ചൊവ്വാഴ്ച, ജൂൺ 27, 2017

എരിയാത്ത കനല്‍

എരിയാത്ത കനൽ
===============
മെഴുകുതിരികൾ വെറുംവഴിപാടുകൾ മാത്രമല്ല,
സംഹാരശക്തിയുള്ള വെടിക്കോപ്പുകളും കൂടിയാണ്.!
വെടിയുണ്ടകള്‍ക്ക് നിനച്ചിരിക്കാതെ മാറ്റം വന്നിരിക്കുന്നു.
അവയ്ക്കിപ്പോൾ വര്‍ണ്ണങ്ങളെ തിരിച്ചറിയാമത്രേ. 
ചിലമെഴുകുതിരികൾ കത്താന്‍ വൈമനസ്യമുള്ളവയാണ്.
സൌവര്‍ണ്ണ സൌമ്യതയില്ലെന്നത് കുറ്റകരമാണ്.
തിരിച്ചറിവുകൾ സാമദ്രോഹങ്ങളാവുന്നതിൽ 
വെടിക്കോപ്പുകള്‍ക്കുള്ള പങ്ക് സുവിദിതമാണ്.! 
ചിലർക്കത് കൂടുതൽ വഴങ്ങി തലകുനിച്ചുനില്ക്കും.
തീപ്പെട്ടിയുരക്കുംമുമ്പ് തീയേറ്റുവാങ്ങും, ജ്വലിക്കും.
അല്ലാത്തവർ പലവട്ടം തീകൊളുത്തിയാലും കത്തുകയില്ല,
നനഞ്ഞുകുതിർന്നുതന്നെയിരിക്കും, തിരയില്ലാത്ത
തോക്കുപോലെ, അലകില്ലാത്ത കത്തിപോലെ. 
എരിയാത്തമെഴുകുതിരികള്‍ക്കൊളിച്ചുകളിക്കാൻ 
കറുത്തകൈകളാലവര്‍ക്കെന്നും സുഖവാസമത്രേ. 
അങ്ങാടിയിൽ നിന്നുമവർ അപ്രത്യക്ഷമാവും.
പത്തായവും പണ്ടകശാലയും ശൂന്യമാവും,
മെഴുകുതിരിപ്പാടങ്ങളിൽ വരള്‍ച്ചവിളയും 
ദരിദ്രന്റെ പ്രതിഷേധങ്ങൾ കരിക്കട്ടകളാവും 
അഭിമാനത്തീച്ചൂളയിലെരിഞ്ഞ,വയെല്ലാം 
ചാരമാവും, സാമദണ്ഡങ്ങൾ വിധിയായിത്തീരും.! 
=============
ടി.കെ. ഉണ്ണി
൨൨-൧൨-൨൦൧൫
=============

സങ്കീര്‍ണ്ണം

സങ്കീർണ്ണം
========
മനുഷ്യർക്കുള്ളത്ര ക്രൂരത
മറ്റു ജന്തുവർഗ്ഗങ്ങൾക്ക്
ഒന്നിനുമില്ല..!

അനാദികാലത്ത് മനുഷ്യർക്ക്
മനുഷ്യമാംസം ആഹാരമായിരുന്നു.!
കൊന്നുതിന്നുന്നത്
ജീവിതോപാധിയായിരുന്നു.!
അന്നും പില്ക്കാലത്തും
മനുഷ്യർ അക്കാര്യം
ന്യായീകരിച്ചു.!
കൊന്നാൽ തിന്നണമെന്ന
ധാരണ ഉരുത്തിരിഞ്ഞു.!

അന്നും സുഭിക്ഷമായിരുന്ന
വിസർജ്ജ്യങ്ങളൊന്നുംതന്നെ
അനാഥമായിരുന്നില്ല.!
അനവധി സൂക്ഷ്മാവസ്ഥയിലൂടെ
അവ മനുഷ്യർക്ക് ആഹാരമായി.!
പക്ഷെ, പരിഷ്ക്കരണവാദികളുടെ
ചിന്തകൾ കാടുകയറി.!
അവർ സ്വഗോത്രത്തെ
ആഹരിക്കുന്നതിൽ നിന്നും പിന്മാറി.!
അന്ന് ഡാർവിനും മോറിസും
ജനിക്കാതിരുന്നതുകൊണ്ട്
അവർക്ക് മറ്റൊന്നും
തീരുമാനിക്കാനായില്ല.!
മനുഷ്യരല്ലാത്ത ജന്തുവർഗ്ഗത്തെയും
സസ്യജാലത്തെയും
അവർ വേട്ടയാടി..!

നമ്മളിപ്പോഴും അവിടെത്തന്നെയാണ്‌.!
വീൺവാക്കുകളെ വാറോലകളാക്കി
മസ്തിഷ്ക്കത്തിൽ ചാപ്പകുത്തി
വേട്ടയാടൽ തുടർന്നു.!
ഇന്നിപ്പോൾ, നമ്മിലെ ചിലർ
വേട്ടമൃഗത്തോടൊപ്പം
പിന്തിരിഞ്ഞുനോക്കുന്നു.!
പുതിയ ഇരകളെ കണ്ടെത്തുന്നു.!
  
കൂട്ടംതെറ്റി മേയുന്ന
വിശുദ്ധ പശുക്കളോടൊപ്പം
അശരണരായ മനുഷ്യരുടെ,
ഇരകളുടെ കൂട്ടത്തെ.!

പൂർവ്വികന്റെ കോമ്പല്ലുകൾ
യന്ത്രത്തോക്കുകളാക്കി
കൈവശപ്പെടുത്തി
ഇരകളെ മാനഭംഗപ്പെടുത്തി
കടിച്ചുകീറുന്നു,
ആഹരിച്ചാർമ്മാദിച്ചു
കുഴിച്ചുമൂടുന്നു.!

പുതിയൊരു സംസ്കാരത്തിന്റെ
സംസ്ഥാപനം.!
സമത്വമാർന്ന ദൈവലോകത്തിന്റെ
സ്വപ്നായന സാർത്ഥകം.!

അല്ല......
ആദിമ മനുഷ്യന്റെ
സംസ്കാരത്തിലേക്ക്
ഇഹപരലോകത്തിന്റെ
സമന്വയത്തിലേക്ക്,
ഗോപുരവാതിൽ തുറക്കുന്നത്
ശ്ലാഘനീയമല്ലെന്നോ..??

ഒരു മനുഷ്യനാവുകയെന്നത്
അത്ര സങ്കീർണ്ണമോ..??

============
ടി.കെ. ഉണ്ണി

൨൪-൧൨-൨൦൧൪ 

ശനിയാഴ്‌ച, ജൂൺ 24, 2017

സുകൃതം

സുകൃതം
======
വേഗത്തെ പിന്തുടർന്നവർ
ജയത്തെ ആവാഹിച്ചവർ
ജനത്തെ മോഹിപ്പിച്ചവർ
ജയിച്ചവരും
ജയിപ്പിച്ചവരും
ജയിച്ചു തോറ്റവരും
ജയിപ്പിച്ചു തോല്പിച്ചവരും
തോറ്റവരും
തോല്പിച്ചവരും
തോറ്റു ജയിച്ചവരും
തോല്പിച്ചു ജയിപ്പിച്ചവരും
നമുക്കന്യരല്ലാതാവുന്നത്
ഗതിവേഗ സുകൃതം തന്നെ.!

കയറ്‌ കുരുക്കുന്നതും
അറ്റത്ത് വളയമാക്കി
മോന്തായത്ത് തൂക്കുന്നതും
കഴുത്ത് കുരുക്കി
തൂക്കം നോക്കുന്നതിന്നാണ്‌.!
അറ്റുപോയ ശ്വാസത്തിന്റെ
ഗതിവേഗമോ, തൂക്കമോ
അളക്കുന്നവന്റെ
വിയർപ്പുനാറ്റം സുഗന്ധമാവുന്നത്
അപ്പോൾ മാത്രമാണ്‌.!

മരിച്ച മനസ്സുമായി
കാറ്റില്ലാതെ തൂങ്ങിയാടുന്ന
ബന്ധത്തിനു
കബന്ധത്തിനു
എന്ത് ഗന്ധം.?
ഗന്ധകപ്പുക
സുഗന്ധമാവുന്ന
സുകൃതം മാത്രം.!
===========
ടി.കെ. ഉണ്ണി

൧൧-൧൨-൨൦൧൪ 

സ്വരസുന്ദരി

സ്വരസുന്ദരി 
==========
അകതാരിലായിരം താരകങ്ങൾ,
ആലോലമാടുന്ന പൂന്തിങ്കളും
ഇശൽമൂളിയെത്തുന്ന പൈമ്പാൽനിലാവും
ഈണത്തിൽ പാടുന്ന പെൺകിടാവും..
ഉണ്മയായ്ത്തീരാത്ത സ്വപ്നത്തിലേ
ഊമയായ് മാറിയ പൊൻകുരുന്ന്-ഇന്ന്
ഋതുമതിയായവൾ പൂത്തുലഞ്ഞൂ..

എന്നെന്നും വിരിയുന്ന കുടമുല്ലപ്പൂപോലെ
ഏറിവന്നല്ലൊ നാണത്തിൻ പൂക്കളും.
ഐശ്വര്യമാണവൾ പ്രപഞ്ചമാകേ
ഒളിവിതറുന്നൊരു പൊൻതാരക.
ഓമനയാണവൾ ഉറ്റവരെല്ലാർക്കും
ഔദാര്യമല്ലാത്ത സ്നേഹവായ്പാൽ
അംശുമതിയായവൾ വർണ്ണമായി.!
.......................
ടി.കെ. ഉണ്ണി

൨൬-൦൧-൨൦൧൬

വ്യാഴാഴ്‌ച, ജൂൺ 22, 2017

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം
========
സ്വതന്ത്ര ഭാരതത്തിലെ അസ്വതന്ത്രർ
അവർ ദരിദ്ര നാരായണന്മാർ
അവരെയോർക്കുന്നത് ശിക്ഷാർഹം
അവരെ സേവിക്കുന്നത് രാജ്യദ്രോഹം
കെട്ടുകാഴ്ചകളുടെ അരങ്ങേറ്റം
സ്വാതന്ത്ര്യത്തിന്റെ ബോധോദയ മാത്രകൾ
വർഷാവർഷം പേമാരി പോലെ
കോരിച്ചൊരിയുന്ന ഭാഷണപ്പേക്കൂത്ത്
തേനലകളാക്കിയുള്ള ഔദാര്യപ്രളയം.!
ഇനിയെന്തെന്തില്ലെന്റെ പ്രജകൾക്കെന്ന്
ചക്രായുധധാരിയാം ഇന്ദ്രപ്രസ്ഥനേമാൻ
അവനല്ലോ അന്നവും അന്നദാതാവും.!
വീരശൃംഖലകളേമാന്മാർക്ക്
കൊടിക്കൂറകളവരുടേത്
നാടും നാട്ടായ്മയുമവർക്ക്
കൂടും കൂട്ടായ്മയുമതുപോലെ
ഇല്ലാത്ത ശബ്ദത്തിൽ വിളിച്ചുകൂവാൻ
മൃഗതുല്യ മനുഷ്യജന്മങ്ങൾ
ഉന്മത്തരാക്കപ്പെട്ട വർഗ്ഗസ്നേഹികൾ
ചുരുട്ടിപ്പൊക്കാൻ മുഷ്ടികളറ്റവർ
കാലാകാലങ്ങളിൽ വിരലറ്റങ്ങളിൽ
മഷിപുരട്ടാൻ തുട്ടും പട്ടയും
മുട്ടിപ്പാക്കുന്ന വോട്ടുബാങ്കുകൾ
ഈ കഴുത ജന്മങ്ങൾക്ക് സ്വാതന്ത്ര്യമോ.?
അതില്ലെങ്കിലും നാടേ, നിന്റെ
സ്വാതന്ത്ര്യം നീണാൾ വാഴട്ടെ.!
പരിതപിക്കാൻ മാത്രമായെന്റെ
പാരതന്ത്ര്യവും നീണാൾ വാഴട്ടെ.!
എങ്കിലും സ്വാതന്ത്ര്യം..
എനിക്കെന്നാണതുണ്ടാവുക..??
============
ടി. കെ. ഉണ്ണി
൧൫-൦൮-൨൦൧൨

വിഷുക്കാലം

വിഷുക്കാലം
=========
വിഷുവരും വീര്യത്തോടെ
മണിമേടകളിൽ
വിഷം വരും വീഞ്ഞുപോലെ
കുപ്പികളിൽ
വിഷുപ്പക്ഷി കഴുകനായ് മാറും
കാമനകളിൽ
വിഷമൂതി പെരുപ്പിക്കും നാഗം
അന്തരാളത്തിൽ
......

വിഷം ചേർത്തുണ്ണും 
ഭവ്യരാം വിഷഹാരികൾ..
ദർശനചേഷ്ടകളിൽ 
വിഷം വമിപ്പോർ..
പീഢനം വിനോദമാ-
യാഘോഷിപ്പോർ..
താഢനം താലോല-
മായാനന്ദിപ്പോർ..
മനസ്സിനെ മതിഭ്രമ
വിഷവിത്താക്കുവോർ..
ഒത്തുചേരുമത്രെ,
വിഷുദിനമാഘോഷിപ്പാൻ.!
വിഷവും വിഷയവു-
മല്ലാതെന്തുണ്ട് വിഭോ
വിസ്തൃതമാമീ
കലുഷിതഭൂമിയിൽ.!!  

============
ടി.കെ. ഉണ്ണി

൧൪-൦൪-൨൦൧൫