തിങ്കളാഴ്‌ച, ഓഗസ്റ്റ് 14, 2017

പുലരിപ്പൂങ്കനൽ

പുലരിപ്പൂങ്കനൽ
============
പകൽ വിരിഞ്ഞുകൊഴിഞ്ഞ പൂക്കൾ
രാത്രിയിൽ തിളങ്ങുന്ന താരകങ്ങൾ
വെയിൽ മറഞ്ഞിരുന്ന മേഘങ്ങൾ
ആർത്തട്ടഹസിക്കുന്ന കടലലകൾ

ഒരു പൂവിന്റെ തണലിലൊരു വന്മരം
ആ വന്മരത്തണലിലൊരു പൊന്മല
ആ പൊന്മലമേലൊരു പൊന്നുംകുടം
ആ പൊന്നുംകുടത്തിലെ പൈമ്പാലൊളി
പാരാകെ പച്ചപ്പിൻ പൂന്തേനരുവി..!

മാമരത്തണലിലൊരു പൂച്ചെടി
പൂമൊട്ടിലൊളിപ്പിച്ച പൂമ്പൊടി
നോമ്പെടുത്തിരിക്കുന്ന പൂമ്പാറ്റ
ചിറകറുത്തെറിഞ്ഞകത്താക്കാൻ
വ്യാഘ്രനായിത്തീർന്ന മരയോന്ത്.!

നിഴലിന്റെ കൂട്ടിലെ ഹൃത്തടത്തിൽ
പകലിന്റെ വെണ്മണിക്കൊട്ടാരത്തിൽ
കാത്തിരിപ്പൊണ്ടൊരു കാർക്കോടകൻ
കാലന്ന് കൈവിലങ്ങിട്ടുകൊണ്ട്
ഊഷരനായവൻ ഉന്മാദിയായ്.!

പുൽക്കൊടിത്തുമ്പത്തെ മഞ്ഞുതുള്ളി
പൂവിട്ടുനില്ക്കുന്നു വൈഡൂര്യമായ്.!
പുലരിക്ക് പൂങ്കനൽ ചന്തംചാർത്തി
മരുവുന്നു നിത്യവും പുളകിതയായ്.!

ഉള്ളിലൊളിപ്പിച്ചുള്ളൊരാഴക്കടലിന്റെ
കണ്ണീരായ്ത്തീർന്നൊരു കരിമുകിലേ
വർഷം മറന്നുനീ കേളികളാടുമ്പോൾ
ദാഹത്താൽ കേഴുന്നു വേഴാമ്പലും.!
===========
ടി.കെ. ഉണ്ണി
൨൧-൦൭-൨൦൧൬ 
===========

അഭിപ്രായങ്ങളൊന്നുമില്ല: