വ്യാഴാഴ്‌ച, ജൂലൈ 13, 2017

സംസ്കാരം

സംസ്കാരം
=========
ചുടുചുംബനത്താൽ
ആശ്വാസമാർജ്ജിക്കാൻ
പതിനായിരം കാരണങ്ങൾ
ഈ ഭൂമുഖത്തുണ്ട്.!

മാനത്തുനിന്ന് കല്ലെറിഞ്ഞു
വീഴ്ത്തിയ കുമിളയെ
ചുംബിച്ചു തകർക്കുന്നത്,
അത്യാധുനിക സംസ്കാരത്തിന്റെ
ലോകഗുസ്തിയിൽ
ശൂരത്വവും ചാമ്പ്യൻ പട്ടവും
ഝടുതിയിൽ കൈക്കലാക്കാനുള്ള
കുത്സിതത്തിന്റെ പ്രഥമഘട്ടമാവുന്നത്
സംസ്കാരമേന്മയല്ലെന്നോ.!

മണിയറക്കള്ളൻ
രതിലയശീല്ക്കാരത്താൽ
ഞെട്ടിവിറച്ചപ്പോൾ
സദാചാരഭണ്ഡാരത്തിന്റെ
തടവറയിലെ പ്രശോഭ
കെടുത്തിയ ഈയ്യലായതും
കൂൺപോലെ മുളച്ചുപൊന്തിയ
വെൺകൊറ്റക്കുടകൾ
മൺപുറ്റുകളായതും
സംസ്കാരമേന്മയല്ലെന്നോ.!

വഴിയിലൊഴുക്കാനിരിക്കുന്ന
മൂത്രശങ്കയുടെ കോളാമ്പി
സ്വപ്നത്തെ, അസംസ്കൃതമെന്ന
പരിമേയത്തിലൊതുക്കുന്ന
വിരുദ്ധവിപ്ലവഘോഷം
ആധുനിക ജ്ഞാനവിജ്ഞാനത്തിന്റെ
പ്രഘോഷണ പരമ്പരയാവുന്നത്
സംസ്കാരമേന്മയല്ലെന്നോ.!

നിഴലിന്റെ തണലും
വിരലിന്റെ മറവും
മനസ്സിന്റെ നിറവും
ഇരുളിന്റെ തെളിവും
കരളിന്റെ കുളിരും
കുളിരിന്റെ പുഞ്ചിരിയും
തനുവിന്റെ രോമാഞ്ചവും
വിശപ്പിന്റെ ശമനവും
പ്രണയത്തിന്റെ മധുരവും
സ്നേഹത്തിന്റെ ബന്ധനവും
തിരിച്ചറിവിന്റെ ബോധവും
തിരസ്കരണമന്ത്രങ്ങളാവുന്നത്
ആഗോളമസ്തിഷ്കത്തിന്റെ
സംസ്കാരമേന്മയല്ലെന്നോ.!
===========
ടി.കെ. ഉണ്ണി
൦൫-൦൧-൨൦൧൫ 
===========

1 അഭിപ്രായം:

nairkrishnankutty പറഞ്ഞു...

നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.