ചൊവ്വാഴ്ച, ജൂൺ 26, 2012

ബോട്ട് അഥവാ അന്യവൽക്കരണം

ബോട്ട് അഥവാ അന്യവൽക്കരണം
= = = = = = = = = = = = = = = = =
ത്യാഗമതികളായിരുന്ന മുൻ തലമുറയുടെ ജീവസമർപ്പണങ്ങളെക്കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യം ആവോളമാസ്വദിച്ചാനന്ദിക്കുന്ന ഇപ്പോഴത്തെ ജനതയും അവരുടെ ഭരണകൂടങ്ങളും ജനസേവ തല്പരരാണെന്ന് നാൾക്കുനാൾ ആണയിടുന്നു. അവരുടെ സേവനതല്പരതയുടെ നിരവധി ചിത്രങ്ങളിൽ ഒന്നുമാത്രമാണ്‌ തൃശ്ശൂരിന്നടുത്ത പാല്യങ്കരയിൽ നടക്കുന്ന ബി.ഒ.ടി വിരുദ്ധസമരത്തിന്ന് ഇടയാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു ദശകങ്ങളായി നാടുഭരിക്കുന്നവർക്ക് ബാധിച്ചിട്ടുള്ള ആഗോളവല്ക്കരണമെന്ന ഭൂതാവേശം മനോജ്ഞമാണെന്ന് കൊട്ടിഘോഷിക്കപ്പെടുന്നത്, പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾക്കും സമൂഹസംരക്ഷണ സിദ്ധാന്തങ്ങൾക്കും ധാർമ്മിക സംസ്കാരബോധങ്ങൾക്കും ഒരുപോലെ സ്വീകാര്യമാകുന്ന അവസ്ഥയാണുള്ളത് എന്നതുകൊണ്ടുതന്നെ, സാധാരണ ജനം എത്തിച്ചേർന്നിട്ടുള്ള ദുരവസ്ഥയെന്തെന്ന് വ്യക്തമാണ്‌.

നമ്മുടെ ദേശീയപാതകൾ സ്വയംഭൂവായി ഉണ്ടായതല്ല. അവ പലയിടത്തും നാട്ടുവഴികളുടെ വിപുലീകരണത്തിലൂടെയും ചിലയിടങ്ങളിൽ പുതിയ വഴിവെട്ടിത്തെളിച്ചും രൂപപ്പെട്ടതാണ്‌. അതാവട്ടെ ജനങ്ങളിൽ പലരും പ്രതിഫലം വാങ്ങാതെയും വളരെ കുറച്ചുപേർ നാമമാത്രമായ പ്രതിഫലം സ്വീകരിച്ചും സൗജന്യമായി നൽകിയ ഭൂമിയിലൂടെയാണ്‌. അവയുടെ ഇന്നത്തെ വിനിമയമൂല്യം നൂറുകണക്കിനു ലക്ഷം കോടികളാണ്‌. പൊതുനിരത്തുകൾ സർക്കാറിന്റേത് (ജനങ്ങളുടേത്) ആവുന്നതുകൊണ്ടാണ്‌ പ്രതിഫലമില്ലാതെ സാധാരണജനങ്ങൾ അവരുടെ കൈവശമുണ്ടായിരുന്ന ഭൂമി മുൻകാലങ്ങളിൽ സർക്കാരിന്‌ വിട്ടുകൊടുത്തത്. (എന്റെ സ്വന്തം അനുഭവത്തിൽ നിന്നും ഉദാഹരിക്കാം. വീടിന്റെ മുൻവശത്തുണ്ടായിരുന്ന ഇടവഴി പഞ്ചായത്ത് റോഡായി വികസിപ്പിക്കുന്നതിനു 16 സെന്റ് സ്ഥലം പ്രതിഫലമില്ലാതെ ആദ്യം വിട്ടുകൊടുത്തു. പിന്നീട് അത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാർ ചെയ്ത് വീണ്ടും വികസിപ്പിക്കുന്നതിന്നായി 8 സെന്റ് ഭൂമി കൂടി വിട്ടുകൊടുത്തു പ്രതിഫലം പറ്റാതെ.) ഞങ്ങൾ മാത്രമല്ല, റോഡിന്റെ ഇരുവശത്തുള്ളവരെല്ലാം അളവിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും സ്ഥലം വിട്ടുകൊടുത്തവരാണ്‌.
ഇപ്പോൾ ബസ്സുകൾ സർവീസ് നടത്തുന്ന പ്രസ്തുത റോഡ് സർക്കാറിന്റേതാണ്‌, അതുകൊണ്ടുതന്നെ ഞങ്ങളുടേതാണ്‌, ജനങ്ങളുടേതാണ്‌. നാളെ റോഡിലെ കുണ്ടും കുഴിയും തീർത്തെന്നും അരികിലെ പുല്ല് ചെത്തിമാറ്റിയെന്നും അതിനുവന്ന ചിലവിനു പകരമായി റോഡ് തന്നെ പുത്തൻ മുതലാളിക്ക് വിറ്റുവെന്നും മുതലാളി അതിലൂടെ നടക്കുന്ന, പോവുന്ന, യാത്രചെയ്യുന്ന മനുഷ്യരിൽനിന്നും യാത്രക്കാരിൽനിന്നും വാഹനങ്ങളിൽനിന്നും ചുങ്കം പിരിക്കുമെന്നും അത് അനിശ്ചിതകാലത്തേക്കായി കരാറെഴുതി വില്പന നടത്തിയിരിക്കുന്നെന്നും പറയുന്ന സർക്കാർ, ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. സാധാരണക്കാരന്റെ പൊതുവഴികളും ഇടങ്ങളും പൊതുസ്വത്തായി നിലനിൽക്കേണ്ടതല്ലേ. അവയെല്ലാം സാധാരണക്കാരന്‌ അന്യമാക്കുന്നതിനുവേണ്ടിയാണോ നമ്മൾ ഗവർമെന്റിനെ തെരഞ്ഞെടുക്കുന്നത്.? ഇക്കാര്യത്തിൽ സർക്കാരിന്റെ സമീപനത്തിൽ പുനരാലോചന ആവശ്യമാണ്‌.
റോഡ് സംരക്ഷണത്തിനും വികസനത്തിനും പണമില്ലെന്നുള്ളത് സാങ്കേതികാർത്ഥത്തിലെ വരട്ടുവാദം മാത്രമാണ്‌. അത്യാവശ്യമായി വരുന്ന കാര്യങ്ങൾക്ക്, പദ്ധതികൾക്ക്, അവ പൊതുജനോപകാരപ്രദമാകുമെങ്കിൽ, അതിനു പണം കണ്ടെത്തുന്നതിന്‌ ജനകീയ പങ്കാളിത്തം ഉപയോഗപ്പെടുത്തി പദ്ധതി വിജയിപ്പിക്കാവുന്നതും അതിന്റെ ഗുണഭോക്താക്കൾ ഇരുവശത്തും പൊതുജനങ്ങൾ തന്നെയാകുന്നതും ഏതൊരു ജനകീയ സർക്കാരിനും അതിനോടൊപ്പമുള്ള ജനങ്ങൾക്കും അഭിമാനാർഹമായിരിക്കും. എന്തുകൊണ്ടാണ്‌ ഇക്കാര്യങ്ങളൊന്നും പ്രത്യയ/അ/പ്രത്യയശാസ്ത്രകുതുകികൾക്കൊന്നും മനസ്സിലാകാതെ പോവുന്നത്.?
ഇത്തരമൊരു ഘട്ടത്തിൽ സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന്നായി നേരിട്ടിടപെടുകയെന്നത് ആവശ്യമായിത്തീർന്നിരിക്കുന്നു..
ബി.ഒ.ടി.എന്ന പേരിൽ നടക്കുന്ന സ്വകാര്യവല്ക്കരണം യാതൊരു കാരണവശാലും അനുവദിച്ചുകൊടുക്കാവുന്നതല്ല. സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഭരണഘടനാ ലംഘനത്തിനുപോലും കൂട്ടുനില്ക്കുന്ന ഭരണാധികാരികളുടെ നെറികേടുകളെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനുള്ള സാധാരണ ജനത്തിന്റെ പ്രതിഷേധങ്ങൾക്ക് എല്ലാവിധ പിന്തുണയും ജനപക്ഷത്തുനിന്നു ഉണ്ടാവണം.
= = = = = =
ടി. കെ. ഉണ്ണി
26-06-2012

ബുധനാഴ്‌ച, ജൂൺ 20, 2012

വായന

വായന
======
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് മലയാളികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിന്നായി മൺമറഞ്ഞ അഭിവന്ദ്യനായ 
ശ്രീ. പി.എൻ. പണിക്കർ നടത്തിയ ഐതിഹാസിക യാത്രാ സ്മരണകൾ 
ഇന്നത്തെ യുവതലമുറക്ക് പ്രചോദനമേകട്ടെ എന്ന പ്രതീക്ഷയോടെ 
വായനാദിനത്തിന്‌ ആശംസകൾ.
വായന വളർന്നുവെന്നും തളർന്നുവെന്നും  വാഗ്വാദങ്ങളുന്നയിക്കുന്നവർക്ക് 
അനുപൂരകമായി ലഭിക്കുന്ന കണക്കുകൾക്ക് സാംഗത്യമുണ്ടെന്ന് കരുതുന്നു. 
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പുസ്തകവില്പനയിൽ വർദ്ധനവുണ്ടായതായും 
കൂടുതൽ പുസ്തകങ്ങൾ പ്രകാശിക്കപ്പെട്ടതായും കണക്കുകളുദ്ധരിച്ച് വായന 
വളർന്നവരുടെ പക്ഷം ആഘോഷിക്കുമ്പോൾ ദൃശ്യമാദ്ധ്യമങ്ങളിൽ ആകൃഷ്ടരായ ആബാലവൃദ്ധരെയും അത്യന്താധുനിക വായനാമാദ്ധ്യമങ്ങളെ കളിപ്പാട്ടമാക്കുന്ന 
യുവതലമുറയെയും പ്രതിസ്ഥാനത്ത് നിർത്തി വായന തളർന്നവരുടെ പക്ഷം 
കൂടുതൽ രൗദ്രത്തിലെത്തുന്നു..

യഥാർത്ഥത്തിൽ വായന വളർന്നുവോ (എണ്ണത്തിലും വണ്ണത്തിലും) അല്ലെങ്കിൽ 
തളർന്നുവോ.?  സമൂഹത്തിലെ ഇടത്തട്ടുകാർക്കുണ്ടായിട്ടുള്ള സാമ്പത്തിക മുന്നേറ്റം പുസ്തകവില്പന വർദ്ധിക്കുന്നതിനു കാരണമായിട്ടുണ്ട്. ഇടത്തരം പട്ടണങ്ങളിലും പഞ്ചായത്തുകളിലും ഗ്രാമങ്ങളിലുമെല്ലാം ഉയർന്നിട്ടുള്ള ബംഗ്ലാവ് പോലുള്ള വലിയ 
വീടുകളിലെ പ്രധാനമായ അലങ്കാരവസ്തുവാണ്‌ പുസ്തക അലമാരകൾ.. 
പ്രസ്തുത അലമാരകളിൽ സ്ഥിരാവകാശികളാവാൻ വിധിക്കപ്പെട്ടിട്ടുള്ള 
നിഘണ്ടുക്കളോടും വിജ്ഞാനകോശങ്ങളോടുമൊപ്പം കയറിപ്പറ്റാൻ പുതിയ 
പുസ്തകങ്ങൾക്കും പുത്തൻ പതിപ്പുകളിറക്കുന്ന പഴയ പുസ്തകങ്ങൾക്കും 
സാധിക്കുന്നുണ്ട്.! ഇങ്ങനെ പുസ്തകം അലങ്കാരമാവുന്നതല്ലാതെ അവ 
വായിക്കപ്പെടുന്നുണ്ടെന്ന് ആർക്കാണു ഉറപ്പിക്കാനാവുക.?

മുമ്പൊക്കെ പ്രധാന പത്രങ്ങളും ആനുകാലികങ്ങളുമെല്ലാം ഓരോ പ്രതിയും പത്തും 
പതിനഞ്ചും പേർ വീതം വായിച്ചിരുന്നു. ഇന്ന് ഒന്നിലധികം പത്രങ്ങളും വാരികകളും 
മാസികകളും മറ്റും വാങ്ങാത്ത ഇടത്തട്ടു മേൽത്തട്ടു വിഭാഗങ്ങൾ ഇല്ലെന്നുതന്നെ 
പറയാം. പത്രങ്ങളും ആനുകാലികങ്ങളും വാങ്ങുന്നവരുടെ എണ്ണത്തിൽ 
വർദ്ധനയുണ്ടായെങ്കിലും അവ വാങ്ങുന്നവർ പോലും അത് വായിക്കണമെന്ന നിർബന്ധമുള്ളവരല്ലെന്നു മാത്രമല്ല, അതൊരലങ്കാരവസ്തുമാത്രമായി 
കാണുന്നവരാണു താനും. സ്വീകരണമുറികളിലെ സൽക്കാരമേശകളിൽ 
ചത്തുമലച്ചുകിടക്കുന്ന പത്രമാസികകൾ ആഴ്ചകൾക്കൊടുവിൽ കുപ്പിപ്പാട്ട
വിൽപ്പനക്കാരുടെ പ്ലാസ്റ്റിക് ചാക്കുകളിലേക്ക് വിൽക്കപ്പെടുമ്പോൾ വായനയുടെ 
ശവസംസ്കാരം നടക്കുന്നു. ഒപ്പം സമൂഹത്തിലെ മാന്യതയും അഭിമാന 
സംസ്കാരബോധവും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
ഈ അവസ്ഥയെ മുൻനിർത്തിയല്ലാതെ വായനയെ വിലയിരുത്തുന്നതെങ്ങിനെ.
ഈ കുറിപ്പ് വായിക്കുന്നവരെല്ലാം അവരവരുടെ യുക്താനുസരണമുള്ള ധാരണകളിൽ 
എത്തട്ടെ, അതനുസരിച്ച് വായനയെ വിലയിരുത്തട്ടെ.
വായനാദിനത്തിൽ എല്ലാ വായനക്കാർക്കും ആശംസകളോടെ.
==========
ടി. കെ. ഉണ്ണി.
൨൦-൦൬-൨൦൧൨ 

ചൊവ്വാഴ്ച, ജൂൺ 12, 2012

ഇരട്ടക്കുട്ടികൾ.

ഇരട്ടക്കുട്ടികൾ
===========
സത്യനും നുണയനും ഇരട്ടപെറ്റവർ..
ഇരുമുലകളും മാറിമാറിക്കുടിച്ചവർ..
ഇരുകൈകളും മാറ്റിമാറ്റിക്കുഴഞ്ഞമ്മ
അമ്മിഞ്ഞയൂട്ടിന്റെ നിർവൃതിയണഞ്ഞേൻ..
പോരടിക്കുട്ടന്മാർ സത്യനും നുണയനും
വായിലെപ്പാലരുവി കുടിച്ചുറങ്ങി..
ചുണ്ടിലുണങ്ങിയ പാൽമധുവുണ്ണാൻ
മക്ഷികമൊന്നുകുത്തി നുണയന്റെ ചുണ്ടിലും
നുണയന്റെ രോദനം കേട്ടുണർന്നമ്മയും
വാരിയെടുത്തോമനിച്ചു, തിരുകി വായിലമ്മിഞ്ഞ
വദനത്താൽ മൊത്തിക്കുടിച്ചാഹ്ലാദിച്ചവൻ
കൈകാൽ തല്ലിച്ചിരിപ്പതാലെ
കിട്ടി കയ്യിലൊരമ്മിഞ്ഞമൊട്ട്,
മുറുകെപ്പിടിച്ചവൻ ആർമാദിക്കേ
കണ്ടു അവന്റെ കണ്ണിലെ തിളക്കമമ്മയും
കൈമാറ്റിക്കിടത്തി നുണയനെയും.!
മറുകയ്യാൽ തപ്പിപ്പരതി നുണയനും
കിട്ടിയവന്നു മറ്റൊരമ്മിഞ്ഞമൊട്ട്..
ഒന്നുവായിലും മറ്റൊന്നുകയ്യിലും
മതിമറന്നാനന്ദിച്ചാൻ നുണയനന്നേരം
ധൃതിപ്പെട്ടമ്മയുണർത്തി പാവം സത്യനെ
ഒരുകയ്യാൽ വലിച്ചെടുത്തിരുത്തി മടിയിലും
നുണയന്റെ കൈവിടുവിച്ചുകൊണ്ടമ്മയന്നേരം
പാൽമൊട്ട് തിരുകിക്കയറ്റി സത്യന്റെ വായിലും.!
നുണയനന്നാദ്യം തല്ലി, പാൽമണക്കൈകളാൽ സത്യനെ,
പിന്നെ മൃദുമോണയാൽ കടിച്ചമ്മിഞ്ഞമൊട്ടിനെ പലവട്ടം,
എന്നിട്ടും അമ്മതന്നുമ്മകൾ നുണയന്നാദ്യം, പിന്നെ സത്യനും.
അന്നാവാം കരയുന്നവന്നായി പാൽ നിയമമുണ്ടായത്.!
സത്യനും നുണയനും ഇരട്ടപെറ്റവർ..
ഇരുമുലകളും മാറിമാറിക്കുടിച്ചവർ..
=========
ടി. കെ. ഉണ്ണി
൧൨-൦൬-൨൦൧൨