ശനിയാഴ്‌ച, ഡിസംബർ 25, 2010

തമസ്ക്കരണം

തമസ്ക്കരണം
========
സംസ്ഥാന സ്കൂൾ കായികമാമാങ്കം..
വേഗം കൂടിയ ഓട്ടക്കാരനെ കണ്ടെത്തുന്ന മത്സരം...
കാണികളും സംഘാടകരും മത്സരാർത്ഥികളും ചേർന്ന നാടകം ...
ചാനലുകളുടെ തത്സമയ സംപ്രേഷണത്തിലൂടെ കണ്ട കാഴ്ചയാണ്‌ അത്ഭുതമുണ്ടാക്കിയത്‌..
സത്യത്തിന്റെ തമസ്ക്കരണം.!

വൈവിദ്ധ്യമാർന്ന തമസ്ക്കരണങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും പരിചയമുള്ളവരാണ്‌ പൊതുജനം.  പക്ഷെ, ഇത്‌ കുറെ കടന്ന കയ്യായെന്ന് ചിലരെങ്കിലും കരുതാതില്ല, 
സത്യത്തിന്റെ ഈ തമസ്ക്കരണം. അതെങ്ങിനെ ചെയ്യാമെന്ന് അവരൊത്തുചേർന്ന് സമർത്ഥമായി ജനങ്ങളെ ബോധ്യപ്പെടുത്തി. മാത്രമല്ല ഈ തമസ്ക്കരണത്തിന്റെ ലാഭത്തെ ആദരിക്കുകയും ആദർശവൽക്കരിക്കുകയും ചെയ്തു. അതിൽ പങ്കാളികളായവർ സാധാരണക്കാരല്ല.  എല്ലാം വമ്പന്മാരും കൊമ്പന്മാരും ഭരണാധികാരികളും സേവകരുമൊക്കെയാണ്‌.  യാതൊരു ഉളുപ്പുമില്ലാതെ അവർ അത്‌ ചെയ്തു.!

ചില കഥകളിൽ, സിനിമകളിൽ, കേട്ടുകേൾവികളിൽ, സംഭവിക്കുന്നതായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയെ ഇവിടെ ബോധപൂർവ്വമായി സ്ഥാപനവൽക്കരിക്കുകയാണുണ്ടായത്‌...

ദിവംഗതനായവന്റെ ആഗ്രഹ സാഫല്യം..
അതിന്റെ ശ്രേഷ്ഠമായ മാതൃക..
അതാണത്രെ അവിടെ അരങ്ങേറിയത്‌...

ഇത്‌ മാതൃകാപരമെന്ന് ആബാലവൃദ്ധം ബുദ്ധിജീവികൾ മൗനം സമ്മതമെന്നറിയിച്ചിരിക്കുന്നതിനാൽ ഇത്‌ നമുക്കെല്ലാം പിൻപറ്റാവുന്നതാണ്‌..

തെറ്റുകുറ്റങ്ങൾ, ധർമ്മാധർമ്മങ്ങൾ, നീതിനിയമങ്ങൾ, അവകാശാധികാരങ്ങൾ തുടങ്ങി കാക്കത്തൊള്ളായിരം കാര്യങ്ങളെപ്പറ്റി ബോധ്യങ്ങളുള്ള മനുഷ്യർക്ക്‌ ഇവയിലൊന്നും ഉൾപ്പെടാത്തൊരു കാര്യമാണിതെന്ന വിചിന്തനത്തെ ആശങ്കയോടെമാത്രമേ നിരീക്ഷിക്കാനാവൂ.!

ഇത്തരം മാതൃകാപരമായ പിൻപറ്റലാണ്‌ വലിയ മുന്നേറ്റങ്ങളായിത്തീരുക എന്നത്‌ കൂടുതൽ ആശങ്കയുണ്ടാക്കുന്നു..

ഇന്ന് കേരളരാഷ്ട്രീയത്തിലെ അതികായന്മാരിലൊരാൾ അദ്ദേഹത്തിന്റെ വിഫലമായ ആഗ്രഹസാഫല്യവുംകൊണ്ട്‌ ദിവംഗതനായി..!
ആഗ്രഹസാഫല്യത്തിന്നുള്ള ശ്രേഷ്ഠമാതൃക പിൻപറ്റിയിരുന്നെങ്കിൽ..!!
സഫലം, സായൂജ്യം..സംശയമില്ല...?
*************
സസ്നേഹം
ടി. കെ. ഉണ്ണി
൨൫-൧൨-൨൦൧൦
========
വാൽക്കഷ്ണം.:.അച്ഛന്റെ മരണം അറിയാതെ മകൻ ജേതാവായി - വാർത്ത
************

ബുധനാഴ്‌ച, ഒക്‌ടോബർ 13, 2010

പൊതുതാൽപ്പര്യം.

പൊതുതാൽപ്പര്യം.
=========
എന്താണ്‌ പൊതുതാൽപ്പര്യം...
എപ്പോഴും എവിടെയും പറഞ്ഞുകേൾക്കുന്ന കാര്യം..
കോടതികളിൽ പ്രത്യേകിച്ചും...
ആരുടെ പൊതുതാൽപ്പര്യം..
എന്തിന്റെ പൊതുതാൽപ്പര്യം..
എപ്പോഴത്തെ പൊതുതാൽപ്പര്യം..
എന്നൊക്കെ ചോദിക്കാൻ ആർക്കും തോന്നാറില്ലേ..?
നിയമത്തിന്റെ കുന്തമുനയിൽ പുരട്ടിയ വിഷം പോലെ
പൊതുതാൽപ്പര്യം സാധാരണക്കാരനെ വേട്ടയടാനുള്ള
നായാട്ട്‌ ഉപകരണമായി മാറിയിട്ടുണ്ട്‌..!
അത്തരത്തിലുള്ള കുത്സിതപ്രവർത്തനത്തിന്റെ
അമരക്കാരാകുവാൻ ചില അപ്രധാന മാദ്ധ്യമങ്ങൾക്കും
വ്യക്തികൾക്കും കഴിഞ്ഞുവെന്നത്‌ ദൗർഭാഗ്യകരമാണ്‌..!
പൊതുതാൽപ്പര്യം നിക്ഷിപ്തതാൽപ്പര്യമാകുന്നതാണോ
നമ്മുടെ താൽപ്പര്യമെന്നത്‌ ചിന്തനീയമാണ്‌..!
=======
ടി. കെ. ഉണ്ണി
൧൩-൧൦-൨൦൧൦

ഞായറാഴ്‌ച, ഒക്‌ടോബർ 10, 2010

൧൦-൧൦-൧൦

10-10-10
======
ഈ നൂറ്റാണ്ടിലെ അപൂർവ്വ തിയ്യതികളിൽ ഒന്ന്..
എന്റെ ജീവിതത്തിൽ ഇന്നൊഴികെ ഇങ്ങനെയൊരു
തിയ്യതി എഴുതാനാവില്ല..!

എല്ലാ തിയ്യതികളും ദിവസങ്ങളും അങ്ങനെത്തന്നെയാണെന്ന്
അറിയാതെയല്ല ഈ കൗതുകം..

പത്താം തിയ്യതി, പത്താം മാസം, പത്താം വർഷം...
അതിനി അടുത്ത തലമുറക്കായി ആശംസിക്കുന്നു..

========
ടി. കെ.ഉണ്ണി
൧൦-൧൦-൧൦

ബുധനാഴ്‌ച, ഏപ്രിൽ 14, 2010

വിഷുദിന ആശംസകള്‍

വിഷുദിന ആശംസകള്‍
==============
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും 
ഐശ്വര്യത്തിന്റെയും നന്മകളുടെയും 
വിളനിലമായി തിളങ്ങട്ടെ താങ്കളും കുടുംബവും ..
അത് കണികണ്ടുണരട്ടെ പ്രഭാതവും പ്രകൃതിയും ..!

വിഷുദിന ആശംസകള്‍ .
========
സസ്നേഹം
ടി. കെ. ഉണ്ണി

൧൪-൦൪-൨൦൧൦

തിങ്കളാഴ്‌ച, മാർച്ച് 22, 2010

ശുദ്ധജലം

ശുദ്ധജലം
=====
ഇന്ന് ലോകജലദിനം എന്ന് ലോകജനതയുടെ മേലാളന്മാർ പറയുന്നു...!
ഈ പറയുന്നവർ ഒരുപക്ഷെ ഇന്ന് ജലം ഉപയോഗിക്കാതെ പകരം വസ്തുക്കൾ കൊണ്ട്‌ കാര്യങ്ങൾ സാധിപ്പിക്കുമായിരിക്കും...!

ശുദ്ധജലത്തിന്ന് പകരം മദ്യവും മറ്റുപാനീയങ്ങളും ശീലമാക്കിയ ഒരു വലിയ ജനവിഭാഗവും ഇന്ന് പ്രതിജ്ഞയെടുത്തേക്കും...!

ഈ രണ്ടുവിഭാഗങ്ങളും ദുരുപയോഗം ചെയ്യുന്ന ശുദ്ധജലം (കുടിവെള്ളം) മറ്റുള്ള സാധാരണ ജനവിഭാഗത്തിന്റെ ആവശ്യങ്ങൾ രണ്ടുമടങ്ങിലധികം നിവർത്തിക്കാൻ പര്യാപ്തമാണെന്ന് കാണാനാകും..!

ഭക്ഷ്യാവശ്യങ്ങൾക്ക്‌ അത്യാവശ്യമായിവരുന്ന ശുദ്ധജലമൊഴികെ മറ്റുപാനീയങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന ശുദ്ധജലത്തിന്റെ അളവനുപാതം പാനീയലഭ്യതയുടെ പതിന്മടങ്ങാണെന്ന് എല്ലാവർക്കുമറിയാം..!

അതായത്‌, ശുദ്ധജലത്തിനുപകരം മറ്റുപാനീയങ്ങൾ കുടിക്കുമ്പോൾ നഷ്ടമാകുന്നത്‌ പകരംവെക്കാനില്ലാത്ത ശുദ്ധജലത്തിന്റെ വർദ്ധിച്ച അളവാണെന്നുമാത്രമല്ല, ലഭ്യമാകുന്നത്‌ ശരീരാരോഗ്യനഷ്ടമാണെന്നതും സുവ്യക്തമാണ്‌..!

കൂടുതൽ വലിയ കാര്യങ്ങളിലേക്കൊന്നും പോകാതെത്തന്നെ നമുക്കോരോരുത്തർക്കും ഈ വിഷയത്തിൽ എന്തുചെയ്യാനാവുമെന്ന് സ്വയം തീരുമാനിക്കാനായാൽ അതായിരിക്കും ഈ ജലദിനത്തിൽ നമ്മുടെ സമൂഹത്തോടും മാനവരാശിയോടും തദ്വാരാ പ്രകൃതിയോടും നമുക്ക്‌ ചെയ്യാനാവുന്ന സൽപ്രവൃത്തി എന്ന് ഞാൻ കരുതുന്നു..!

എന്റെ സുഹൃത്തുക്കളോട്‌ അഭ്യർത്ഥിക്കാനുള്ളത്‌, നിങ്ങളിൽ പലരും കുടിക്കുന്ന മൃദുലഹരിപാനീയങ്ങളും ലഹരിപാനീയങ്ങളും ഒഴിവാക്കുക...?
അങ്ങനെ അധികജലചൂഷകവലയത്തിൽനിന്നും ഒഴിവാകുക..?
ആരോഗ്യമുള്ള ജീവിതത്തിന്നുവേണ്ടി ശുദ്ധജലം കുടിക്കുക..!!
ശുദ്ധജലം കുടിച്ചുകൊണ്ട്‌ ശുദ്ധജലത്തെ സംരക്ഷിക്കുക...!!!

സ്നേഹാദരങ്ങളോടെ...
ടി. കെ. ഉണ്ണി
൨൨-൦൩-൨൦൧൦

ഞായറാഴ്‌ച, ജനുവരി 10, 2010

ഒരു അശുഭ ദിനം..!!

ഒരു അശുഭ ദിനം..!!
=========
പ്രിയ സുഹൃത്ത്‌ രഞ്ജുവിന്‌......

പുതുവത്സരാഘോഷങ്ങളൊക്കെ ഇവിടെ ചുറ്റുപാടും അതിഗംഭീരമായിത്തന്നെ നടന്നു...
യുവജനങ്ങൾ കുടിച്ചു മദിച്ച്‌ തിമർത്താടിയും വയോജനങ്ങൾ വിഷവീര്യം വർദ്ധിപ്പിച്ച്‌ ഇഴഞ്ഞനങ്ങാനാവാതെയും ആഘോഷിച്ചു...രണ്ടും കുടുംബങ്ങളിലെ സ്ത്രീജനങ്ങളുടെ ജോലിഭാരവും അവരുടെ കണ്ണീരൊഴുക്കും വർദ്ധിപ്പിച്ചു...

ആഹ്ലാദിച്ചതിനെന്തിനായിരുന്നെന്നോ, ആഹ്ലാദമെന്തായിരുന്നെന്നോ ആഹ്ലാദിച്ചാഘോഷിച്ചവർക്കിപ്പോൾ അറിയില്ല, ഓർക്കാനാവുന്നില്ല....
എന്റെ അയൽക്കാരൻ, കാസരോഗം മൂർച്ഛിച്ച്‌ ഊർദ്ധ്വശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന തന്തപ്പിടിക്ക്‌ ഒരു ഗുളികവാങ്ങിക്കൊടുക്കാൻ ഒരിക്കലും കാശുണ്ടാവാറില്ലാത്ത ബി.പി.എല്ലുകാരനായ പുന്നാരമകൻ, കോവളത്തേക്ക്‌ പുതുവർഷമാഘോഷിക്കാൻ പോയത്രെ..!!

നാടിന്ന് ഒന്നാംസ്ഥാനത്തെത്താൻ വിഷപ്പാമ്പുകളുടെ എണ്ണവും വണ്ണവും വർദ്ധിപ്പിക്കുന്ന നാട്ടുകാരും അവർക്കായി പ്രത്യേക കാർണിവൽ നടത്തുന്ന അ(ന)ധികൃതരും ചേർന്ന് നടത്തുന്ന ദ്രോഹാത്മക ദുരന്താഘോഷത്തിന്റെ ആഹ്ലാദപ്രകടനങ്ങളെയല്ലേ ആപ്പി ന്യൂയർ എന്ന് പറയുന്നത്‌..(ബാക്കി എല്ലാകാര്യങ്ങളും ഇന്നലത്തെപ്പോലെത്തന്നെ ഇന്നും...)

ഇത്‌ എന്റെ ഗ്രാമത്തിലെ കാര്യം..!!
ഇവരിൽ എന്നെ കാണാതായി...!!
അല്ലെങ്കിൽ കാർണിവെല്ലുകാർ വെറുതെ വിടുമോ..?
നിർത്തട്ടെ..

സസ്നേഹം..
ടി. കെ. ഉണ്ണി
൧൦-൦൧-൨൦൧൦