വെള്ളിയാഴ്‌ച, സെപ്റ്റംബർ 11, 2009

രണ്ട് പ്രമാദങ്ങള്‍

രണ്ടു പ്രമാദങ്ങള്‍

ഒന്ന്
യൂറോപ്പില്‍ ഒരു സിനിമാ നിര്‍മ്മാണം നടക്കുന്നു. അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹിന്ദു സംഘടനയാണ് സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത്. വിഷയം- ലോകസൃഷ്ടി. ലോകസൃഷ്ടി ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രം. ലോക നാഥന്‍ ശ്രീകൃഷ്ണന്‍. ശ്രീകൃഷ്ണന്‍ ഇന്നും ജീവിച്ചിരിക്കുന്നു. യൂറോപ്പിലെ പ്രസ്തുത ഹിന്ദു സംഘടനയുടെ ആചാര്യഗുരു അദ്ധ്യാത്മിക പണ്ഡിതനും ഭൌതിക ശാസ്ത്ര പണ്ഡിതനും ജോത്സ്യ ജ്യോതിഷ ശാസ്ത്ര പണ്ഡിതനും ചരിത്ര പണ്ഡിതനും ആണെന്ന് അവകാശപ്പെടുന്നു. അദ്ദേഹം സാക്ഷാല്‍ ദൈവമായ ശ്രീകൃഷ്ണനുമായി സംവദിക്കുക പതിവുണ്ടത്രേ..!! അദ്ദേഹത്തിന്‍റെ പുതിയ ഗീഥ സിനിമാരൂപത്തില്‍ അടുത്തുതന്നെ നമ്മിലേക്ക്‌ എത്തുമത്രേ ... !?

ശ്രീ യേശുക്രിസ്തു ദൈവത്തിന്‍റെ പുത്രനാണെങ്കില്‍ അച്ഛനായ ദൈവം ശ്രീകൃഷ്ണനാണ് എന്നതാണ് ഈ പ്രസ്ഥാനത്തിന്‍റെ സിദ്ധാന്തപ്പൊരുള്‍....

യൂറോപ്പിലെയും അമേരിക്കയിലെയും കോര്‍പ്പറേറ്റ് ഭീമന്മാരുടെ സഹായത്തോടെ ലോകപ്രശസ്തരായ സിനിമാ നിര്‍മ്മാണക്കമ്പനികളും സംവിധായകരും സൂപ്പര്‍ താരങ്ങളും ചേര്‍ന്നൊരുക്കുന്ന ഈ ചലച്ചിത്രത്തിലൂടെ ഹിന്ദുമതപുന:സൃഷ്ടി സാദ്ധ്യമാകുമെന്നു ആചാര്യഗുരു സ്വാമിജിയും സംഘവും വിശ്വസിക്കുന്നു.....!!
@@@@

രണ്ട്
മോരിഷ്യസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഹിന്ദു സംഘടനക്കു ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ആസ്ത്രേല്യ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളിലും ചില അമേരിക്കന്‍ രാജ്യങ്ങളിലും ശാഖകളും അനുയായികളും ഉണ്ടത്രേ. ലോക സൃഷ്ടി ഭഗവാന്‍ ശ്രീഗണേശന്റെ അനുഗ്രഹാശിസ്സുകള്‍ ചൊരിയപ്പെടുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി. ശ്രീ ഗണേശ് ലോക നിയന്താവ്. പ്രസ്തുത സംഘടനയുടെ ആചാര്യഗുരുവും ശ്രീ ഗണേശ ഭഗവാനുമായി സംവദിക്കുക പതിവാണത്രെ.... അതനുസരിച്ച് ആണത്രേ പലപ്പോഴും സ്വാമിജിയുടെ ദൈനംദിനചര്യകള്‍. അദ്ദേഹവും അദ്ധ്യാത്മികവും ഭൌതികവുമായ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും സര്‍വ്വജ്ഞനായ വ്യക്തിത്വമാണത്രേ. സ്വാമിജിക്ക് ശ്രീ ഗണേശ ഭഗവാന്‍റെ അനുഗ്രഹത്താല്‍ സൃഷ്ടി നടത്താന്‍ കഴിവുണ്ടത്രേ. അദ്ദേഹത്തിന്‍റെ അനുയായികളുടെ കൈവശം അത്തരം സൃഷ്ടികള്‍ ഉണ്ടത്രേ...!!

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്‌ അന്താരാഷ്ട്ര പ്രശസ്തിയുള്ള പത്രപ്രവര്‍ത്തകരില്‍ ഒരാളായ മിസ്റ്റര്‍. റിച്ചാര്‍ഡ്‌ (ഇന്ത്യന്‍ വംശജനായ ഇദ്ദേഹം സൌതാഫ്രിക്കയിലാണ് പ്രവര്‍ത്തിക്കുന്നത്) സ്വാമിജിയെ ദര്‍ശിച്ചു. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന സംഭാഷണങ്ങള്‍ക്കൊടുവില്‍ സ്വാമിജി ശൂന്യതയില്‍ നിന്നും ഒരു മോതിരം സൃഷ്ടിച്ചു സമ്മാനമായി നല്‍കിയത്രെ. പ്രസ്തുത മോതിരസൃഷ്ടിയില്‍ കള്ളമില്ലെന്നും മോതിരം തന്‍റെ വിരലിനു പാകമായതാണെന്നും മോതിരത്തിലേക്ക് മറ്റുള്ളവര്‍ നോക്കുമ്പോള്‍ പ്രത്യേകതകള്‍ ഒന്നുമില്ലെങ്കിലും താന്‍ നോക്കുമ്പോള്‍ അതില്‍ ഭഗവാന്‍ ശ്രീ ഗണേശന്റെ ചിത്രം തെളിഞ്ഞുവരുന്നുവെന്നും അത് തന്നെ സ്വാമിജിയില്‍ വിശ്വസ്തനാക്കിത്തീര്‍ത്തിരിക്കുന്നുവെന്നുംമിസ്റ്റര്‍ റിച്ചാര്‍ഡ്‌ പ്രസ്താവിക്കുന്നു...!!?

ആധുനിക ലോകസമ്പ്രദായത്തിന്‍റെ ആഗോളവല്‍ക്കരണത്തിലൂടെ ജന്മമെടുത്ത പുത്തന്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ മേച്ചില്‍ സ്ഥലങ്ങളായി രൂപപരിണാമം സംഭവിച്ച ശാസ്ത്ര സാഹിത്യ കലാ സാംസ്കാരിക മേഖലകളും മതസംഘടനകളും അവരുടെ ഭീബത്സമായ അഴിഞ്ഞാട്ടങ്ങള്‍ നടത്തുന്നത് സാധാരണക്കാരായ സാധു മനുഷ്യരുടെ കൊച്ചു മനസ്സുകളില്‍ കയറി നിന്നുകൊണ്ടാണ് എന്നത് നാമോരോരുത്തരുടെയും സ്വാസ്ഥ്യം കെടുത്തുന്നതാണ്...!!? ജാഗ്രതൈ...!!

ടി. കെ. ഉണ്ണി
൧൧-൦൯-൨൦൦൯

2 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

തട്ടിപ്പ് നടത്തുന്നവര്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞുകൊണ്ടേ ഇരിക്കും

Typist | എഴുത്തുകാരി പറഞ്ഞു...

ഇനിയും എന്തൊക്കെ കാണണം!