മതിഭ്രമം
=======
അണിഞ്ഞൊരുങ്ങി
സുരസുന്ദരിയായി
മന്ദം
മന്ദം കുണുങ്ങിവന്ന കവിതയെ
സ്വപ്നം
കണ്ടുണർന്നൊരു മഹാകവി
ഖിന്നനായ്, നൂനം
ദർശനമതിഭംഗുരം.!
എങ്ങുപോയ്, അവളെന്റെ
കാതര
ഭ്രമകല്പനകളിലെ
മോഹിനി
ലയതാളങ്ങളിലെ
കാമിനി
ഉയിരെടുപ്പിന്റെ
മേദിനി
ഉള്ളിരുപ്പിന്റെ
ശാലിനി.
കുന്നുകളും
മലകളും
കാടുകളും
മേടുകളും
അരുവികളും
പുഴകളും
വയലുകളും
കുളങ്ങളും
തുരന്നെടുത്ത
കുഴികളിൽ
വിയർപ്പും
ചോരയും ചലമാക്കി
നിറച്ചെടുത്ത
ബീജസംഭരണികൾ.!
പുള്ളികൾ
മാഞ്ഞ്, നിറം കെട്ട്,
പിഞ്ഞിപ്പിന്നിയ
പഴഞ്ചേല കണക്കേ
വാരിച്ചുറ്റിയ
ഉടയാടയുമായ്
കലപിലകൂട്ടി
ഉന്മാദിനിയായ്
ഒഴുകിനടക്കുന്നുണ്ടൊരു
കളങ്കിതയാം
വശ്യമോഹിനി
കാട്ടുകവിത.!
മിഡിയും
ടോപ്പുമിട്ട്
ക്രോപ്പ്
ചെയ്ത് റൂഷിട്ട്
കണ്ണിൽ
കാമാഗ്നിയും
ചുണ്ടിൽ
ചൂളവുമായ്
അന്നനടയായ്
കുണുങ്ങി-
പ്പോവുന്നുണ്ടൊരു
നാടൻ
കവിതപ്പെണ്ണ്.!
ബ്രായും
ജട്ടിയുമിട്ട്
ബക്കറ്റിൽ
കയറി
കടൽത്തീരമാക്കി
നീന്തിക്കളിക്കുന്നുണ്ട്
മറ്റൊരു
സുന്ദരിക്കവിത.!
കഞ്ചാവും
ചരസ്സുമടിച്ച്
പബ്ബും
ഹബ്ബുമായി
ഇമ്പത്തോടെ
ഒഴുകിയും
മുഴുകിയും
നടക്കുന്നുണ്ട്
പാതിരാപുള്ള്
പോലൊരു
പാഞ്ചാലി
മിനിക്കവിത.!
ടൂത്രീജീയും
ഫോർവീലുമായി
ആർട്ടിങ്ങും
മോർഫിങ്ങുമായി
ചൂളമടിച്ചു
കറങ്ങുന്നുണ്ടൊരു
ആധുനിക
യൂത്തൻ കവിത.!
കള്ളും
കഞ്ചാവും കഴപ്പുമായി
കാൽവണ്ണകളിലേക്കുറ്റുനോക്കി
നിതംബഭംഗി
നൂറ്റൊന്നാവർത്തിച്ച്
ഓക്കാനിച്ചു
മുന്നേറുന്നുണ്ട്
വൃത്തഭംഗമില്ലെന്ന്
വായ്ക്കുരവയിടുന്ന
വിടുവായൻ
വൃദ്ധകവിത.!
രാഷ്ട്രീയ
കോമരങ്ങൾ കേളിയാടിയ
വൃത്തികെട്ട
ചുമരുകളിൽ
ചായമടിച്ച്
ഞെളിഞ്ഞുനില്ക്കുന്നുണ്ട്
പുത്തൻകൂറ്റുകാരായ
അവതാരങ്ങളുടെ
അഹംഭാവമുള്ള
കെട്ടുകവിത.!
മനുഷ്യനെ
മറന്ന വിശ്വാസങ്ങളെ
നെറ്റിയിലൊട്ടിച്ച്, പല്ലിറുമ്മി
കൈ
തരിപ്പിച്ച്, ഹൃദയത്തിൽ കഠാരയുമായ്
അകമ്പടി
സേവിക്കുന്നുണ്ടൊരു
സദാചാരക്കവിത.!
എങ്ങുപോയെങ്ങുപോയെന്റെ
സഖി നീ
വശ്യമോഹിനിയാം
മായക്കവിതേ.!
ശൂന്യാംബരത്തിലെ
സുവർണ്ണപ്പൂക്കളിൽ
മിന്നുന്ന
താരക നീയല്ലയോ.!!
===========
ടി. കെ.
ഉണ്ണി
൦൭-൦൮-൨൦൧൫
===========
1 അഭിപ്രായം:
കവിയുടെ കവിതാന്ന്വേഷണം നന്നായി
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ