തിങ്കളാഴ്‌ച, ഡിസംബർ 10, 2012

മനുഷ്യാവകാശം

മനുഷ്യാവകാശം 
============
ഇന്ന് 
ലോകമനുഷ്യാവകാശദിനം..
കേൾക്കാൻ രസമുള്ള വാക്ക്
ലോകമെങ്ങും മുഴങ്ങുന്ന വാക്ക്
ഒട്ടും വിലയില്ലാത്ത വാക്ക്
വിലങ്ങിട്ടു വിലക്കുന്ന വാക്ക്
വലിയവന്റെ വായിലെ വിടുവാക്ക്
പൊതുജനത്തിനില്ലാത്ത അവകാശം
പ്രഭുക്കളിൽ ചിലർക്കുള്ള അവകാശം
അവകാശമുള്ളവർ മാത്രം മനുഷ്യർ!
വമ്പുള്ളവനും കൊമ്പുള്ളവനുമെല്ലാം
അവകാശി, മനുഷ്യാവകാശി.!
അവർക്കാഘോഷിക്കാൻ ഒരു ദിനം!
മണ്ണും വിണ്ണും അന്നവുമില്ലാത്തവന്‌
മൃഗങ്ങളായിപ്പോലും ഗണിക്കപ്പെടാത്തവന്‌
എന്തവകാശം, എന്തിന്റെ അവകാശം.!
അവകാശങ്ങളെല്ലാം തമ്പുരാനും ഏമാനും
മറ്റുള്ളവർക്കെല്ലാം സൗജന്യങ്ങൾ.!
ലോകതമ്പുരാന്റെ സൗജന്യങ്ങളനവധി
ചെകുത്താന്റെ സൗജന്യപ്പെരുമ്പറയും
കുട്ടിരാക്ഷസരുടെ സമ്മാനപ്പെരുമഴയും
ബോംബായും വെടിയുണ്ടയായും രാസ
മാലിന്യങ്ങളായും ആണവവാണങ്ങളായും
മൊത്തമായും ചില്ലറയായും ചിക്കനായും
എയ്ഡ്സായും ന്യൂട്രിനോയും പിന്നെ
ന്യൂഡിൽസായും സഹതാപമായും
കരുണയായും സാക്ഷാൽ ദൈവമായും
പ്രത്യക്ഷപ്പെട്ട് തീറ്റിപ്പോറ്റുന്നത് ഈ
മനുഷ്യാവകാശത്തെളിച്ചത്തിലല്ലോ.!
അത് തുടരുമെന്ന പ്രതിജ്ഞ പുതുക്കലല്ലോ
ഇന്നിന്റെ മനുഷ്യാവകാശ സുദിനം.!
ഇവർക്ക് നമോവാകമേകൂ സോദരരെ
ഇവരല്ലോ മനുഷ്യാവകാശ സംരക്ഷകർ.!
ഇല്ലാത്ത മനുഷ്യാവകാശത്തിന്റെ
അപ്പോസ്തലന്മാർ.!
=========
ടി. കെ. ഉണ്ണി
൧൦-൧൨-൨൦൧൨ 

3 അഭിപ്രായങ്ങൾ:

ആൾരൂപൻ പറഞ്ഞു...

സാധാരണ മനുഷ്യനിൽ തുടങ്ങി പക്ഷിമൃഗാദികൾക്കും വൃക്ഷലതാതികൾക്കും എന്തിന് മണ്ണിനും അന്തരീക്ഷത്തിനും വരെ നിലനിൽക്കാനാവാത്തതല്ലേ അവകാശങ്ങളെക്കുറിച്ച് ഉച്ചൈസ്തരം പ്രഖ്യാപിക്കുന്ന ഈ ലോകം?

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. ആൾരൂപൻ..
മനുഷ്യാവകാശ വായനക്കും അഭിപ്രായത്തിനും വളരെയധികം നന്ദി..
അവകാശത്തിന്റെ പൊള്ളയായ പൊള്ളുന്ന വശം അറിയാത്തവരെ പാർശ്വവല്ക്കരിച്ചുകൊണ്ടുള്ള ആഘോഷത്തിമിർപ്പുകളുടെ ഈ കാലത്ത് നമുക്ക് മറ്റൊന്നും പ്രതീക്ഷിക്കാനില്ല.. എന്നിരിക്കിലും നമ്മുടെ മൗനം അവസാനിപ്പിക്കേണ്ടുന്ന സമയമായി..
പുതുവത്സരാശംസകൾ.

drpmalankot പറഞ്ഞു...

മനുഷ്യാവകാശത്തെ കുറിച്ച് തീവ്രമായ വികാരം ഉള്‍ക്കൊണ്ടു എഴുതിയത് ശ്രദ്ധേയമാണ്. മനുഷ്യന്‍ ആരാണ്? അവന്റെ അവകാശം എന്താണ്? ബന്ധപ്പെട്ട അധികാരികള്‍ കണ്ണ് തുറന്നു ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.