ഞായറാഴ്‌ച, ഓഗസ്റ്റ് 13, 2017

ഭൂതക്കണ്ണാടി

ഭൂതക്കണ്ണാടി
=========
അതിരുവട്ടങ്ങളിൽ 
പാത്തും പതുങ്ങിയും നില്പവർ
സൂക്ഷ്മദൃഷ്ടിയാൽ 
പ്രകൃതിയെ നഗ്നരാക്കുന്നവർ
അരുതാത്തതെന്തെന്നാ-
ലതകക്കണ്ണിനല്ലേ നൂനം
അപൂർവ്വമതെന്നാൽ 
അതിശയക്കാഴ്ചയല്ലേ വാനം
വർണ്ണമഴതോല്ക്കും 
മൊഴിമുത്തുകൾ വർഷിപ്പോർ.!

കാഴ്ചവട്ടങ്ങളിൽ ചുട്ടിയും 
വട്ടപ്പൊട്ടുമായെത്തുവോർ
ആഴ്ചവട്ടങ്ങളിൽ അരുതായ്ക-
തൻ താളമേളങ്ങളിൽ
ആഴ്ന്നിറങ്ങിമുങ്ങിക്കയറുവോർ, 
മുക്കണാംകുരുവികൾ.!
വേഴ്ചകൾ വാഴ്ചകളാക്കിയ 
വാനമ്പാടിക്കൂട്ടങ്ങൾ.!
മുന്നിറമാടിയ മൂപ്പെത്താ-
മാമരപ്പൊത്തുകളിൽ
ചെന്നിണമൊലിപ്പിച്ചെത്തിയ 
ചോണനുറുമ്പുകൾ
വാല്മീകനിഗ്രഹമൊന്നേ 
അതിജീവനമെന്നോതി
മൂക്കിളയൊലിപ്പിച്ചെത്തുന്ന 
മണ്ണിരക്കൂട്ടങ്ങൾ.!

കാമരതിലീലകൾക്ക് സ്ഥല-
കാലഭേദങ്ങളന്യമായവർ
നമ്മൾതൻ വംശവൃക്ഷ-
ക്കാരണവന്മാർ, ആണിവേരുകൾ
യോദ്ധാക്കൾ, സ്ത്രീത്വം- 
മാതൃത്വമെന്നട്ടഹസിപ്പോർ,
യോനീപൂജയും ലിംഗാരാധനയും 
സായൂജ്യമാക്കിയോർ.

സമസ്ത പൈതൃകങ്ങളും- 
പിൻപറ്റിയ സജ്ജനങ്ങൾ
സുകുമാരകലകളും രാസലീലകളും 
ആടിത്തിമർത്തവർ
ആകാശഗംഗയെ അമ്മാനമാടി 
കാളകൂടമാക്കുന്നോർ
ആത്മാഭിമാന വിജൃംഭിതർ, 
അസ്പൃശ്യസദാചാരികൾ.!

ഋഷിപ്രോക്തസംസ്കൃതി 
ആത്മസത്തയാക്കിയോർ
വിഷയാസക്തികളിൽ 
കാളിയമർദ്ദനമാടിയോർ
ഞെരിഞ്ഞലും കടുക്കയുംകൊണ്ട് 
രസനയെ ഹനിച്ചവർ
നാകനരകതാരകളിൽ 
പൊന്നും പാഷാണവും നിറച്ചവർ
പിന്തലമുറക്കായ് കരുതിവെച്ച 
വഴിത്താരകളനവധി
കരുണയറ്റ ജന്മങ്ങൾക്കപ്രാപ്യമാം 
വർണ്ണങ്ങളനവധി
നീതിയറ്റ പ്രഭുക്കൾക്കഗമ്യമാം 
ശിഖരങ്ങളനവധി
അനുകമ്പയറ്റ മർത്യചിത്തങ്ങൾക്ക് 
ദുർഘടങ്ങളനവധി

മദനോത്സവങ്ങളാറാടിത്തി-
മിർക്കുമിന്നിന്റെ മന്നവർ
അമ്മതന്നുദരത്തെ ലേലം-
വിളിപ്പവരിന്നിന്റെ മന്നവർ
മണ്ണിന്റെമാറിനെ വെട്ടിപ്പൊളി-
ച്ചവരിന്നിന്റെ മന്നവർ
വിത്തചിത്തങ്ങളെ കത്തിക്കരി-
ച്ചവരിന്നിന്റെ മന്നവർ

രക്തബന്ധങ്ങളെ പഷാണ-
മാക്കുന്ന ബന്ധുക്കളെമ്പാടും
മാതൃവാത്സല്യത്തിനു ഭാഷ്യം
ചമയ്ക്കുന്ന വാത്സ്യായനന്മാരും
മാനഭംഗത്തെ സ്നേഹകല-
യാക്കുന്ന സോദരീസോദരർ
പീഡനക്കഥകൾ തൻ വീരസ്യം-
പാടുന്ന സൌഹൃദക്കൂട്ടവും

ദാഹാർത്തിമോഹത്താൽ പണയ-
മായ്ത്തീരുന്ന മാനാഭിമാനങ്ങൾ
ചിത്തത്തിലുത്തമർ തങ്ങളെന്നുര-
ചെയ്യും ഹീനരാം വിത്തന്മാർ
നത്തുപോലുള്ള കത്തുന്ന കണ്ണുമാ-
യൊത്തുകളിക്കുന്ന തെമ്മാടിക്കൂട്ടങ്ങൾ
പത്തുപുത്തന്റെയുന്മാദലഹരിയിൽ
തലവെട്ടിക്കളിക്കുന്ന കോമരങ്ങൾ.

പ്രപഞ്ചത്തെ മെതിയടിക്കുള്ളിലാക്കി
വൃഷണം ചൊറിയുന്ന സംരക്ഷകർ
ജീവനം അതിജീവനവും അസഹിഷ്ണുത-
യുമാവുന്നതിന്റെ ശിവതാണ്ഡവക്കാഴ്ചകൾ
നേർക്കാഴ്ചകൾക്ക് കണ്ണുകളാർഭാടമാവുന്ന
അതിലളിതമായ ആർഷസംസ്കൃതി
മുപ്പത്തിമുക്കോടിയെ അന്യവല്ക്കരിച്ചാ-
വാഹിച്ചുറഞ്ഞുതുള്ളുന്ന മനുഷ്യദൈവങ്ങൾ

ഉടഞ്ഞകുപ്പിച്ചില്ലുകളിലുടക്കിക്കിടക്കുന്ന
ഉൾക്കണ്ണിന്റെ തിമിരക്കാഴ്ചകൾ
ഹൃദയത്തിൽ തുളച്ചുകയറി മനസ്സിന്റെ
ഉള്ളറകളെ കാരാഗൃഹങ്ങളാക്കുന്നോർ
സ്നേഹത്തിന്റെയും സഹനത്തിന്റെയും
പാപമുക്തിയുടെയും അപ്പോസ്തലന്മാരുടെ
നഞ്ചുരുക്കിയൊഴിച്ചുള്ള സ്നേഹലാളനാ-
മൊഴിമുത്തുകളും പരിരംഭണങ്ങളും.

നമുക്കീ ബീഭത്സ കാഴ്ചകൾ വേണ്ട.
നമുക്കെല്ലാവർക്കും അസഹിഷ്ണുക്കളാവാം..
സഹിഷ്ണുതയെ നമുക്കാഹരിക്കാം..
അസഹിഷ്ണുത നമുക്കാഘോഷിക്കാം..

==============
ടി.കെ. ഉണ്ണി
൦൭-൦൫-൨൦൧൬
=============

അഭിപ്രായങ്ങളൊന്നുമില്ല: