വ്യാഴാഴ്‌ച, മാർച്ച് 29, 2012

പ്രയത്നശാലി

പ്രയത്നശാലി
===========
ഞാൻ നമ്മുടെ മഹത്തായ രാജ്യത്തിനു വേണ്ടി, അതിലുമേറെ മഹത്വമുള്ള നമ്മുടെ സാമാന്യ ജനങ്ങൾക്കു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്നവനാണ്‌..
ഈരേഴുപതിനാലു ലോകത്തിലെയും അക്ഷയഖനികളായ തത്വസംഹിതകൾക്കും അവയുടെ നിലനില്പിനുവേണ്ടിയുമുള്ള എന്റെ പ്രവർത്തനങ്ങൾ അഹോരാത്രം തുടരുകയാണ്‌..

ലോകസുരക്ഷ ഉറപ്പുവരുത്തുന്നതിനും ലോകജനതയുടെ താല്പര്യസംരക്ഷണത്തിനും വേണ്ടിയുള്ള എന്റെ പ്രയത്നം ഒരു സമർപ്പണമാണ്‌..
രാജ്യത്തിലെ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയും അദ്ധ്വാനിക്കുന്നവന്റെ അത്യുന്നതിക്കുവേണ്ടിയും ഞാനെന്റെ പ്രയത്നങ്ങൾ തുടരുകയാണ്‌..

രാജ്യത്തിലെ പ്രഥമസ്ഥാനീയരായ പ്രജകളുടെയും സവർണ്ണവരേണ്യതമ്പ്രാക്കളുടെയും നാനാവിധ പൗരോഹിത്യരാജാക്കന്മാരുടെയും ആനന്ദലഹരിയാറാട്ടിനും ഞാനെന്റെ പ്രയത്നങ്ങൾകൊണ്ട് ആഘോഷമാക്കുന്നുണ്ട്.! ഇവരില്ലെങ്കിൽ മറ്റാരുമില്ലല്ലോ ജനങ്ങളേ..!!
എന്റെ സിരകളിൽ, ജ്വലിക്കുന്ന വിപ്ലവവീര്യത്തിനും വെളിച്ചത്തിന്റെ മറുകരയിലിരുന്നു പൊയ്‌വെടികളുതിർക്കുന്ന അതിവിപ്ലവത്തിനും കത്തിക്കയറാനുള്ള ചുടുരക്തമുണ്ട്..

ഞാനെന്നും രാജ്യത്തിന്റെ ഭരണനിയമസംഹിതകൾക്കൊപ്പം നിന്ന് ഭരിക്കുന്നതിനും ഭരിക്കപ്പെടുന്നതിനും വേണ്ടിയുള്ള പ്രവർത്തനയത്നത്തിലാണ്‌..
ഞാൻ അധഃസ്ഥിതർക്കും ആശ്രിതർക്കും വർഗ്ഗത്തിനും വർഗ്ഗബോധത്തിനും വർഗ്ഗനിറഭേദ നിരാസങ്ങൾക്കും സമ്പത്തിനും സമ്പന്നർക്കും കാപട്യങ്ങൾക്കും അതിന്റെ ഉപാസകർക്കും ഒരുപോലെ പ്രിയങ്കരനായത് എന്റെ പ്രയത്നത്തിന്റെ മഹത്വം കൊണ്ടാണ്‌.!

അദ്ധ്വാനിക്കുന്നവന്നും ഭാരം വലിക്കുന്നവന്നും അസൂയക്കാർക്കും വ്യവഹാരികൾക്കും തെമ്മാടികൾക്കും അവരുടെ പാലകർക്കും അഴുക്കുചാൽ സചിവന്മാർക്കും വേണ്ടിയുള്ള എന്റെ പ്രവർത്തനങ്ങളെ അവരെല്ലാവരാലും പുകഴ്ത്തപ്പെട്ടിട്ടുണ്ട്..
സമൂഹത്തിലെ നരിച്ചീറുകൾക്കും കിടമത്സരത്താൽ കടിച്ചുകീറുന്നവർക്കും എന്തിനെയും കടന്നൽ പോലെ കുത്തിനോവിക്കുന്നവർക്കും ഞാൻ എന്റെ പ്രയത്നത്തിന്റെ തേനരുവി ഒഴുക്കിയിട്ടുണ്ട്..

അതെ, ഞാൻ ഈ ഭൂലോക മായാജാലങ്ങൾക്കായി നിങ്ങൾക്കൊപ്പം എന്നെന്നും നിലകൊണ്ടിട്ടുള്ളവനാണ്‌..നിങ്ങൾക്കുവേണ്ടി മാത്രമായി..!
....! ....!....!
നിങ്ങൾക്കെന്നെ അറിയില്ലേ?....?
ഞാനായിരുന്നു / നിങ്ങളായിരുന്നു
നമ്മളായിരുന്നു / അവരായിരുന്നു.??
മനസ്സിന്റെ ആമാശയത്തിൽ നിന്നും
വമനശേഷിയാൽ പുറത്ത് വന്നവർ
സമൂഹത്തിന്റെ മനസ്സാക്ഷിയാൽ ഉപേക്ഷിക്കപ്പെട്ടവർ
വിശ്വാസങ്ങളാൽ പ്രലോഭിപ്പിക്കപ്പെട്ട് പാപികളായവർ
സാംസകാരിക സദാചാര ബോധങ്ങളുടെ
ശൂന്യമാക്കപ്പെട്ട മനസ്സുമായി വിഹരിക്കുന്നവർ
സേവനത്തിനു വേതനം പറ്റി സമൂഹത്തെ വഞ്ചിക്കുന്ന രക്ഷകപുണ്യാളന്മാർ.
സമ്മതിദാനത്തെ ചൂഷണമാക്കി ആർമാദിച്ചാഘോഷിക്കുന്ന പാഷാണകൃമികൾ..
എന്തിനധികം..
ഇത് ഞാൻ തന്നെ
അല്ല നമ്മൾ തന്നെ
ഞാനും നമ്മളും അവരും അല്ലാതെ മറ്റാരുമില്ല!!
ഇതൊരു അന്ത്യമില്ലാത്ത ചാക്രികാഘോഷമാണ്‌.!
ആഘോഷങ്ങൾ അടിച്ചുപൊളിച്ചുകൊണ്ടേയിരിക്കുന്നു.!!
=========
ടി.കെ. ഉണ്ണി
൨൯-൦൩-൨൦൧൨
കാലികചിന്തനം.
വാൽക്കഷ്ണം: ൧൫-൦൭-൨൦൦൮ ൽ ഞാനെഴുതിയ കവിത (അങ്ങനെ പറയാനാവില്ല) യെ ഗദ്യമാക്കിയതാണ്‌ ഈ കുറിപ്പ്.

വെള്ളിയാഴ്‌ച, മാർച്ച് 09, 2012

ലോക വനിതാദിനം

ലോക വനിതാദിനം
==============
ലോകജനസംഖ്യയിലെ പകുതിയോളം വരുന്ന സ്ത്രീജനങ്ങളുടെ
സ്ഥിതിസമത്വത്തിനായുള്ള ഐക്യദാർഢ്യദിനം..
ഈ ദിവസത്തിന്റെ പ്രാധാന്യമെന്തെന്നു മനസ്സിലാക്കിക്കൊണ്ടുള്ള സമീപനം
നമ്മുടെ സ്ത്രീജനങ്ങൾക്ക് പരസ്പരം ഉണ്ടാകുന്നുണ്ടോ.?
പരിഹാസ്യമായ സ്ക്രാപ്പുകളല്ലാതെ
ഒരു സ്നേഹസന്ദേശമെങ്കിലും പരസ്പരം കൈമാറുന്നുണ്ടോ.?  
സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, സമഭാവനയുടെ,  ശാക്തീകരണത്തിന്റെ,  
ഐക്യദാർഢ്യത്തിന്റെ എല്ലാമായി രണ്ടുവാക്കെങ്കിലും പരസ്പരം
പറയുകയോ എഴുതുകയോ ചെയ്യാനാകുന്നുണ്ടോ.?
ഇല്ലെങ്കിൽ, അതാണുണ്ടാവേണ്ടത്..!
അതാവട്ടെ ഈ വനിതാദിനത്തിന്റെ നന്മ..
വനിതാദിനം മാർച്ച് 8 ന്‌ കഴിഞ്ഞല്ലോ എന്നു കരുതി വിഷമിക്കേണ്ടതില്ല..
ഇന്നും അതാവാം...!!
ആശംസകളോടെ.
==========
ടി. കെ. ഉണ്ണി
൦൯-൦൩-൨൦൧൨