വ്യാഴാഴ്‌ച, ഓഗസ്റ്റ് 10, 2017

…കുമിള…

കുമിള
========
ജലം അതെനിക്കമൃത്, പ്രകൃതി-
തൻ ജീവാമൃതം നൂനം
ഏറെയിഷ്ടമത്, കാരണമേതു-
മോതുന്നില്ല ഞാൻ, സഖേ
നിങ്ങൾതൻ ചോദ്യങ്ങളിലു-
ണ്ടനർത്ഥങ്ങളേറെയേറേ,
അജ്ഞതതൻ ഗർത്തങ്ങളും,
മിഥ്യതൻ വാഴ്ത്തുക്കളും.!

കൊല്ലുകയിന്നെന്നെ,
നിങ്ങൾതന്നിഷ്ടംപോലേ
ജലസമാധിയോ, ഗരുഡ-
ത്തൂക്കമോ, ഊഞ്ഞാലാട്ടമോ,
ഇഷ്ടമാണെനിക്കവയെല്ലാം,
കഷ്ടമേതുമില്ല, ഞാനോ
നിമിഷേന കഴുവേറ്റപ്പെടു-
മിരകൾ തൻ പ്രതിനിധി.

ചിരിക്കരുതനിയാ, സുഹൃത്തേ,
നിങ്ങൾതൻ മൂകപരിഹാസത്തിൻ
മൌഡ്യമതെന്തെന്നറിയുന്നോർ
നൂനമീപാരതന്ത്ര്യലോകത്തിൽ.
പരിതാപക്കുളിരിൽ മോഹാലസ്യമാർന്ന
പരിവ്രാജനാം പാന്ഥനുമുണ്ടൊരു
പാഷാണകലുഷിതവർണ്ണപ്രപഞ്ചം.!

പരിപാലനം മഹത്വമതെന്നത്രേ
മാനവ മനോരഥമീയുലകിൽ
പരിദേവനമരുതാത്തൊരുള്ളിന്റെ
സേവനമതത്രേ ദേവമോഹനം.
കഷ്ടതയേറുന്നോർക്കേകുന്നതോ
തീരാത്തഹൃദയവേദനമാത്രം
ദുഷ്ടന്മാർക്കറിയാത്തതല്ലയീ
പതിതരിൻകഥകളൊട്ടുമേ.!

പണ്ടെന്റെപ്രിയരാം പ്രപിതാക്കൾ,
പഞ്ചപാവങ്ങളായവർ
അറ്റുപോയ കുറ്റങ്ങളെ വരണമാല്യം
ചാർത്തിത്തെളിഞ്ഞവർ
തോറ്റുപോയ ജനങ്ങൾക്ക്
ഉയിരിന്നുയിരേകിത്തളർന്നവർ
ഏറ്റെടുത്ത ദൗത്യങ്ങൾ
നെഞ്ചേറ്റിത്തിളങ്ങിയ മന്നവർ.

ദുരമൂത്ത തമ്പുരാക്കൾ തൊടുത്തുവിട്ട
കൂരമ്പിനാൽ മുറിവേറ്റു പിടഞ്ഞവർ,
സാമദണ്ഡങ്ങളാൽ ദുരിതക്കയത്തിലാണ്ടവർ
മതിമറന്നട്ടഹസിച്ചാഹ്ലാദിച്ചൂ
മന്നവേന്ദ്രർ, മഗുണാമണികൾ
മാലോകരാകേയും കണ്ടീടട്ടേ,
വണങ്ങട്ടെയീമണ്ണിലെ ദുർഭൂതങ്ങളേ.!

മണ്ണിൽ മരംനട്ടവൻ മുട്ടാളൻ,
ജലം കുടിനീരാക്കിയവൻ
മലയെ കാവലാക്കിയവൻ,
പച്ചപ്പിനെ ജീവനാക്കിയവൻ
മുകിലിനെ പട്ടമാക്കിപ്പറത്തിയവൻ,
കാറ്റിനു കുളിരേകിയവൻ
അർക്കരാജനെ വണങ്ങുന്നവൻ,
നിലാവിനെ ഉമ്മവെച്ചവൻ
നീലാംബരത്തെ മേല്ക്കൂരയാക്കി
കൂടുപണിത് വസിപ്പവൻ
അക്രമത്താൽ അന്നമായ്
വായുഭക്ഷിച്ചവൻ, നിഷേധി
വിസമ്മതത്താൽ നീഹാരശൈലം
പണിഞ്ഞവൻ നിങ്ങൾ
രാജ്യവാഴ്ചതൻ ലംഘകൻ,
രാജ്യദ്രോഹി, കുറ്റങ്ങളനവധി.!

ശംഖചക്രഗദാധരന്മാർ മല്ലന്മാരവർ
ഭൈമീകാമുകരവർ കുംഭകർണ്ണർ
സ്മാർത്തവിചാരവിശാരദന്മാർ
ഗർവ്വിഷ്ഠരാം വിപ്രന്മാരും
പരിഷകളാം രാഷ്ട്രീയമാടമ്പികൾ,
ദാസ്യരാം സചിവന്മാരും
മേളിച്ചു ഘോഷിക്കുന്നല്ലോ,
ഇന്ദ്രസദസ്സും തോല്ക്കുമാറ്‌.!

കുറ്റപത്രം വായിച്ചുകേൾപ്പിച്ചൊരു
കൂശ്മാണ്ഡയമകിങ്കരനപ്പോൾ
മതിമതിയിതുമതിയെന്നുരചെയ്തവർ
കാമാർത്തരാം സ്മാർത്തവിപ്രന്മാരും
നീതിനിയമങ്ങളും സാമദണ്ഡങ്ങളും
ദേവനും താനെന്നുഗ്രപ്രതാപനും
യമരൂപം പൂണ്ടവൻ കലിതുള്ളിനില്പതാ
മായാവിയായുള്ള മാലോകമന്നവൻ!

മാലോകരേ, സജ്ജനങ്ങളേ,
പ്രജകളേ, രാജരാജതോഴരേയേവം,
സജ്ജനസേവകനാമീമഹേന്ദ്രൻ
ഗർവ്വോടെയോതുന്നു, കേൾക്ക.!
കേവലം തൃണമാമൊരുവനാൽ
കൊടിയപാപമീസാമ്രാജ്യത്തിൽ
കോപിതനാണവൻ ഗർവ്വിഷ്ഠനാ-
മസുരപ്രജാപതി, മമചക്രവർത്തി.

ഉത്തരവുകളവിടുന്നല്ലേ പ്രഭോ
ഞാനൊരാശ്രിതൻ മാത്രം
ചരടിൽകൊരുത്ത നിഴലില്ലാപാവ
മണ്ണുംവിണ്ണും വിത്തുംവിളയും
മഴയുംമേഘവും തീരെഴുതിവാങ്ങിയോർ
നവഗ്രഹങ്ങളും ശൂന്യാംബരവും
വെട്ടിപ്പിടിച്ച് പങ്കിട്ടെടുത്തവർ
അവരല്ലോ ദൈവങ്ങൾ, രക്ഷയും-
ശിക്ഷയും അവരുടെ കനിവല്ലോ.!

കഴുവേറിയവരും കഴുവേറ്റിയവരും
നമ്മുടെ പൂർവ്വാപര പരമ്പരകളത്രേ.
ബോധിവൃക്ഷങ്ങൾ കഴുമരങ്ങളാവുന്നതും
ഊഞ്ഞാലയിൽ കെട്ടിയാട്ടുന്നതും
നമ്മുടെ സംസ്കാരബോധത്തിന്റെ
വ്യാജമായ വീണ്ടെടുപ്പുകളാവുന്നുണ്ട്.!
ദാസ്യത്വം ദൈവീകമെന്നൊരബദ്ധത്തി-
ന്നാഹ്ലാദത്താലന്തംവിട്ടുനില്ക്കുന്നു
നിസ്സംഗനാം ബോധിസത്വൻ..!

സത്യം സമത്വം സ്വാതന്ത്ര്യമെന്നത്
നിഴൽക്കുത്തായിമാറിയ പണയപ്പണ്ടമോ?,
അടിമത്തമാണുടമസ്ഥമെന്ന തെര്യപ്പെടുത്തൽ
ഇന്നിന്റെ സാമ്രാജ്യകല്പനയോ?,
അധിക്ഷേപദുരന്തമായി എന്നെന്നും  
അന്യവല്കരിക്കപ്പെടുന്നത്
ആത്മാഭിമാനമെന്ന നീർക്കുമിളയോ?
===========
ടി.കെ. ഉണ്ണി
൨൩-൦൫-൨൦൧൬
==========

അഭിപ്രായങ്ങളൊന്നുമില്ല: