ബുധനാഴ്‌ച, ഓഗസ്റ്റ് 20, 2014

പുഴുവും കാര്‍ക്കോടകനും


പണ്ടൊരിക്കൽ, ഒരു കൊച്ചുമാളത്തിലെ അന്തേവാസികളായിരുന്ന പാറ്റയും വണ്ടും 
ചീവീടും കുഴിയാനയും ചോണനുറുമ്പും സ്നേഹാദരങ്ങളോടെ ഒത്തൊരുമയോടെ സഹവസിച്ചുവന്നു.  ദിനചര്യയനുസരിച്ച് പരിസരപ്രദേശങ്ങളിൽ ആഹാരമന്വേഷിച്ചു 
പോവുക പതിവാണ്‌.  അവർ ശേഖരിച്ചുകൊണ്ടുവന്നിരുന്ന ആഹാരസാധനങ്ങളിൽ നിന്നും ആവശ്യമായത്ര ഭക്ഷിക്കുകയും മിച്ചമായുള്ളത് സൂക്ഷിച്ചുവെക്കുകയും ചെയ്തുവന്നു.

അങ്ങനെ ദീർഘകാലമായി സസുഖം വാണരുളുമ്പോഴാണ്‌ ആ പ്രദേശങ്ങളിൽ പ്രകൃതിക്ഷോഭമുണ്ടാവുന്നത്.  ആഞ്ഞടിച്ച കൊടുങ്കാറ്റും പേമാരിയും കാരണമായി തങ്ങളുടെ മാളവും പരിസരപ്രദേശങ്ങളും പ്രളയത്തിലായി.  മാളത്തിലെ അന്തേവാസികൾക്ക് കഷ്ടനഷ്ടങ്ങളേറെ ഉണ്ടായി.  സുക്ഷിച്ചുവെച്ച ആഹാരസാധങ്ങളിൽ കുറെ ഭാഗമെങ്കിലും പ്രളയജലത്തിൽ ഒലിച്ചുപോവാതെ സംരക്ഷിക്കാനായതും  ആർക്കും ജീവഹാനി ഉണ്ടായില്ലെന്നതും കഷ്ടതകൾക്കിടയിലും അവർക്ക് കൂടുതൽ ആത്മധൈര്യമുണ്ടാക്കി. അന്തേവാസികളെല്ലാവരും ഒത്തൊരുമയോടെ മാളത്തിലെ വെള്ളം വറ്റിച്ച് അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിൽ വ്യാപൃതരായി.  പുറത്ത് അപ്പോഴും പ്രളയജലം കുത്തിയൊലിച്ച് ഒഴുകിക്കൊണ്ടിരുന്നു. നിരന്തരം ജോലിചെയ്ത് തളർന്നിരുന്ന അന്തേവാസികളിൽ പലരും പതിവില്ലാത്തവിധം മയക്കത്തിലായി..

മക്കളെ, പ്രളയജലത്തിൽ മുങ്ങിപ്പൊങ്ങി മൃതപ്രായനായി ഒഴുകിവരുന്ന നിങ്ങളുടെ സഹോദരനെപ്പോലെയുള്ള ഒരു സാധു ജീവിയെ കണ്ടുവോ?.  ആ പാവത്താനെ കരക്കുകയറ്റി അന്നം കൊടുത്തു സംരക്ഷിക്കുക. അത് നിങ്ങൾക്ക് നന്മ വരുത്തും!  “ഒന്നോർക്കുക, നന്മയിലാണ്‌ തിന്മയുമുള്ളത്.!  നിങ്ങൾക്ക് നല്ലത് വരട്ടെ.!’’

ഇത് ചിലർ കേട്ടു.. ചിലർ കണ്ടു.. കേട്ടവരും കണ്ടവരും ഞെട്ടിയുണർന്നു. ഞങ്ങൾ കണ്ടത് സ്വപ്നമായിരുന്നല്ലോ, ഞങ്ങൾ കേട്ടത് അശരീരിയായിരുന്നല്ലോ. എന്നാൽ കാര്യം ഒന്നുതന്നെയായിരുന്നല്ലോ എന്നതാണ്‌ അവരെ അത്ഭുതപ്പെടുത്തിയത്.  തീർച്ചയായും ഇത് ദൈവികമായ വെളിപാട് തന്നെ.  നമ്മുടെ കഷ്ടതകൾക്ക് അറുതിയുണ്ടാവുന്ന സൽപ്രവർത്തിക്കായി അരുളപ്പാടുണ്ടായിരിക്കുന്നു.  ഉടനെ വേണ്ടത് ചെയ്യണം..  ദിവ്യവെളിപാടിൽ പ്രവൃത്തിയുടെ അനന്തര ഫലത്തെ സംബന്ധിച്ച് അവ്യക്തതയുണ്ടായിരുന്ന കാര്യം കൂട്ടുകാർ പരസ്പരം പങ്കുവെച്ചു. നന്മയിലധിഷ്ഠിതമായ ഏത് സൽപ്രവർത്തികളും ജീവജാലങ്ങളുടെ കടമയാണെന്ന തീരുമാനത്തിലെത്താൻ അവർക്ക് അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല.  അവർ തങ്ങളുടെ മാളത്തിനു പുറത്തേക്കിറങ്ങി ചെവിയോർത്തു.  അതെ, ശരിയാണ്‌ ഒരു ദീനരോദനം കേൾക്കുന്നുണ്ട്.  അങ്ങകലെ, കുത്തിയൊലിച്ചൊഴുകുന്ന പ്രളയനദിയുടെ അങ്ങേതലക്കൽ വളരെ മേൽഭാഗത്തുനിന്നും നേർത്തുനേർത്തുവരുന്ന ദീനരോദനം..
എന്നെ രക്ഷിക്കൂ.. എന്നെ രക്ഷിക്കൂ..

പെട്ടെന്ന് എല്ലാവരും പ്രവർത്തനനിരതരായി.  ത്രേതായുഗത്തിലെ ശ്രീരാമലക്ഷ്മണാദികളെയും വാനരസേനാവ്യൂഹത്തെയും അതിശയിപ്പിക്കുംവിധത്തിൽ പ്രളയജലനദിക്കു കുറുകെ സേതുനിർമ്മാണം നടത്തി മൃതപ്രായനായ സഹോദരജീവിയെ രക്ഷപ്പെടുത്തി, തങ്ങളുടെ മാളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്നവും വെള്ളവും കൊടുത്തു, വേണ്ട ശുശ്രൂഷകളും നൽകി. അതെ, ഈ ചേട്ടനെപ്പോലെ ആരും നമ്മുടെ കൂട്ടത്തിലില്ലല്ലോ എന്ന് അന്തേവാസികൾ അടക്കം പറഞ്ഞു.  പപ്പും പൂടയും വെച്ച് ഉഷാറായി തങ്ങളുടെ സ്വന്തക്കാരനായിത്തീർന്ന അതിഥി സുഹൃത്ത് ഒരു ചൊറിയൻ പുഴു ആയിരുന്നു. എല്ലാവരും അയാളെ മത്സരിച്ചു സ്നേഹിച്ചു, സന്തോഷിപ്പിച്ചു.  അമ്മൂമ്മക്കഥയിലെ കുഞ്ഞിനെപ്പോലെ പാലൂട്ടി തേനൂട്ടി തൊട്ടിലിലാട്ടി താരാട്ടി പരിപാലിച്ചു.  മജ്ജയും മാംസവും കൊഴുത്തു സുന്ദരക്കുട്ടപ്പനായ ചൊറിയഞ്ചേട്ടൻ എല്ലാവരുടേയും ഇഷ്ടതാരമായി മാറി. കൊഴുപ്പേറിയ ചൊറിയഞ്ചേട്ടന്റെ രോമകൂപങ്ങൾ രാസദ്രവങ്ങളാൽ വിജൃംഭിതമായപ്പോൾ അയാളുടെ പെരുമാറ്റങ്ങളിലുണ്ടായ ഭാവമാറ്റങ്ങൾ അന്തേവാസികളെ കൂടുതൽ ആകർഷിക്കുന്നതായിരുന്നു.

അങ്ങനെയിരിക്കെയാണ്‌ അവർ പതിവില്ലാത്തൊരു ശബ്ദം കേട്ടത്.  ഒരു ചീറ്റൽ പോലെ. അവർ നാലുപാടും പരതിനോക്കി. മാളത്തിന്റെ മുക്കും മൂലയും പരിശോധിച്ചു.  ചിലർ പരസ്പരം തുറിച്ചുനോക്കി.. എല്ലാവർക്കും പരിഭ്രമമായിരുന്നു ഉള്ളിൽ. ആരും അത് പുറമേക്ക് പ്രകടിപ്പിച്ചില്ല.  പക്ഷെ, ചൊറിയഞ്ചേട്ടനുമാത്രം ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. മാത്രമല്ല അയാൾ എല്ലാവർക്കും ധൈര്യം പകർന്നു.  ഇവിടെ യാതൊന്നും സംഭവിച്ചിട്ടില്ല. അതെല്ലാം നിങ്ങൾക്ക് തോന്നിയതാണ്‌. അതോടെ എല്ലാവരിലും ചൊറിയഞ്ചേട്ടനുള്ളപ്പോൾ നമുക്കെന്തിനു ഭയം? എന്നൊരു വിശ്വാസം ഉണ്ടായി.

നാളുകൾ പോകെപ്പോകെ പലപ്പോഴും ശീൽക്കാരശബ്ദം കേട്ടുകൊണ്ടിരുന്നു. അപ്പോഴെല്ലാം ചൊറിയഞ്ചേട്ടനിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ച് ധൈര്യം സംഭരിച്ച് നാളുകൾ നീക്കി അന്തേവാസികൾ.  എങ്കിലും ചിലരിൽ സംശയം ഉണ്ടാവാതിരുന്നില്ല. ധൈര്യവാനായ ചൊറിയഞ്ചേട്ടനെയും വകവെക്കാതെ ഇവിടെ വന്ന് നമ്മെ ഭയപ്പെടുത്തുന്ന ഈ ചീറ്റലുകാരൻ ആരാണ്‌?. മാത്രമല്ല, ഈയ്യിടെയായി നമ്മൾ ഭയചകിതരാവുമ്പോഴും ചൊറിയഞ്ചേട്ടൻ കൂടുതൽ സന്തോഷവാനായി കാണപ്പെടുന്നത് എന്തുകൊണ്ടാണ്‌? സംശയാലുക്കളായ അന്തേവാസികൾ കൂടിയാലോചിച്ച് രാപ്പകൽ നിരീക്ഷിക്കാൻ തീരുമാനിച്ചു. ചൊറിയഞ്ചേട്ടൻ അറിയാതെയായിരുന്നു തീരുമാനം.  ആ പരിശ്രമത്തിനു ഫലമുണ്ടായി. ശീൽക്കാരമുണ്ടാക്കുന്നത് ചൊറിയഞ്ചേട്ടൻ ആണെന്നും തത്സമയം ചൊറിയഞ്ചേട്ടന്‌ ഭയാനകമായ രൂപമാറ്റം സംഭവിക്കുന്നതായും ഉടൽ നേർത്തു നീണ്ടുവന്ന് തലയും വാലും ഉണ്ടാകുന്നതായും ശബ്ദമോ വെളിച്ചമോ മറ്റെന്തെങ്കിലും സാന്നിദ്ധ്യമോ ഉണ്ടായാൽ ആദ്യം തലയും പതുക്കെ വാലും അപ്രത്യക്ഷമായി സുന്ദരനായ ചൊറിയഞ്ചേട്ടനാവുന്നതും അവർ ഒളിച്ചുനിന്നു കണ്ടു.  അവർ കണ്ട കാര്യങ്ങൾ ചൊറിയഞ്ചേട്ടനറിയാതെ മറ്റു അന്തേവാസികളുമായി പങ്കുവെച്ചു.

അതെ, നമ്മുടെ മാളത്തിലെത്തിയിരിക്കുന്നത് പാവത്താനായ ചൊറിയഞ്ചേട്ടനല്ല, മാമലകളും മലഞ്ചരിവുകളും സമതലങ്ങളും ഒരുപോലെ വിഴുങ്ങി ഭരിച്ച് രമിച്ച് പിരിച്ച് പിഴിഞ്ഞടുക്കി പുതുമേച്ചിൽ സ്ഥലം തേടിയിറങ്ങിയ കാർക്കോടകൻ ചേട്ടനാണ്‌ ഇതെന്ന തിരിച്ചറിവ് എല്ലാവർക്കും പേടിസ്വപ്നമായിത്തീർന്നു.!

വെളിപാട് (അശരീരി) ദൈവികമാണല്ലോ.
വെളിപാട് കേട്ട് ചാടിയിറങ്ങിയ നമ്മൾ കബളിപ്പിക്കപ്പെടുകയായിരുന്നോ?
ദൈവം തന്റെ അനുയായിവൃന്ദത്തെ കബളിപ്പിക്കുമോ?
അതോ ദൈവത്തിന്റെ വെളിപാട് വ്യക്തമായി മനസ്സിലാക്കായ്കയാലാണോ ഇങ്ങനെ സംഭവിച്ചത്?
ഒരു ജീവൻ രക്ഷപ്പെടുത്തിയതും സംരക്ഷിച്ചതും അബദ്ധമായിത്തീരുന്നത് എന്തുകൊണ്ട്?
നന്മ ചെയ്യുന്നവർക്ക് തിന്മയുടെ ദുരിതഫലം ക്ഷിപ്രമാകുന്നതെന്തുകൊണ്ട്?
തിന്മകളിലും നന്മകളുണ്ടോ? അല്ലെങ്കിൽ തിന്മകൾ മാത്രം ചെയ്തവർ വാഴ്ത്തപ്പെടുന്നതെന്തുകൊണ്ട്?
സൽപ്രവർത്തി അഹങ്കാരമെന്നത്രെ പുതുഭാഷ്യം.!
അതനുസരിച്ച് ഒരു സൽപ്രവർത്തി ചെയ്തു എന്നതിൽ നമ്മൾ അഹങ്കരിച്ചുവോ?
പലവിധത്തിലുള്ള ചിന്തകളാൽ അന്തേവാസികൾ അസ്വസ്ഥരായി.
നമ്മൾ വലിയ വിഷമസന്ധിയിലാണുള്ളത്.  ഇനി നമ്മുടെ രക്ഷ ദൈവ പ്രാർത്ഥനയിൽ മാത്രം. 

കൂട്ടമായി പ്രാർത്ഥിച്ച് വെളിപാടു ദൈവത്തെ പ്രത്യക്ഷപ്പെടുത്തിയാലല്ലാതെ നമ്മുടെ ധർമ്മസങ്കടത്തിനു പരിഹാരിമില്ല എന്ന ധാരണയിൽ അന്തേവാസികളെല്ലാം പ്രാർത്ഥന തുടങ്ങിയ സന്ദർഭത്തിലായിരുന്നു, കാർക്കോടക സർപ്പദംശനത്താലെ നളരാജൻ അസ്ഥപ്രജ്ഞനായത്. സമസ്ത ലോകത്തെയും ജീവജാലങ്ങളെ കാർക്കോടകനിൽ നിന്ന് രക്ഷപ്പെടുത്തി, യമധർമ്മരാജനെ തന്റെ ധർമ്മ പരിപാലനത്തിനു സഹായിച്ചത് നളരാജനാണെന്ന് ധർമ്മപുരാണങ്ങളുടെ വിവക്ഷ! 
ഇവിടെ ഈ വെളിപാടു കാര്യത്തിലെ നമ്മുടെ വിവക്ഷ എന്താണ്‌.?
കഥ തീരുന്നു............ 
ഗുണപാഠം:   കാർക്കോടകനെ ഉപാധികളില്ലാതെ ഞാൻ തല്ലിക്കൊന്നു. നളനും യമധർമ്മരാജനും വേലിപ്പത്തലും മാളത്തിലെ അന്തേവാസികളും സംതൃപ്തരായി.

വാൽക്കഷ്ണം:   വേലിപ്പത്തലിലെ ഇഴയുന്ന പുഴുവിനെ പിടിച്ച് സ്വന്തം പൊക്കണത്തിലിട്ടാൽ അത് സർപ്പമാവും, കാർക്കോടകനുമാവും. പിന്നെ ദംശിക്കുകയും ചെയ്യും...

..ശുഭം.
ടി. കെ. ഉണ്ണി
൨൩-൦൫-൨൦൧൩ 

5 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

നല്ലൊരു ഗുണപാഠകഥ.
വഞ്ചകനെ കൂട്ടുപിടിച്ചാല്‍ സര്‍വ്വനാശം ഫലം.
ആശംസകള്‍

ajith പറഞ്ഞു...

എത്രമാത്രം കാര്‍ക്കോടകന്മാരാണെന്നോ ചുറ്റിലും!?

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. തങ്കപ്പന്‍ സര്‍ ...
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിനും വളരെ നന്ദി..
അതെ, വഞ്ചകനെ കൂട്ടുപിടിച്ചാല്‍ സര്‍വനാശം തന്നെ ഫലം ..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. അജിത്‌ സര്‍ ..
കഥ വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി..
അതെ, നമുക്ക് ചുറ്റും കാര്‍ക്കോടകന്മാരുടെ പട തന്നെയുണ്ട്.!
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍

വിനുവേട്ടന്‍ പറഞ്ഞു...

സംരക്ഷണം നൽകുന്നതിന് മുമ്പ് ഒന്ന് ആലോചിക്കണം എന്ന് ചുരുക്കം... നന്നായി മാഷേ...