വ്യാഴാഴ്‌ച, ജൂൺ 22, 2017

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം
========
സ്വതന്ത്ര ഭാരതത്തിലെ അസ്വതന്ത്രർ
അവർ ദരിദ്ര നാരായണന്മാർ
അവരെയോർക്കുന്നത് ശിക്ഷാർഹം
അവരെ സേവിക്കുന്നത് രാജ്യദ്രോഹം
കെട്ടുകാഴ്ചകളുടെ അരങ്ങേറ്റം
സ്വാതന്ത്ര്യത്തിന്റെ ബോധോദയ മാത്രകൾ
വർഷാവർഷം പേമാരി പോലെ
കോരിച്ചൊരിയുന്ന ഭാഷണപ്പേക്കൂത്ത്
തേനലകളാക്കിയുള്ള ഔദാര്യപ്രളയം.!
ഇനിയെന്തെന്തില്ലെന്റെ പ്രജകൾക്കെന്ന്
ചക്രായുധധാരിയാം ഇന്ദ്രപ്രസ്ഥനേമാൻ
അവനല്ലോ അന്നവും അന്നദാതാവും.!
വീരശൃംഖലകളേമാന്മാർക്ക്
കൊടിക്കൂറകളവരുടേത്
നാടും നാട്ടായ്മയുമവർക്ക്
കൂടും കൂട്ടായ്മയുമതുപോലെ
ഇല്ലാത്ത ശബ്ദത്തിൽ വിളിച്ചുകൂവാൻ
മൃഗതുല്യ മനുഷ്യജന്മങ്ങൾ
ഉന്മത്തരാക്കപ്പെട്ട വർഗ്ഗസ്നേഹികൾ
ചുരുട്ടിപ്പൊക്കാൻ മുഷ്ടികളറ്റവർ
കാലാകാലങ്ങളിൽ വിരലറ്റങ്ങളിൽ
മഷിപുരട്ടാൻ തുട്ടും പട്ടയും
മുട്ടിപ്പാക്കുന്ന വോട്ടുബാങ്കുകൾ
ഈ കഴുത ജന്മങ്ങൾക്ക് സ്വാതന്ത്ര്യമോ.?
അതില്ലെങ്കിലും നാടേ, നിന്റെ
സ്വാതന്ത്ര്യം നീണാൾ വാഴട്ടെ.!
പരിതപിക്കാൻ മാത്രമായെന്റെ
പാരതന്ത്ര്യവും നീണാൾ വാഴട്ടെ.!
എങ്കിലും സ്വാതന്ത്ര്യം..
എനിക്കെന്നാണതുണ്ടാവുക..??
============
ടി. കെ. ഉണ്ണി
൧൫-൦൮-൨൦൧൨

അഭിപ്രായങ്ങളൊന്നുമില്ല: