തിങ്കളാഴ്‌ച, മാർച്ച് 09, 2009

പറുദീസാ നഷ്ടം

പറുദീസാ നഷ്ടം
=========
പൂത്തുലഞ്ഞു സൌരഭ്യം വിതറി നില്‍ക്കുന്ന ചെമ്പകവും ഹൃദ്യമായ സുഗന്ധാനുഭൂതി 
നല്‍കുന്ന പനിനീര്‍ ചെടികളും നന്ത്യാര്‍വട്ടവും തുളസിയും കൃഷ്ണ-കര്‍പൂര തുളസികളും വല്ലിപ്പടര്‍പ്പുകളായി പന്തലിട്ടു നില്‍ക്കുന്ന പിച്ചിയും മുല്ലയും 
ഈശ്വരമുല്ലയും അവക്കെല്ലാം ചുറ്റും ജാഗ്രതയോടെ നിന്നുകൊണ്ട് പ്രകൃതിയെ 
നോക്കി മന്ദഹസിച്ചുകൊണ്ട് പരിലസിക്കുന്ന ചെത്തിയും ചെണ്ടുമല്ലിയും ജമന്തിയും കാശിത്തുമ്പയും സൂര്യകാന്തിയും കോഴിവാലനും അവക്കെല്ലാമിടയില്‍ 
രാപകലെന്യേ കാവലാളുകളായി നിന്നു പ്രകാശം പരത്തിക്കൊണ്ട് വൈവിധ്യമാര്‍ന്ന വര്‍ണ്ണങ്ങളിലുള്ള ചെമ്പരത്തി ചെടികളും ഇവര്‍ക്കെല്ലാം പീഠം ഒരുക്കിക്കൊണ്ട്
പരവതാനിപോലെ പരിലസിച്ചിരുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള പത്തുമണി,
നാലുമണി പൂക്കളും അവക്ക് കസവ് കരകള്‍ നെയ്തുകൊണ്ട് വര്‍ണ്ണ ചീരകളും
വര്‍ണ്ണ കൂര്‍ക്കചെടികളും കൊണ്ട് അലങ്കരിച്ച മനോഹരമായ ഒരു കൊച്ചു പൂന്തോട്ടം ഞങ്ങള്‍ക്കുണ്ടായിരുന്നു. (അന്ന് - അറുപതുകളില്‍. )

ഞങ്ങളുടെ വീടിന്‍റെ പടികടന്നു അകത്തേക്കുള്ള വഴിയുടെ വലതുവശത്ത് 
മുറ്റത്തിന്റെ പകുതിയോളം വരുന്ന ഭാഗത്താണ് കൊച്ചുപൂന്തോട്ടം ഉണ്ടായിരുന്നത്.
അകത്തേക്കുള്ള വഴിയുടെ ഇടതുവശത്ത് വിവിധ വര്‍ണ്ണങ്ങളിലുള്ള ഇലചെടികളും നട്ടുപിടിപ്പിച്ചിരുന്നു.  വീടിന്‍റെ മുമ്പിലൂടെയുള്ള ഇടവഴിയിലൂടെ (ഇപ്പോഴത് വലിയ 
വീതികൂടിയ റോഡ്) കടന്നു പോകുന്നവരെയെല്ലാം അത്തര്‍ പൂശികൊടുക്കുന്ന 
ദൌത്യം ഞങ്ങളുടെ പൂന്തോട്ടത്തിനുണ്ടായിരുന്നു.  ഇടവഴിക്കപ്പുറത്തെ കിഴക്കേ വീട്ടുകാര്‍ക്ക് വര്‍ഷങ്ങളോളമായി അത്തർ പൂശിക്കൊടുക്കുകയായിരുന്നു ഞങ്ങളുടെ
കൊച്ചു പൂന്തോട്ടം .

ഏകദേശം നൂറുമീറ്റര്‍ വൃത്തപരിധിയില്‍ ഹൃദ്യമായ പരിമളം വിതറിക്കൊണ്ടിരുന്ന 
പൂന്തോട്ടം ഞങ്ങള്‍ കുട്ടികളുടെ അഭിമാനമായിരുന്നു.

രാവിലെ സ്കൂളില്‍ പോകുന്നതിനു മുമ്പ് തോട്ടത്തിലെ ചെടികള്‍ക്കും വല്ലികള്‍ക്കും
പൂചെടികള്‍ക്കും വെള്ളം ഒഴിക്കല്‍ ഒരു ദിനചര്യ പോലെ ആയിരുന്നു. വെള്ളം അങ്ങ്
ദൂരെയുള്ള (തോട്ടത്തില്‍നിന്നും പത്തെഴുപത് മീറ്റര്‍ അകലെ ) ചിറയില്‍ നിന്നും
(ഒരു കൊച്ചു പുഴയുടെ കൈവഴിയായി പറമ്പിലേക്ക് വെട്ടിയുണ്ടാക്കിയ തോട്)
കുടത്തില്‍ കോരിക്കൊണ്ട് വന്നാണ് തോട്ടം നനച്ചിരുന്നത്.

നാലുമണിക്ക് സ്കൂള്‍ വിട്ടാല്‍ വീട്ടിലേക്കെത്താന്‍ മല്‍സരിച്ചുള്ള നടത്തമാണ്
പതിവ്.  വീട്ടിലെത്തി എന്തെങ്കിലും ആഹാരം കഴിച്ചു തോട്ടത്തിലേക്ക്കടക്കും.
സന്ധ്യയാകുന്നതു വരെ അവിടെയാണ്കളിക്കുക.  ഞങ്ങളോടൊപ്പം കളിക്കൂട്ടുകാരായി എല്ലാദിവസവും വിവിധയിനം പക്ഷികളും കിളികളും അണ്ണാറക്കണ്ണനും ധാരാളം
ചിത്രശലഭങ്ങളും ചിലപ്പോഴൊക്കെ ചെമ്പോത്തും പചിലപ്പാമ്പും കൂടാറുണ്ടായിരുന്നു.
ചില ദിവസങ്ങളില്‍ കോഴി ആശാന്മാര്‍ ഞങ്ങളുടെ ഇരിപ്പിടങ്ങള്‍ ചിക്കിമാന്തി നശിപ്പിക്കുമായിരുന്നു. ഇന്നത്തെപ്പോലെ ചുറ്റ്‌മതിലുകളും അടച്ചു തുറക്കുന്ന പടികളും
അന്ന് കുറവായിരുന്നു. അതിനാല്‍ ചിലപ്പോഴൊക്കെ ചില കൊച്ചു കള്ളന്മാര്‍ പൂക്കള്‍
മാത്രമല്ല പൂച്ചെടികളും മോഷ്ടിച്ച് കൊണ്ടുപോവുക പതിവായിരുന്നു.!

൧൯൮൦കളുടെ തുടക്കത്തില്‍ ഞങ്ങളുടെ ഗ്രാമത്തിലും ത്വരിത വികസനം അരങ്ങേറി.
ഞങ്ങളുടെ ഇടവഴി വീതിയേറിയ റോഡായി മാറി. വൈദ്യുതിയും ടെലഫോണും
ഓടിയെത്തി.  ഒപ്പം ഗള്‍ഫ് സാമ്പത്തിക സ്വാധീനവും. ജനങ്ങളില്‍ ഉണര്‍വും
ഉന്മേഷവും കളിയാടി. തുടര്‍ന്ന് ആകാശവും അന്തരീക്ഷവും ഇരുണ്ടു തുടങ്ങി.
പകലിന്‍റെ വെളിച്ചവും ഇരുട്ടിന്‍റെ തെളിച്ചവും മങ്ങിത്തുടങ്ങി. അതിന്‍റെ തീവ്രത 
ദിനേനയെന്നോണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അന്ന്, ഞങ്ങളുടെ ഇടവഴി 
റോഡായി മാറിയപ്പോള്‍, ഞങ്ങള്‍ക്കുണ്ടായത് പറുദീസാ നഷ്ടമാണ്...!

ഇന്നു, അന്നത്തെ ഓല മേഞ്ഞ വീടിന്നു പകരം മുവ്വായിരത്തിലധികം ചതുരശ്ര
അടി വരുന്ന ആധുനിക മാളികയാണ് ഉള്ളത്. മാളികക്ക് മുന്നില്‍ ബ്യൂടിഫുള്‍
ഗാര്‍ഡന്‍ ആന്‍റ് ലാന്റ്സ്കേപ്  ആണുള്ളത്. തെങ്ങും കവുങ്ങും മാവും പ്ലാവും
മുരിങ്ങയും ഞാവലും പേരമരവും ഏതാനും പപ്പായ മരങ്ങളും നിഷ്കരുണം മുറിച്ചും
പിഴുതും മാറ്റിയാണ് അതിന്നായി സ്ഥലം ഒരുക്കിയത്. അതില്‍ പതിനായിരങ്ങള്‍
ചിലവിട്ടു പശു പോലും തിന്നാത്ത പുല്ലും, ആടിന് പോലും വേണ്ടാത്ത ഇലചെടികളും,
വിഷം വമിപ്പിക്കുന്ന വന്യ സസ്യങ്ങളും, ഈച്ച പോലും ഇരിക്കാന്‍ മടിക്കുന്ന ദുര്‍ഗന്ധ
വാഹികളായ വര്‍ണ്ണ പൂക്കളുടെ ചെടികളും കൊണ്ടു നിറച്ചിരിക്കുകയാണ്. ആധുനിക
സ്പ്രിന്ക്ലര്‍ സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.

വന്യ വൃക്ഷ ലതാദികള്‍ നിറച്ചുകൊണ്ട് അലങ്കൃതമാവാറുള്ള ആധുനിക ഗാര്‍ഡന്‍ -
അവയെപ്പറ്റി നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.  മാളികയുടെ പുറം
മോഡിക്ക് അധിക ഭംഗി ലഭിക്കാനുള്ള സൂത്രവാക്യത്തില്‍ ഒതുങ്ങുന്നതാണ്
അതിന്‍റെ തത്വം.  അതിനാല്‍ വന്യമായ നിര്‍ജീവതയുടെ ശൂന്യ താളമായി
മാറുകയാണ് അതിന്‍റെ വിധിയെന്ന് പറയാം. നിഴലും കുളിര്‍ കാറ്റും ശുദ്ധ വായുവും
ഇല്ലാതെ അത്യുഷ്ണവും ദുര്‍ഗന്ധവും പ്രസരിപ്പിച്ചുകൊണ്ടു പരിസരാന്തരീക്ഷത്തെ
വിഷമയമാക്കുന്ന അവിടെ തുടിക്കുന്നത് നിര്‍ജീവതയുടെ മലീമസമായ 
ശൂന്യതാളമല്ലാതെ മറ്റെന്താണ്. !

ഞങ്ങളുടെ കൊച്ചു പറുദീസ,
അതുപോലൊന്ന്
പുനഃ സൃഷ്ടിക്കാന്‍ ആകുമോ?........
ക്ഷിപ്രസാധ്യമല്ല തന്നെ .........!

==========
ടി. കെ. ഉണ്ണി.
൧൨-൦൩-൨൦൦൯

എന്‍റെ ഗ്രാമത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്നും......

അഭിപ്രായങ്ങളൊന്നുമില്ല: