ബുധനാഴ്‌ച, മാർച്ച് 19, 2014

അവസാനത്തെ മരണം

അവസാനത്തെ മരണം
= = = = = = = = = = = =
ഊർദ്ധ്വശ്വാസം വലിക്കുന്ന എന്റെ മരണം
ആഘോഷമാക്കാനുള്ള തിടുക്കത്തിലത്രെ
സാമന്തന്മാരും അനന്തരവന്മാരുമെന്നത്
വെറുമൊരു ശ്രുതിയായി കരുതുവതെങ്ങനെ?
ചുണ്ടുനനക്കാനായൊരിറ്റു ദാഹജലത്തിനായ്
കേഴാത്ത ദിനരാത്രങ്ങളില്ല, വിളിക്കാത്ത
ദൈവങ്ങളില്ല, കേൾക്കാത്തവരാരുമില്ല.!
എന്നിട്ടുമെന്റെയൊടുക്കം കാംക്ഷിക്കുന്നവർ
അവർക്കിനിയും പിറക്കാത്തവർക്കായിട്ടൊരു
കരുതലിന്റെ സ്വപ്നത്തെപ്പോലും നിരസിക്കുന്നവർ
അവർക്കുണ്ടാഘോഷങ്ങൾ ബലാൽക്കാരവും
കൊല്ലും കൊലയുമെല്ലാം, തിരിച്ചറിവില്ലാതെ.!

വരണ്ട ദാഹത്താൽ വിണ്ടുപൊട്ടിയ കരളുമായി
മരിച്ചുണങ്ങുന്ന പാടങ്ങളെന്റെയന്നദാതാവ്..
കദനഭാരങ്ങളേറെ ഉണർത്തിയെന്നന്തരംഗം
താരാപഥമരുവും തമ്പുരാനോടോതിയെന്മനം
വെള്ളിക്കരങ്ങളാലനുഗ്രഹിക്കൂ, നീർമണിമുത്തുകൾ
വർഷിക്കൂ, അധരങ്ങളിലമൃതേകൂ, ഉയിർപ്പിനായ്..
ഭാസ്കരൻ നോക്കിച്ചിരിച്ചെന്റെ കണ്ണിൽ
കടലൊരുക്കി തിരമാലകളാഞ്ഞടിച്ചൊഴുക്കി
എന്നിട്ടുമെന്റെ ചുണ്ട് നനഞ്ഞില്ല, കപോലത്തി-
ലതുവറ്റിവരണ്ടുണങ്ങി ധൂളിയായകന്നു.!

അതുകണ്ടധികദനത്താലോതി മാരുതതനയനും
എന്നെത്തഴുകിത്താലോലിക്കുമാ പച്ചിലപ്പടർപ്പുകൾ
കിക്കിളികൂട്ടുമാമരച്ചില്ലകൾ മധുമക്ഷികൾ മേവും
മലർതോപ്പുകൾ പച്ചപ്പുതപ്പണിഞ്ഞ നെൽപ്പാടങ്ങൾ
മടിയിൽകിടത്തി താരാട്ടുപാടിയുറക്കുമാ മാമലക്കാടുകൾ
എല്ലാരുമിന്നെന്നെയനാഥനാക്കി മറഞ്ഞില്ലേ.. 

അരുതെന്നോതാനാവില്ലെനിക്കെന്നാലും തനയാ
കദനമേറെയുണ്ടെന്നന്തരംഗത്തിലും ചൊല്ലാം
എൻ പ്രകാശരേണുക്കളാഹരിച്ചാർമാദിക്കാൻ
ഇല്ലല്ലൊരിത്തിരി പച്ചപ്പെങ്കിലും നിന്നാരാമത്തിൽ
നിൻ സന്തതികളിത്രയും നീചരോ, നിർദ്ദയരോ,
മാതൃഹത്യ പാപമെന്നറിയീലയോ, അംഗഭംഗവും തഥാ,
എൻ കോപാഗ്നിവർഷത്താൽ ഭസ്മമാകീലയോ പ്രപഞ്ചം
ഓർക്കാത്തതെന്ത്? നിങ്ങൾ തന്നഹന്തയോ, മറവിയോ, മക്കളെ.!
ജീവനറ്റ ധൂമപടലങ്ങൾ മാത്രമീപ്പാരിലെങ്കിൽ, ഊർദ്ധശ്വാസവും
മരണവും ആഘോഷമാക്കുന്നതെങ്ങിനെ? അതത്ഭുതം.!
==========
ടി. കെ. ഉണ്ണി
൧൯-൦൩-൨൦൧൪ 
============ 
വാൽക്കഷ്ണംപ്രകൃതിയുടെ മരണം മനുഷ്യകരങ്ങളിലാണെന്നത് ദൈവം ഭയക്കുന്നതുകൊണ്ടാവണം ഇടക്കിടെ കുലുക്കവും നടുക്കവും ഊതിക്കളികളും മറ്റുമായ ചെപ്പടിവിദ്യകൾ കാണിച്ച് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്.!!

7 അഭിപ്രായങ്ങൾ:

AnuRaj.Ks പറഞ്ഞു...

ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി ...

ഉദയപ്രഭന്‍ പറഞ്ഞു...

"അതുകണ്ടതികദനത്താലോതി"
അതുകണ്ടധികദനത്താലോതി---ഇതിലേതാണ് ശരി. കവിത ഇഷ്ടമായി. സൂപ്പര്‍.

ടി. കെ. ഉണ്ണി പറഞ്ഞു...

@ അനുരാജ് ..
വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെയധികം നന്ദി..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

ടി. കെ. ഉണ്ണി പറഞ്ഞു...

@ ശ്രീ. ഉദയപ്രഭന്‍ ..
വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെയധികം നന്ദി..

അതെ, സുഹൃത്തെ... താങ്കള്‍ തിരുത്തിയെഴുതിയതാണ് ശരി..
" അതുകണ്ടധികദനത്താലോതി " എന്നതാണ് ശരി...
ഈ അക്ഷരത്തെറ്റ് പൊറുക്കുമല്ലോ..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

സൗഗന്ധികം പറഞ്ഞു...

എങ്ങനേലും നമ്മുടെ ആയുഷ്ക്കാലം കുഴപ്പമില്ലാതങ്ങു കഴിഞ്ഞു കിട്ടിയാ മതിയെന്നാ ഏവർക്കും. വരും തലമുറ അവരെങ്ങനെയോ പിഴക്കട്ടേയെന്ന തരത്തിൽ.
നമ്മുടെ പൂർവ്വികരും അങ്ങനെ ചിന്തിച്ചിരുന്നെങ്കില് ഫലമെന്താകുമായിരുന്നുവെന്ന് നമ്മളാരും ഒട്ടുമേ ചിന്തിക്കുന്നില്ല.


വളരെ നല്ല കവിത

ശുഭാശംസകൾ....

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. സൌഗന്ധികം..
വായനക്കും വിശദമായ അഭിപ്രായത്തിനും വളരെയധികം നന്ദി ..
വരും തലമുറയെപ്പറ്റി ഓര്‍ക്കാതിരിക്കുന്ന സ്വാര്‍ത്ഥതയുടെ ആഘോഷിപ്പുകാരായിരിക്കുന്നു നമ്മള്‍ ..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

Kavitha Ishtapettu