിരിച്ചു കിട്ടണം .
ഞാന്‍ ആരോടും ബാധ്യതപ്പെട്ടിട്ടില്ല
അവനും ആരോടും ബാധ്യതപ്പെടാന്‍ ഇടയില്ല
പിന്നെയെന്തിനാണ് അവനിതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്?

ഈയ്യിടെയായി അവനെ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി
എന്തോ ഒരക്ഷരപ്പിശക് ഉള്ളതുപോലെ തോന്നുന്നു
എനിക്ക് നിരാശയും വിഷമവും ഉണ്ടാവുന്നു
അവന്‍ വീര്‍ത്തു വിളര്‍ത്തു വരുന്നു
വൈകാരികമായ ചിന്താക്കുഴപ്പത്താലും ഇഛാഭംഗം കൊണ്ടും
പൊറുതിമുട്ടുകയാണ് അവനെന്നു തോന്നുന്നു.
ഇന്നു ഞാനവനോട് ഒച്ച വെച്ചു ...
എന്തിനാണെന്നെ പിന്തുടരുന്നത്? ....
മുമ്പ് പലപ്പോഴും ചോദിച്ചിട്ടുള്ളതാണ്.
അപ്പോഴൊക്കെ മൌനമായിരുന്നു പ്രതികരണം.
ഇനിയൊരിക്കലും എന്നെ പിന്തുടരരുതെന്നു
താഴ്മയോടെ ഞാന്‍ അപേക്ഷിച്ചു...

ഇപ്പോഴത്തെ പ്രതികരണം വിസ്മയാവഹം,
അവന്‍ വിതുമ്പിക്കരയാനും എങ്ങിവലിക്കാനും തുടങ്ങി
കരച്ചിലൊന്ന് നിര്‍ത്തി അവന്‍ പറഞ്ഞു
ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ പിന്തുടരുകയില്ല !
എനിക്ക് അവിശ്വസനീയം ആയിരുന്നത്!
അവന്‍റെ കരച്ചിലും നെഞ്ചുവലിയും
ഏതാനും നിമിഷങ്ങള്‍ക്കകം വിളര്‍ത്തു വന്നു.
അവന്‍റെ കലപിലകളും കുസൃതി ചിരികളും
വര്‍ഷമായി ചോലകളായി
ഗിരിനിരകളില്‍ നിന്നും കല്ലോല തരംഗങ്ങളായി
കുതിച്ചു പായാന്‍ തുടങ്ങി.
ഞാന്‍ ... ഞാനെവിടെപ്പോകാന്‍ ?
ഇടിനാദം പോലുള്ള മുഖരിത ശബ്ദം എന്നെ അന്ധനാക്കി
ഒരു നിമിഷത്തിനു ശേഷം ഞാന്‍ തിരിച്ചറിഞ്ഞു
അത് അവന്‍റെ ശബ്ദം തന്നെയാണ് !
ഇങ്ങനെയൊന്നു അവനില്‍നിന്നും ഞാനൊരിക്കലും കേട്ടിട്ടില്ല
എന്താണവന്നു സംഭവിച്ചത്?
നിമിഷങ്ങള്‍ക്ക് മുമ്പ് അവന്‍ സമ്മതിച്ചതാണ്
അവനതില്‍ നിന്നും പിന്മാറാന്‍ പോവുകയാണോ?
അവന്‍ എന്നെ നോക്കി കരയാന്‍ തുടങ്ങി
പ്രിയ കൂട്ടുകാരാ.... അവന്‍ മുരണ്ടു
ഞാന്‍ നിന്നില്‍ നിന്നും വിട്ടു പോകണമെങ്കില്‍ ..
ഹൊ ... ഇല്ല, .... ഇല്ല, .... ഇല്ല, ....
അസ്വീകാര്യം ........ അതെനിക്ക് അസാധ്യമാണ്
പകരം, നീ എന്നോടൊത്തു വരുന്നതാണ് നല്ലത്
അല്ലാത്ത പക്ഷം , ഞാന്‍ മരിക്കണം !
ഞാന്‍ മരിക്കാനില്ല, ......... അവന്‍ പിറുപിറുത്തു .
ശരിയാണ്, അവന്‍ പറഞ്ഞതില്‍ കാര്യമുണ്ട്
ഞാന്‍ നിലത്തിരുന്നു
അവനെന്‍റെ നല്ല കൂട്ടുകാരനാണ്
അവനെ സഹായിക്കണം
അവന്‍റെ സങ്കടത്തിനു പരിഹാരം ഉണ്ടാക്കണം
എനിക്ക് വ്യക്തമായി മനസ്സിലാകാത്തത് എന്തെന്നാല്‍
എന്തിനവന്‍ മരിക്കണം?
അതില്‍ നിന്നും എനിക്കവനെ മോചിപ്പിക്കാന്‍ കഴിയില്ലേ?
ഞാന്‍ മരിക്കുകയാണെങ്കില്‍ !
മറ്റുള്ളവര്‍ക്കായി അവനൊരു അവസരം കിട്ടും!
അങ്ങനെ കൂട്ടുകാരനില്‍ നിന്നുള്ള മോചനം കൊണ്ടു
ഞാന്‍ സുരക്ഷിതനാവും !
പിന്നെ എന്നെ പിന്തുടരാന്‍ അവന്നു കഴിയില്ല...........
എനിക്കതെങ്ങിനെ അറിയാന്‍ പറ്റും !
ഞാനൊരു മരിച്ച മനുഷ്യനല്ലേ!!
==========
ടി. കെ. ഉണ്ണി
൨൧-൧൧-൨൦൦൮

വ്യാഴാഴ്‌ച, ഒക്‌ടോബർ 02, 2008

ജന്മാവകാശം

ജന്മാവകാശം
==========
ജനിച്ചാല്‍ മരിക്കും
മരിച്ചാല്‍ ജനിക്കുമോ?
മരിച്ചവര്‍ വീണ്ടും ജനിക്കുമെന്ന്‍
ഭൂരിപക്ഷം മതങ്ങളുടെയും മതം!
അപ്പോള്‍ ജനിപ്പിക്കാനായി മരിപ്പിക്കണം
മരിപ്പിക്കാനായി ജനിപ്പിക്കണം!

ജനിപ്പിക്കല്‍ ജന്മാവകാശമാണെന്ന്
സൂരി സിദ്ധാന്തം ?
മരിപ്പിക്കലും ജന്മാവകാശമായി കിട്ടണമല്ലോ?
ഇല്ലെങ്കില്‍ / അല്ലെങ്കില്‍ അതിന്നായി പോരാടണം!
അതിപ്പോള്‍ ചിലരുടെ കുത്തകാവകാശമാണ്?
അവര്‍ അത് മഹോത്സവമായി കൊണ്ടാടുന്നു!

പ്രസ്തുത അവകാശം അവര്‍ക്ക് മാത്രമായിട്ടാവരുത് !
അത് സാര്‍വത്രികമാക്കണം !
ഗ്രാമവാസികള്‍ക്കെല്ലാം അതിന്നര്‍ഹതയുണ്ട്!
(സമസ്ത പ്രപഞ്ചങ്ങളും ആഗോളഗ്രാമം ആയിച്ചുരുങ്ങിയില്ലേ!)
നമുക്കും അങ്ങനെയാകണം!
ആര്‍ക്കെങ്കിലും പരിചയക്കുറവുണ്ടെങ്കില്‍
നമ്മുടെ ഗ്രാമത്തില്‍ അതിന്നായി
കണ്‍ വെട്ടത്ത് തന്നെ പരിശീലനക്കളരികളുണ്ട്!
നമുക്ക് അവരോടൊപ്പം ചേര്‍ന്ന്‍
പഠിച്ചു പാസ്സാകാം!
പഠിച്ചത് മറ്റുള്ളവരെ പഠിപ്പിച്ച് ആശാനുമാകാം!
പിന്നെ, നമുക്കും അരങ്ങേറ്റവും
മഹോല്‍സവങ്ങളും ആഘോഷിക്കാം !

നമ്മില്‍ നാമില്ലെങ്കില്‍
എന്നില്‍ ഞാനില്ലെങ്കില്‍
ജഡത്വം അല്ലെങ്കില്‍ ശൂന്യത
മാത്രം അവശേഷിക്കുന്നു !
ശൂന്യത പ്രഹേളികയാണ് !
അതിന്ന്‍ ആദിയും അന്ത്യവും ഇല്ല !
=========
ടി. കെ. ഉണ്ണി
൦൨-൧൦-൨൦൦൮
ഗാന്ധി ജയന്തി ദിനത്തില്‍ഹൃദയ വേദനയോടെ

വെള്ളിയാഴ്‌ച, സെപ്റ്റംബർ 26, 2008

വീര്യം

വീര്യം
=====
നമ്മുടെ ആത്മവിശ്വാസത്തിന്റെ
വര്‍ദ്ധിതമായ വീര്യംകൊണ്ട്
യാതൊരു ഗിരിനിരകളും
ചെറുതാവുകയില്ല,
പക്ഷെ
അവയ്ക്ക്മേലുള്ള
ആരോഹണാവരോഹണത്തെ
അത് സുസാദ്ധ്യമാക്കിത്തീര്‍ക്കുന്നു !

ദൈവനിശ്ചിതമായി ഭാരം ചുമക്കാന്‍
വിധിക്കപ്പെട്ടിട്ടുള്ള നാം കുറഞ്ഞ
ഭാരച്ചുമടിന്നായി യാചിക്കുന്നത്
അര്‍ത്ഥരഹിതവും,
അധികഭാരം ചുമക്കാനുള്ള
ഊര്‍ജത്തിന്നായി യാചിക്കുന്നത്
സാര്‍ത്ഥകവും ആണ്!
===========
ടി. കെ. ഉണ്ണി
൨൫-൦൯-൨൦൦൮

ചൊവ്വാഴ്ച, സെപ്റ്റംബർ 09, 2008

എന്റെ മാവേലി

എന്‍റെ മാവേലി
=============
ഓണക്കാലത്ത് മാവേലിമന്നന്‍ മലയാളക്കരയിലെ തന്‍റെ പ്രജകളുടെ ക്ഷേമാന്വേഷണത്തിന്നായി അങ്ങ് പാതാളത്തില്‍ നിന്നും ഈ ഭൂമിമലയാളത്തില്‍ എത്തുന്നുവെന്ന സങ്കല്‍പ്പത്തില്‍ നമ്മള്‍ ആഘോഷത്തില്‍ ആറാടുന്നത് പതിവാണല്ലോ!

താന്‍ തന്നെയാണ് ഭൂമിമലയാളത്തെ ഇപ്പോഴും ഭരിച്ചു രമിച്ചു കൊണ്ടിരിക്കുന്നതെന്ന് പാവം മാവേലി ധരിച്ചുവശായത്കൊണ്ടാകുമോ അദ്ദേഹത്തിന്‍റെ ഈ എഴുന്നുള്ളത്ത്!
അതോ, ഭൂമിമലയാളത്തിന്‍റെ കഥകള്‍ അറിയാതെ ആട്ടംകാണാന്‍ എത്തുകയാണോ കോമാളിയായ മാവേലി! 

അദ്ദേഹം വാമനനെ പാതാളത്തില്‍വെച്ചു കണ്ടിരുന്നുവെങ്കില്‍ (അസുരഭില) സുരഭില (അസുന്ദര) സുന്ദര മായ മലയാളക്കരയിലെ പ്രജകളുടെ സ്വര്‍ഗ്ഗീയ (അസുഖ) സുഖാസ്വാദനം അനുഭവിച്ചറിയാന്‍ വരില്ലായിരുന്നു!!

ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ പ്രജാതല്‍പ്പരരായ അധികാരിവര്‍ഗ്ഗവും ഭൂലോക സമ്പദ്സമൃദ്ധിയുടെ പല്ലക്കേറിയ കൊടിയ ചൂഷക മര്‍ദ്ദകവര്‍ഗ്ഗവും ചേര്‍ന്ന് പ്രജാക്ഷേമ തല്പ്പരനല്ലാത്ത വാമനവിനാശകനെ പാതാളത്തിലേക്ക് ചവുട്ടിതാഴ്ത്തിയ കാര്യം പാവംമാവേലി അറിഞ്ഞിട്ടില്ലെന്ന് വരുമോ?....

സന്ദേഹിക്കാതിരിക്കുന്നത് എങ്ങനെ?......

ഓണാഘോഷം വിഡ്ഢിപ്പെട്ടിക്കുള്ളിലെ മാന്ത്രികവിദ്യകളായി ഒതുക്കപ്പെട്ട ഇക്കാലത്തും നമ്മുടെ മനസ്സിന്‍റെ ഭരിക്കപ്പെടാനുള്ള അഭിവാന്ഛയുടെ മോഹ തരംഗമാണ് മിഥ്യകളായ ഐതിഹ്യരൂപങ്ങളിലൂടെ നമ്മുടെ ഉപബോധതലത്തില്‍ നിന്നും ബോധതലത്തിലേക്ക് പരിണമിക്കുന്നത്. പ്രജാതല്‍പ്പരനായ ഭരണാധികാരി ഇന്നിന്‍റെ മിഥ്യയാണ്. നാമതിനെ ഒരു ദിവസമെങ്കിലും താലോലിക്കുന്നു. അത് നമ്മുടെ മനസ്സിന്‍റെ പരാശ്രയ ഭാവത്തെ സാധൂകരിക്കുന്നു. ഭരണാധികാര തല്‍പ്പരരായ പ്രജകള്‍ എന്ന പാഷാണപരതയില്‍ അഭിരമിക്കുന്ന ഒരു വര്‍ഗ്ഗമായി നാം രൂപാന്തരപ്പെട്ടതില്‍ അഭിമാന പുളകിതരായി നാം വിഡ്ഡിപ്പെട്ടിക്ക് മുമ്പിലിരിക്കുന്നു......
നമ്മുടെ ചിന്തകള്‍ക്ക് വിലങ്ങുകള്‍ ഇട്ടുകൊണ്ട് .......
കീഴ്പെട്ടുകൊണ്ട് ....
ആശ്രിതരായിക്കൊണ്ട് ....
മറിച്ചു ആവാന്‍ സാധിക്കാത്ത സാഹചര്യങ്ങളെ നാം സ്വായത്ത മാക്കിക്കൊണ്ട്....!!

അന്ന് പ്രജാതല്‍പ്പരനായ മാവേലിയെ വാമനന്‍ ചവിട്ടിത്താഴ്ത്തി. പ്രജകള്‍ സന്തോഷിച്ചുവോ?
മാവേലി സന്തോഷിച്ചുവെന്നത് മിഥ്യയാണോ?
അതോ, വാമനദേവന്‍ മാത്രമാണോ സന്തോഷിച്ചത്? ...!
അല്ലെങ്കില്‍ മാവേലിമന്നനെ വാമനപ്രഭൂ പാതാളത്തിലേക്ക് അയച്ചത് മുതല്‍ പ്രജകളുടെ സന്തോഷം സന്താപമായിക്കാണുമല്ലോ?.....
ഭൂമിമലയാളത്തിലെ പ്രജകളുടെ സന്താപം കണ്ടു അങ്ങിരുന്നു സല്ലപിക്കാനാണോ വാമനദൈവം ഇപ്പണി പറ്റിച്ചത്? .....

മനസ്സായ മാവേലിയെ അന്ധകാരത്തിലേക്ക് (പാതാളത്തിലേക്ക്) ചവിട്ടിത്താഴ്ത്തി വാമനരൂപമായ ശരീരത്തില്‍ കുറിവരയ്ക്കുന്ന നമ്മള്‍ ഇപ്പോള്‍ വിഡ്ഡിപ്പെട്ടിയിലേക്ക് നോക്കി കൂത്താടുന്നത് (ആഘോഷിക്കുന്നത്) ആത്മവഞ്ചനയില്‍ കുറഞ്ഞതൊന്നുമല്ല!! ......
==========
ടി. കെ. ഉണ്ണി
൦൯-൦൯-൨൦൦൮

ഞായറാഴ്‌ച, ഓഗസ്റ്റ് 17, 2008

മുദ്രാവാക്യം

മുദ്രാവാക്യം
=========
൧൯൬൦ കളിലെ രണ്ടാം പാദത്തില്‍ സംസ്ഥാന നിയമസഭയിലേക്ക് മൂന്നു തെരഞ്ഞെടുപ്പുകള്‍ ഉണ്ടായി.  പ്രസ്തുത തെരഞ്ഞെടുപ്പുകളുടെ വിജയ പരാജയ ഫലങ്ങളല്ല നമ്മുടെ പ്രതിപാദ്യം. അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളാണ് ആസ്പദം.  അതേ മുദ്രാവാക്യങ്ങള്‍ ദശാബ്ദങ്ങളെ മറികടന്നുകൊണ്ട് അവതരിച്ചുകൊണ്ടിരിക്കുകയും അവയില്‍ പലതും നമ്മെ ഇപ്പോഴും 
വേട്ടയാടിക്കൊണ്ടിരിക്കുകയും ചിലതെല്ലാം നമ്മെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

അക്കാലത്ത് ഗ്രൂപ്പുകളും മുന്നണികളും ഉണ്ടായിരുന്നില്ല.  പാര്‍ട്ടികള്‍ മാത്രമായിരുന്നു രംഗത്ത്. ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിക്കെതിരെയോ, അല്ലെങ്കില്‍ ഒന്നിലധികം പാര്‍ട്ടികള്‍ക്കെതിരെയോ മത്സരിക്കുക എന്നതാണവസ്ഥ.  പ്രധാനമായും ഇപ്പോഴത്തെ ഇരു മുന്നണികളിലുമുള്ള പ്രധാന പാര്‍ട്ടികള്‍ ആയിരുന്നു മത്സരകക്ഷികള്‍ .

ഗ്രാമത്തില്‍ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗവും പൊതു സമ്മേളനവും ഉണ്ടായിരുന്നു. അതിലേക്ക് അയല്‍ഗ്രാമങ്ങളില്‍ നിന്നുള്ള ജാഥകള്‍ (കാല്‍നടയായി വരുന്നവ) ഉണ്ടായിരുന്നു. പൊതു സമ്മേളനത്തിനുശേഷം എന്തെങ്കിലും കലാപരിപാടികള്‍ ഉണ്ടാവുക സാധാരണയാണ്. ഗ്രാമത്തിലെ ഏതെങ്കിലും ആര്‍ട്സ് ക്ലബ്ബുകള്‍ ആയിരിക്കും അതിന്‍റെ ചുമതലക്കാര്‍.  ഗ്രാമത്തിലെ കലാകാരന്മാരുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിന്നുള്ള ഒരു വേദിയായും പലപ്പോഴും അത് ഉപകാരമായിട്ടുണ്ട്.  ഇത്തരം പരിപാടികളില്‍ നാടകം, ഗാനമേള, കഥാപ്രസംഗം, കോല്‍ക്കളി, വില്ലടിച്ചാന്‍ പാട്ട് തുടങ്ങിയ കലാ പരിപാടികളാണ് ഉണ്ടാവാറുള്ളത്.  ഇങ്ങനെയുള്ള ഏതെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ പൊതു സമ്മേളനത്തിന് എത്തുന്നവരെക്കൊണ്ട് സമ്മേളന വേദി നിറഞ്ഞു കവിയുമായിരുന്നു.

എന്‍റെ അയല്‍ക്കാരന്‍ കൂടിയായിരുന്ന ഒരു യുവ കലാകാരന്‍, തന്‍റെ കഴിവില്‍ അയാള്‍ക്ക്‌ തന്നെ വലിയ വിശ്വാസമൊന്നും ഇല്ലാതിരുന്ന ഒരു ഘട്ടത്തില്‍ , ഇത്തരമൊരു സമ്മേളന വേദിയില്‍ തന്‍റെ കലാ പ്രകടനത്തിന് അവസരം ഉണ്ടായി. അതാവട്ടെ വെറുതെ വീണുകിട്ടിയതൊന്നുമല്ല. ആ സമ്മേളനത്തിന്‍റെ പ്രചാരണ പരിപാടിയുടെ മെഗഫോണ്‍ ആയി പ്രവര്‍ത്തിച്ചത്കൊണ്ടു കിട്ടിയ പ്രതിഫലം കൂടിയായിരുന്നു അത്.

അടുത്ത പരിപാടി നമ്മുടെ പ്രിയപ്പെട്ട യുവ കലാകാരന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം ആണെന്ന അറിയിപ്പ് ഉണ്ടായപ്പോള്‍ സദസ്സില്‍നിന്നു കരഘോഷം ഉയര്‍ന്നതും വേദിയിലെ തിരശ്ശീല ഉയര്‍ന്നതും ഒരുമിച്ചായിരുന്നു .  വീണ്ടുമൊരു കരഘോഷത്തോടെ അയാള്‍ പാടിതുടങ്ങിയത് തന്‍റെ യജമാന സ്ഥാനാര്‍ഥിയുടെ അപദാനങ്ങളും പ്രചാരണ ഉപാധികളായ മുദ്രാവാക്യങ്ങളും ആയിരുന്നു.  കുറെ സമയത്തേക്ക് ഈ മുദ്രാവാക്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആലപിച്ചു കൊണ്ടേയിരുന്നു. (അതൊരു നിബന്ധന ആയിരുന്നുവെന്നു പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്.)

അന്ന് അയാള്‍ സംഗീത സാന്ദ്രമായി ആലപിച്ച മുദ്രാവാക്യങ്ങളില്‍ ഒന്നു ' ' മാരാങ്കുളത്തില്‍  വിമാനം ഇറങ്ങാന്‍ താവളം ഉണ്ടാക്കും'' എന്നായിരുന്നു. (കോഴിക്കോട് വിമാനതാവളമെന്ന പ്രശ്നവും അതിന്നനുയോജ്യമായ സ്ഥല നിര്‍ണയവും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒരു കാലമായിരുന്നു അത്) 'മാരാങ്കുളം' അക്കാലത്ത് എന്‍റെ ഗ്രാമത്തിലെ ഏറ്റവും വിസ്തൃതമായ (ഒരു ഏക്കറില്‍ അധികം) എക്കാലത്തും നിറയെ വെള്ളമുള്ള, പൊതുജനങ്ങള്‍ക്കും നാല്‍ക്കാലികള്‍ക്കും ഒരുപോലെ പ്രയോജനകരം ആയിരുന്ന കുളമായിരുന്നു.

അടുത്ത കാലത്ത് ഞാന്‍ എന്‍റെ പഴയ ഈ ഗ്രാമത്തില്‍ പോവുകയുണ്ടായി.  അവിടെ
മാരാങ്കുളം എന്ന ആ വലിയ കുളം ഇന്നില്ല.  അതിന്‍റെ സ്ഥാനത്ത് കുറച്ച് തെങ്ങുകളും അതിലധികം കെട്ടിടങ്ങളും ഗ്രാമ പഞ്ചായത്തിന്റെ ഒരു വാട്ടര്‍ ടാങ്കും മാത്രമാണ് കാണാന്‍ കഴിഞ്ഞത്.

കുളത്തില്‍ വിമാന താവളം എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം!
ഞങ്ങള്‍ അതിന് വോട്ട് ചെയ്തു!
ഇപ്പോള്‍ കുളം ഇല്ല! ഇനിയൊരിക്കലും ഉണ്ടാവില്ല!
പക്ഷെ, വിമാനത്താവളം എവിടെ? ......
നമ്മളിന്നും ഈ മുദ്രാവാക്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണ്!
നമ്മള്‍ കൂടുതല്‍ സാഹസങ്ങളായ മുദ്രാവാക്യങ്ങള്‍ അടിക്കടി ഉയര്‍ത്തുന്നു!
അതിന്‍റെ പരിണിതി എന്തെന്നത് നമുക്ക് അജ്ഞ്യാതം!
അതിന്‍റെ പ്രത്യക്ഷ ഫലവും പരോക്ഷ ഫലവും നമ്മുടെ കണ്മുന്നിലുണ്ട്!
അതെല്ലാം നാം കാണാതെ പോകുന്നു?........

ചിലപ്പോഴെല്ലാം ഇടിമിന്നല്‍ പോലെ എന്‍റെ .............?
'' എന്തുകൊണ്ട് നമ്മുടെ ഇത്തരം മുദ്രാവാക്യങ്ങള്‍ തിരിച്ചായിക്കൂടാ?''
അങ്ങനെ സംഭവിക്കുകയാണെങ്കില്‍, തീര്‍ച്ചയായും നമുക്ക്
വിമാന താവളങ്ങളെക്കാള്‍ അധികം കുളങ്ങള്‍ ഉണ്ടായേനെ!!
==========
ടി. കെ. ഉണ്ണി
൧൭-൦൮-൨൦൦൮
എന്‍റെ ഗ്രാമത്തെ ക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്ന്........

ചൊവ്വാഴ്ച, ഓഗസ്റ്റ് 12, 2008

പുസ്തകം

പുസ്തകം
========
കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പഠനരീതി പരിഷ്കരണത്തോടനുബന്ധിച്ച് ഏഴാം ക്ലാസ്സില്‍ പഠിപ്പിക്കുവാനായി തയ്യാറാക്കിയ സാമൂഹ്യ ശാസ്ത്ര പുസ്തകത്തെചൊല്ലി സംസ്ഥാനതിന്നകത്ത്മുഴുവനായും പുറത്ത് ഭാഗികമായും നടക്കുന്ന കോലാഹലങ്ങള്‍ നാം അനുഭവിച്ച് അറിയുകയാണല്ലൊ..

ഇക്കാര്യത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പോയൊരു കാര്യമാണ് ഈ കുറിപ്പിന് ആധാരം. മനുഷ്യനില്‍ വിദ്യാഭ്യാസ ചിന്ത ആദ്യമായി ഉരുത്തിരിഞ്ഞ കാലഘട്ടം മുതല്‍ക്കുതന്നെ അധ്യയനവും അധ്യാപനവും തത്തുല്യ പ്രാധാന്യത്തോടെ നിലനില്‍ക്കുന്നതായി കാണാം. അതുപോലെതന്നെ അധ്യാപനത്തിനും (ഗുരുവിനും) അധ്യയനത്തിനും (ശിഷ്യനും) ബന്ധമേകുന്ന കണ്ണികളായി വര്‍ത്തിക്കുന്നവയില്‍ പഠന സാമഗ്രികള്‍ക്ക് സുപ്രധാനമായ സ്ഥാനമാണ് ഉണ്ടായിരുന്നത്. ഇക്കാലഘട്ടത്തിലും അത് തുടരുന്നുണ്ട് എന്നുവേണം പറയാന്‍ വിദ്യാഭ്യാസം വിശ്വാസപരമായ കാര്യങ്ങളിലാണെങ്കില്‍ തീര്‍ച്ചയായും അതുണ്ടെന്നു മാത്രമല്ല, അങ്ങനെയാണെന്ന് ഉറപ്പു വരുത്താനും സംവിധാനങ്ങള്‍ ഉണ്ട്.

ലോക ജനതയിലെ പ്രബലമായ മത വിഭാഗങ്ങള്‍ എല്ലാം തന്നെ ഇന്ത്യയിലുമുണ്ട്. നമ്മുടെ സംസ്ഥാനത്തിലും അപ്രകാരം തന്നെ.  എല്ലാ മതവിഭാഗങ്ങളും അവരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ എങ്ങനെയൊക്കെ പരിപാലിക്കപ്പെടണമെന്നു നിഷ്കര്ഷിച്ചി ട്ടുണ്ട് .  വിശ്വാസികള്‍ കാലാകാലങ്ങളായി അത് അനുവര്‍ത്തിച്ചു വരികയും ചെയ്യുന്നു.  ഏതെങ്കിലും വിശ്വാസിയോ അവിശ്വാസിയോ അന്യമത വിശ്വാസിയോ ഏതെങ്കിലും വിധത്തില്‍ നിഷ്ക്കര്‍ഷ പരിപാലനത്തില്‍ വീഴ്ച വരുത്തിയാല്‍ അതിനെ അനാദരവായി കണക്കാക്കി ഏറ്റവും നികൃഷ്ടമായ ശിക്ഷാവിധി (വധ ശിക്ഷ വരെ) പുറപ്പെടുവിക്കുകയും പൊതുജന മധ്യത്തില്‍ അത് നടപ്പാക്കുകയും ചെയ്തിട്ടുള്ള നിരവധി സംഭവങ്ങള്‍ ലോക ചരിത്രത്തിലും വര്‍ത്തമാന കാലഘട്ടത്തിലും നമുക്കു കാണാന്‍ കഴിയും.

ഏതൊരു മത വിഭാഗത്തിന്റെയും വിശുദ്ധ ഗ്രന്ഥങ്ങളിലെ വിശുദ്ധ വാക്യങ്ങള്‍ എഴുതിയ ഏതൊരു കടലാസ് കഷ്ണവും വിശുദ്ധം ആയിത്തീരുന്നു എന്നതുകൊണ്ടാണല്ലോ ഗ്രന്ഥങ്ങള്‍ക്ക് പവിത്രത എന്ന സങ്കല്‍പം പ്രാവര്‍ത്തികം ആവുന്നത് .  അതുകൊണ്ടാണല്ലോ പവിത്രതാ പരിപാലന നിഷ്കര്‍ഷ എന്ന വ്യവസ്ഥ എല്ലാ മത വിഭാഗങ്ങളിലും ഉണ്ടായത്.  ഇന്ത്യയിലെ ഭൂരിപക്ഷ മതത്തിന്‍റെ ഒരു വിശുദ്ധ ഗ്രന്ഥത്തിലെ വരികള്‍ എഴുതിയ പുസ്തകം സാധാരണ പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തം ആണെന്ന് പറയേണ്ടതില്ലല്ലോ .  ലോകത്തിലെ ഏറ്റവും പ്രബലമായ മതത്തിന്‍റെ വിശുദ്ധ ഗ്രന്ഥത്തിലെ വരികള്‍ എഴുതിയ പുസ്തകവും ലോകത്തിലെ പ്രബലവും രണ്ടാമത്തേതുമായ മതത്തിന്‍റെ വിശുദ്ധ ഗ്രന്ഥത്തിലെ വരികളെഴുതിയ പുസ്തകവും സാധാരണ പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നതില്‍ തര്‍ക്കമില്ല .

എന്നാല്‍ പ്രബലങ്ങളായ മൂന്നു മതങ്ങളിലെയും വിശ്വാസികള്‍ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളിലെ വിശുദ്ധ വാക്യങ്ങള്‍ എഴുതിയ പുസ്തകങ്ങളോട് അനാദരവ് കാണിച്ചാലോ ...!
അനാദരവ് മാത്രമല്ല, അതിനെ അധിക്ഷേപിക്കുകയും ബലാല്‍ക്കാരം ചെയ്യുകയും പിച്ചിച്ചീന്തുകയും ചളിയില്‍ മുക്കിക്കൊല്ലുകയും ഒടുവില്‍ ചുട്ടുകരിക്കുകയും ചെയ്യുന്നത് വിശ്വാസിയും അവിശ്വാസിയും ഉള്‍ക്കൊള്ളുന്ന ലോകജനത നോക്കിനില്‍ക്കുകയും ചെയ്താലോ..!!

നാമെന്ന മനുഷ്യനെ നിയന്ത്രിക്കുന്നത് ദൈവമോ , വിശ്വാസമോ അതോ മറ്റെന്തെങ്കിലും ആണോ?...
നാം ഒരു ധാരണയില്‍ എത്തിയില്ലെങ്കില്‍...?

==========
ടി. കെ. ഉണ്ണി
൧൩-൦൮-൨൦൦൮

ചൊവ്വാഴ്ച, ജൂലൈ 15, 2008

കടന്നല്‍

കടന്നല്‍
=======
ഞാന്‍ മഹത്തായ ജനങ്ങള്‍ക്ക് വേണ്ടി
അതിലുമേറെ മഹത്തായ രാജ്യത്തിനു വേണ്ടി
ഈരേഴു പതിനാലു ലോകങ്ങള്‍ക്ക് വേണ്ടി
ഞാന്‍ തത്വ സംഹിതകള്‍ക്ക് വേണ്ടി
അഖില ലോക സുരക്ഷക്ക് വേണ്ടി
ജനഹിത താല്പര്യങ്ങള്‍ക്ക് വേണ്ടി
ഞാന്‍ അവകാശങ്ങള്‍ക്ക് വേണ്ടി
അധ്വാനിക്കുന്നവര്‍ക്ക് വേണ്ടി
അവന്റെ അത്യുന്നതിക്ക് വേണ്ടി
ഞാന്‍ സവര്‍ണ വരേണ്യര്‍ക്കുവേണ്ടി
ആനന്ദ സുവിശേഷത്തിനും
പൌരോഹിത്യ ജാടകള്‍ക്കും വേണ്ടി
ജ്വലിക്കുന്ന വിപ്ലവത്തിനും
വിപ്ലവകാരികള്‍ക്കും വേണ്ടി
ഞാന്‍ ഭരണത്തിനും നിയമ സംഹിതകള്‍ക്കുംവേണ്ടി
ഭരിക്കുന്നതിനും ഭരിക്കപ്പെടുന്നതിനും വേണ്ടി
കാപട്യങ്ങള്‍ക്കും അതിന്റെ ഉപാസകര്‍ക്കും വേണ്ടി
ഞാന്‍ അഥ:സ്തിതര്‍ക്കും ആശ്രിതര്‍ക്കും വേണ്ടി
വര്‍ഗ്ഗീയതക്കും വര്‍ഗ്ഗ നിറഭേദ നിരാസങ്ങള്‍ക്ക് വേണ്ടി
ഞാന്‍ സമ്പത്തിനും സമ്പന്നര്‍ക്കും വേണ്ടി
ഞാന്‍ അധ്വാനിക്കുന്നവനും ഭാരം വലിക്കുന്നവനും വേണ്ടി
അസൂയക്കാര്‍ക്കും വ്യവഹാരികള്‍ക്കും വേണ്ടി
തെമ്മാടികള്‍ക്കും അവരുടെ പാലകര്‍ക്കും വേണ്ടി
ഞാന്‍ അഴുക്കുചാല്‍ സചിവന്മാര്‍ക്ക് വേണ്ടി
കിടമാല്‍സര്യത്താല്‍ കടിച്ചു കീറുന്നവര്‍ക്കു വേണ്ടി
കടന്നല്‍ പോലെ കുത്തി നോവിക്കുന്നവര്‍ക്ക് വേണ്ടി
ഞാന്‍ എല്ലാ മായാ ജാലങ്ങള്‍ക്കും വേണ്ടി
ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രമായി ....!
......! .....!
നിങ്ങള്‍ക്കെന്നെ അറിയില്ലേ ?......
ഞാനായിരുന്നു/നിങ്ങളായിരുന്നു/
നമ്മളായിരുന്നു/അവരായിരുന്നു???
മനസ്സിന്റെ ആമാശയത്തില്‍ നിന്നും
വമന ശേഷിയാല്‍ പുറത്ത് വന്നവര്‍
സമൂഹത്തിന്റെ മനസ്സാക്ഷിയാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍
വിശ്വാസങ്ങളാല്‍ പ്രലോഭിപ്പിക്കപ്പെട്ട് പാപികളായവര്‍
സാംസ്കാരിക സദാചാര ബോധങ്ങളുടെ
ശൂന്യമാക്കപ്പെട്ട മനസ്സുമായി വിഹരിക്കുന്നവര്
പ്രസ്തുത അവസ്ഥകളെ ആഘോഷമാക്കിയത് ...!!
അതെ ....
എനിക്ക്/നമുക്ക്/അവര്‍ക്ക്
ഇതൊരു അന്ത്യമില്ലാത്ത ചാക്രിക ആഘോഷമാണ് !
ആഘോഷങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...!!
============
ടി. കെ. ഉണ്ണി
൧൫-൦൭-൨൦൦൮

ചൊവ്വാഴ്ച, ജൂലൈ 08, 2008

വളര്‍ച്ച

വളര്‍ച്ച
======
നമ്മുടെ സമീപകാല ചെയ്തികള്‍ അസാധാരണം !
അവ മുന്‍‌കാല ചെയ്തികളുടെ കടക വിരുദ്ധം !
നാം വലിയ വലിയ വീടുകള്‍ ഉണ്ടാക്കുന്നു !
നമ്മുടെ കുടുംബം ചെറുതായി ചെറുതായി തീരുന്നു !
നാം കൂടുതല്‍ കൂടുതല്‍സാധ്യതകള്‍ ഉണ്ടാക്കുന്നു!
അവക്കായി നമ്മുടെ സമയം കുറഞ്ഞു കുറഞ്ഞു വരുന്നു !
നാം പലതിലും കൂടുതല്‍പ്രാഗല്‍ഭ്യംനേടുന്നു !
തന്നിമിത്തം നാം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു !
നാം കൂടുതല്‍ കൂടുതല്‍ അറിവുകള്‍നേടുന്നു !
നമ്മില്‍ അറിവിന്റെ പ്രായോഗികത കുറഞ്ഞു കുറഞ്ഞു വരുന്നു !
നാം കൂടുതല്‍ ഔഷധങ്ങളും ചികില്‍സകളും ഉപയോഗിക്കുന്നു !
നമുക്ക് കുറഞ്ഞ ആരോഗ്യവും കൂടിയ ധനനഷ്ടവും ഉണ്ടാവുന്നു !
നാം അന്യഗ്രഹ യാത്രക്ക് തയ്യാറെടുക്കുകയും
ചന്ദ്രനിലേക്ക് പോവുകയും വരികയും ചെയ്യുന്നു! പക്ഷെ,
നാം നമ്മളുണ്ടാക്കിയ പാത മുറിച്ചുകടക്കാന്‍ പ്രയാസപ്പെടുന്നു !
നാം കൂടുതല്‍ കൂടുതല്‍ കമ്പ്യുട്ടറുകള്‍ ഉണ്ടാക്കുന്നു !
നാം കുറച്ചുമാത്രം ആശയവിനിമയം ചെയ്യുന്നു !
നാം എണ്ണത്തില്‍ ദിനേന അധികരിച്ച് കൊണ്ടിരിക്കുന്നു !
നാം ഗുണത്തില്‍ ദിനേന നിപതിച്ചു കൊണ്ടിരിക്കുന്നു !
നാം അതിവേഗ ഭക്ഷണത്തിന്റെ (ഫാസ്റ്റ് ഫുഡ്) കാലത്തില്‍ ആണ് !
നമ്മുടെ കുറഞ്ഞ ദഹനത്തിന്റെ കാലവും ഇതുതന്നെ !
നാം മനുഷ്യര്‍ വലുതായി കൊണ്ടേയിരിക്കുന്നു!
നമ്മുടെ മനസ്സ് ചെറുതായി കൊണ്ടേയിരിക്കുന്നു !
നമ്മുടെ ലാഭം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു !
നമ്മുടെ ബന്ധങ്ങള്‍ ചുരുങ്ങി കൊണ്ടേയിരിക്കുന്നു !
നാം എപ്പോഴും മുഖം മിനുക്കി വെക്കുന്നു !
നമ്മുടെ അന്തരാളം കരാളമാക്കി മിനുക്കുന്നു !
നാം നമ്മുടെ വാതായനങ്ങള്‍ അലന്കരിക്കുന്നു !
നമ്മുടെ അകത്തളങ്ങള്‍ മലിനമായി സൂക്ഷിക്കുന്നു !
നാം വളരുകയാണ് !
വളര്‍ച്ച
ഔന്നത്യത്തിലേക്കോ ? അശനി പാതത്തിലേക്കോ ?
ആവോ ......!!
==========
ടി. കെ. ഉണ്ണി
൦൮-൦൭-൨൦൦൮

വ്യാഴാഴ്‌ച, ജൂൺ 26, 2008

എന്റെ ജാലകം

എന്റെ ജാലകം
അതെ ഞാന്‍ / നമ്മള്‍ തടവറയിലാണ് !
പലതിന്റെയും അന്ധകാരാവൃതമായ തടവറകള്‍
അവകാശത്തിന്റെയും അധികാരത്തിന്റെയും
അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും
അന്ധകാരാവൃതമായ തടവറകള്‍ !
വിവേകത്തിന്റെയും അവിവേകത്തിന്റെയും
വികാരത്തിന്റെയും പ്രതികാരത്തിന്റെയും
അഭിനിവേശത്തിന്റെയും വിഭ്രാന്തിയുടെയും
തടവറകള്‍!
വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും
വിചിത്രവും ഭയാനകവുമായ തടവറകള്‍!
എനിക്ക് / നമുക്ക് ചുറ്റും എല്ലായിടത്തും ഭയാനകമായ
അന്ധകാരത്തിന്റെ തടവറകള്‍!
ഈ അന്ധകാരത്തിന്റെ തടവറയിലേക്ക് എങ്ങുനിന്നോ
എപ്പോഴോ വരുന്ന ഒരിറ്റ് കിരണം
അതിന്റെ തെളിച്ചം, അതിന്റെ വെളിച്ചം!
അതെന്നെ / നമ്മെ കൂടുതല്‍ ഭയാക്രാന്തനാ / രാക്കുന്നു!
ഈ തടവറയില്‍ എവിടെയെങ്കിലും കവാടങ്ങള്‍ ഉണ്ടോ!
അതിലൂടെയാണോ കിരണബിന്ദുക്കള്‍ പ്രത്യക്ഷമാകുന്നത് ?
ആ കിരണ ബിന്ദുക്കളെ അനുഗമിച്ചു കൊണ്ട് എനിക്ക്/ നമുക്ക്
ആ പ്രവേശന കവാടത്തിലേക്ക് എത്തിച്ചേരാന്‍ കഴിയില്ലേ?
കഴിയുമെന്നത് ആവണം എന്റെ/നമ്മുടെ പ്രത്യാശ !
സഫലമാകുന്ന പ്രത്യാശ പരിശ്രമത്തിന്റെ പ്രതിഫലനമാണ് !
പ്രത്യാശാഭരിതമായ ഗമനം എന്നെ/നമ്മെ
ഒരു ബിന്ദുവില്‍ , ഒരുസുഷിരത്തില്‍
ജാലകത്തില്‍ , ഒരു വാതായനത്തില്‍
ഒരു തുറന്ന വിഹായസ്സില്‍ തന്നെയും കൊണ്ടുചെന്നു എത്തിച്ചേക്കാം !
ഞാന്‍ / നമ്മള്‍ അതിനുവേണ്ടി അല്പമെങ്കിലും പരിശ്രമിക്കേണ്ടത് ഉണ്ട്.
അത് തുടങ്ങേണ്ടത് എന്നില്‍/നമ്മില്‍ നിന്നുതന്നെയാണ്!
ഭയാനകവും അന്ധാകാരാവൃതവും ആയ തടവറകള്‍ !
അവ എന്റെ/നമ്മുടെ ഹൃദയാന്തരാളങ്ങളില്‍ എവിടെയോ
ഒളിഞ്ഞിരിക്കുന്ന മനസ്സല്ലാതെ മറ്റെന്താണ്?
അതെ, എന്റെ / നമ്മുടെ മനസ്സ്!
അതിലേക്ക് ഇറ്റിവീഴുന്ന പ്രകാശ ധാരയുടെ
പ്രവേശന കവാടത്തെ ജാലകമാക്കി ഞാന്‍
അനന്തതയുടെ തുറന്ന വിഹായസ്സിലേക്ക്
കണ്ണും കാതും തുറന്നുകൊണ്ട് .........!!
എന്റെ ജാലകം......!!!
=============
ടി. കെ. ഉണ്ണി.
൨൬-൦൬-൨൦൦൮ 

ബുധനാഴ്‌ച, ജൂൺ 18, 2008

ആഘോഷം - (൨)

ആഘോഷം - ൨
==========
ഒരു വര്‍ഷത്തിൽ ആയിരമോ
അതിലധികമോ ദിവസങ്ങൾ
ഉണ്ടായിരുന്നെങ്കിൽ !

നമ്മൾ /അവർ
എല്ലാ ദിവസങ്ങളും
ആഘോഷമാക്കും!

അങ്ങനെ ചെയ്യുന്നതിന്
നമുക്ക് / അവര്‍ക്ക്
മതിയായ കാരണങ്ങൾ ഉണ്ട്!

കാരണം
ആഘോഷങ്ങളെല്ലാം
അവരുടെ ഇച്ഛകളാണ്‌!

ആജ്ഞാനുവർത്തികളായ നമ്മൾ
അവയെല്ലാം ഉത്സവങ്ങളാക്കി
അടിച്ചുപൊളിച്ചു ആഘോഷിക്കുന്നു!!
==========
ടി. കെ. ഉണ്ണി
൧൮-൦൬-൨൦൦൮

ചൊവ്വാഴ്ച, ജൂൺ 17, 2008

ആഘോഷം

ആഘോഷം
=========
ആഘോഷവും അന്വേഷണവും!
രാപകലന്വേഷണം!
അന്വേഷണം പകലിനെ ഇരുട്ടാക്കുന്നു!
കാരണം സൂര്യന് വെളിച്ചമില്ല!
അതിനാല്‍ ഭൂമി അന്ധകാരാവൃതം!
അന്വേഷണം ഇരുട്ടില്‍ തപ്പുന്നു!
പ്രകടനം അന്ധകാരത്തിന്റെ ആഘോഷം!
ചന്ദ്രന്നും താരകള്‍ക്കും ആദിത്യകിരണ ശോഭ!
ഇരുട്ടിന്റെ വെളിച്ചം പകല്‍ പോലെ !
രാത്രി പകലും പകല്‍ രാത്രിയുമാകുന്നു !
ദിനരാത്രങ്ങള്‍ അവരുടെ സ്വന്തമാകുന്നു !
അവര്‍ ആഘോഷിക്കുന്നു !!
.... .... .... ....
ടി. കെ. ഉണ്ണി
൧൭-൦൬-൨൦൦൮

തിങ്കളാഴ്‌ച, ജൂൺ 16, 2008

ജനബാഹുല്യം

ജനബാഹുല്യം
===========
അധിക ജനസംഖ്യയുള്ള 5 ലോക നഗരങ്ങൾ

1.    ടോക്യോ - ജപ്പാൻ.               3 കോടി 34 ലക്ഷം ജനങ്ങൾ
2.    സിയൂൾ - ദക്ഷിണകൊറിയ.   2 കോടി 31 ലക്ഷം ജനങ്ങൾ
3.    ന്യൂയോർക്ക് - അമേരിക്ക.       2 കോടി 18 ലക്ഷം ജനങ്ങൾ
4.    മുംബായ് - ഇന്ത്യ.                  2 കോടി 11 ലക്ഷം ജനങ്ങൾ
5.    സാവോപോളോ - ബ്രസീൽ.   2 കോടി 03 ലക്ഷം ജനങ്ങൾ

പല രാഷ്ട്രങ്ങളിലേയും മൊത്തം ജനസംഖ്യയേക്കാൾ അധികം ജനങ്ങളുള്ള ഒട്ടനവധി നഗരങ്ങൾ ലോകത്തിലുണ്ട്.
========
ടി.കെ. ഉണ്ണി
========

ലോക ജനസംഖ്യാ കണക്കുപുസ്തകത്തിനോട് കടപ്പാട്.

൧൬-൦൬-൨൦൦൮