ബുധനാഴ്‌ച, ജൂലൈ 12, 2017

കൌതുകക്കാഴ്ച

കൗതുകക്കാഴ്ച
============
കണ്ണിന്റെ കാഴ്ചകളെ
അന്യമാക്കുന്നതും
അന്യന്റെ കാഴ്ചകളെ
സ്വന്തമാക്കുന്നതും
അനുധാവനത്തിന്റെ പെരുമ്പറമുഴക്കം
അന്യാധീനമാക്കാനെന്ന വ്യാജത്തെ
പിൻപറ്റാനാണെന്നത്
കൗതുകം തന്നെ.!

പറക്കമുറ്റാത്ത മനസ്സുകളിലെ
തുടിപ്പാർന്ന ഹൃദയങ്ങളിൽ
അമ്പെയ്തു കളിക്കുന്നത്
നല്ലരചനാവാനുള്ള
പരിശീലനക്കളരിയെന്നതിലുപരി
ആജ്ഞാനുവർത്തിയായി
നാകവാസിയാവാനുള്ള
ഉടമ്പടിയാണെന്നതും
കൗതുകം തന്നെ.!

രാഷ്ട്രമീമാംസയിലെ പ്രചണ്ഡമായ
രാജ്യവ്യവഹാരത്തിനു
ചുടുനിണം ദാഹജലമാവുക മാത്രമല്ല
അവ സംഭരണികളിലാക്കി
പുഴകളും കടലുകളുമായി
അതിരുകൾ നിർണ്ണയിക്കപ്പെടുന്നത്
സർവ്വസാധാരണമെന്ന
അവബോധത്തിന്റെ
കൗതുകത്താലാണ്‌.!

സ്പന്ദനമില്ലാത്ത ജീവകണങ്ങളെ
സൃഷ്ടിയും വൃഷ്ടിയുമാക്കുന്ന
ആത്മഭാവങ്ങളുടെ പിതൃത്വം,
തീരെഴുതപ്പെട്ട വാറോലകളിലെ
അസ്പഷ്ട കാഴ്ചകളാവുന്നത്
ഉൾക്കണ്ണിന്റെ ഉറുമ്പരിച്ച
നഷ്ടബോധം തന്നെയെന്നതും
വിസ്മയകൗതുകം തന്നെ.!
=============
ടി.കെ. ഉണ്ണി
൨൨-൧൨-൨൦൧൪