ചൊവ്വാഴ്ച, ഡിസംബർ 18, 2012

സ്വർഗ്ഗരാജ്യം.

സ്വർഗ്ഗരാജ്യം.
==========
ഇന്ത്യാരാജ്യത്തെ സമ്പന്നതയിൽ ഒന്നാം സ്ഥാനത്തെത്തിച്ചേ ഭരണത്തമ്പുരാന്മാർക്ക് മനസ്സമാധാനമുണ്ടാവൂ.! അതിന്നായി അഹോരാത്രം വിശ്രമമില്ലാതെ ഇരുപത്തിനാലുമണിക്കൂറും പണിയെടുത്തുകൊണ്ടിരിക്കയാണത്രെ തമ്പ്രാന്മാർ.. ഈ കഴുത ജനങ്ങൾ ഇതുവല്ലതും അറിയുന്നുണ്ടോ.!

സുഖസമൃദ്ധമായ ജീവിതത്തിന്‌ അത്യാവശ്യമായിട്ടുള്ളത് ആഹാരമാണല്ലോ. കിലോ ഒന്നിന്‌ ഒരു രൂപക്കും രണ്ടു രൂപക്കും അരിയും ഗോതമ്പും രാജ്യമാസകലം ലഭ്യമാക്കിയിട്ടുണ്ട്..  ഇത് വാങ്ങിക്കാനുള്ള പണസമ്പാദനത്തിനായി പലവിധ യോജന-പ്രയോജന പദ്ധതികളിലൂടെ മേലനങ്ങാതെ കൂലി ലഭിക്കുന്ന പണികൾ രാജ്യത്തിലെ ഓരോ കുടുംബത്തിൽ നിന്നും ഒരാൾക്കെങ്കിലും ലഭ്യമാക്കിയിട്ടുണ്ട്.. ഇങ്ങനെ ലഭിക്കുന്ന ജോലി മാസത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രമായാലും ഒരു കുടുംബത്തിന്‌ മാസം മുഴുവനും സുഭിക്ഷമായി ജീവിക്കാനും മിച്ചസമ്പാദ്യമുണ്ടാക്കാനും കഴിയുമെന്നും തമ്പ്രാക്കൾ പറയുന്നു.

ഒരു രൂപക്ക് അരിയും അര രൂപക്ക് ഉപ്പും മുളകും വാങ്ങിയാലും ദിവസം രണ്ടര രൂപ വീതം മിച്ചം വെക്കാനറിയാത്ത കഴുതജന്മങ്ങളോട് കണക്ക് (ദിവസം നാലുരൂപ വരുമാനം ഉണ്ടാക്കുന്നവൻ സമ്പന്നനാകുന്ന സാമ്പത്തികശാസ്ത്രം) പറഞ്ഞുബോധിപ്പിക്കാനായി തമ്പ്രാക്കൾ കൂട്ടം കൂട്ടമായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നതിനാൽ ഇനിയെങ്കിലും ഇവർക്ക് ബുദ്ധിയുദിക്കുമെന്ന് കരുതാം.

ഇല്ലെങ്കിൽ നമുക്ക് ഒന്നാംസ്ഥാനത്തെത്താനാവുമോ.!
നമ്മുടെ രാജ്യം സ്വർഗ്ഗരാജ്യമായിത്തീരേണ്ടേ.!

അതുകൊണ്ട് കഴുതജനങ്ങളെല്ലാവരും മനസ്സിരുത്തിയാൽ നമ്മുടെ രാജ്യം സമ്പന്നതയുടെ സ്വർഗ്ഗരാജ്യമാവും.!!
സംശയമില്ല.!!
=========
ടി.കെ. ഉണ്ണി
൧൮-൧൨-൨൦൧൨ 

അഭിപ്രായങ്ങളൊന്നുമില്ല: