ചൊവ്വാഴ്ച, സെപ്റ്റംബർ 09, 2008

എന്റെ മാവേലി

എന്‍റെ മാവേലി
=============
ഓണക്കാലത്ത് മാവേലിമന്നന്‍ മലയാളക്കരയിലെ തന്‍റെ പ്രജകളുടെ ക്ഷേമാന്വേഷണത്തിന്നായി അങ്ങ് പാതാളത്തില്‍ നിന്നും ഈ ഭൂമിമലയാളത്തില്‍ എത്തുന്നുവെന്ന സങ്കല്‍പ്പത്തില്‍ നമ്മള്‍ ആഘോഷത്തില്‍ ആറാടുന്നത് പതിവാണല്ലോ!

താന്‍ തന്നെയാണ് ഭൂമിമലയാളത്തെ ഇപ്പോഴും ഭരിച്ചു രമിച്ചു കൊണ്ടിരിക്കുന്നതെന്ന് പാവം മാവേലി ധരിച്ചുവശായത്കൊണ്ടാകുമോ അദ്ദേഹത്തിന്‍റെ ഈ എഴുന്നുള്ളത്ത്!
അതോ, ഭൂമിമലയാളത്തിന്‍റെ കഥകള്‍ അറിയാതെ ആട്ടംകാണാന്‍ എത്തുകയാണോ കോമാളിയായ മാവേലി! 

അദ്ദേഹം വാമനനെ പാതാളത്തില്‍വെച്ചു കണ്ടിരുന്നുവെങ്കില്‍ (അസുരഭില) സുരഭില (അസുന്ദര) സുന്ദര മായ മലയാളക്കരയിലെ പ്രജകളുടെ സ്വര്‍ഗ്ഗീയ (അസുഖ) സുഖാസ്വാദനം അനുഭവിച്ചറിയാന്‍ വരില്ലായിരുന്നു!!

ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ പ്രജാതല്‍പ്പരരായ അധികാരിവര്‍ഗ്ഗവും ഭൂലോക സമ്പദ്സമൃദ്ധിയുടെ പല്ലക്കേറിയ കൊടിയ ചൂഷക മര്‍ദ്ദകവര്‍ഗ്ഗവും ചേര്‍ന്ന് പ്രജാക്ഷേമ തല്പ്പരനല്ലാത്ത വാമനവിനാശകനെ പാതാളത്തിലേക്ക് ചവുട്ടിതാഴ്ത്തിയ കാര്യം പാവംമാവേലി അറിഞ്ഞിട്ടില്ലെന്ന് വരുമോ?....

സന്ദേഹിക്കാതിരിക്കുന്നത് എങ്ങനെ?......

ഓണാഘോഷം വിഡ്ഢിപ്പെട്ടിക്കുള്ളിലെ മാന്ത്രികവിദ്യകളായി ഒതുക്കപ്പെട്ട ഇക്കാലത്തും നമ്മുടെ മനസ്സിന്‍റെ ഭരിക്കപ്പെടാനുള്ള അഭിവാന്ഛയുടെ മോഹ തരംഗമാണ് മിഥ്യകളായ ഐതിഹ്യരൂപങ്ങളിലൂടെ നമ്മുടെ ഉപബോധതലത്തില്‍ നിന്നും ബോധതലത്തിലേക്ക് പരിണമിക്കുന്നത്. പ്രജാതല്‍പ്പരനായ ഭരണാധികാരി ഇന്നിന്‍റെ മിഥ്യയാണ്. നാമതിനെ ഒരു ദിവസമെങ്കിലും താലോലിക്കുന്നു. അത് നമ്മുടെ മനസ്സിന്‍റെ പരാശ്രയ ഭാവത്തെ സാധൂകരിക്കുന്നു. ഭരണാധികാര തല്‍പ്പരരായ പ്രജകള്‍ എന്ന പാഷാണപരതയില്‍ അഭിരമിക്കുന്ന ഒരു വര്‍ഗ്ഗമായി നാം രൂപാന്തരപ്പെട്ടതില്‍ അഭിമാന പുളകിതരായി നാം വിഡ്ഡിപ്പെട്ടിക്ക് മുമ്പിലിരിക്കുന്നു......
നമ്മുടെ ചിന്തകള്‍ക്ക് വിലങ്ങുകള്‍ ഇട്ടുകൊണ്ട് .......
കീഴ്പെട്ടുകൊണ്ട് ....
ആശ്രിതരായിക്കൊണ്ട് ....
മറിച്ചു ആവാന്‍ സാധിക്കാത്ത സാഹചര്യങ്ങളെ നാം സ്വായത്ത മാക്കിക്കൊണ്ട്....!!

അന്ന് പ്രജാതല്‍പ്പരനായ മാവേലിയെ വാമനന്‍ ചവിട്ടിത്താഴ്ത്തി. പ്രജകള്‍ സന്തോഷിച്ചുവോ?
മാവേലി സന്തോഷിച്ചുവെന്നത് മിഥ്യയാണോ?
അതോ, വാമനദേവന്‍ മാത്രമാണോ സന്തോഷിച്ചത്? ...!
അല്ലെങ്കില്‍ മാവേലിമന്നനെ വാമനപ്രഭൂ പാതാളത്തിലേക്ക് അയച്ചത് മുതല്‍ പ്രജകളുടെ സന്തോഷം സന്താപമായിക്കാണുമല്ലോ?.....
ഭൂമിമലയാളത്തിലെ പ്രജകളുടെ സന്താപം കണ്ടു അങ്ങിരുന്നു സല്ലപിക്കാനാണോ വാമനദൈവം ഇപ്പണി പറ്റിച്ചത്? .....

മനസ്സായ മാവേലിയെ അന്ധകാരത്തിലേക്ക് (പാതാളത്തിലേക്ക്) ചവിട്ടിത്താഴ്ത്തി വാമനരൂപമായ ശരീരത്തില്‍ കുറിവരയ്ക്കുന്ന നമ്മള്‍ ഇപ്പോള്‍ വിഡ്ഡിപ്പെട്ടിയിലേക്ക് നോക്കി കൂത്താടുന്നത് (ആഘോഷിക്കുന്നത്) ആത്മവഞ്ചനയില്‍ കുറഞ്ഞതൊന്നുമല്ല!! ......
==========
ടി. കെ. ഉണ്ണി
൦൯-൦൯-൨൦൦൮

2 അഭിപ്രായങ്ങൾ:

ആൾരൂപൻ പറഞ്ഞു...

മാവേലി വരുന്നു എന്ന സങ്കല്‍പ്പമൊക്കെ വെറുതെ. ഇനി അദ്ദേഹം വരില്ല.

ഫസല്‍ ബിനാലി.. പറഞ്ഞു...

chintha kollaam..

ഓണാശംസകള്‍..