ചൊവ്വാഴ്ച, ജൂൺ 27, 2017

എരിയാത്ത കനല്‍

എരിയാത്ത കനൽ
===============
മെഴുകുതിരികൾ വെറുംവഴിപാടുകൾ മാത്രമല്ല,
സംഹാരശക്തിയുള്ള വെടിക്കോപ്പുകളും കൂടിയാണ്.!
വെടിയുണ്ടകള്‍ക്ക് നിനച്ചിരിക്കാതെ മാറ്റം വന്നിരിക്കുന്നു.
അവയ്ക്കിപ്പോൾ വര്‍ണ്ണങ്ങളെ തിരിച്ചറിയാമത്രേ. 
ചിലമെഴുകുതിരികൾ കത്താന്‍ വൈമനസ്യമുള്ളവയാണ്.
സൌവര്‍ണ്ണ സൌമ്യതയില്ലെന്നത് കുറ്റകരമാണ്.
തിരിച്ചറിവുകൾ സാമദ്രോഹങ്ങളാവുന്നതിൽ 
വെടിക്കോപ്പുകള്‍ക്കുള്ള പങ്ക് സുവിദിതമാണ്.! 
ചിലർക്കത് കൂടുതൽ വഴങ്ങി തലകുനിച്ചുനില്ക്കും.
തീപ്പെട്ടിയുരക്കുംമുമ്പ് തീയേറ്റുവാങ്ങും, ജ്വലിക്കും.
അല്ലാത്തവർ പലവട്ടം തീകൊളുത്തിയാലും കത്തുകയില്ല,
നനഞ്ഞുകുതിർന്നുതന്നെയിരിക്കും, തിരയില്ലാത്ത
തോക്കുപോലെ, അലകില്ലാത്ത കത്തിപോലെ. 
എരിയാത്തമെഴുകുതിരികള്‍ക്കൊളിച്ചുകളിക്കാൻ 
കറുത്തകൈകളാലവര്‍ക്കെന്നും സുഖവാസമത്രേ. 
അങ്ങാടിയിൽ നിന്നുമവർ അപ്രത്യക്ഷമാവും.
പത്തായവും പണ്ടകശാലയും ശൂന്യമാവും,
മെഴുകുതിരിപ്പാടങ്ങളിൽ വരള്‍ച്ചവിളയും 
ദരിദ്രന്റെ പ്രതിഷേധങ്ങൾ കരിക്കട്ടകളാവും 
അഭിമാനത്തീച്ചൂളയിലെരിഞ്ഞ,വയെല്ലാം 
ചാരമാവും, സാമദണ്ഡങ്ങൾ വിധിയായിത്തീരും.! 
=============
ടി.കെ. ഉണ്ണി
൨൨-൧൨-൨൦൧൫
=============

അഭിപ്രായങ്ങളൊന്നുമില്ല: