ശനിയാഴ്‌ച, ജൂലൈ 15, 2017

വ്യാഘ്രം

വ്യാഘ്രം
=======
കനവിലെ കാനനച്ചോലയിൽ മുങ്ങിഞാൻ
തപ്പിയെടുത്തങ്ങൊരായിരം കല്ലുകൾ.!
നിനവിലാ കല്ലൊന്നെറിഞ്ഞു ഞാനാക്കയത്തിൽ
ഹർഷവർഷം വീഴ്ത്തുന്നതാണെന്റെ സ്നേഹം.!
കൊഴിയുന്ന കണ്ണിമാങ്ങക്കരുമയായ് മൺതരി
ചുനയൊപ്പിയെടുക്കുന്നതാണെന്റെ പ്രേമം.!
മഞ്ചാടി മറുകിൽ ചുണ്ണാമ്പ് തേപ്പിച്ചു
വെണ്ണ പുരട്ടിത്തഴുകുമെൻ പ്രണയം.!
കൊക്കിക്കുറുകി കിടപ്പുണ്ടൊരു വ്യാഘ്രം
പൂത്തിങ്കൾ പാർക്കുമെന്നുൾക്കാടിനുള്ളിലായ്.!
വിവേകം, വിചാരം, വിചിന്തനവും, പിന്നെ
ദാഹമോഹങ്ങളും വായ്ത്താരിയാക്കുന്ന
ചുണ്ടിലെ തേനൊലി മന്ദസ്മിതത്തോടെ
കാത്തിരിപ്പുണ്ടൊരു ഹിംസ്രജന്തു.!
മറ്റൊന്നുമല്ലെൻ മനസ്സിനുള്ളിലെന്നും
അരിയിട്ടുവാഴും വികാരമത്രെ.!

സ്നേഹമെന്തന്നറിയാത്ത പ്രേമഭിക്ഷുക്കളും
പ്രേമമെന്തന്നറിയാത്ത സ്നേഹദാതാക്കളും
പ്രണയമെന്തന്നറിയാത്ത കാമുകീകാമുകർ
കാമമോഹങ്ങളെ വാത്സല്യമാക്കുവോർ
തന്നിഷ്ടചെയ്തികൾ സുകൃതങ്ങളാക്കുവോർ
വ്യാഘ്രമാം വികാരത്തിന്നടിമകൾ നിർണ്ണയം.!
============
ടി.കെ. ഉണ്ണി
൨൫-൦൫-൨൦൧൫ 
===========

അഭിപ്രായങ്ങളൊന്നുമില്ല: