ബുധനാഴ്‌ച, ഫെബ്രുവരി 12, 2014

ഷിര്‍ജിന്‍

ഷിർജിൻ.
=======
പകൽ സമയം. 

ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിന്നിടെ ചെറിയ തലവേദന.  പനി വരുന്നുണ്ടോ എന്ന തോന്നലും.  ക്രമേണ അത് കൂടിവന്നു.  അസഹ്യമായപ്പോൾ തടിയൻ മാനേജരോട് പറഞ്ഞു, അവധി വാങ്ങി വീട്ടിലേക്ക് തിരിച്ചു.   

രണ്ട് പനാഡോൾ കഴിച്ച്, നെറ്റിയിൽ വിക്സ് പുരട്ടി, രണ്ടുമണിക്കൂർ കിടന്ന് വിശ്രമിച്ചാൽ കുറഞ്ഞോളും.  ഇല്ലെങ്കിൽ വൈകിട്ട് ഡോക്ടറെ കാണുക തന്നെ.  നാളെ അവധിയായതുകൊണ്ട് അതാണു നല്ലത്.

ഓഫീസിൽ നിന്നും ഇറങ്ങി ബസ്റ്റോപ്പിലേക്ക് നടന്നു.  നടക്കാൻ തുടങ്ങിയപ്പോഴെ തലകറങ്ങുന്നതുപോലെ.  ഇടക്കിടെ കണ്ണു മഞ്ഞളിക്കുന്നതുപോലെയും.  ഒട്ടും മുന്നോട്ട് പോകാൻ പറ്റുന്നില്ല. 

പാതയോരത്ത് മണ്ണിൽ ഇരുന്നാലോ?..  അല്ലെങ്കിൽ വേണ്ട, ആ ഷോപ്പിലേക്ക് കയറി കുറച്ചുനേരം അവിടെ ഇരിക്കാം.  ആശ്വാസം തോന്നുമ്പോള്‍ ബസ്റ്റോപ്പിലേക്ക് പോകാം.  അതായിരിക്കും നല്ലത്

തൊട്ടടുത്ത വളരെ പഴക്കമുള്ള ഇരുനില കെട്ടിടത്തിന്നു മുന്നിലൂടെയാണ്‌ പതിവ് പോക്കുവരവ്. കെട്ടിടത്തിന്റെ റോഡിന്നഭിമുഖമായ വശത്ത് പണ്ടേതോ തുണിക്കടക്കാർക്കുവേണ്ടി ഡിസൈൻ ചെയ്തതുപോലെ തോന്നിപ്പിക്കും വിധം  രണ്ട് ഷട്ടറുകൾ മാത്രമുള്ള ഒരു ഷോപ്പുണ്ട്. ഓപ്റ്റിക് സെന്റർ എന്ന് ടിൻ ഷീറ്റിലെഴുതി നാലു വലിയ ബൾബുകൾ ഉന്തിനില്ക്കുന്ന ബോർഡും മറ്റും തികച്ചും അനാകർഷകം എന്ന് പറയാം. 

ഓപ്റ്റിക് സെന്റർ എന്ന ചുവന്ന അക്ഷരങ്ങൾ പതിപ്പിച്ച ചില്ലുവാതിലിനു പിന്നിൽ പുറത്തേക്ക് നോക്കിനിൽക്കുന്ന പെൺകുട്ടി, അതാണ്‌ എന്നും എന്റെ ശ്രദ്ധയാകർഷിച്ചിരുന്നത്. അവളുടെ ചുണ്ടിലെ മന്ദഹാസപ്പൂ  എപ്പൊഴും എനിക്കായിട്ടായിരിക്കുമോ വിരിയുന്നത്?..

എന്തായാലും ഒന്നു തീര്‍ച്ച, പരിമളഹാരിയായ ആ മനോഹാരിത ആദരവോടെ ദിവസവും ഞാൻ അനുഭവിക്കുന്നുണ്ട്.

പതിവുപോലെ ഇന്നും അവൾ അവിടെത്തന്നെയുണ്ട്.  

ഞാൻ വാതിൽ തള്ളിത്തുറന്നു അകത്തേക്ക് കടന്നു. ആദ്യമായാണ്‌ ആ ഷോപ്പിനുള്ളിലേക്ക് കടക്കുന്നത് തന്നെ.  അലമാരകളിൽ നിറയെ കണ്ണടകളും മറ്റു പലവക സാധനങ്ങളും അടുക്കിവെച്ചിരിക്കുന്നു.  

കൗണ്ടറിനോട് ചേർന്ന് ഏതാനും കസേരകൾ. പുറകിലെ അലമാരയോട് ചേർത്ത് വീതികൂടിയ വലിയൊരു സോഫ.  സോഫയിൽ ഒരു ബെഡ്ഷീറ്റും തലയണയും ചുരുട്ടിവെച്ചിരിക്കുന്നു.
എന്നെ കണ്ടതും ഒരു പുഞ്ചിരിയോടെ അവൾ കൗണ്ടറിന്നുള്ളിലേക്ക് കടന്നു നിന്നു.
  
കുറച്ചുനേരം ഞാനിവിടെ ഇരിക്കട്ടെ, നല്ല തലവേദന തോന്നുന്നു
എന്നോട് എന്തോ ചോദിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ഞാൻ അവളോട്‌ ചോദിച്ചു.

മറുപടിയായി തലകുലുക്കിക്കൊണ്ട് വീണ്ടും ഒരു പുഞ്ചിരിപ്പൂ.

അതിനുമുമ്പുതന്നെ കസേരകളിലൊന്നിൽ ഞാന്‍ ഇരുന്നു കഴിഞ്ഞിരുന്നു. കൈമുട്ടുകൾ മേശമേൽ ചേർത്തുവെച്ചു കൈപ്പത്തിയിൽ തലതാങ്ങിക്കൊണ്ട് ഇരുന്നപ്പോഴെ തലകറക്കം കുറയുന്നതായി തോന്നി.

കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം കൗണ്ടറിന്റെ മേശവലിപ്പിൽ അവൾ എന്തോ തിരയുന്നതുപോലുള്ള ശബ്ദം കേട്ട് ഞാൻ തലയുയര്‍ത്തി നോക്കി

പനാഡോൾ ഉണ്ട് തരട്ടെ? ’’
എന്നു ചോദിച്ചു അവൾ രണ്ടു പനാഡോൾ വേദനാസംഹാരി ഗുളികകളും പകുതിയോളം വെള്ളമുള്ള ഒരു മിനറൽ വാട്ടർ ബോട്ടിലും മുന്നിലേക്ക് വെച്ചു
ഒന്നു ശങ്കിച്ചെങ്കിലും, അനുഭാവപൂര്‍ണ്ണമായ ആ പരിചരണം നിരസിക്കാനായില്ല. 

ഒരു നിമിഷം..

തന്റെ പ്രയാസം കൂടുന്നുവോ, കൈകാലുകൾ തളരുന്നുവോ, തലകറങ്ങുന്നുവോ..
താഴെ കിടന്നാലോ.. വേണ്ട.. ആ സോഫയില്‍ കുറച്ചു നേരം ചാരിക്കിടക്കാം.. കടക്കാര്‍ക്ക് ബുദ്ധിമുട്ടാവുമോ ആവോ.. അതൊന്നും ചിന്തിച്ചിട്ട് ഇപ്പോൾ പ്രയോജനമില്ല. കിടക്കുക തന്നെ.

ആ സോഫയിലെക്കെത്തിയതും കിടന്നതും മാത്രം ഓര്‍മ്മയുണ്ട്. 

വാതിൽ തള്ളിത്തുറക്കുന്ന ശബ്ദം കേട്ട് കണ്ണുതുറന്നപ്പോൾ തടിയൻ മാനേജർ കടയുടെ അകത്ത് നിൽക്കുന്നു.  ഒരു കയ്യിൽ പാതികുടിച്ച മസാഫി മിനറൽ വാട്ടര്‍ ബോട്ടിലും മറുകയ്യിൽ മൊബൈലും കാറിന്റെ താക്കോലും.

തടിയൻ പെൺകുട്ടിയോട് എന്തൊക്കെയോ പറയുന്നു.  ശരിയല്ലാത്ത വിധത്തിലാണ്‌ പറയുന്നതെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും വ്യക്തം.

തുടർന്ന് അയാൾ മസാഫി ബോട്ടിലിൽ നിന്നും കുറച്ചുവെള്ളം ഉറുഞ്ചിക്കുടിച്ചതിനു ശേഷം കുപ്പിയും വെള്ളവും അവളുടെ മേൽക്ക് കുടഞ്ഞൊഴിക്കാനായി ഒന്നുരണ്ടു തവണ ആംഗ്യം കാണിച്ചു
അവൾ പരിഭ്രമത്തോടെ പെട്ടെന്ന് പിറകോട്ട് മാറി. അത് അയാൾക്ക് രസിച്ചു.

പൊടുന്നനെ അയാൾ കുപ്പിയിലെ വെള്ളം പരിഭ്രമിച്ചു നിന്ന അവളുടെ മുഖത്തേക്ക് കുടഞ്ഞൊഴിച്ചു. അവളുടെ മുഖത്തും സാരിയിലുമെല്ലാം വെള്ളം വീണു നനഞ്ഞു.   തികച്ചും അപ്രതീക്ഷിതമായ അയാളുടെ ആ പെരുമാറ്റത്തിൽ അവൾ പതറി.  ശരീരത്തിലും വസ്ത്രത്തിലുമായ വെള്ളം ടിഷ്യു പേപ്പർ കൊണ്ട് തുടച്ചുകൊണ്ട് അവൾ വിങ്ങിക്കരയാൻ തുടങ്ങി.  

അത് കണ്ട് കൂടുതൽ രസിച്ചതുപോലെ തടിയൻ ഞാൻ കിടക്കുന്ന  സോഫയോട് ചേർത്തിട്ടിരുന്ന കസേരയിൽ വന്നിരുന്നു.  സോഫയിൽ ഒരാൾ കിടക്കുന്നുണ്ടെന്ന കാര്യം അയാൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അല്ലെങ്കിൽ അതത്ര ഗൗനിക്കേണ്ടതില്ലെന്ന് കരുതിക്കാണും.

എല്ലാം കൊണ്ടും എനിക്ക് ദ്വേഷ്യം അരിച്ചു കയറി.  കിടക്കുകയായിരുന്ന ഞാൻ കാലുകൊണ്ട് നല്ലൊരു തൊഴി അയാളുടെ മുതുകിനിട്ടു  കൊടുത്തു.   
ഒപ്പം ഗാണ്ടു, ജാവോ ഇധർസെഎന്നൊരു അലർച്ചയും.  
വീണ തടിയൻ ചാടിയെഴുന്നേറ്റു.  അപ്പോൾ ഞാനും ഒന്നു പതറാതിരുന്നില്ല.  

തും ഓഫീസ് മേം ആവോ, ഉധർ മിലേഗാ
ചവിട്ടേറ്റു അഭിമാനക്ഷതമേറ്റ തടിയന്‍ ദേഷ്യത്തിൽ അതും  പറഞ്ഞുകൊണ്ട് വാതിൽ വലിച്ചു തുറന്നു പുറത്തേക്കിറങ്ങി.  പോകുന്നേരം ചില നാടൻ തെറിവാക്കുകളും പറയുന്നുണ്ടായിരുന്നു.!

അല്പം ടെൻഷൻ ആയെങ്കിലും പെട്ടെന്ന് അസുഖമൊക്കെ പമ്പകടന്ന് ഉഷാറായതുപോലെ തോന്നി ഞാൻ എഴുന്നേറ്റു.

“ഇയാൾക്ക് ഇനി എന്തെങ്കിലും പ്രശ്നാവോ?
ആശങ്ക കലര്‍ന്ന ഭാവത്തോടെ അവൾ അടുത്തേക്ക് വന്നു ചോദിച്ചു.

എന്ത് പ്രശ്നമാവാൻ, അങ്ങനെ വന്നാൽ ഞാൻ നോക്കിക്കോളാം.. കുട്ടി അതാലോചിച്ച് വിഷമിക്കേണ്ട.
അവളുടെ മുഖത്ത് പ്രസന്നതയുടെ ഒരു മിന്നലാട്ടമുണ്ടായതുപോലെ..

“ഈ തടിയൻ മുമ്പും ഇതു പോലെ... ചോദിച്ചുതുടങ്ങുമ്പോഴേക്കും അവൾ പറഞ്ഞു.

‘’രണ്ടുമൂന്നു തവണ ഇതുപോലെ പെർഫ്യൂമും എയർ സ്പ്രേയും വെള്ളവും സ്പ്രേ ചെയ്തിട്ടുണ്ട്.  എന്നിട്ട് സോറി, ഇതൊരു തമാശയല്ലെ എന്നൊക്കെ പറഞ്ഞ് ചിരിക്കും’’..

എന്തുകൊണ്ടങ്ങനെ എപ്പോഴും കുട്ടിയോട് ഇയാൾ ..…….”
എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും ചോദിച്ചില്ല.

വേണ്ട. അതൊക്കെ അന്വേഷിച്ചറിയേണ്ട കാര്യം തനിക്കെന്ത്?  

ഇനി അങ്ങനെയൊന്നും ചെയ്യാൻ അയാൾ വരില്ല.. അയാളുടെ ചെയ്തികൾക്ക് ഞാൻ സാക്ഷിയാണല്ലോ.
ഇത്രയും പറഞ്ഞ് ഞാൻ അവിടെ നിന്നും പുറത്തേക്കിറങ്ങി ബസ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ചിന്തകൾ കാട് കയറി.

തടിയനുമായുള്ള പ്രശ്നം എങ്ങനെ പരിഹരിക്കും?  അർബാബിനോട് കാര്യങ്ങൾ തുറന്നു പറയുക തന്നെ.  അദ്ദേഹത്തിനു കാര്യങ്ങൾ മനസ്സിലാകും.  ഇപ്പോഴത്തെ അവസ്ഥയിൽ ഒരു പക്ഷെ ഒരു താക്കീതിൽ ഒതുക്കി തടിയൻ മാനേജരുമായി രമ്യതയിലാക്കാനേ സാദ്ധ്യതയുള്ളു.  അല്ലെങ്കിൽ പിന്നെ, വരുന്നതുപോലെ വരട്ടെ.

അർബാബിനോട് ആ കുട്ടി എന്റെ ആരാണെന്നാ പറയുക?. 
അതിന്റെ പേരെന്തെന്നാ പറയുക?.
ഓക്കേ.. ആ കുട്ടി എന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരു കസിൻ സിസ്റ്റർ ആണെന്ന് പറയാം.!  
പക്ഷെ, പേരോ?..

തിരിച്ചു നടന്നു...  ഷോപ്പിന്റെ മുന്നിലെത്തി.  അവൾ ഡോറിന്നടുത്തുതന്നെ നില്പുണ്ട്.  വാതിൽ പാതി തുറന്നുപിടിച്ചുകൊണ്ട് അകത്തു കടക്കാതെ നിന്നു കൊണ്ട് ചോദിച്ചു,

കുട്ടീടെ പേരെന്താ?..”.
ഇപ്പോഴെങ്കിലും ചോദിച്ചല്ലോ..പരിഭവം കലർന്ന മറുപടി. 
ഉം.. പറയ്
ഷിർജിൻ   
ഷിർജിൻ??..... 
അതെ, Cirgin. സി.ഐ.ആർ.ജി.ഐ.എൻ. ഷിർജിൻ...
(അവൾ സ്പെല്ലിങ്ങും ഉച്ചാരണവും കൂടി പറഞ്ഞു).
ഇതെങ്ങനെ ശരിയാവും? സിർഗിൻ എങ്ങനെയാ ഷിർജിൻ ആവുന്നത്.
അതങ്ങനെയാ 
“ശരി ശരി.... ഓക്കേ താങ്ക്സ്..” 
‘ഷിർജിൻ ആയാലും സിർഗിൻ ആയാലും താൻ ആള് കൊള്ളാം...’ എന്നു മനസ്സ് മന്ത്രിച്ചു.

വീണ്ടും ബസ്റ്റോപ്പിലേക്ക്....
ഇടക്കൊന്നു തിരിഞ്ഞുനോക്കി. 
അപ്പോഴും അവൾ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു...!

വീട്ടിൽ തിരിച്ചെത്തുന്നത് വരെയും പിറ്റേ ദേവസം തടിയൻ മാനേജരുമായി ഉണ്ടായേക്കാവുന്ന വാദപ്രതിവാദത്തിനെക്കുറിച്ചായിരുന്നില്ല ചിന്തകൾ!   
പേര് ചോദിച്ചപ്പോൾ അവളുടെ മുഖത്തുദിച്ച വെളിച്ചവും പ്രസരിപ്പുമായിരുന്നു മനസ്സിൽ.  അത് തന്നിലേക്കും  പകർന്നതു പോലെ  ആകെ ഒരുന്മേഷം.!

വീട്ടിലെത്തിയാൽ  ആദ്യം ഒരു ചായ പതിവുള്ളതാണ്..
ചായക്കപ്പു ചുണ്ടോടടുത്തതും ഒരു ഫോണ്‍ കാൾ.  ഓഫീസിൽ നിന്നായിരിക്കുമോ?!
കയ്യിലെ ചായക്കപ്പ് ഒന്നു കുലുങ്ങിയതു മാത്രം ഓർമ്മയുണ്ട്.  കണ്ണു തുറക്കുമ്പോൾ മുഖം ആകെ വെള്ളത്താൽ നനഞ്ഞിരിക്കുന്നു.  കിടപ്പ് വെറും തറയിൽ. പൊട്ടിയ കപ്പും തൂവിയ ചായയും തറയിലാകെ പരന്നു കിടക്കുന്നു. അടുത്തു കാര്യമറിയാതെ അന്തംവിട്ടു നിൽക്കുന്ന വീട്ടുകാരും.!  

ഫോണ്‍ കാളും  ഓഫീസും തടിയൻ  മാനേജരും കൂടി  ഓർമ്മയിലേക്ക്‌ എത്തിയതും വെട്ടിപ്പൊളിക്കുന്ന തലവേദന വന്നതും ഒന്നിച്ചായിരുന്നു.!!       
=========
ടി. കെ. ഉണ്ണി
൨൮-൦൭-൨൦൦൮

1 അഭിപ്രായം:

ടി. കെ. ഉണ്ണി പറഞ്ഞു...

1 അഭിപ്രായം - അസല്‍ പോസ്റ്റ് കാണിക്കുക
1 – 1 ന്‍റെ 1
ബ്ലോഗര്‍ തുമ്പി പറഞ്ഞു...
എന്തോ പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ല. ഒരു അനുഭവക്കുറിപ്പ് മനോഹരമായി പറഞ്ഞത് പോലെ. പുറത്തേക്ക് നോക്കിനിൽക്കുന്ന പെൺകുട്ടി, അതാണ്‌ എന്നും എന്റെ ശ്രദ്ധയാകർഷിച്ചിരുന്നത്.അതായിരിക്കാം തലകറങ്ങിയപ്പോഴും വഴിയരികില്‍ ഇരിക്കാമെന്ന പ്രഥമ ചിന്തയേയും മറികടന്ന് ഷോപ്പിലേക്കെത്തിച്ചത്.

2013, നവംബർ 17 2:35 PM ഇല്ലാതാക്കൂ