ചൊവ്വാഴ്ച, ജൂലൈ 25, 2017

ഭാരം

ഭാരം
====
ഞാൻ തന്നെയാണ്‌ മരണം..
ഞാനുമായുള്ള എന്റെ കരാറനുസരിച്ച്
ഞാനെന്നെ ഉപേക്ഷിക്കും..
ഞാനാരെന്ന അപദാനകീർത്തനം പാടി 
നിങ്ങളെന്നെ കുളിപ്പിച്ചു കിടത്തും
എല്ലാവിധത്തിലും.!
ആ ദിനരാത്രത്തിൽ ഞാൻ ശ്രീരാമചന്ദ്രനാവും..
സത്യവും നീതിയും ഞാനെന്ന് വീമ്പിളക്കും..
കാലുവാരാതിരിക്കാൻ ദീപമേന്തും..
ഒടുവിൽ നിങ്ങളെന്നെ കത്തിച്ചു ചാരമാക്കും..
അല്ലെങ്കിലെന്നെ കുഴിവെട്ടി മൂടും..
പശ്ചാത്താപകാപട്യത്തിന്റെ പിണ്ഡഭോജ്യം
എന്നെനോക്കി അപഹസിക്കും..
ജീവന്റെ ചുണ്ടിൽ നനവുചേർക്കാത്തവന്റെ
ഉരുള കണ്ട് കാക്കകളമ്പരക്കും..
കൈനീട്ടിവാങ്ങുന്ന മുപ്പത്തിമുക്കോടികൾക്കും
കൈമടക്കി മോക്ഷം കൈക്കലാക്കും..
പെയ്തൊഴിയാത്ത മേഘങ്ങളായി
മോഹങ്ങളും ദാഹങ്ങളും മേഞ്ഞുനടക്കും..
ഗതികിട്ടാപ്രേതമെന്നൊരോമനപ്പേരിൽ
എനിക്ക് ഞാൻ തന്നെ ഭാരമാവും.!
=============
ടി.കെ. ഉണ്ണി
൧൬-൦൨-൨൦൧൬

അഭിപ്രായങ്ങളൊന്നുമില്ല: